മരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സ്പര്‍ശമായി ആയിരക്കണക്കിന് രോഗികളുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ ഇടം നേടിയ ഡോക്ടറാണ് ഡോ. മാത്യു തോമസ്. ആതുര സേവനം ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വ്യവസായമായ കാലത്ത് പാതിനൂറ്റാണ്ട് പിന്നിട്ട ഈ ഡോക്ടറുടെ അനുഭവപ്രതിപാദനത്തിന് വലിയ പ്രാധാന്യമുണ്ട്.
മരുന്ന് തീറ്റയുടെ ആധിക്യമാണ് വലിയ രോഗമെന്ന് പറയുന്നു ഡോ. മാത്യു തോമസ്. മരുന്നുകളുടെ ഗുണനിലവാരമറിയാൻ സാധാരണക്കാർക്ക് സംവിധാനങ്ങളൊന്നുമില്ലാത്തതിലും അദ്ദേഹം ആശങ്കപ്പെടുന്നു. മരുന്ന് കമ്പനികളുടെ മത്സരത്തെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്നും രോഗികള്‍ക്ക് ഏറ്റവും കുറച്ച് മരുന്നുകള്‍ മാത്രം കുറിച്ച് നല്കാൻ ധീരത കാണിക്കുന്ന അപൂർവം ഡോക്ടര്‍മാരിലൊരാളായ ഡോ. മാത്യു തോമസ് ഈ രംഗത്തെ ആശാസ്യമല്ലാത്ത പല പ്രവണതകളും തുറന്നുകാട്ടിക്കൊണ്ടാണ് അരനൂറ്റാണ്ടിലധികം കാലത്തെ തൻ്റെ ആതുര സേവന ജീവിതകഥ പറയുന്നത്.
ചികിത്സകനും അധ്യാപകനും ഗവേഷകനുമായി രാജ്യാന്തരതലത്തില്‍ തന്നെ പ്രവര്‍ത്തിച്ച ഡോക്ടര്‍ക്ക് കേരളത്തിന്റെ ആതുര സേവന ചരിത്രത്തില്‍ അതുല്യമായ സ്ഥാനമുണ്ട്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഹെമറ്റോളജി- ഇന്റേണല്‍ മെഡിസിന് വിദഗ്ധനായി അറിയപ്പെടുന്ന ഡോക്ടര്‍ മാത്യു തോമസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച് അവിടെ തന്നെ അധ്യാപകനും ചികിത്സകനുമായ ശേഷം മെഡിക്കല്‍ കോളേജിന്റെ സുപ്രണ്ടായാണ് വിരമിച്ചത്. ഇപ്പോൾ തിരുവനന്തപുരം കിംസ് ഹെല്‍ത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ടിക്കുന്നു. ഒരേ സമയം പാവങ്ങളുടെയും പണക്കാരുടെയും ഡോക്ടറായി വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടര്‍ പഴയകാലത്തേതു പോലെ പുതിയകാലത്തും പ്രായത്തിന് തളര്‍ത്താനാവാത്ത പ്രസരിപ്പോടെയും ഊര്‍ജ്ജത്തോടെയും പ്രവര്‍ത്തിക്കുന്ന വൈദ്യ സേവന ജീവിതത്തിന് ഉടമയാണ്. സംഗീതവും സ്പോര്‍ട്സും അദ്ദേഹത്തിന്റെ ജീവിതത്തെ മനോഹരമാക്കുന്നു.
ഡോക്ടര്‍ മാത്യു തോമസുമായി ദി സ്റ്റോറി എഡിറ്റര്‍ ബിജു മുത്തത്തി നടത്തുന്ന അഭിമുഖം ചുവടെ കാണാം
