പാട്ടിലൂടെ സ്വന്തം ഗ്രാമത്തെ തൊട്ട് മടങ്ങിവരുന്ന കൈതപ്രം ഗാനങ്ങളില്ലാതെ മലയാളിക്ക് ഒരു ഗൃഹാതുരതയുമില്ല. ഏത് നാട്ടിലെ മലയാളിയെയും സ്വന്തം നാട്ടിലെത്തിക്കുന്ന പാട്ടുകളാണത്. പാട്ടിന്റെ ആ പാണപ്പുഴ വടക്കന്‍ കേരളത്തില്‍ നിന്ന് ഉദ്ഭവിച്ച്
ഏത് നാട്ടിലൂടെയും ഒഴുകുന്നു. മലയാളിയുടെ നാലുപതിറ്റാണ്ടുകളെ പാട്ടിലാക്കിയ കൈതപ്രത്തിന്റെ സിനിമാഗാന ജീവിതത്തിലൂടെ ഒരു സഞ്ചാരം.
മലയാള സിനിമയില്‍ കൈതപ്രത്തിന് 40 വയസ്സ്. 1986 ഏപ്രില്‍ 10-നാണ് വടക്കന്‍ കേരളത്തിലെ കൈതപ്രം എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും കണ്ണാടിമന കേശവന് ഭാഗവതരുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മകന് ദാമോദരന്‍ മലയാള സിനിമയിലെത്തിയത്. അന്ന് വയസ്സ് 36. ഇന്ന് 76. ആദ്യസിനിമ ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’. ആദ്യഗാനം-ദേവദുന്തുഭീ സാന്ദ്രലയം. ആദ്യ സംഗീത സംവിധായകന്- ജെറി അമല്‍ദേവ്.
അവിടുന്നിങ്ങോട്ട് നാലുപതിറ്റാണ്ടായി അനര്‍ഗ്ഗളം ഒഴുകിയ സംഗീതകാലങ്ങളില് ആസ്വാദകര്‍ അയവിറക്കുന്ന വരികള്‍
എത്രയെത്ര?
ലളിതഗാനങ്ങളിലൂടെയും നാടകഗാനങ്ങളിലൂടെയുമാണ് കൈതപ്രം ആദ്യം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. തിരുവനന്തപുരത്ത് ശാന്തിപ്പണിക്കാരനായി ജോലി തുടങ്ങിയ കാലത്ത് നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തില് നടനായും ഗാനരചയിതവുമായി അവസരം ലഭിച്ചതാണ് സിനിമയിലേക്കുള്ള വഴി തെളിയിച്ചു തന്നത്.
1989ല്‍ ‘വരവേല്‍പ്പ്’ എന്ന സിനിമ വന്‍ഹിറ്റായതോടെ മലയാള സിനിമയിലേക്ക് ലഭിച്ചത് ഒരു വന്‍വരവേല്‍പ്പ് തന്നെയായിരുന്നു. ജോണ്സണ്- കൈതപ്രം എന്ന പുതിയൊരു കൂട്ടുകെട്ടും പിറന്നു.
35 സിനിമകൾക്കായി ഈ ജോഡി ഗാനങ്ങൾ സൃഷ്ടിച്ചു. രവീന്ദ്രൻ ,
മോഹൻ സിത്താര, ഔസേപ്പച്ചൻ , എസ് പി വെങ്കിടേഷ് , വിദ്യാസാഗർ , ജാസി ഗിഫ്റ്റ് തുടങ്ങിയ സംഗീത സംവിധായകരുടെയെല്ലാം വിരലുകളിലൂടെ ആ വരികള്‍ നാദശലഭങ്ങളായി പറന്നു..
ചെമ്പൈ വൈദ്യനാഥയ്യരുടെ ശിഷ്യനായിരുന്നു കൈതപ്രത്തിന്റെ അച്ഛന് കണ്ണാടി ഭാഗവതര്‍. സംഗീതം അതുകൊണ്ടുതന്നെ കൈതപ്രത്തിന്റെ രക്തത്തിലുണ്ടായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെയും ഭരതത്തിലെയുമെല്ലാം സെമി ക്ലാസിക്ക് രചനകള്‍ ആ സംഗീത വൈഭവത്തിന്റെ കൂടി മുഴക്കമാണ്.
1997ല്‍ ദേശാടനം എന്ന സിനിമയിലൂടെ സംഗീത
സംവിധായകനുമായി. 1993ല്‍ സോപാനം എന്ന സിനിമയിലൂടെ സംവിധായകനുമായി. ഒരു ഡസനോളം സിനിമകളില്‍ നടനുമായി.
ഏറ്റവും ഒടുവില്‍ നരിവേട്ടയിലെ ‘മിന്നല്‍വള കൈയ്യിലിട്ട പെണ്ണഴകേ’ എന്ന ഗാനത്തിലൂടെ ഏറ്റവും പുതിയ തലമുറയെ കൂടി കൈയ്യിലെടുത്തു.
‘കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ..’
-ഇങ്ങനെ ലളിതമായ വരികളാണ് കൈതപ്രത്തെ കാലങ്ങളോളം
മലയാളിക്ക് പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാക്കുന്നത്. “കരിനീലക്കണ്ണഴകീ, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “നീയൊരു പുഴയായ്”, “എനിക്കൊരു പെണ്ണുണ്ട് ” “കല്ലായികടവത്ത്”, “സ്വന്തം സ്വന്തം ബാല്യത്തിലൂടെ”, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “വണ്ണാത്തി പുഴയുടെ തീരത്ത്”, “ഇനിയൊരു ജന്മനമുണ്ടെങ്കില്” തുടങ്ങിയ ഗാനങ്ങളെല്ലാം ആ നിരയിലുള്ളതുതന്നെ. ലജ്ജാവതിയേ, കരളേ കരളിന്റെ കരളേ, കറുപ്പിനഴക്, ഇഷ്ടമല്ലെടാ തുടങ്ങിയ ഗാനങ്ങളും തലമുറകളുടെ ഹരമായത് സംഗീതത്തിനൊപ്പം അതിന്റെ ലളിതസുഭഗ വരികളിലൂടെയുമാണ്. ‘അമര’ത്തിലെ പാട്ട് ‘വികാര നൗകയില്‍’ കടലിന്റെ ആഴവും പരപ്പുമുള്ള ഒരു അമരഗാനം തന്നെയാണ്.
വടക്കന്‍ കേരളത്തിന്റെ പ്രകൃതിയും സൗന്ദര്യവുമാണ് കൈതപ്രം ഗാനങ്ങളുടെയെല്ലാം പ്രാണന്. ബാല്യത്തിലെ പുഴയും അമ്പലവും കാവും തെയ്യവും കളിയാട്ടവും പൂരവും പൂക്കളുമെല്ലാം നിറഞ്ഞുനില്ക്കുന്ന സവിശേഷമായൊരു വടക്കന്‍ കേരളീയത കൈതപ്രം വരികളിലെല്ലാം നിറഞ്ഞു നില്ക്കുന്നു.
പാട്ടിലൂടെ സ്വന്തം ഗ്രാമത്തെ തൊട്ട് മടങ്ങിവരുന്ന കൈതപ്രം ഗാനങ്ങളില്ലാതെ മലയാളിക്ക് ഒരു ഗൃഹാതുരതയുമില്ല. ഏത് നാട്ടിലെ മലയാളിയെയും സ്വന്തം നാട്ടിലെത്തിക്കുന്ന പാട്ടുകളാണത്. പാട്ടിന്റെ ആ പാണപ്പുഴ ഏത് നാട്ടിലൂടെയും ഒഴുകുന്നു. മലയാളിയുടെ നാലുപതിറ്റാണ്ടുകളെ പാട്ടിലാക്കിയ കൈതപ്രത്തിന്റെ ഗാനജീവിതത്തിലൂടെ ദി സ്റ്റോറി എഡിറ്റര്‍ ബിജു മുത്തത്തി നടത്തുന്ന സഞ്ചാരം ഇരുവരും കടന്നുവന്ന വടക്കന്‍ കേരളത്തിലേക്ക് കൂടിയുള്ള ഒരു ഹൃദ്യമായൊരു ഗ്രാമസഞ്ചാരമാണ്.
ആ രണ്ട് വീഡിയോകളും കണ്ടു നോക്കൂ. അതിന്റെ ലിങ്കുകളാണ് ചുവടെ:
