വി കെ ഹംസ എഴുതിപ്പൊലിപ്പിച്ച മലയാള സിനിമയിലെ താരങ്ങളുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് മാത്രം മതിയാവും ഈ മനുഷ്യന് ചരിത്രത്തില്‍ ഒരിടം ലഭിക്കാന്‍. മമ്മൂട്ടി മാത്രമാണ് ഇപ്പോള്‍ അതൊക്കെ ശ്രദ്ധയോടെ ചെയ്യുന്ന ഒരാള്‍. മലയാള സിനിമ മദിരാശിക്കാലത്ത് തമ്പടിച്ചകാലത്തെ മറക്കാനാവാത്ത മുഖം, സാമുദായിക പരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനുമായ വി കെ ഹംസ ഇനി ഓര്‍മ്മ.
” നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് കലാമണ്ഡലം ഖദീജയ്ക്കുണ്ടായ നഷ്ടങ്ങൾ അനവധിയാണ്. സഹോദരിയുടെ വിവാഹം നടത്താനായി ആ കുടുംബത്തിന് നാടുവിടേണ്ടിവന്നു. ഖദീജയ്ക്ക് വന്നുകൊണ്ടിരുന്ന വിവാഹാലോചനകളും മുടക്കപ്പെട്ടു. മരിച്ചാൽ ഖബറടക്കില്ലെന്നും മഹല്ലു കമ്മിറ്റിക്കാരുടെ ഭീഷണിയുണ്ടായി. മരിച്ചാൽ പറമ്പിൽ മറവുചെയ്തോളാമെന്ന് ഖദീജയുടെ ഏട്ടന്മാർ പറഞ്ഞു.
വിലക്കുകൾകൊണ്ട് വീർപ്പുമുട്ടുന്ന കുടുംബത്തിലേക്ക് പുരോഗമന ചിന്താഗതിക്കാരനും അന്നത്തെ പ്രമുഖ ചലച്ചിത്രപത്രപ്രവർത്തകനുമായ വി.കെ. ഹംസയുടെ വിവാഹാലോചനയെത്തിയത് വലിയ ആശ്വാസമായിരുന്നു. മദ്രാസിൽനിന്നിറങ്ങിയ ഫിലിംനാദം എന്ന സിനിമാ മാഗസിന്റെ പത്രാധിപരായിരുന്നു തിരൂർക്കാരനായ ഹംസ. മതജീർണ്ണതകൾക്കെതിരെ ‘ശബ്ധിച്ച മനുഷ്യൻ’ എന്ന നാടകത്തിൻ്റെ രചയിതാവ്.
ഖദീജയ്ക്കുള്ള വിവാഹാലോചനകളെല്ലാം വീട്ടിലെത്തുന്നതിനുമുമ്പ് വഴിയിൽ വെച്ചുതന്നെ മുടങ്ങിപ്പോയിക്കൊണ്ടിരുന്ന കാലമായിരുന്നു. പെൺകുട്ടിയെ കണ്ടില്ലെങ്കിലും ഒരു സുഹൃത്ത് മുഖേനയായിരുന്നു വിവാഹാലോചന. വിവാഹം ഉറപ്പി ച്ചുകഴിഞ്ഞശേഷം ഹംസയെ തേടി മദിരാശിയിലേക്കും വന്നു പുതുശ്ശേരി പള്ളിക്കമ്മറ്റിക്കാരുടെ കത്ത്:
‘നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ മതത്തിൽനിന്നു പുറത്താക്കിയതാണ്. കല്യാണത്തിൽനിന്നു പിന്മാറണം,’ ഇതായിരുന്നു കത്തിലെ വരികൾ. ഹംസ ആ കത്ത് ചുരുട്ടിക്കൂട്ടി അപ്പോൾത്തന്നെ മറുപടി ഇങ്ങനെയെഴുതി: ‘നിങ്ങൾ മതത്തിൽനിന്നു പുറത്താക്കിയെന്ന ഒറ്റക്കാരണം കൊണ്ടാണ് ഞാൻ ഈ കല്യാണത്തിനു തയ്യാറായത്!’
(ലേഡീസ് കംപാര്‍ട്മെന്റ്- ബിജു മുത്തത്തി- മാതൃഭൂമി ബുക്സ്)

‘നിങ്ങൾ ആ പെണ്‍കുട്ടിയെ മതത്തിൽനിന്നു പുറത്താക്കിയെന്ന ഒറ്റക്കാരണം കൊണ്ടാണ് ഞാൻ ഈ കല്യാണത്തിനു തയ്യാറായതെന്ന്’ പറയുന്ന ആ മതേതര ധീരത തന്നെയായിരുന്നു മരണം വരെയും വി കെ ഹംസയുടെ മുഖമുദ്ര. മലയാള സിനിമാ പത്രപ്രവര്‍ത്തനത്തിനായി അദ്ദേഹം സ്വയം സമര്‍പ്പിച്ചുവെങ്കില്‍ അതും സിനിമ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മതേതരകലയായതുകൊണ്ട് തന്നെയാകുമോ? സിനിമ പോലെ മനുഷ്യരെ ജാതിമതഭേദമന്യേ ഒരുമിച്ചിരുത്തിയ ഒരു കലാപ്രസ്ഥാനം അതുപോലെ വേറെയേതുണ്ട്?
കലാമണ്ഡലത്തെ അങ്ങനെയൊരു മതേതര പ്രസ്ഥാനമാക്കാന്‍ മോഹിച്ചിരുന്നയാളാണ് മഹാകവി വള്ളത്തോള്‍. ഹൈദരാലി കഥകളിപ്പദത്തിനും ഖദീജ മോഹിനിയാട്ടത്തിനും കലാമണ്ഡലത്തില്‍ പ്രവേശനം നേടിയപ്പോള്‍ ആ സ്വപ്നം സഫലമാകുമെന്നു തന്നെ അദ്ദേഹം കരുതിയിരിക്കണം.

കേരളീയ സമൂഹത്തില്‍ അത് വലിയൊരു ഇടിമുഴക്കമായിരുന്നു. മതത്തിന്റെ കൈവിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് കാല്ച്ചിലങ്കകളണിഞ്ഞ കലാമണ്ഡലം ഖദീജ ഭാരതപ്പുഴയുടെ കരയില്‍ നടത്തിയ ആ നൃത്ത വിപ്ലവത്തെക്കൂടിയാണ് വി കെ ഹംസ എന്ന പുരോഗമനവാദിയായ ചലച്ചിത്ര പത്രപ്രവര്ത്തകന് തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചത്.
1968 സെപ്റ്റംബർ 16 നായിരുന്നു കലാമണ്ഡലം ഖദീജയുടെയും വി കെ ഹംസയുടെയും വിവാഹം. പ്രശസ്ത നടൻ സത്യനും മലയാറ്റൂർ രാമകൃഷ്ണനും കെ.ടി. മുഹമ്മദുമെല്ലാം പങ്കെടുത്ത ഒരു സാംസ്കാരിക സംഭവം തന്നെയയായിരുന്നു ആ വിവാഹമെന്ന് ബിജു മുത്തത്തി ‘ലേഡീസ് കംപാര്‍ട്മെന്റ് ‘ (മാതൃഭൂമി ബുക്സ്) എന്ന പെണ്‍ചരിത്ര പുസ്തകത്തിലെഴുതുന്നു.
കലാണ്ഡലം ഖദീജ എന്ന മതേതര വിപ്ലവം കേരളീയ നൃത്തചരിത്രത്തില്‍ എഴുതപ്പെടാതെ പോയതുപോലെ തന്നെ എഴുതപ്പെടാതെ പോയ മലയാള സിനിമയുടെ വേറൊരു ചരിത്രമാകുന്നു വി കെ ഹംസ. മാധ്യമലോകം ഇത്രയേറെ ഭ്രാന്തമായി വികസിച്ചിട്ടും വാളെടുത്തവരും ഈര്ക്കിലെടുത്തവരുമെല്ലാം ഒരുപോലെ മാധ്യമ പ്രവര്‍ത്തകരായിട്ടും ഹംസാക്കയുടെ മുന്നില്‍ ഒരു കണ്ടന്റ് ക്രിയേറ്ററുടെയും ക്യാമറകള്‍ തുറന്നില്ല എന്നത് അദ്ഭുതമാണ്. വി കെ ഹംസ എന്ന് ടൈപ്പ് ചെയ്താല്‍ ആര് ടി കെ ഹംസയോ എന്ന് ചോദിക്കുന്ന ഗൂഗിള്‍ സെര്‍ച്ചില്‍ അരനൂറ്റാണ്ട് കാലത്തെ ഈ മാധ്യപ്രവര്ത്തകന് ഇടം സ്വന്തം മരണത്തോടെ മാത്രമായി മാറും!

അല്ലെങ്കിലും മാധ്യമപ്രവര്‍ത്തകരെന്നാല്‍ ചരിത്രം രചിക്കേണ്ടവര് മാത്രമാണ് ഒരു ചരിത്രത്തിലും ഇടം കിട്ടേണ്ടവരെല്ല എന്ന പൊതുബോധത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു വി കെ ഹംസയുടെ ജീവിതവും മരണവും . വി കെ ഹംസ എഴുതിപ്പൊലിപ്പിച്ച മലയാള സിനിമയിലെ താരങ്ങളുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് മാത്രം മാതിയാവും ഈ മനുഷ്യന് ചരിത്രത്തില്‍ അര്‍ഹമായ ആദരം ലഭിക്കാന്‍. മമ്മൂട്ടി മാത്രമാണ് അതിപ്പോള്‍ ശ്രദ്ധയോടെ ചെയ്യുന്നത്.
മദിരാശിയില്‍ മലയാള സിനിമയുടെ പ്രതാപം കത്തിനിന്ന അറുപതുകളിലാണ് വി കെ ഹംസയുടെ ചലച്ചിത്ര പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. സിനിമാ വിശേഷങ്ങള്‍ സിനിമ പോലെ തന്നെ ഹൃദയത്തിലേറ്റിയിരുന്ന ഏത് സാധാരാണക്കാരനും മനസ്സിലാകുന്ന ഭാഷയിലായിരുന്നു ഹംസയുടെ എഴുത്തുകള്‍. വാണിജ്യസിനിമയെന്നോ കലാസിനിമയെന്നോ വകഭേദമില്ലാതെ സിനിമയെന്ന ഒറ്റവികാരം തന്നെ ഒരു സാമൂഹ്യ വിപ്ലവമായി കരുതുന്നയാളായിരുന്നു വി കെ ഹംസയെന്ന് അദ്ദേഹത്തിന്റെ പഴയ ലേഖനങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ തോന്നുന്നു.

ഉദാത്തമായ മനുഷ്യസ്നേഹം കൊണ്ട് ഉയര്‍ന്നു നിന്ന അക്കാല സൗഹൃദങ്ങളും സിനിമയേക്കാള്‍ മുതിര്‍ന്നു നിന്ന ആവിഷ്കാരങ്ങളായിരുന്നു. പ്രേം നസീര്‍, സത്യന്, കെ പി ഉമ്മര്‍, വയലാര്‍, കെ എസ് സേതുമാധവന്, അടൂര്‍, അരവിന്ദന്, ടി വി ചന്ദ്രന് എന്നിങ്ങനെ വിപുലമായിരുന്നു ഹംസാക്കയുടെ സൗഹൃദങ്ങള്‍. മമ്മൂട്ടിയും ശ്രീനിവാസനും ദിലീപുമെല്ലാം എന്നും അദ്ദേഹവുമായി സ്നേഹ സൗഹൃദങ്ങള്‍ പങ്കുവെച്ചിരുന്നു
എണ്‍പത് തൊണ്ണൂറുകളോടെ കോടമ്പാക്കത്തെ സിനിമയുടെ കോടമഞ്ഞുരുകിയതോടെയും സിനിമാ മാധ്യമപ്രവര്‍ത്തനം കൂടുതല്‍ വര്‍ണ്ണശബളിമയില്‍ നീരാടിത്തുടങ്ങിയതോടെയുമാണ് വി കെ ഹംസ സജീവ മാധ്യമപ്രവര്‍ത്തനം വിട്ടത്. എങ്കിലും നിറഞ്ഞ ഓര്‍മ്മകളുടെ സൗഹൃദ സംഭാഷണങ്ങളും സന്ദേശകൈമാറ്റങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം തനിക്കാവുംവിധം ഇടപെടുന്നത് കാണാമായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘മതമില്ലാത്ത മനുഷ്യന്’ എന്ന ലേഖനമെഴുതിയതിന് വലിയ വെല്ലുവിളികള്‍ നേരിട്ട വി കെ ഹംസ തിരൂരില്‍ നിന്നാണ് മതനിഷേധികളുടെ കോഴിക്കോട്ടെത്തിയത്. വൈക്കം മുഹമ്മദ് ബഷീര്‍, കോഴിക്കോട് അബ്ധുള്‍ഖാദര്‍, ടി ദാമോദരന്‍ മാഷ്, ചെലവൂര്‍ വേണു എന്നിവരുടെ സൗഹൃദവലയം ഹംസയുടെ ചിന്തധാരകളെ ശക്തമാക്കി. അക്കാലത്ത് ചെലവൂര്‍ വേണുവിനൊപ്പം ഹംസ യുവഭാവന എന്ന ദ്വൈവാരികയില്‍ പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നിര്‍ണ്ണായകമായ നാളുകളില്‍ വി കെ ഹംസയ്ക്ക് അദ്ദേഹം എഴുതിയ കത്തുകള്‍ ഇക്കഴിഞ്ഞ ബഷീര്‍ ദിനത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കുതിരവട്ടത്തെ മാനസികാരോഗ്യനിലയത്തില് കിടന്ന ദിവസങ്ങളെക്കുറിച്ചും അവിടത്തെ അന്തേവാസികളെക്കുറിച്ചും ബഷീര്‍ ആ കത്തില്‍ വിവരിക്കുന്നു. ആയിരത്തോളം രോഗികള്‍- ഇത്രയും വേദനാകരമായൊരു അനുഭവം വേറെയുണ്ടായിട്ടില്ലെന്നാണ് ആ കത്തില്‍ അദ്ദേഹം എഴുതുന്നത്. യുക്തിവാദിയായ ഹംസ ‘ഭാര്‍ഗ്ഗവിനിലയം’ കാലത്ത് ബഷീറുമായി പ്രേതങ്ങളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും തര്ക്കിച്ചതിനെക്കുറിച്ചും അനുസ്മരിച്ചിട്ടുണ്ട്.

സി കെ ചന്ദ്രപ്പന്, എസ് എല്‍ പുരം സദാനന്ദന് തുടങ്ങിയവരുടെ സൗഹൃദത്തിലൂടെ കമ്മ്യൂണിസ്റ്റുകാരുമായും, പ്രേം നസീറുമായുള്ള അടുപ്പത്തിലൂടെ കോണ്‍ഗ്രസുകാരുമായും പ്രവര്‍ത്തിച്ചിട്ടുള്ള വി കെ ഹം സ എന്നും ഉയര്‍ത്തിപ്പിടിച്ചത് നന്മയുടെയും സ്നേഹത്തിന്റെയും രാഷ്ട്രീയമായിരുന്നു. അവസാനം കാലം വരെ അദ്ദേഹം സുഹൃത്തുക്കളോട് വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ രാഷ്ട്രീയ അഭിപ്രായങ്ങളും സിനിമാ ഓര്‍മ്മകളും പങ്കുവെച്ചിരുന്നു.
1972-ല്‍ കെ എസ് സേതുമാധവന് സംവിധാനം ചെയ്ത പ്രേംനസീര്‍ ചിത്രം ‘പണിതീരാത്ത വീട്ടി’ല്‍ ഒരു പാട്ടിനിടയില്‍ വി കെ ഹംസ പ്രത്യക്ഷപ്പെടുന്നുണ്ട്. 2019ല്‍ മമ്മൂട്ടി നായകനായ ‘ഉണ്ട’യില്‍ ഒരു വേഷം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിച്ച പദയാത്രയിലും ഇപ്പോള്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയുടെ കറുപ്പിലും വെളുപ്പിലുമുള്ള ജനനിബിഡമായ ഒരു കാലത്തു നിന്നാരംഭിച്ച വി കെ ഹംസയുടെ ചലച്ചിത്ര പദയാത്ര ഏകാന്തമായ മറ്റൊരു കാലത്തിലൂടെ കടന്നുവന്ന് മറ്റൊരു പദയാത്രയില്‍ അവസാനിക്കുന്നു. ആ പദയാത്രയെങ്കിലും വി കെ ഹംസയ്ക്കുള്ള ചലച്ചിത്ര സമൂഹത്തിന്റെ ആദരമാകട്ടെ.
‘വീട്ടിലെ ബാത്ത്റൂമില്‍ വീണ് ഇടതുകൈ ഒടിഞ്ഞു’ എന്ന് കഴിഞ്ഞ ജൂണ്‍ 15ന് സുഹൃത്തുക്കള്‍ക്കൊക്കെ അദ്ദേഹം ഫോട്ടോ സഹിതം മെസേജയച്ചിരുന്നു. ഇപ്പോള്‍ ആ സുഹൃത്തുക്കളെല്ലാം പരസ്പരം മെസേജുകള്‍ അയക്കുന്നു- ഹംസാക്ക ഇനിയില്ലെന്ന്!

പ്രമുഖ സിനിമാ മാധ്യമപ്രവര്‍ത്തകനും നിരൂപകനും സംവിധായകനുമായ പ്രേംചന്ദ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു:
”ചിത്രഭൂമിക്കാലത്തുടനീളം നിരന്തരം വിളിക്കുമായിരുന്നു . ഫോണിൽ വാട്ട്സാപ്പ് വന്ന കാലം മുതൽ പഴയ പത്രകട്ടിങ്ങുകൾ നിരന്തരം അയച്ചു തരുമായിരുന്നു . അയച്ച ചിത്രങ്ങൾ തന്നെ വീണ്ടും വീണ്ടും അയയ്ക്കുമായിരുന്നു . തൻ്റെ മദിരാശി കാല സുഹൃത്ത് ദാമോദരൻ മാഷെ കാണാൻ ഒരു നാൾ വീട്ടിലെത്തി പകൽ മുഴുവനും പഴയ മദിരാശിക്കാല സ്മരണകൾ പങ്കുവച്ചിരുന്നത് ഓർമ്മയുണ്ട് . ഓർമ്മകളുടെ ആ ഖനി എവിടെയെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ എന്നറിയില്ല .
പ്രിയ സുഹൃത്ത് നിഷാന്ത് കൊടമനയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് ഹംസക്ക പോയ വിവരം അറിയുന്നത് . ഹംസക്ക യുടെ നമ്പർ അയച്ചു തരികയും മകനെ ആ നമ്പറിൽ കിട്ടുമെന്ന് അറിയിക്കുകയും ചെയ്തു . ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോണിൻ്റെ സ്കീനിൽ ആ പേരു തെളിഞ്ഞു വന്നു . കുറേക്കാലമായി വാട്ട്സ്ആപ്പ് മെസ്സേജൊന്നും വരാതെ മറഞ്ഞു മറന്നു കിടക്കുകയായിരുന്നു ആ പേര് .
ഇന്നലെ ഉറങ്ങാൻ കിടന്ന ഹംസക്ക രാവിലെ ഉണർന്നില്ല . മറ്റ് കാര്യമായ അസുഖങ്ങളൊന്നുമില്ലായിരുന്നു . കഴിഞ്ഞ മാസം കൈ ഒടിഞ്ഞിരുന്നെങ്കിലും അത് ഭേദമായിരുന്നു . തിരൂരിലാണ് വീട് വൈകിട്ടാണ് ഖബറടക്കം എന്ന് മകൻ പറഞ്ഞു.
ഹംസക്കയുടെ സഞ്ചാരത്തിൻ്റെ നാൾവഴികൾ വിക്കിപീഡിയയിൽ ഇല്ല. ചരിത്രം സൃഷ്ടിച്ച ഒരു സ്ത്രീയായിരുന്നിട്ടും കലാമണ്ഡലം ഖദീജക്ക് പോലും അവിടെ ഒരു പേജ് ഇനിയും ഉടലെടുത്തിട്ടില്ല . ഓർമ്മകളുടെ ചരിത്രവും അതിൻ്റെ തിരഞ്ഞെടുപ്പുകളും ഈ ലോകത്ത് എത്രമാത്രം ശുഷ്ക്കമാണ് എന്ന് ഇതോർമ്മപ്പെടുത്തുന്നു. ”
