കേരളത്തിലെ കോണ്ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചടക്കി വി ഡി സതീശന് മുഖ്യമന്ത്രിയാകുമ്പോള് കേരളം കാണാന് പോകുന്നത് മറ്റൊരു പിണറായിയെയോ?
പരമാധികാരികൾ പരാജയപ്പെടുമ്പോൾ, വിജയിച്ച എതിരാളികൾ മറ്റൊരു പരമാധികാരിയെ തന്നെ അന്വേഷിച്ചുകണ്ടെത്തുന്നത് ചരിത്രത്തിനുള്ളിലെ വൈരുദ്ധ്യമാകണം. പ്രതിപക്ഷ നേതാവായി നിന്ന് തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫിന് നേതൃത്വമായി ജയിച്ച വി ഡി സതീശൻ, മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള ഉൾപാർട്ടി തിരഞ്ഞെടുപ്പിലും സ്വയം ജയിച്ചുകയറുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിപദവിയിൽ നിന്ന് ഒഴിയുന്നതോടെ രൂപപ്പെട്ട പവർവാക്വം അടച്ചുറപ്പിക്കാനായി കോൺഗ്രസ് ഹൈക്കമാൻഡ് എത്തിനിൽക്കുന്നത് 25 വർഷം പഴക്കമുള്ള പറവൂർ എംഎൽഎ ഓഫീസിലാണ്. ശക്തമായ ഇച്ഛാശക്തിയുള്ളവൻ, കർത്തവ്യം മുറ്റുന്ന പ്രവർത്തന ശൈലിയുള്ളവൻ, അക്ഷോഭ്യമായി പ്രതിസന്ധികളെ തരണം ചെയ്യുന്നവൻ എന്നിവയുമായി പര്യായപ്പെടുത്താവുന്ന രണ്ടുപേരുകാരാണവർ.

കുറച്ചുകാലമായി കോൺഗ്രസിലെ കെ സി പക്ഷത്ത് നിലയുറപ്പിച്ചിരുന്ന വിഡി സതീശൻ സ്വന്തം നേതാവിനെത്തന്നെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ക്യാപ്റ്റനായി അവതരിക്കുന്നത്. മികച്ച പ്ലെയറെ കണ്ടെത്തുന്നത് ടീം ലീഡറായിരിക്കാം; അഥവാ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള അധികാരം ലീഡർ ശരിയായി ഉപയോഗപ്പെടുത്തിയിരിക്കാം. പക്ഷേ മികച്ച ടീം പ്ലെയർ ഉറപ്പായും സ്വന്തം ക്യാപ്റ്റനെ മറികടന്ന് പ്ലേമേക്കറാകും എന്നത്, ഫുട്ബോളിനുള്ളിൽ മാത്രം ഉരുവം കൊള്ളുന്ന രാഷ്ട്രീയ നീക്കമാകില്ല.
യുവന്റസി ലെയും ഫ്രഞ്ച് നാഷണൽ ടീമിലെയും ദിദിയ ദെഷാംപ്സിൻ്റെ അതോറിറ്റി തകർത്ത് ഗെയിമിന്റെ കമാൻഡ് രൂപപ്പെടുത്തി വളർന്നുവന്നതാണ് സിനദിൻ സിദാൻ എന്ന പ്ലേമേക്കർ. അതുപോലെ, കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ മിന്നൽപിണറാവുകയാണ് വി ഡി സതീശൻ. മുഖ്യമന്ത്രി പദത്തേക്കാൾ വലിപ്പത്തിൽ കോൺഗ്രസിലെ ശക്തിമൂർത്തിയായി മാറുകയാണയാൾ.

തെരഞ്ഞെടുപ്പ് മത്സരത്തിലും മുഖ്യമന്ത്രി മത്സരത്തിലും നിയുക്ത മുഖ്യമന്ത്രി സതീശൻ കാത്തുസൂക്ഷിച്ചത് ജനകീയ ലീഡർ എന്ന വ്യക്തിത്വമാണ്. തന്റെ പേര് ദീപ ദാസ് മുൻഷി ഡൽഹിയിൽ വെച്ച് പ്രഖ്യാപിച്ചതോടെ, ‘വെല്ലുവിളികളെ നേരിടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണ’മെന്ന് പ്രതികരിച്ച് വ്യക്തമാക്കാൻ ശ്രമിക്കുന്നതും അതുതന്നെയാണ്. പക്ഷേ ജനകീയ ലീഡറിൽ നിന്ന് സുപ്രീം കമാൻഡറിലേക്ക് ഒരു ചുവട് ദൂരം മാത്രമാണുള്ളത്. ഇതിനുമുമ്പ് ഒരിക്കലും അധികാരത്തിൽ അമർന്നിരിക്കാൻ കഴിയാത്തത് വി ഡി സതീശന് സ്വയമൊരു കുറവായിമാറാൻ സാധ്യതയില്ല.
ദീർഘകാലം കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിട്ടും സംസ്ഥാന നേതൃത്വമാകാൻ കഴിയാതെ തഴയപ്പെട്ടയാളാണ് വിഡി സതീശൻ. ദീർഘകാലം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനം കാഴ്ചവച്ചപ്പോഴും കോൺഗ്രസ് നേതൃത്വം അത് ലവലേശം പരിഗണിച്ചില്ല. എന്നിട്ടും, രാഷ്ട്രീയ ചർച്ചകൾക്കായി കുത്തിയിരുന്നുപഠിച്ച് ഡാറ്റ അവതരിപ്പിച്ച് എതിരാളികളെ എതിർത്തുകൊണ്ടേയിരുന്നു; യുഡിഎഫ് എംഎൽഎമാരിലെ ഹരിത ഗ്രൂപ്പിനെ നയിച്ച് സ്വന്തം നേതൃത്വത്തെയും തിരുത്തിക്കൊണ്ടേയിരുന്നു. അതുകൊണ്ട് മാത്രമായിരിക്കണം, ദീർഘകാലം ആഗ്രഹിച്ചിട്ടും 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഒരിക്കൽ പോലും ഇരിക്കാൻ കഴിയാഞ്ഞതും, ഏറ്റവും പ്രതീക്ഷിച്ച കെപിസിസി പ്രസിഡണ്ട് പദവിയിൽ വിഎം സുധീരൻ വന്നിരുന്നതും.

അഞ്ചുവർഷം കൂടുമ്പോഴെങ്കിലും ലഭിക്കുമെന്ന് ഉറപ്പുള്ള അധികാരം, ചരിത്രത്തിൽ ആദ്യമായി നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് കോൺഗ്രസ് നേതൃത്വം വി ഡി സതീശന്റെ ആത്മവിശ്വാസം തേടിയെത്തിയത്. പ്രതിപക്ഷ നേതാവായ ആ അഞ്ചുവർഷക്കാലത്തിനിടയിൽ സ്വന്തം പാർട്ടിയെ കേരളത്തിൽ കടന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വയംഭരണ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഏറ്റവും ആത്മാർത്ഥതയോടെ കരകയറ്റി. സിപിഐഎമ്മിൻ്റെ സിറ്റിങ് മണ്ഡലങ്ങളിൽ ഇടതുപക്ഷ സ്ഥാനാർഥികളെ തോൽപ്പിച്ചും പേടിപ്പിച്ചും സതീശൻ അതിനായകത്വം നേടി. ജയിച്ചാൽ മുന്നണിയുടെ ജയമെന്നും തോറ്റാൽ തൻറെ മാത്രം തോൽവിയെന്നും വ്യക്തമാക്കി തൻ്റെ സ്ട്രാറ്റജി ക്ലാരിറ്റിയും കോൺഫിഡൻസുമുള്ളതാണെന്ന് അണികളെ ബോധ്യപ്പെടുത്തി.
ഒരു സമുദായ സംഘടനയുടെയും ‘തിണ്ണ നിരങ്ങില്ല’ എന്ന പ്രഖ്യാപനം നടത്തിയാണ് വി ഡി സതീശൻ എന്ന പ്രതിപക്ഷനേതാവ് ചുമതലയേറ്റത്. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ കൊളുത്തിയ വിളക്ക് കെടുത്താനും ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന പരിഹാസം ഒഴിവാക്കാനും പരിശ്രമിക്കുകയായിരുന്നിരിക്കണം സതീശൻ.

ഒരു കോൺഗ്രസുകാരന്റെയും വാമൊഴിവഴക്കത്തിന് പരിചിതമല്ലാത്ത, താൻ പരിഹസിക്കപ്പെടുക മാത്രം ചെയ്യുന്ന പദാവലിയിൽ ഒന്നിനെ ഏറ്റെടുത്തായിരുന്നു സതീശപ്രതിജ്ഞ. കേരളത്തിൽ പരമ്പരാഗതമായി ഉണ്ടായിരുന്ന പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ സമവാക്യങ്ങളിൽ, ചിന്താ പദ്ധതികളിൽ, ഒന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചലിപ്പിക്കുന്നതും, മറ്റേത് കോൺഗ്രസ് പാർട്ടി ചലിപ്പിക്കുന്നതുമായിരുന്നു. യുഡിഎഫ് നേതാക്കൾ എൻഎസ്എസിലും എസ്എൻഡിപിയിലും കത്തോലിക്കാസഭയിലും മറ്റ് സാമുദായിക സംവിധാനങ്ങളിലും പ്രശ്നങ്ങൾ രൂപപ്പെടുമ്പോൾ ഇടപെടുന്നതും, സിപിഐഎമ്മുകാർ അതിനെ തിണ്ണനിരങ്ങലെന്ന് പരിഹസിക്കുന്നതും കേരള ജനതയുടെ സഹജദൃശ്യമായി മാറുന്നത് അതുകൊണ്ടാണ്.
സിപിഐഎമ്മുകാർ എത്ര പരിഹസിച്ചാലും, കേരളത്തിലെ സാമുദായിക സംഘടനകളെ കേരളത്തിൻറെ മതേതര പാരമ്പര്യവുമായി കൂട്ടിക്കെട്ടി നിലനിർത്തുക എന്നത് കോൺഗ്രസെന്ന രാഷ്ട്രീയ ചേരിയുടെ ചുമതലയാണ്. ആ ചുമതലയിൽ നിന്നുള്ള പിൻവലിയലായിരുന്നു സതീശന്റെ പ്രതിപക്ഷ നേതൃത്വം.
കോൺഗ്രസുകാരൻ എടുക്കേണ്ട പണി അവരെടുക്കാതെ സിപിഐഎമ്മുകാരുടെ സ്വഭാവച്ചുവ കടമെടുത്താൽ സംഭവിക്കുക, സ്വന്തം വോട്ട് ബേസ് നഷ്ടപ്പെടുത്തുക എന്നത് മാത്രമായിരിക്കും. ദീർഘകാലമായി മതമൗലികവാദികൾ ലക്ഷ്യമിട്ടിരിക്കുന്നത് സിപിഐഎമ്മും കോൺഗ്രസ്സും ചേർന്ന് വ്യതിരിക്തമായി കെട്ടിപ്പടുത്ത ഈ വോട്ട് ബേസാണ്. സിപിഐഎമ്മിന്റെ ബേസിനെ സ്വന്തമാക്കുമ്പോൾ സ്വന്തം ബേസിനെ വർഗീയപരിവാരത്തിന്റെ ചങ്ങലക്കണ്ണികളിലേക്ക് കെട്ടിയിടുകയാണ് സതീശൻ ചെയ്യുന്നത്. അതുകൊണ്ട്, മതേതര കേരളത്തെ ഒറ്റുകൊടുക്കുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ കൈക്കോടാലിയാണോ സതീശൻ എന്ന സംശയം, അയാൾ മുഖ്യമന്ത്രിയായാലും, മലയാളി എക്കാലവും മനസ്സിൽ നിലനിർത്തും.

“നിങ്ങൾ ചെറുപ്പക്കാർ സ്വന്തം മണ്ഡലത്തിൽ നിരന്തരം ബൈക്കുകളിൽ കറങ്ങണം, കണ്ണായ സ്ഥലങ്ങളെല്ലാം കണ്ടെത്തി ബുക്ക് ചെയ്യണം, അവിടങ്ങളിൽ പ്രാദേശിക പ്രവർത്തകരെയും കൂട്ടി മുന്നണി സ്ഥാനാർത്ഥിയുടെ ബോർഡുകൾ കയറ്റണം” – നേതൃത്വത്തിൽ നിന്ന് അടിത്തട്ടിലേക്ക് നിരന്തരം നിർദ്ദേശങ്ങൾ നൽകി, എല്ലാ പ്രവർത്തകരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെയും മുന്നണിയെയും കെട്ടിപ്പടുത്ത നേതാവാണ് വിജയിച്ചു കയറുന്നത്, മുഖ്യമന്ത്രിയായി മാറുന്നത്.
വിഡി സതീശൻ നിരന്തരം കോൺഗ്രസ് പ്രവർത്തകരിലേക്ക് അനുഭവിപ്പിക്കുന്ന വാത്സല്യവും ശാസനയും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിലാണ് ഏറ്റവും സജീവമായത്. കെ സുധാകരൻ അവതരിപ്പിക്കാൻ പരിശ്രമിച്ച സെമി കേഡർ സംവിധാനം കോൺഗ്രസിനുള്ളിൽ സാക്ഷാത്കരിച്ചത്, അതിനെ കേഡർ സ്വഭാവത്തിലേക്ക് മാറ്റിത്തീർത്തത് വി ഡി സതീശനാണ്. അതിന്റെ പ്രയോഗസാധ്യതകളാണ് മുഖ്യമന്ത്രിക്കാലത്ത് കൂടുതൽ കടുക്കാൻ പോകുന്നത്.
കോൺഗ്രസിൽ സ്വന്തം എതിരാളികൾക്ക് നേരെ പരസ്യമായ കടുംവെട്ടുകൾ നടത്തിയിരുന്നത് എ കെ ആൻറണിയുടെയും വി എം സുധീരന്റെയും കാലത്താണ്. അവിശ്വാസിയായ എകെ ആൻറണിയുടെയും വിശ്വാസിയായ വിഎം സുധീരന്റെയും പിന്തുണ, ഇത്തവണത്തെ മുഖ്യമന്ത്രിമത്സരത്തിൽ സതീശനായിരുന്നു എന്നാണ് പറഞ്ഞുകേൾക്കുന്നത്. പത്തുവർഷത്തെ പിണറായിക്കാലത്തിനുശേഷം ശക്തമായി അധികാരം പ്രയോഗിക്കുന്ന ഒരു നേതാവിനെയാണ് കോൺഗ്രസിന്റെ അണികളും കാത്തിരുന്നത് എന്ന് കരുതണം. കോൺഗ്രസിന് പരിചിതമല്ലാത്ത വാമൊഴിവഴക്കങ്ങളും സ്വഭാവപ്രയോഗങ്ങളും നടത്തിയിട്ടുള്ള സതീശൻ, കോൺഗ്രസിലെ ഉൾപാർട്ടി രാഷ്ട്രീയത്തെയും എങ്ങനെ മാറ്റിത്തീർക്കും എന്നതും രാഷ്ട്രീയ വിദ്യാർത്ഥികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

കേരള ചരിത്രത്തിലെ ഇതുവരെയുള്ള മുഴുവൻ മുഖ്യമന്ത്രിമാരും ഗ്രാമങ്ങളിൽ ജനിച്ചുജീവിച്ചവരാണ്. നഗരത്തിൽ ജനിച്ചുവളർന്ന വി ഡി സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ ആ കോസ്മോപൊളിറ്റൻ ഐഡൻ്റിറ്റി കേരളത്തിൻറെ ആശയപ്രപഞ്ചത്തെ എങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യും എന്നത് പ്രധാനമാണ്.
അഞ്ചുവർഷം മുമ്പ് വരെ എംഎൽഎ മാത്രമായിരുന്നു വി ഡി സതീശൻ. പാർട്ടി അമരത്വവും മന്ത്രിപദവിയും പോലെ പ്രലോഭിപ്പിക്കുന്ന അധികാരസ്ഥാനങ്ങളിൽ ഇതുവരെ പ്രതിഷ്ഠിക്കപ്പെടാത്ത, അഞ്ചുവർഷത്തെ പ്രതിപക്ഷനേതാവ് മാത്രമായിരുന്നു ഇതുവരെ വി ഡി സതീശൻ. പക്ഷേ മുഖ്യമന്ത്രിയായ വിഡി സതീശൻ മറ്റൊന്നാണ്. അതുകൊണ്ട്, അമിതാധികാര പ്രമത്തതയുള്ള ഒരു സുപ്രീം ലീഡറിൽ നിന്ന് മലയാളി ഇതുവരെ കാണാത്ത ഇടപെടലുകളായിരിക്കുമോ ഇനി കാണേണ്ടിവരിക എന്ന അത്ഭുതവും ആശങ്കയുമാണ് സർവ്വരും പരസ്പരം പങ്കുവെക്കുന്നത്.
