ഇന്ത്യയുടെ രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ പ്രായമാണ് ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്. ചരിത്രം ചുവന്നു തുടുത്ത ഒരു ചലച്ചിത്രകാലം!
മലയാള സിനിമയിലെ ഒരു ചുവന്ന സൂര്യോദയവും ‘ചന്ദ്രോ’ദയവും ആയിരുന്നു പി എ ബക്കർ സംവിധാനം ചെയ്ത ‘കബനീ നദി ചുവന്നപ്പോൾ’. അടിയന്താരാവസ്ഥയുടെ തീച്ചൂളയിലൂടെ ഒഴുകി അറസ്റ്റും വിചാരണയും അതിജീവിച്ച കബനീ നദി നീന്തിക്കടന്നു വന്നവരാണ്
ഏറെക്കാലം മലയാള സിനിമയുടെ ചരിത്രഗതി നിർണ്ണയിച്ചത്.
‘കബനീ നദി’യിലെ നക്സലിസ്റ്റ് നായക വേഷത്തിലൂടെ സിനിമയിലെത്തിയ പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ സംഭവ ബഹുലമായ ആ കാലം അയവിറക്കുകയാണ് ഇവിടെ.
ആറു തവണ ദേശീയ അവാര്‍ഡും പത്തു തവണ സംസ്ഥാന അവാര്‍ഡും നേടിയ ടി വി ചന്ദ്രൻ മലയാളത്തിലെ ശ്രദ്ധേയമായ പതിനേഴ് സിനിമകളുടെ സംവിധായകനാണ് . 1994 ൽ ടി വി ചന്ദ്രൻ്റെ ‘പൊന്തൻമാട’യിലെയും അടൂരിൻ്റെ ‘വിധേയ’നിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ചിത്രീകരണം നടത്തി അടിയന്തരാവസ്ഥക്കാലത്തു തന്നെ റിലീസ് ചെയ്ത ‘കബനീ നദി’ കൈവിലങ്ങുകളും തടവറകളും ഭേദിച്ചെത്തിയ വിപ്ലവകാരികളെപ്പോലെയായിരുന്നു അന്ന് കാണികള്‍ക്കു മുന്നിലെത്തിയത്. സെന്‍സര്‍ കത്രികകള്‍ തലങ്ങും വിലങ്ങും വെട്ടിയിട്ടും ജീവിക്കുന്ന രക്തസാക്ഷിയെപ്പോലെ നിവര്‍ന്നു നിന്ന ഒരു സിനിമ. ചുവടെയുള്ള വീഡിയോ കാണൂ.
