മലയാള സിനിമയുടെ മധുരകാലമായിരുന്നു മധുകാലം
മലയാള സിനിമയുടെ മധുരമനോജ്ഞമായൊരു കാലമാണ് മധു. മധുവിനേക്കാള്‍ മലയാള സിനിമയ്ക്ക് അഞ്ചുവയസ്സിന്റെ പ്രായക്കൂടുതല്‍ മാത്രം. ആറുപതിറ്റാണ്ടുകാലത്തെ
ആ അഭിനയ ചരിത്രത്തില്‍ മധു കീഴടക്കിയ ചലച്ചിത്ര ലോകങ്ങള്‍ അനവധി. തലമുറകള്‍ മാറിമറിഞ്ഞിട്ടും മായാതെ നിന്ന ഒരേയൊരു പ്രതിഭാസമാണ് നടന് മധു
മലയാളത്തില്‍ ചലച്ചിത്ര നിര്‍മ്മാണം സജീവമായത് അമ്പതുകളോടെയാണ്. ജീവിതനൗകയും നീലക്കുയിലും ന്യൂസ്പേപ്പര്‍ ബോയിയുമെല്ലാം ചലച്ചിത്ര ഭാവനകള്‍ അടക്കി വാണകാലം. പക്ഷേ നാടകത്തിന്റെ നെടുനായകത്വത്തെ അതൊന്നും തെല്ലും ഉലച്ചില്ല. മാത്രമല്ല ക്യാമറക്ക് മുന്നിലുള്ള നാടകമോ നാടകത്തിന്റെ തന്നെ തുടര്നാടകങ്ങളോ ആയിരുന്നു അക്കാലത്തെ സിനിമ. ദില്ലിയിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിരികെ വരുമ്പോള്‍ മധുവിന്റെയും മനസ്സുനിറയെ നാടകങ്ങളായിരുന്നു. പക്ഷേ വഴിതുറന്നു കിട്ടിയത് സിനിമയില്‍.
നമ്മള് വര്‍ത്തമാനം പറയുന്നതു പോലെ വര്‍ത്തമാനം പറയുന്ന സിനിമ. നമ്മള് ആഹാരം കഴിക്കുന്നതു പോലെ ആഹാരം കഴിക്കുന്ന സിനിമ. നമ്മള് വേഷം ധരിക്കുന്നതുപോലെ വേഷം ധരിക്കുന്ന സിനിമ – അതായിരുന്ന മലയാള സിനിമയെക്കുറിച്ചുള്ള ശോഭനപരമേശ്വരന്‍ നായരുടെ സ്വപ്നം. അതിന്റെ സാഫല്യമായിരുന്നു പി ഭാസ്കരനും
രാമുകാര്യാട്ടും ചേര്‍ന്നൊരുക്കിയ നിലക്കുയില്‍. നീലക്കുയില്‍ പുറത്തിറങ്ങി എട്ടുവര്‍ഷത്തിന് ശേഷം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണ് മധു മുഖം കാണിച്ചത്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയത് ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ.
നിണമണിഞ്ഞ കാല്‍പ്പാടുകളിലെ പ്രേം നസീറിന്റെ നായക കഥാപാത്രത്തേക്കാള്‍ മധുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിലെ മധുവിന്റെ
കാല്‍പ്പാടുകള്‍ക്ക് കനംവെച്ചു.

അറുപതുകളിലെ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെല്ലാം പ്രതിഫലിച്ച ചിത്രങ്ങളുടെ മുഖപ്രസാദമായി മധു. ഭൂപരിഷ്കരണത്തിന്റെ വികാസവും കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ചയും ഗ്രാമീണ കാര്‍ഷിക ജീവിതത്തില്‍ നിന്ന് നഗരജീവിത വ്യവസ്ഥയിലേക്കുള്ള പറിച്ചുനടലുമെല്ലാം പല നിലകളില്‍ പ്രവര്‍ത്തിച്ച
അഭിനയശരീരം. അറുപതുകളിലും എഴുപതുകളിലും സത്യനും നസീറും കത്തി നില്‍ക്കുമ്പോഴും മലയാളിയുടെ മാറിവരുന്ന മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ പ്രതീകമെന്ന പോലെ മധുവും മലയാളി മനസ്സില്‍ പരിശോഭിച്ചു.
അറുപതുകള്‍ മലയാള സിനിമയുടെ മധുരകാലമല്ല മധുകാലം തന്നെയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മലയാളിയുടെ സാഹിത്യനായകന് മധുവായിരുന്നു. തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും എംടിയുടെയും ഉറൂബിന്റെയും പൊന്‍കുന്നം വര്‍ക്കിയുടെയും പാറപ്പുറത്തിന്റെയും പൊറ്റക്കാടിന്റെയും തോപ്പില്‍ഭാസിയുടെയും മലയാറ്റൂരിന്റെയുമെല്ലാം നായകനായിരുന്നു മധു. മധുവില്ലാതെ മലായാള സിനിമയെ പൂര്‍ണ്ണമാക്കാനാവാത്ത ഒരു സാഹിത്യകാലവുമായിരുന്നു അത്.
മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റാണ് എം കൃഷ്ണന് നായരുടെ കുട്ടിക്കുപ്പായം. കുട്ടിക്കുപ്പായത്തിലും നായകനായ നസീറിനെപ്പോലെ തന്നെ മധുവും കസറി.

മുറപ്പെണ്ണിലെ ചന്ദ്രനും ഏണിപ്പടികളിലെ കേശവന് നായരും ചുക്കിലെ ചാക്കോച്ചനും ആദ്യ കിരണങ്ങളിലെ പാപ്പച്ചനും മുറപ്പെണ്ണിലെ ചന്ദ്രനും കാട്ടുപൂക്കളിലെ ജോണിയും സുബൈദയിലെ മമ്മുവും ഭാര്ഗ്ഗവിനിലയത്തിലെ എഴുത്തുകാരനും ചെമ്മീനിലെ പരീക്കുട്ടിയുമായെല്ലാംപല നിലകളില്‍ പരിണമിച്ച നടന്.
അതില്‍ ഭാര്‍ഗ്ഗവി നിലയും ചെമ്മീനും സാഹിത്യഭാഷയ്ക്കപ്പുറത്ത് ചലച്ചിത്രഭാവനയുടെ ശക്തിയും സൗന്ദര്യവും കാണിച്ച ചലച്ചിത്ര സംഭവങ്ങള്‍ തന്നെയായിരുന്നു. ഭാര്‍ഗവീനിലയത്തില്‍ നസീറായിരുന്നു നായകനെങ്കിലും കഥ മുന്നേറുന്നത് മധുവിലൂടെയാണ്. ചെമ്മീനില്‍ സത്യന് അതിശക്തനെങ്കിലും മധുവിന്റെ പരീക്കുട്ടിയാണ് പ്രണയത്തിന്റെ മധുരം നുള്ളിത്തീരാത്ത കടലായത്.

മലയാള സിനിമ ഒരു സ്റ്റുഡിയോ നാടകമെന്ന മട്ട് വിട്ട് പുറത്തുകടന്നത് 1965-ല്‍ പി എ ബക്കര്‍ നിര്‍മ്മിച്ച് പി എന്‍ മേനോന് സംവിധാനം ചെയ്ത ഓളവും തീരത്തിലൂടെയുമാണ്. ചെമ്മീനിലും ഓടയില്നിന്നിലുമെല്ലാം വാതില്‍പ്പുറ ചിത്രീകരണത്തിന്റെ ചില തുടക്കങ്ങളുണ്ടെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പുറത്തു കടന്നത് ഓളവും തീരവുമാണ്. കേരളത്തിന്റെ ജീവനുള്ള ഭൂപ്രകൃതിയും ആവാസ വൈവിധ്യവും ആ സിനിമയില്‍ നിറഞ്ഞു നിന്നു. എം ടിയുടെ ആ വിഖ്യാത രചനയിലും നായകനായത് മധു.
ഓളവും തീരവും മലയാള സിനിമയിലുണ്ടാക്കിയ ഭാവുകത്വ മാറ്റത്തിന്റെ തുടര്‍ച്ചയാണ് സ്വയംവരം. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ബാനറില്‍ കെ പി കുമാരനെഴുതി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സ്വയംവരം മലയാള സിനിമയെ കലയെന്നും കച്ചവടമെന്നും രണ്ടായിത്തിരിച്ചു.
കച്ചവട സിനിമകളുടെ സ്ഥിരം മെലോഡ്രാമകളെയും മസാലക്കൂട്ടുകളെയും അറുത്തെറിഞ്ഞ് കലാമൂല്യങ്ങളില്‍ നിലയുറപ്പിച്ച
സ്വയംവരം സാഹിത്യത്തിനപ്പുറത്ത് പുതിയൊരു ചലച്ചിത്രഭാഷ കൂടി പരിശീലിപ്പിച്ചു. എഴുപതുകളുടെ ആ ചലച്ചിത്രപരീക്ഷണത്തിന് ശബ്ദവും രൂപവുമായത് മധു.

മലയാളികള്‍ക്ക് മറക്കാനാവാത്ത മഹാകഥാപാത്രങ്ങളാണ് മധു. മലയാള സിനിമയുടെ പല പരിണാമങ്ങളിലും പരീക്ഷണങ്ങളിലുമെല്ലാമായി കറുപ്പിലും വെളുപ്പിലും കളറിലുമായി പരന്നു കിടക്കുന്ന പ്രതിഭ.
മലയാളത്തില്‍ സ്റ്റുഡിയോ ഉടമായായ ആദ്യ മലയാള നടനുമാണ് അദ്ദേഹം. മദ്രാസിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന മലയാള സിനിമയെ മടക്കിവിളിക്കുക എന്ന ചരിത്ര ദൗത്യമായിരുന്ന വാണിജ്യ വിചാരങ്ങള്‍ക്കപ്പുറം മധുവിന് ഉമാ സ്റ്റുഡിയോ. ഒമ്പത് ചിത്രങ്ങള്‍ ഉമയുടെ ബാനറില്‍ മധു നിര്‍മ്മിച്ചു. പ്രിയയും തീക്കനലും സിന്ദുരച്ചെപ്പും ഉള്‍പ്പെടെ പതിതിനൊന്നാന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ ആദ്യത്തെ മര്‍ഡര്‍ മിസ്റ്ററിയായ പ്രിയ ഇപ്പോഴും ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ പ്രിയ ചിത്രമാണ്.
എണ്‍പതുകളോടെയാണ് മലയാള സിനിമയില്‍ വലിയൊരു തലമുറമാറത്തിന്റെ ശംഖധ്വനി മുഴങ്ങിയത്. സത്യനും നസീറും തിരശീലയില്‍ നിന്ന് അപ്രത്യക്ഷമായിട്ടും മധു കാലത്തെ അജയിച്ചു നിന്നു. ഭരതനും പത്മരാജനും ഐവി ശശിയുമെല്ലാം ഇളക്കിമറിച്ച എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം മധുവുണ്ട്. മലയാള സിനിമയുടെ അച്ഛനായും മുത്തച്ഛനായുമെല്ലാം പില്ക്കാല തലമുറയുടെയും അഭിനയത്തിന്റെ അധികമാനമായി മധു നില്ക്കുന്നു.

മൃണാള്‍ സെന്റെ ഭുവന് ഷോമില്‍ രണ്ടു മിനിറ്റു നേരത്തെ ശബ്ദമായാണ് അമിതാബ് ബച്ചന്റെ സിനിമാപ്രവേശം. ശബ്ദമായ ബച്ചന് പിന്നീട് രൂപമായി പ്രത്യക്ഷപ്പെടുന്നത് മധുവിനൊപ്പം സാത്ത് ഹിന്ദുസ്ഥാനിയെന്ന ഹിന്ദി ചിത്രത്തിലാണ്. ഗോവാ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ എ അബ്ബാസ് സംവിധാനം ചെയ്ത ആ ചിത്രം ഒരു ചരിത്രഘട്ടത്തിന്റെ ആവേശകരമായൊരു ചലച്ചിത്രാധ്യായമാണ്. മധുവിനെയും ഉല്പല്ദത്തിനെയും പിന്നിലാക്കി ബച്ചന് പിന്നീട് രാജ്യത്തോളം വളര്‍ന്ന നടനായി. താരഭാരങ്ങളില്ലാതെ മധു മലയാളത്തിന്റെ മുഖപ്രസാദവുമായി.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും കല പോലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ചരിത്രം തന്നെയാണ് മലയാള സിനിമാ ചരിത്രം. അവിടെ സ്വീകാരത്തിന്റെ വെളിച്ചമായാലും
തിരസ്കാരത്തിന്റെ ഇരുട്ടായുലും തിളങ്ങിനില്‍ക്കുന്ന ഒരസാധ്യ പ്രതിഭയാണ്, അല്ലെങ്കില്‍ ഒരു പ്രതിഭാസം തന്നെയാണ് മധു.
മലയാളി എത്ര മാറിമാറിയാലും മധുവിനെ മറന്നൊരു മലയാള സിനിമയില്ല.
