നാരിശക്തി വന്ദന് അധിനിയം രാജ്യത്തെ മുഴുവന് നാരീസമൂഹത്തോടുള്ള നിന്ദന് അധിനിയമാണ്. സ്ത്രീസംവരണമെന്ന മുഖംമൂടിയണിഞ്ഞ് സംഘപരിവാര് വിളഭൂമികളുടെ വിസ്താരം വര്ദ്ധിപ്പിക്കലായിരുന്നു ബിജെപി പദ്ധതി. ബില് പാര്ലമെന്റില് പരാജയപ്പെട്ടില്ലായിരുന്നെങ്കില് നിലവിൽ 24% ലോക്സഭാ സീറ്റുകൾ ഉൾപ്പെടുന്ന തെക്കേ ഇന്ത്യ, 20 ശതമാനത്തിലേക്ക് ഒതുക്കപ്പെട്ടേനെ. 38 ശതമാനം സീറ്റുകൾ കയ്യാളുന്ന ഹിന്ദിഭൂമിക 46% സീറ്റുകളെ അധീനപ്പെടുത്തിയേനെ
ഇന്ത്യൻ ഭരണഘടനയുടെ 131 -ാം ഭേദഗതി പാർലമെൻറ് വോട്ടിനിട്ട് തള്ളിയിരിക്കുകയാണ്. എല്ലാ എംപിമാരും ഒരുമിച്ച് നിന്ന് ഈ ബിൽ പാസാക്കിയെടുക്കണമെന്ന് സ്വപ്നം കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പാതിയുറക്കം വിട്ട് ഇന്ത്യാമഹാരാജ്യത്തിന്റെ ദു:സ്വപ്നങ്ങളിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുകയാണ്. ലോക്സഭയിൽ സീറ്റുകളുടെ എണ്ണം കൂട്ടും, സ്ത്രീകൾക്ക് പാർലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം 33% ആയി വർദ്ധിപ്പിക്കും എന്നൊക്കെ വീമ്പുപറഞ്ഞ്, മണ്ഡല പുനർനിർണയമെന്ന ഫിക്സഡ് ഡെപ്പോസിറ്റിന് വേണ്ടി അവതരിപ്പിക്കപ്പെട്ട നവഫാസിസ്റ്റ് നീക്കം സംഘടിതമായ പ്രതിപക്ഷ ചെറുത്തുനിൽപ്പുകൊണ്ട് ലോക്സഭയിൽ പരാജയപ്പെട്ടിരിക്കുകയാണ്.
2023ൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ ആദ്യമായി നടന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിച്ചതാണ് നാരീശക്തി വന്ദൻ അധിനിയം. ഇതുവരെ പ്രാബല്യത്തിൽ വരാത്ത ആ നിയമത്തിന് 2026ൽ ബജറ്റ് സമ്മേളനത്തിനുശേഷം വിളിച്ചുചേർത്ത ത്രിദിന പ്രത്യേക സമ്മേളനത്തിൽ ഒരു ഭേദഗതി ചർച്ച ചെയ്യുകയായിരുന്നു. പാർലമെന്റിലെ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പ്രാതിനിധ്യം നിർണയിക്കുന്ന ഭരണഘടനാഭേദഗതി ആയതുകൊണ്ട് സഭയിൽ ആകെ അംഗങ്ങളിൽ പകുതിയും, ഹാജരായ അംഗങ്ങളുടെ മൂന്നിൽ രണ്ടുപേരും നിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്താൽ മാത്രമേ ബിൽ നിയമമാകുമായിരുന്നുള്ളൂ. പാർലമെൻറിലെ ഭൂരിപക്ഷത്തിനൊപ്പം 28ൽ 14 സംസ്ഥാന നിയമസഭകളും കേവലഭൂരിപക്ഷത്തിൽ നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമായിരുന്നു. പക്ഷേ വനിതാ സംവരണ ഭേദഗതി ബില്ലിന്റെ ആദ്യഘട്ടമായ ലോക്സഭാ വോട്ടെടുപ്പ് പോലും പരാജയപ്പെട്ടത് കൊണ്ട് സംഘപരിവാർ ലക്ഷ്യം നിലവിൽ വിജയിക്കാതെ പരാജിതമായി തുടരും.
സ്ത്രീകൾക്ക് തങ്ങൾ നൽകാൻ ഉദ്ദേശിച്ച സ്വപ്നതുല്യമായ നേട്ടങ്ങളുടെ പട്ടികയും അത് നഷ്ടപ്പെടുത്തിക്കളഞ്ഞ പ്രതിപക്ഷത്തിന്റെ ധിക്കാരവും പറഞ്ഞ് പരിവാരം രാജ്യം മുഴുവൻ പ്രചാരണം നടത്തുമായിരിക്കും. പക്ഷേ ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാൻ വേണ്ടിയായിരുന്നു സ്ത്രീകൾക്ക് ഔദാര്യം ചവച്ചുതുപ്പിത്തരുന്ന നാരിശക്തി ബില്ലെന്ന് ജെൻഡർ വ്യത്യാസങ്ങളില്ലാതെ ഇന്ത്യൻ സമൂഹം വ്യക്തമായി തന്നെ തിരിച്ചറിയും.

നിയമനിർമ്മാണ സഭകളിലേക്കുള്ള സ്ത്രീസംവരണത്തിന് ദീർഘകാലമായി പോരാടുകയായിരുന്നു ഇന്ത്യ. 2023ൽ നിയമമായി മാറിയ സ്ത്രീസംവരണം, അത് നടപ്പാക്കുന്നതിനു മുമ്പേ ഭേദഗതിക്ക് തയ്യാറെടുക്കുകയായിരുന്നു. സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാൻ വേണ്ടിയുള്ള ശക്തമായ സമ്മർദ്ദങ്ങളുടെയോ, താല്പര്യങ്ങളുടെയോ മുഖഭാവമല്ല ഭേദഗതി പാസാക്കാൻ പരിശ്രമിച്ച ഇന്ത്യയ്ക്കുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിരന്തരം എതിർപ്പ് പ്രകടിപ്പിക്കുന്ന പുതിയ ജനസംഖ്യ പ്രകാരമുള്ള മണ്ഡലപുനർനിർണ്ണയം സ്ത്രീസംവരണം നടപ്പാക്കുന്നതിനിടയിലൂടെ ഒളിച്ചുകടത്താനാണ് കേന്ദ്രഭരണം കയ്യാളുന്ന സംഘപരിവാരം പരിശ്രമിച്ചത്; അഥവാ സ്ത്രീസംവരണം എന്ന നിഷ്കളങ്ക മുഖംമൂടി ഉപയോഗപ്പെടുത്തി സ്വന്തം രാഷ്ട്രീയ താൽപര്യത്തെ അടിച്ചേൽപ്പിക്കാനാണ് തയ്യാറെടുത്തത്.
2021ൽ കോവിഡ് മഹാമാരിയുടെ പേര് പറഞ്ഞ് ഒഴിവാക്കിയ സെൻസസ് 2027ൽ നടത്തി, പുതിയ ജനസംഖ്യാകണക്കുകൾ പ്രകാരമുള്ള മണ്ഡലപുനർനിർണയം നടപ്പാക്കി, 33% സ്ത്രീസംവരണം നടപ്പിലാക്കാം എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. പുതിയ ഭേദഗതി ലക്ഷ്യമിട്ടതോ, പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സീറ്റുകളുടെ ആകെ എണ്ണം 50% വർധിപ്പിച്ചുകൊണ്ട് സ്ത്രീകൾക്ക് 33% സംവരണം നൽകാനാണ്. സ്ത്രീകൾക്ക് അതിവേഗം സംവരണ ഉറപ്പാക്കിക്കൊണ്ട്, തങ്ങൾക്ക് മണ്ഡല പുനർനിർണ്ണയവും അതിവേഗം നടപ്പാക്കാമല്ലോ എന്നതായിരുന്നു ആലോചന.
പുതിയ ഭേദഗതി ബിൽ പാർലമെൻറും 14 സംസ്ഥാന നിയമസഭകളും കടന്ന് നിയമമായിരുന്നുവെങ്കിൽ 543 സീറ്റുകളിൽ നിന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരുമായിരുന്നു, സംസ്ഥാന നിയമസഭകളിലും ഇതുതന്നെ സംഭവിക്കുമായിരുന്നു. പക്ഷേ സ്ത്രീകൾക്ക് വേണ്ടിക്കൂടി കൂട്ടിപ്പറഞ്ഞ സീറ്റുകൾ കൂട്ടിവച്ചാലുള്ള ആകെ സീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ പുനഃക്രമീകരിക്കപ്പെടുമായിരുന്നു. 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകൾ അതിനായി ഉപയോഗിക്കപ്പെടുന്നതോടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും അടക്കം ലോക്സഭാ പ്രാതിനിധ്യം കുറയും. സ്ത്രീസംവരണത്തിലൂടെ സീറ്റുകൾ കൂട്ടുന്ന പരിപാടിയും ഇതിനോടൊപ്പം കൂട്ടിക്കെട്ടിയതിനാൽ, എണ്ണത്തിൽ ഇത് കുറയില്ലായിരുന്നു എന്നുമാത്രം.

അമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്ദിരാ ഗാന്ധിയും 25 വർഷം മുമ്പ് വാജ്പേയിയും തൽക്കാലത്തേക്ക് താഴിട്ട് പൂട്ടിയതാണ് മണ്ഡല പുനർനിർണ്ണയമെന്ന ഭൂതം. ഇത്തവണ ആ ഭൂതത്തെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തുറന്നുവിടാനാണ് നരേന്ദ്രമോദി തീരുമാനിച്ചിരുന്നത്. വനിതാ സംവരണമെന്ന പേരിൽ, സംഘപരിവാരത്തിന്റെ വിളഭൂമിയിൽ വോട്ടുകൂട്ടി പെർമനൻ്റ് അധികാര അധീനതയ്ക്കായിരുന്നു ബിജെപിയുടെ നീക്കം. ബിൽ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ, നിലവിൽ 24% ലോക്സഭാ സീറ്റുകൾ ഉൾപ്പെടുന്ന തെക്കേ ഇന്ത്യ, 20 ശതമാനത്തിലേക്ക് ഒതുക്കപ്പെട്ടേനെ. 38 ശതമാനം സീറ്റുകൾ കയ്യാളുന്ന ഹിന്ദി ഹൃദയഭൂമി 46% സീറ്റുകളിലേക്ക് അധികാരത്തെ പടർത്തിയേനെ.
ലോക്സഭാമണ്ഡലങ്ങൾ അവർ ആഗ്രഹിക്കുന്നത് പോലെ പുനഃസംഘടിപ്പിക്കപ്പെട്ടാൽ, രാജ്യാധികാരം പിടിക്കണമെങ്കിൽ മൂന്നോ നാലോ സംസ്ഥാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും. രാജ്യാധികാരം ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി മാറും എന്ന് ചുരുക്കം. കുടുംബാസൂത്രണം എന്ന ദേശീയനയം ഏറ്റവും നന്നായി നടപ്പിലാക്കിയതിന് ശിക്ഷ ലഭിക്കുന്ന നാടായി സൗത്തിന്ത്യ മാറുന്നു, പകരം ദേശീയ നയങ്ങൾ ശരിയായി നടപ്പിലാക്കാത്തത് നോർത്തിന്ത്യക്ക് ഇൻസെന്റീവായി മാറുന്നു- എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. സ്ത്രീകൾക്ക് നേരെയുള്ള രാഷ്ട്രീയ വിശ്വാസവഞ്ചനയും തെക്കേ ഇന്ത്യക്ക് നേരെയുള്ള രാഷ്ട്രീയ കോളനിവൽക്കരണവുമാണ് ബിജെപി അജണ്ട എന്ന് സിപിഐഎം വിമർശനം കടുപ്പിച്ചിരിക്കുന്നു. ഭരണകൂടം തിരുത്താൻ ശ്രമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.

ഭരണഘടനാപരമായി അർദ്ധ ഫെഡറൽ സാഹചര്യങ്ങളുള്ള,ഫെഡറലായ കൂടുതൽ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. നൂറായിരം നാനാത്വങ്ങളുടെ പേരിൽ ബഹുസ്വരത കരുപ്പിടിപ്പിക്കേണ്ട രാജ്യത്തെ ഏകതയിലേക്ക് കടുംകെട്ടുള്ള മൂക്കുകയറാൽ കെട്ടിയിട്ടിരിക്കുകയാണ്. കുടുംബാസൂത്രണത്തിന്റെ ഭാവിയുക്തിയും, നോർത്തിന്ത്യ നേരിടുന്ന അതിദാരിദ്ര്യവും ദീർഘവീക്ഷണമില്ലാത്ത ഭരണകൂടം ചർച്ചയാക്കുന്നില്ല.
ഭാഷാപരമായ സ്വയംഭരണവും, ജനസംഖ്യാ വളർച്ചയുടെ ഉയർച്ചതാഴ്ചകൾ തീർക്കുന്ന പ്രതിസന്ധിയും, വ്യക്തിപരവും സംസ്ഥാനപരവുമായ ജനാധിപത്യ അവസരങ്ങളുടെ നിർമ്മിതിയും 18 മണിക്കൂറിൽ ചർച്ച ചെയ്ത് തീർക്കാം എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ആ 18 മണിക്കൂറിനുള്ളിലാണ്, ഫെഡറലിസവും ജനപ്രാതിനിധ്യവും എതിർചേരിയിൽ എന്നപോലെ തർക്കിക്കേണ്ടി വരുന്നത്; ജനാധിപത്യം കൊണ്ട് തീർക്കാവുന്ന ഒരുമയെ നഷ്ടപ്പെടുത്തേണ്ടി വരുന്നത്.
നിലവിലുള്ള ലോക്സഭാ നിയമസഭാ സീറ്റുകൾ വർദ്ധിപ്പിച്ച് അധിക പ്രാതിനിധ്യം സ്ത്രീകൾക്ക് നീക്കിവെക്കാനാണ് നിയമഭേദഗതി ഉദ്ദേശിച്ചിരുന്നത്. 545 സീറ്റുകളിൽ നിന്ന് 850 ആയി ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, കേരളത്തിലെ 140 സീറ്റുകൾ 210 ആയി വർദ്ധിക്കുമെന്നും കരുതിയിരുന്നത് അങ്ങനെയാണ്. ഈ നിയമഭേദഗതി പക്ഷേ, നിലവിലെ സീറ്റുകൾ സ്ത്രീകൾക്ക് റിസർവ് ചെയ്യാൻ ഭരണകൂടം തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയാണ്; നിലവിൽ ഭൂമിയിൽ ലഭ്യമായ പരിമിതമായ വിഭവങ്ങളും. എത്ര വേണമെങ്കിലും വലിച്ചുനീട്ടാൻ കഴിയുന്നതാണ് പ്രാതിനിധ്യം; അതുകൊണ്ട് അത് വലിച്ചുനീട്ടി ആകെയുള്ളതിൽ മൂന്നിലൊന്നിൽ സ്ത്രീകളെ ഉൾപ്പെടുത്തിയെന്ന വീമ്പുപറയാനാണ് സർക്കാർ പരിശ്രമിച്ചത്.
കണക്കുകൾ ഇരട്ടിപ്പിച്ചുകൂട്ടി സ്ത്രീകളെയും ഇടയിലേക്ക് ഒപ്പിച്ചുകൂട്ടുന്നത് ശരിയായ സ്ത്രീപ്രാതിനിധ്യമാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. ലോകത്തിലെ മുഴുവൻ വേദികളും സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന അടിസ്ഥാനരാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് ഇവിടെ.
ഭൂമിയിലെ വിഭവങ്ങൾ പരിമിതമാണ്; പങ്കുവെക്കുക മാത്രമാണ് നമ്മുടെ മുമ്പിലുള്ള നിവൃത്തി. വിഭവങ്ങളെ പോലെ തന്നെ അധികാരവും പരിമിതമാണ്. കണക്കിൽ മാത്രമത് ഇരട്ടിപ്പിച്ച് പങ്കുവെക്കാൻ തയ്യാറാണ് എന്ന പ്രഖ്യാപനം നടത്തുന്നത്, ലോകജനതയെക്കൊണ്ട് ഇന്ത്യ കഷ്ടപ്പെട്ട് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മുഴുത്ത കള്ളം മാത്രമാണ്. നിലവിലുള്ള സീറ്റുകളിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കി അധികാരത്തിന്റെ പുനർവിതരണം നടപ്പാക്കേണ്ടതിനുപകരം, സ്ത്രീപ്രാതിനിധ്യം ‘കൂട്ടിച്ചേർക്കുക’ മാത്രമാണ് ലക്ഷ്യം.
കൂട്ടിച്ചേർക്കുന്ന പ്രാതിനിധ്യം അധികാരത്തിന്റെ പുനർവിതരണമില്ലാതെ, വിപുലീകരണം മാത്രമാണെങ്കിൽ അതിൽ എന്തു മെച്ചമാണ് ഉണ്ടാവുക?

ആകാശത്തിന്റെ പകുതി വേണമെന്ന സമരം കടുപ്പിച്ചാൽ, ആകാശം നിങ്ങൾക്കായി നീളംകൂട്ടിത്തരാമല്ലോ എന്ന തരം ഏട്ടൻകളി കളിക്കുകയായിരുന്നു ഇപ്പോഴത്തെ പാർലമെൻററി ഭൂരിപക്ഷം. നീളുന്നിടത്തോളം നീളട്ടെ, നിയമം നിലവിൽ വന്നാൽ അപ്പോൾ നോക്കാമെന്ന അഴകുഴമ്പൻമാരായി തുടരുകയായിരുന്നു മുഴുവൻ രാഷ്ട്രീയ പാർട്ടികളും. ആണധികാരത്തെ മയപ്പെടുത്തുകയെങ്കിലും ചെയ്യുമെന്ന് കരുതിയ ഒരു നിയമനിർമാണം, നിലവിലുള്ള എസ്റ്റാബ്ലിഷ്മെന്റിന്റെ അധികാരത്തിന്റെ കടിച്ചുതൂങ്ങലിൽ കുരുങ്ങി ആത്മഹത്യ ചെയ്യുകയാണ്. ഇത്തവണ നിങ്ങൾക്കും അധികാരം തരാമല്ലോ, അപ്പോൾ നാടിനെ തമ്മിലടിപ്പിച്ച് കുട്ടന്റെയും മുട്ടന്റെയും ചോരകുടിച്ച് ഞങ്ങൾക്കും വിശപ്പ് മാറ്റാമല്ലോ എന്നാണ് വർഗീയ ഫാസിസ്റ്റുകൾ ആഗ്രഹിച്ചത്.
വേവുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞ രാഷ്ട്രീയത്തിന്റെ ആൺനേതൃത്വം തങ്ങൾക്ക് മുമ്പിൽ ഇല വിരിക്കുന്നത് അവരുടെ രാഷ്ട്രീയക്കൊതി തീർക്കാൻ വേണ്ടി മാത്രമാണ് എന്ന ബോധ്യം ഇന്ത്യൻ സ്ത്രീസമൂഹത്തിനുണ്ട്. അതുകൊണ്ട് സംവരണ ബില്ലിന്റെ പരാജയം ചർച്ചയാക്കി ഗോളടിക്കാനുള്ള ഉദ്ദേശലക്ഷ്യങ്ങളെ സ്ത്രീകൾ തന്നെയാണ് ശക്തമായി ചെറുത്തുതോൽപ്പിക്കുക.
ജാതീയമായും മതകീയമായും വലിയ അളവിൽ വിഘടിക്കപ്പെട്ട ഒരു ജനത, അവർ ജീവിക്കുന്ന സംസ്ഥാനങ്ങളുടെ ജോഗ്രഫിക്കൽ പൊസിഷൻ കൊണ്ട് കൂടി പോളറൈസ് ചെയ്യപ്പെടുന്നു എന്നതാണ് നാരീശക്തി വന്ദൻ നിയമഭേദഗതിയുടെ പരാജയം അനിവാര്യമാക്കിത്തീർത്തത്. ബിജെപി അജണ്ട പരാജയപ്പെടുത്തിയത് അക്ഷരാർത്ഥത്തിൽ ഭരണഘടനയാണ്. ഭരണകൂടം പാസാക്കിയെടുക്കാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതി രാജ്യവിരുദ്ധമാണെങ്കിൽ അതിനെ വിജയിപ്പിച്ചെടുക്കരുത് എന്ന ഉറപ്പുകൾ ചട്ടങ്ങളായി മാറിയതാണ് ഇന്ത്യൻ ഭരണഘടന. അതുകൊണ്ട്, സ്വന്തം ഇമ്മ്യൂണിറ്റി സംരക്ഷിക്കാനുള്ള ഭരണഘടനയുടെ തന്നെ പോരാട്ടമാണ് കഴിഞ്ഞദിവസം ഇന്ത്യൻ പാർലമെൻറ് കണ്ടത്. അവസരവാദത്തിനിടെ നൽകേണ്ട ഔദാര്യം മാത്രമാണ് സംവരണമെന്ന ചുരുക്കലിനെതിരെ, ഒളിച്ചുകടത്തൽ എന്ന അസംബന്ധ അവസരാന്വേഷണത്തിനെതിരെ, ജെൻഡർ വ്യത്യാസങ്ങളില്ലാതെ, സംസ്ഥാന വ്യത്യാസങ്ങളില്ലാതെ, രാജ്യം ഒന്നിച്ച് മാർച്ച് ചെയ്യുന്ന കാലമാണ് വരുന്നത്. ആ ജനകീയ പ്രകടനത്തിന്റെ മുന്നിൽ നിന്നു മുദ്രാവാക്യം വിളിക്കുന്നത് ഇന്ത്യാരാജ്യത്തിന്റെ ഭരണഘടന തന്നെയാണ്.
