മലയാള ന്യൂസ് ടെലിവിഷനിൽ നിന്ന് ചവിട്ടിത്താഴ്ത്തപ്പെട്ട എഡിറ്റർമാരെ തിരിച്ചുവിളിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ‘എഡിറ്ററുടെ മരണ’ത്തെ മഹത്വവത്കരിച്ച ഇടക്കാല വാദങ്ങൾക്കൊന്നും ഇനി സ്ഥാനമില്ല. ന്യൂസ് എഡിറ്ററുടെ സ്ഥാനം കയ്യേറിയ ന്യൂസ് ആങ്കർമാർ ഈ പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിക്ക് അകത്തിരുന്ന് ആണിയടിക്കുകയാണ്.
ദൈനംദിനം സ്ഥിരം നിരീക്ഷകരെ കൂട്ടിവിളിച്ച് നിരത്തിയിരുത്തി കയ്യിൽ കിട്ടുന്ന ഓരോരുത്തരെയും കീറിമുറിച്ച് ഓഡിറ്റ് ചെയ്യുന്നവരാണ്. ടെലിവിഷൻ ദൃശ്യതയുടെ പ്രിവിലേജ് കോട്ടിട്ട് മാധ്യമ ജഡ്ജിയായി ശിക്ഷ വിധിക്കുന്നവരാണ്. അവരാണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന ന്യൂസ് ചാനലുകളിലും വാർത്തകളുടെ ജഡ്ജിയായി മാറുന്നത്. തെറ്റുകൾ വരുത്തുക എന്നത് സ്വാഭാവികതയായി മാറുമ്പോൾ, ന്യൂസ് ആങ്കർമാരെ ആരാണ് ന്യൂസ് ഡെസ്കുകളുടെ നേതൃത്വമേൽപ്പിച്ചത്, ന്യൂസ് എഡിറ്റർമാരെ ആരാണ് പുറത്താക്കിയത് തുടങ്ങിയ ചോദ്യങ്ങളാണ് പൊതുസമൂഹം ഉയർത്തിക്കൊണ്ടിരിക്കുന്നത്. ദൂരദർശൻ കാലത്തെ ന്യൂസ് റൂമുകളിലെ ന്യൂസ് റീഡർ- എഡിറ്റർ അന്തരീക്ഷത്തിന്റെ വൈകല്യങ്ങള്‍ സ്വയമേവ പൊളിഞ്ഞ് പൊളിഞ്ഞാണ് ഇന്നത്തെ ന്യൂസ് റൂമിലേക്ക് പരിണമിച്ചത്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതാകട്ടെ തികഞ്ഞ അന്തസ്സാര ശൂന്യതയും.

മാധ്യമപ്രവര്‍ത്തനം എന്ന ജനാധിപത്യ രാഷ്ട്രീയ കര്‍മ്മത്തിന്റെ മര്‍മ്മം പോയിട്ട് ബാലപാഠം പോലും അറിയാത്ത പ്രസംഗകരെകൊണ്ട് മലീമസമായിരിക്കുന്നു ഇന്നത്തെ മലയാള ടെലിവിഷന്‍. കേരളത്തിലെ ടെലിവിഷന്റെ ആരംഭത്തില്‍ നമ്മള് കണ്ടതുപോലുള്ള ‘ഗ്രൗണ്ട് കണ്ട’ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രാധാന്യമുള്ള കാലം ആരും ആഗ്രഹിച്ചുപോവും. 24 കാരറ്റ് റിപ്പോര്‍ട്ടര്‍മാര്‍ പോയിട്ട് മാധ്യമ പ്രവര്‍ത്തകരേ അല്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് ഇന്ന് തല്‍സ്ഥാനം ഭരിക്കുന്നത്.
ബി ആര് പി ഭാസ്കറിനെ പോലുള്ള മാധ്യമ ഗുരുക്കന്മാര് മുന്‍കാലങ്ങളില്‍ പറഞ്ഞു കേട്ടിട്ടുളളത് പ്രൊഫഷനലിസത്തിന്റെ അഭാവത്തെക്കുറിച്ചാണ്. ഇന്നാല് ഇന്ന് അഭാവമല്ല പ്രൊഫഷനലിസമില്ലായ്മയുടെ അയ്യരുകളിയാണ് നടക്കുന്നത്. മെഡിക്കല്‍ കോഴ്സ് കഴിഞ്ഞ് ഹൗസ് സര്ജന്സിയൊക്കെ കഴിഞ്ഞാലെ ഒരാള്‍ക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ പറ്റൂ, അതുപോലെ ജേര്‍ണലിസ്റ്റിനെയും കാണാന്‍ കഴിയണം. മാധ്യമപ്രവര്‍ത്തനത്തിന് പ്രത്യേകിച്ച് ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് അത്തരം പരിശീലനങ്ങളോ യോഗ്യതാ നിബന്ധനകളോ ഇല്ലാത്തതിനാല്‍ ഇവിടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. പ്രൊഫഷനല്‍ ജേര്‍ണലിസം അയോഗ്യത പോലുമാണ് മലയാളത്തിലെ ന്യൂസ് ടെലിവിഷനില്‍- അതുകൊണ്ട് അവിടെ സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യാനാവുന്ന എഡിറ്റര്‍മാര്‍ പുറത്താക്കപ്പെടും അല്ലെങ്കില്‍ മൂലക്കിരുത്തപ്പെടും. ഗ്രൗണ്ട് റിപ്പോര്ട്ടര്മാറാകട്ടേ രണ്ടാം പൗരന്മാരുമാകും.

മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് ഇക്കാലത്ത് ബന്ധം പ്രസംഗകലയോടാണ്. രാവിലെ കുളിച്ച് കുപ്പായമിട്ട് സ്റ്റുഡിയോകളിലെത്തുന്നവര് പ്രസംഗകലയിലോ കൊച്ചുവര്ത്തമാനത്തിലോ മിടുക്കരായാല്‍ മാധ്യമപ്രവര്‍ത്തകരായി. സ്റ്റുഡിയോയിലെ പ്രസംഗത്തിന്റെ മാറ്റൊലികള്‍ തന്നെ ഗ്രൗണ്ടിലും മുഴങ്ങും. കൊമ്പന് പോയതു തന്നെ മോഴയ്ക്കും വഴി എന്ന മട്ടില്‍ ന്യൂ ബ്രീഡ് ജേര്‍ണലിസ്റ്റുകള്‍ക്കും അതാണ് വഴി. ഇന്ത്യയിലെയോ കേരളത്തിലെയോ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് അവര്‍ക്ക് ആഴത്തിലൊന്നും അദ്ധ്വാനിച്ച് പഠിക്കേണ്ടതില്ല. പലതലങ്ങളിലുള്ള നിരീക്ഷണ പാടവമോ കണ്ടെത്തലിനുള്ള ഉള്‍ക്കാഴ്ചയോ വേണ്ട. നല്ല ഭാഷ പോയിട്ട് അക്ഷരജ്ഞാനം തന്നെ ആവശ്യമില്ല. അവര്‍ക്ക് മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ മൈക്ക് മറ്റുള്ളവരുടെ തൊണ്ടയിലേക്ക് കുത്താനുള്ളതും, സ്വന്തം തൊണ്ടയിലേക്ക് തന്നെ കുത്തിക്കയറ്റി എന്തും വിളിച്ചു പറയാനുള്ളതുമാണ്.

‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ‘ സംഘടന എല്ലാ വർഷവും പുതുക്കുന്ന മാധ്യമസ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞ വർഷം 32.96 മാർക്കുമായി 180 രാജ്യങ്ങളിൽ 151-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ഇത്തവണ ഒരു മാർക്ക് കൂടി കുറച്ച് 157 -ാം റാങ്കിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയായിരുന്നു. പൊളിഞ്ഞുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ നേർസാക്ഷ്യമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടികളിലേക്ക് അകമേ നിന്ന് ആണിയടിക്കുന്ന പ്രക്രിയയാണ് നിരന്തരം വരുത്തുന്ന അബദ്ധങ്ങളിലൂടെയും അന്തസ്സാര ശൂന്യതയിലൂടെയും മലയാള ന്യൂസ് ടെലിവിഷനും പ്രമുഖ പത്രങ്ങളും നടത്തുന്നത്.
ആത്മഹത്യ ചെയ്യാൻ സ്വയം ഒരുങ്ങിക്കൊണ്ടിരിക്കുന്നവർക്കാണോ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമെന്ന് ഭരണകൂടത്തിന് എളുപ്പത്തിൽ ന്യായം വെയ്ക്കാനാണോ മാധ്യമങ്ങളുടെ ഈ ആത്മപരിഹാസ സമീപനമെന്ന് ജനങ്ങൾ സംശയിക്കണം. സുഹറയെപോലുള്ള റിപ്പോർട്ടർമാർ ‘തർക്കമന്ദിരം’ എന്നെഴുതിവച്ചാൽ ഉള്ളിലാളുന്ന ഭീതിയെ മറികടന്ന് എപ്പോഴെങ്കിലുമൊക്കെ ചുല്യാറ്റുമാർ പേന ചുഴറ്റി ‘ബാബറി പള്ളി’ എന്ന് തിരുത്തിയാലോ എന്ന് ഭരണകൂടം ശരിക്കും ഭയപ്പെടുന്നു. അതുകൊണ്ട് ന്യൂസ് ടെലിവിഷനിലെ എഡിറ്ററില്ലായ്മയുടെ സ്വാതന്ത്ര്യം ശരിക്കും ആഘോഷിക്കുന്നത് സമൂഹത്തില്‍ അധികാരമുള്ള പാര്‍ട്ടികളും നേതാക്കളുമാണ്.

അതായത് പെട്ടെന്ന് വിളിച്ചുവരുത്താവുന്ന, ദന്തഗോപുരങ്ങളുടെ തണലിൽ വസിക്കുന്ന ന്യൂസ് റൂം ശീതളിമയിൽ ഇരുത്തം പിടിച്ച ആങ്കർമാരെയാണ് കീഴ്പെടുത്താന്‍ എളുപ്പമെന്ന് ഭരണകൂടം തിരിച്ചറിയുന്നു. അവരെ പങ്കിട്ടെടുക്കാനും എളുപ്പമായിരിക്കുന്നു. തങ്ങളാവശ്യപ്പെടുമ്പോൾ തിരുത്താനും തിരുകിച്ചേർക്കാനും, അല്ലാത്തപ്പോഴെല്ലാം സ്വയം പരിഹാസ്യമാകാനുമാണ് പുതിയ കാല എഡിറ്റർമാർക്ക് മുകളിൽ നിന്ന് കിട്ടിയിട്ടുള്ള നിർദ്ദേശം. എസ് കെ എന്നാൽ ശ്രീകണ്ഠൻ നായരോ സുകുമാരക്കുറുപ്പോ തന്നെയാകാമെന്ന പരിഹാസം വരെ വെട്ടിയെടുത്ത് സ്ക്രീനിൽ നൽകി വിൽക്കാൻ തയ്യാറാകുന്ന കാലിപ്പാട്ട ജേണലിസമാണ് വിമർശന- സ്വയംവിമർശനത്തെ ക്വാളിറ്റിയുടെ അടിത്തട്ടിലേക്ക് പിടിച്ചുതാഴ്ത്തുന്നത്.

പത്രമുടമയും പത്രാധിപരും രണ്ട് തന്നെയാകണമെന്ന സ്വദേശാഭിമാനിക്കാലം മുതലുള്ള പാഠം വിസ്മരിക്കപ്പെടുന്നതാണ് മറ്റൊരു പ്രശ്നം. വിദേശത്ത് നിന്ന് മുന്തിയ പ്രസ് വിലയ്ക്ക് വാങ്ങി അഞ്ചുതെങ്ങിലേക്ക് കപ്പൽ മാർഗമെത്തിച്ച, പത്രാധിപർ രാമകൃഷ്ണപിള്ളക്ക് നിയമം പഠിക്കാനുള്ള സൗകര്യത്തിന് തിരുവനന്തപുരത്തേക്ക് അധിക ചെലവിട്ട് യന്ത്രങ്ങളെ മാറ്റിസ്ഥാപിച്ച പത്രമുടമയായിരുന്നു വക്കം മൗലവി. എഡിറ്റർ ഏറ്റെടുക്കുന്ന പൂർണ്ണസ്വാതന്ത്ര്യത്തിന് വരുമാനത്തിന്റെ തുല്യപങ്കാളിത്തം മടക്കിനൽകിയ, പത്രം കണ്ടുകെട്ടിയപ്പോഴും കൊടുങ്കാറ്റായി നിന്ന, പത്രാധിപരേക്കാളും പത്രത്തേക്കാൾ തന്നെയും അനശ്വരമായ പേരുകാരനായ പത്രമുതലാളി.
വക്കം മൗലവിയുടെ സ്വദേശാഭിമാനിയും ബാലകൃഷ്ണപിള്ളയുടെ കേസരിയും പടുത്തുയർത്തിയ മലയാള മാധ്യമലോകത്തിൽ, ഭരണകൂടത്തിന്റെ ചിഹ്നങ്ങളെയും മേദസ്സുകളെയും ഏറ്റെടുത്ത് മാസ്റ്റ് ഹെഡ്ഡാക്കിയ പത്രങ്ങളും, ഒന്നാം ലക്കം തന്നെ ഒന്നാം ഫുൾ പേജ് പരസ്യം നൽകിയ പത്രങ്ങളും അപവാദമായി ഇടംപിടിക്കുന്നുണ്ട്. സമകാലിക മലയാള മാധ്യമ മെയിൻസ്ട്രീം ചരിത്രത്തിലെ ഏത് സ്ട്രീമിനെയാണ് ഇവരൊക്കെ മാതൃകയാക്കുന്നത് എന്നത് പ്രധാനമാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ സമീര്‍ ജെയിനാണ് പത്രാധിപരേക്കാള്‍ പ്രധാനം മാര്‍ക്കറ്റിംഗ് മാനേജറാണെന്ന് ഇന്ത്യയില്‍ ആദ്യം തുറന്നുപറഞ്ഞ മാധ്യമ ഉടമ. പത്രത്തില്‍ നിന്ന് ‘എഡിറ്ററെ’ പുറത്താക്കുന്നതിനോ അരികുവത്കരിക്കുന്നതിനോ തുല്യമായി തരംതാഴ്ത്തിയത് സമീര്‍ ജെയിനാണ്. ലോകത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള പത്രങ്ങളിലൊന്നിന്റെ സര്വ്വാധിപതിയായിട്ടും ഒരിക്കല്‍പ്പോലും പത്രാധിപക്കുപ്പായമിട്ട് ആ സ്ഥാനം ഒന്ന് പരീക്ഷിച്ചുനോക്കാമെന്ന് ചിന്തിച്ചില്ലെന്നത് അദ്ദേഹത്തിന്റെ മേന്മ തന്നെ
പണമുണ്ടെങ്കില്‍ ആര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങാം. അതിനെ ഒരു ബിസ്സിനസ്സാക്കി കാശുണ്ടാക്കാം. എന്നാല്‍ മുതലാളി കോട്ടിട്ടാല്‍ പത്രാധിപരാവില്ല. അതിന് മാധ്യമ പ്രൊഫഷനലിസത്തെക്കുറിച്ചുള്ള സാമാന്യപരിചയവും മാധ്യമ മൂല്യത്തെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും ധാരണയും വേണം. പണം കൊടുത്തുവാങ്ങാനാവാത്ത ധീരത അതിനേക്കാള്‍ പ്രധാനം. മാധ്യമ ഉടമയും മാധ്യമ എഡിറ്ററും ഒരാളാകുന്നത് വലിയ പ്രശ്നമാണെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം.
കാരണം, രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പത്രം ‘ദി ഹിന്ദു’വിന്റെ ഉടമസ്ഥര്‍ തന്നെയാണ് അവിടെ പത്രാധിപന്മാരുമായിട്ടുള്ളത്. ഒരു വ്യത്യാസമുള്ളത് അവരൊക്കെ ദീര്‍ഘകാലം എഡിറ്റോറിയല്‍ ട്രെയ്നിംഗ് കഴിഞ്ഞാണ് അവിടേക്ക് വരുന്നതെന്നാണ്. മനോരമ കുടുംബത്തിലും അങ്ങനെതന്നെ. എത്ര ബിസിനസ് താല്‍പ്പര്യമുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പ്രൊഫഷനല്‍ പരിശീലനം സിദ്ധിച്ചവരാണ് മനോരമ പത്രാധിപരില്‍ എല്ലാവരും. എന്നാല്‍ ഇവിടെ മലയാള ന്യൂസ് ടെലിവിഷനില്‍ മനുഷ്യരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാനുള്ള തൊലിക്കട്ടി മാത്രം മതി യോഗ്യത.

അതുകൊണ്ടു തന്നെ അത്തരം ദൃശ്യമാധ്യമങ്ങളുടെ ഗുണമേന്മയില് ഇന്ന് പ്രേക്ഷകര്‍ക്ക് എന്തെങ്കിലും വ്യാകുലതയുണ്ടെന്നേ തോന്നുന്നില്ല. പണ്ട് പാശ്ചാത്യ പത്രലോകത്ത് ക്വാളിറ്റി ന്യൂസ് പേപ്പേര്‍സും പോപ്പുലര്‍ ന്യൂസ് പേപ്പേര്‍സും ഉണ്ടായിരുന്നു. പോപ്പുലര്‍ ന്യൂസ് പേപ്പേര്‍സ് പണത്തിലും പ്രചാരത്തിലും മുന്നില്‍ നിന്നപ്പോള്‍ ക്വാളിറ്റി ന്യൂസ് പേപ്പേര്‍സ് ജനങ്ങളിലെ സ്വാധീനത്തിലും വിശ്വാസ്യതയിലും മുന്നില്‍ നിന്നു. മലയാള ന്യൂസ് ടെലിവിഷനാകട്ടെ കരുതുന്നത് ക്വാളിറ്റി കയ്യൊഴിഞ്ഞാല്‍ മാത്രമേ റേറ്റിംഗില്‍ മുന്നിലെത്താന്‍ കഴിയൂവെന്നാണ്. ‘എഡിറ്ററുടെ മരണം’ സംഭവിക്കുന്നത് അവിടെയാണ്. പ്രേക്ഷകര്‍ സഹികെട്ട് എഡിറ്ററുടെ നീലപ്പെന്‍സില്‍ ഉളിപോലെ പിടിച്ച് മാധ്യമങ്ങളെ തിരുത്തുന്ന സ്ഥിതിയുണ്ടായതും അങ്ങനെയാണ്.
ഈയാഴ്ചത്തെ ദേശാഭിമാനി ആഴ്ചപ്പതിപ്പ് കവർ സ്റ്റോറിയായി ചർച്ചചെയ്യുന്നത് മലയാളം ടെലിവിഷൻ വാർത്തയുടെ നാലു പതിറ്റാണ്ട് നീണ്ട ചരിത്രമാണ്. ‘ആരുടെ പക്ഷം’ എന്ന തലക്കെട്ട് നൽകി പ്രസിദ്ധീകരിക്കപ്പെട്ട ലക്കം മുഖചിത്രമായി നൽകിയിട്ടുള്ളത് ഒമ്പത് മലയാളി മാധ്യമപ്രവർത്തകരെയാണ്. മലയാള ന്യൂസ് ടെലിവിഷൻ നാൽപത് വർഷം പിന്നിടുമ്പോൾ ഇടതുപക്ഷ സാംസ്കാരിക വാരിക അഭിപ്രായം തേടുന്നത് ആരോടാണ് എന്ന് പരിശോധിച്ചാൽ മതി. ഗ്രൗണ്ട് റിപ്പോർട്ടിങ് പരിചയത്തിലൂടെ പരിശീലനം സിദ്ധിച്ചവർ അതിൽ രണ്ടോ മൂന്നോ പേർ മാത്രമാകും. (തൃശൂര്പ്പൂരത്തിനോ തെരഞ്ഞെടുപ്പ് പൂരത്തിനോ ഗ്രൗണ്ടിലിറങ്ങുന്നതിനെക്കുറിച്ചല്ല പറയുന്നത്)

മാധ്യമ പ്രവര്‍ത്തകരായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പ്രിവിലേജ് നൽകിയിരുത്താറുള്ളത് എന്നും ന്യൂസ് റൂമുകളിൽ വാർത്താവായനാ പരിചയം കൊണ്ട് മാത്രം ദീർഘകാലം ഇരിപ്പുറപ്പിച്ചവരെയാണ്. അവിടെ മണ്ണിലിറങ്ങി മൈക്കുമായി കിളച്ചുമറിക്കുന്ന, വാര്‍ത്ത കെട്ടിപ്പടുക്കുന്ന അടിസ്ഥാനവര്ഗ്ഗമില്ല. ദേശാഭിമാനി വാരികയും അത് പിന്തുടരുന്നുവെന്ന് മാത്രം. ബദൽ കണ്ടെത്താൻ അന്വേഷണം തുടരുന്നവരും, ആരിൽ നിന്നൊക്കെയാണ് ബദൽ കണ്ടെത്താൻ പരിശ്രമിക്കുന്നത് എന്നതുകൂടി പ്രധാനമാണ്. ഒപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് മലയാള ടെലിവിഷനില്‍ ഒരു ബദല്‍ ദൃശ്യസംസ്കാരം സൃഷ്ടിച്ച കൈരളിയുടെ ഇന്നത്തെ അവസ്ഥ!

തുടങ്ങിയേടത്തേക്ക് തന്നെ എത്തട്ടെ- നിരന്തരമായ അബദ്ധങ്ങൾ മലയാള ന്യൂസ് ടെലിവിഷനില്‍ നിന്ന് ചവിട്ടി താഴ്ത്തപ്പെട്ട എഡിറ്റര്‍മാരെ തിരിച്ചുവിളിക്കുന്നുണ്ട്. അവര്‍ തിരിച്ചു വന്നാലും ഇല്ലെങ്കിലും പ്രേക്ഷകര്‍ ആ സ്ഥാനം ഏറ്റെടുക്കുന്നുണ്ട്. സുകുമാരക്കുറുപ്പ് വാർത്ത കത്തുമ്പോൾ, അതേ വാർത്തയിലേക്ക് റേറ്റിംഗ് പോയിന്റ് ഇടിഞ്ഞുവീണപ്പോൾ, ശരിയായ എഡിറ്റിംഗ് നടത്തിയത് പ്രേക്ഷകർ തന്നെയാണ്. മാധ്യമങ്ങളെ പരിഹസിച്ച് നേർവഴിക്ക് നടത്താൻ, നിർമിച്ചെടുക്കുന്ന സമ്മതിക്ക് തടസ്സം നിൽക്കാൻ, കാഴ്ചക്കാരായി ഒടുങ്ങാതെ നവീകരണം കൊണ്ട് നേരിടാൻ തീരുമാനിച്ച അക്കൂട്ടരാണ് മലയാള ന്യൂസ് ടെലിവിഷന്റെ ഏറ്റവും വലിയ തിരുത്തല്‍ ശക്തി.
ലിബറൽ ജനാധിപത്യത്തെ ബാക്കിയാക്കാൻ വേണ്ടി, സ്വയം തുരുമ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമായുധത്തെ രാകിമിനുക്കിക്കൊണ്ടിരിക്കുകയാണവർ. കോട്ട് ചുളിയാതിരിക്കാൻ അകം പൊളിഞ്ഞുകൊണ്ടിരിക്കുന്നവരെ ഓഡിറ്റ് ചെയ്തുകൊണ്ട് ജനസഞ്ചയം തെരുവുകളിൽ നിന്ന് പുറപ്പെടും. എസ്റ്റാബ്ലിഷ്മെന്റുകളെ കാക്കുന്ന അച്ചുകൂടങ്ങൾ ജനകീയ തിരുത്തിൻ്റെ കാലത്ത് മണ്ണടിയും, പ്രതീക്ഷകളായി പുനർനിർമ്മിക്കപ്പെടും. മാധ്യമ മുതലാളിത്തത്തിലെ ഭരണകൂട ശിങ്കിടികളെ സ്വദേശാഭിമാനിയും കേസരിയും പിടിച്ചുവാങ്ങിത്തന്ന ചരിത്രത്തിന്റെ പ്രതിരോധ ശക്തി കൊണ്ട് ജനത ഊതിയാറ്റും. മാധ്യമങ്ങൾക്ക് നാവുകളും മനുഷ്യർക്ക് കവചങ്ങളും തിരികെ ലഭിക്കും. സമൂഹത്തിലെ ചവിട്ടിയരയ്ക്കപ്പെടുന്ന, വലിച്ചെറിയപ്പെടുന്ന വലിയൊരു നിര മനുഷ്യരെ ആര് പ്രതിനിധാനം ചെയ്യും എന്ന ചോദ്യത്തിന് അപ്പോള്‍ ഉത്തരം കിട്ടും.
