പി ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ വായിച്ചു തീരുമ്പോള്‍ ഫാസിസത്തിനെതിരായ സമരമുഖത്ത് ഒരു കമ്മ്യൂണിസ്റ്റ് പോരാളി എങ്ങനെയാണ് ജനങ്ങളുടെ ആവനാഴികളിൽ ആശയങ്ങളുടെ അമ്പുകളും, കൈകളിൽ പ്രയോഗത്തിനായുള്ള വില്ലുകളും കരുപ്പിടിപ്പിക്കുന്നതെന്ന് വ്യക്തമാവും.
മതത്തിന്റെ പേരിൽ അസമത്വവും അനീതിയും വളർത്തുന്നതാണ് സനാതനധർമ്മം. നവോത്ഥാന മഹാരഥന്മാർ ചരിത്രത്തിൽ ഏറ്റെടുത്ത ചുമതല അവയെ ഉടച്ചുവാർക്കുക എന്നതാണ്. എന്നാൽ ഇന്ന് സനാതനധർമ്മം ജനാധിപത്യത്തിനും മുകളിൽ സ്ഥാപിക്കേണ്ട ധർമ്മാധിപത്യമാണെന്നുവരെ വ്യാഖ്യാനിച്ചുകെട്ടുകയാണ് സംഘപരിവാരം. സനാതന ധർമ്മം മുന്നോട്ടുവയ്ക്കുന്നത് ജാതിവ്യവസ്ഥ മാത്രമാണെന്നും, ജാതിചിന്തയെ ബലപ്പെടുത്തി ഫാസിസത്തെ അടിച്ചുറപ്പിക്കുകയാണ് ഹിന്ദുത്വ ശക്തികളുടെ പ്രധാന ലക്ഷ്യമെന്നും അടിവരയിടുകയണ് ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ (ചിന്ത പബ്ലിഷേഴ്സ്) എന്ന പുസ്തകത്തിലൂടെ പി ജയരാജൻ.
ഹിന്ദുത്വ ശക്തികൾ കേരളത്തിൽ വർഗീയതയുടെ വേരുകൾ ആഴത്തിൽ പടർത്താൻ ശ്രമിക്കുന്ന കാലത്ത് അനിവാര്യമായ പ്രതിരോധമാണ് ഈ പുസ്തക വായന പകരുക. മനുഷ്യരെ ജാതികളുടെ കള്ളികളിൽ കുടുക്കിയിടുന്ന സനാതനധർമ്മം മനുഷ്യവിരുദ്ധതയുടെ അങ്ങേയറ്റമാണെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ പുസ്തകം. അതിനെതിരായ സമരം നടത്തേണ്ടത് വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ടാണെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതിനുള്ള ശക്തമായ സൈദ്ധാന്തിക സാധ്യതയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ തേടുന്നത്.


ആർഎസ്എസിനെതിരെ സ്വശരീരം കൊണ്ട് പൊരുതിയ പോരാളിയാണ് പി ജയരാജൻ. ആര്‍എസ്എസ് അക്രമികള്‍ വെട്ടിയരിഞ്ഞിട്ട് മരിച്ചെന്ന് കരുതി പോയയിടത്തു നിന്നാണ് അസാധാരണമായ ഇച്ഛാശക്തികൊണ്ട് ജയരാജന് ഉയര്ത്തെഴുന്നേറ്റുവന്നത്. കേരളത്തില്‍ ഇന്നുള്ള ഒരു കമ്യൂണിസ്റ്റ് നേതാവും അതുപോലെ സംഘപരിവാര്‍ ഫാസിസത്തിനെതിരെ സ്വജീവിതം കൊണ്ട് പ്രതീകമായിട്ടില്ല. അതുകൊണ്ടു തന്നെ പി ജയരാജന്റെ ഈ പുസ്തകത്തിന് ഇക്കാലത്ത് ഇരട്ടിമുഴക്കമുണ്ട്.
ഫാസിസത്തിന്റെ പ്രധാന യുദ്ധോപകരണം ഭയമാണ്. മറ്റൊന്ന് നുഴഞ്ഞുകയറ്റമാണ്. നവോത്ഥാന നായകരെ പിടിച്ചുപറിച്ചുകൊണ്ട്, ചരിത്രത്തിലേക്ക് നുഴഞ്ഞുകയറിക്കൊണ്ട് കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളെ ബ്രാഹ്മണികവത്കരിക്കാനും അതിലൂടെ സമഗ്രാധിപത്യം സ്വായത്തമാക്കാനുമുള്ള, പരിവാർ പരിശ്രമങ്ങളെ തകർക്കാനുള്ള ഏറ്റവും കരുത്തുള്ള യുദ്ധോപകരണമാകും ഈ പുസ്തകം.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശനം ചെയ്ത പുസ്തകത്തിൻറെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ്. പി ജയരാജൻ ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാ വർഗീയ ശക്തികളോടും പോരാടിയ വ്യക്തിത്വമാണെന്ന് പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയുണ്ടായി.

മതവർഗീയതയുടെ ഓരോ ആയുധത്തെയും ദീർഘകാലത്തെ സൈദ്ധാന്തിക അപഗ്രഥനം കൊണ്ടു കൂടിയാണ് പി ജയരാജൻ ഗളച്ഛേദം ചെയ്യുന്നത്. 2008-ൽ പുറത്തിറങ്ങിയ ‘സംഘർഷങ്ങളുടെ രാഷ്ട്രീയം: ഫാസിസത്തിന്റെ ആസുരവഴികൾ’ വിശദമാക്കിയത് ആ സമഗ്രാധിപത്യത്തിന്റെ വെല്ലുവിളികളെയാണ്. 2017-ൽ ‘ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും’ എന്നപേരിൽ പി ജയരാജൻ എഡിറ്ററായി പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുസ്തകം ജാതി-മതശരീരങ്ങളായി മനുഷ്യരെ കാണുന്നതിന്റെ പരമാർത്ഥാന്വേഷണമായി മാറി. പിന്നീട് ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പേരിൽ 2024-ൽ പുറത്തിറങ്ങിയ പുസ്തകം മലബാർ സമരം മുതൽ കേരളത്തിലെ മുസ്ലിം ജീവിതം കടന്നുപോയ വഴികളും വർത്തമാനകാലത്ത് ബലപ്പെടുന്ന സ്വത്വരാഷ്ട്രീയ നിർമ്മിതികളും വിശകലനം ചെയ്യുകയാണ്. ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ ചർച്ചയാക്കുന്നത് ഹിന്ദുത്വ വർഗീയത തലകുത്തനെ നിർത്താൻ ശ്രമിക്കുന്ന സാംസ്കാരിക വഴികളെയാണ്.

സനാതനമായ ആശയങ്ങളെ തിരുത്തിയെടുക്കാനാണ് നവോത്ഥാന നായകർ കേരളത്തിൽ പോരാടിക്കൊണ്ടിരുന്നത്. എന്നാൽ, അതിനെതിരായിട്ടാണ് വർഗീയ വലതുപക്ഷം എന്നെന്നും നിലകൊണ്ടിട്ടുള്ളത്. നവോത്ഥാനം കൊണ്ട് ഏറെക്കുറെ ഇല്ലാതാക്കപ്പെട്ടതാണ് ജാതിഭേദവും മതദ്വേഷവും. കേരളീയ മനഃസാക്ഷിയിലേക്ക് അവയെ തിരികെയെത്തിക്കാന്‍ വേണ്ടി നവോത്ഥാനത്തിന്റെ പോർമുഖങ്ങളെ മനുഷ്യ മസ്തിഷ്കത്തിൽ തലകീഴായി കെട്ടിത്തൂക്കുകയാണ് അവർ. ഈ പുസ്തകത്തിലെ 14 അധ്യായങ്ങളിലൂടെ, കേരളീയ നവോത്ഥാനത്തിന്റെ സനാതനികളുമായുള്ള ബലപ്രയോഗ പരിസരമാണ് പി ജയരാജൻ വിസ്തരിക്കുന്നത്
സാധാരണ നിലയിൽ കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകർ സമീപിക്കാത്ത വഴികളും പരിശോധിക്കാത്ത അവലംബങ്ങളും കൂടി പരിശോധിച്ചാണ് പി ജയരാജന്റെ ചരിത്ര വിചാരണ. അംബേദ്കറും ആനന്ദ് തെൽതുന്ദെയും, ഡൽഹി പോലീസ് റെക്കോർഡ്സും മാതൃഭൂമി പത്രവും, കെ പി അപ്പനും പി കെ ബാലകൃഷ്ണനുമെല്ലാം പുസ്തകത്തിലെ റഫറൻസുകളാകുമ്പോൾ സാമ്പ്രദായിക ഇടതുപക്ഷത്തിന് അതൊരു വ്യത്യസ്ത മാതൃകയാണ്. അവലോകനത്തിന്റെ അടിസ്ഥാനം മാർക്സിസത്തിൽ ഉറപ്പിച്ചു നിര്‍ത്തി എഴുത്തുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലുമുള്ള പുസ്തകങ്ങൾ അരിച്ചുപെറുക്കുമ്പോൾ ജാതി ബ്രാഹ്മണ്യത്തിന്റെ അമ്പലനടകളെല്ലാം തള്ളിത്തുറക്കപ്പെടുകയാണ്.

അസമത്വത്തിൽ നിന്ന് മനുഷ്യ മുന്നേറ്റത്തിലേക്ക്, ജനാധിപത്യത്തിലേക്ക് വളർന്നുവന്നവരെ, തിരികെ പ്രാകൃതകാലത്തിന്റെ തൊഴുത്തിൽ കെട്ടാനാണ് സനാതനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് അവരുടെ ആയുധങ്ങളുടെ വിചാരണയാണ് ഗ്രന്ഥകാരൻ മറ്റൊരു ഉദ്യമമായി ഏറ്റെടുത്തിരിക്കുന്നത്. അതിനായി സംഘപരിവാരത്തിന്റെ വിചാരധാര മുതൽ അവരുടെ ഇന്നിന്റെ ജിഹ്വകളെ വരെ സാക്ഷ്യപ്പെടുത്തുന്നതും പുസ്തകത്തിൻറെ പ്രത്യേകതയാണ്.
തലശ്ശേരിയിൽ ശ്രീനാരായണഗുരു ശിലയിട്ട ജഗന്നാഥ ക്ഷേത്രപരിസരത്ത് വെച്ച് നേരിട്ട സ്വാനുഭവം വിവരിച്ചുകൊണ്ടാണ് പി ജയരാജൻ പുസ്തകം തുടങ്ങുന്നത്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് അരുളിചെയ്ത ഗുരുപ്രതിമ അകത്തും മുഹമ്മദീയർക്ക് പ്രവേശനമില്ല എന്ന ബോർഡ് പുറത്തും സ്ഥാപിച്ച കാലമായിരുന്നു അത്. പുറത്ത് ക്ഷേത്രവഴിയിൽ പരിശോധന നടത്തുന്ന ആർഎസ്എസ് സംഘം വിദ്യാർത്ഥിയായ ജയരാജനെയും ചോദ്യം ചെയ്തതായി അദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തിൽ ഓർക്കുന്നു.
ജഗന്നാഥ ക്ഷേത്രത്തിലെ മുഹമ്മദീയർക്ക് പ്രവേശനമില്ല എന്ന ബോർഡ് എടുത്തുമാറ്റുന്നതിന് വേണ്ടി പിന്നീട് നിരാഹാര സമരം നടത്തിയതും ബോർഡ് എടുത്തു മാറ്റിയതും നാരായണഗുരുവിന്റെ ശിഷ്യനായ സ്വാമി ആനന്ദതീർത്ഥനായിരുന്നു.

പി ജയരാജന് കുട്ടികളോടൊത്തുള്ള പഴയ ഫോട്ടോ
പുസ്തകത്തിൽ ദീർഘസമയം ലേഖകൻ നടത്തുന്നത് ശ്രീനാരായണ ഗുരുവിൻറെ ദർശനങ്ങളുടെ പുനർവായനയാണ്. ഗുരുവിനെ എത്ര ആത്മാർത്ഥമായിട്ടായാലും കാല്പനികമായി ആവർത്തിച്ചത് കൊണ്ടോ ദേവപദവി നൽകി ആരാധിച്ചത് കൊണ്ടോ പ്രയോജനമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ജയരാജൻ, ഭൂതകാലത്തിന്റെ ലഹരിയിൽ മയങ്ങിയത് കൊണ്ട് ഒരു നവോത്ഥാനവും സംഭവിക്കില്ലെന്ന മാർക്സ് വചനത്തെ അതിനോട് ചേർത്ത് കെട്ടുന്നു.
ഗുരുവിനെ മറികടന്ന് തങ്ങളുടെ ആശയപദ്ധതികൾ പ്രയോഗിക്കാന്‍ ഗുരുവിനെത്തന്നെ വിഴുങ്ങാനാണ് സംഘപരിവാരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി ഗുരുദർശനങ്ങളെ വളച്ചൊടിച്ച്, ഗുരുദർശനത്തിന്റെ സ്ഥാപനങ്ങളെ വിരട്ടി നിലയ്ക്കുനിർത്തി, ക്രമേണ ‘ഗുരുവിനെ ഉപപ്രതിഷ്ഠയുടെ പദവിയിലേക്ക് ഒതുക്കിനിർത്താനുമുള്ള പരിശ്രമമാണ് ഹിന്ദുത്വയുടെ ഗ്രാൻഡ് ഡിസൈൻ’ എന്ന് കേരളകൗമുദി പത്രാധിപർ എംഎസ് മണിയുടെ വിശേഷണം കടമെടുത്ത് പി ജയരാജൻ സ്ഥാപിക്കുന്നത്.
നാരായണ ഗുരുവിനൊപ്പം അയ്യങ്കാളിയും വാഗ്ഭടാനന്ദനും ചട്ടമ്പിസ്വാമികളും പുസ്തകത്തിൽ സനാതനത്വത്തിനെതിരായ പോരാട്ടത്തിൽ തലയുയർത്തിപ്പിടിച്ച് നവോത്ഥാനത്തിന്റെ പട നയിക്കുന്നു.

താനൊരു സനാതന ഹിന്ദുവാണ് എന്നുകൂടി പ്രഖ്യാപിച്ച്, ജാതി അടിമത്തത്തിനും മതവെറിക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കുകയും, എല്ലാ മതങ്ങളിലേയും മോക്ഷമാർഗ്ഗങ്ങൾ അന്വേഷിക്കുകയും ഒന്നിപ്പിക്കുകയും ചെയ്ത മഹാത്മാവാണ് ഗാന്ധി. വിവേചനം അനുഭവിക്കുന്ന മനുഷ്യരുമായി ലോകം മുഴുവൻ ഐക്യപ്പെടാനുള്ള സന്ദേശമാണ് അദ്ദേഹം നമുക്ക് നൽകിയത്. അക്ഷരാർത്ഥത്തിൽ ഗാന്ധിജീവിതം തന്നെ സംഘപരിവാരത്തിന്റെ കാഴ്ചപ്പാടിനോട് എത്രത്തോളം വൈരുദ്ധ്യം പുലർത്തുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും. തൊടീൽ, തീണ്ടൽ, കാതങ്ങൾക്ക് അപ്പുറം കണ്ടാൽ പോലും കുളിക്കണമെന്ന ആചാരം- ഇതെല്ലാം ഹിന്ദുമതത്തിൽ ഉള്ളതാണെങ്കിൽ താന്‍ അപ്പോൾ തന്നെ ഹിന്ദുമതത്തെ പരിത്യജിക്കുന്നതാണെന്നാണ് ഗാന്ധി പ്രഖ്യാപിച്ചത് .
ബ്രിട്ടീഷുകാരെയും യാഥാസ്ഥിതികരെയും സമരം ചെയ്തുതോൽപ്പിക്കുന്ന ഗാന്ധിയെ, നിരന്തരം തോൽപ്പിക്കാനാണ് സനാതനികൾ പരിശ്രമിച്ചത് . പുസ്തകത്തിൽ പി ജയരാജൻ, കേരളത്തിലെ ഗാന്ധിസന്ദർശനങ്ങളിലെ സംഭവങ്ങളെ ആഴത്തിൽ അന്വേഷിച്ച്, മാതൃഭൂമി പത്രത്തിൽ നിന്ന് അവലംബം തീർത്ത് അത് വ്യക്തമാക്കുന്നുണ്ട്.

ജാതിക്കെതിരായ പോരാട്ടത്തെ വർഗ്ഗസമരം എന്ന് വിശേഷിപ്പിച്ച അംബേദ്കറും കൂടി കടന്നുവരുന്നതോടെ സാമൂഹ്യ വിമോചനത്തിന്റെ വഴിയടിത്തറ പൂർത്തിയാവുകയാണ്, പുസ്തകത്തില്‍. സനാതനധർമ്മവ്യവസ്ഥ തൊട്ടുകൂടായ്മയെയും ലിംഗാസമത്വങ്ങളെയും എങ്ങനെ നിലനിർത്തുന്നു എന്ന് പ്രത്യശാസ്ത്രപരമായി ചൂണ്ടിക്കാട്ടിയത് അംബേദ്കറാണ്. അടിമത്തം ഒരു കോളനികാല ഇറക്കുമതിയാണെന്ന സംഘപരിവാർ വാദത്തെ തകർത്തുകളയുന്നതാണ് അംബേദ്കറുടെ പഠന വിശകലനങ്ങൾ.
ആധുനികതയിലേക്ക് പറിച്ചുനട്ട് ജാതിയുടെയും പാരമ്പര്യത്തിന്റെയും ബന്ധനങ്ങളിൽ നിന്ന് മോചിതമാകാനാണ് ഇന്ത്യൻ ഗ്രാമങ്ങളോട് അംബേദ്കർ ആഹ്വാനം ചെയ്തത്. അതിനോട് ഏറ്റവും ആവേശത്തോടെ ഐക്യപ്പെടുകയാണ് ഗ്രന്ഥകാരനായ പി ജയരാജൻ. വിദ്യാസമ്പന്നരായ ദളിത് മധ്യവർഗത്തിന് മാർക്സിസത്തോടുള്ള വിരോധം പ്രഹസനപരമായ തലത്തിൽ എത്തിയിരിക്കുന്നു എന്ന് വിലയിരുത്തിയ ആനന്ദ് തെൽതുന്ദെയെയും ഉറവിടമാക്കാൻ ഗ്രന്ഥകാരൻ മറക്കുന്നില്ല.

രാഷ്ട്രീയ ഇസ്ലാമിനെയും സനാതന ഹിന്ദുത്വത്തെയും ഒരുപോലെ തുറന്നുകാട്ടണമെന്ന് അക്ഷരം കൊണ്ടും സമരം കൊണ്ടും വ്യക്തമാക്കിയ ജനനേതാവാണ് പി ജയരാജന്. അദ്ദേഹം ഇത്തവണ, ഓരോരുത്തരുടെയും ഉള്ളിലിരിക്കുന്ന മതമൂല്യങ്ങളുടെ സനാതന ധാരണകളെത്തന്നെ ചോദ്യം ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. വിമർശന, സ്വയംവിമർശനത്തിന്റെ ചർച്ചകൾക്കിടയിൽ ഇടതുപക്ഷ പ്രവർത്തകർ ജയരാജന്റെ ആഹ്വാനവും ഏറ്റെടുക്കും എന്ന കാര്യം ഉറപ്പാണ്.
സംഘപരിവാരത്തിനെതിരായ ശക്തമായ മനുഷ്യപ്രതീകമായി രൂപപ്പെടേണ്ട ജനനേതാവാണ് പി ജയരാജൻ. 99ലെ തിരുവോണ ദിവസമാണ് പി ജയരാജനെ അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സംഘപരിവാര്‍ അക്രമികള്‍ വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടിയത്. വലതുകയ്യിന്റെ കൈപ്പത്തി അരിഞ്ഞിട്ടത് ചാക്കില്‍ പൊതിഞ്ഞുകെട്ടി ആശുപത്രിയിലെത്തിച്ച് തുന്നിക്കെട്ടുകയായിരുന്നു. ആ കൈകൊണ്ട് പേനയുന്തിയാണ് സനാതനികള്‍ക്കെതിരെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ മറ്റൊരു സമരമുഖം തുറക്കുന്നത്.
വർഗീയതയുടെ പോരാട്ടം കേവലമായ ബൂർഷ്വാ ജനാധിപത്യ പോരാട്ടമായി ചുരുക്കിക്കണ്ടില്ല പി ജയരാജൻ. ആർഎസ്എസിന്റെ ആക്രമണത്തിന് ശേഷം സുധീഷ് മിന്നിയും ഒ കെ വാസുവും വർഗീയ വലതുപക്ഷത്തിന്റെ ചേരികളിൽ നിന്ന് പരിപൂർണ്ണമായും ഇടഞ്ഞ് മതനിരപേക്ഷതയുടെ മുന്നണിപ്പടയാളികളായി മാറിയത് മുഖ്യമായും ജയരാജന്റെ ഇടപെടലിന്റെ കൂടി ഫലമായാണ്. ഗുജറാത്ത് വംശഹത്യയുടെ ഒരു വ്യാഴവട്ടത്തിനുശേഷം, വേട്ടക്കാരുടെയും ഇരകളുടെയും പ്രതീകങ്ങൾ, അശോക് മോച്ചിയും കുത്തബുദ്ദീൻ അൻസാരിയും, പി ജയരാജന്റെ നേതൃത്വത്തിൽ ഭക്ഷണം പങ്കിട്ടത് ഇന്നും ഓര്‍ക്കുന്ന സാഹോദര്യത്തിന്റെ അമരചിഹ്നങ്ങളാണ്.

ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പാർട്ടിയോളം വലിപ്പമുള്ള മനുഷ്യർ രക്തസാക്ഷികൾ മാത്രമാണ്. വർഗീയ വലതുപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയാണ് പി ജയരാജൻ. ജീവിക്കുന്ന രക്തസാക്ഷികളും പ്രസ്ഥാനത്തിനു വേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ പര്യായമാണ്. രക്തസാക്ഷികളുടെ ജനപ്രീതിയിൽ മറ്റുള്ളവര്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.
ഒരു പതിറ്റാണ്ട് മുമ്പ് ഏതൊ ഒരു വിൽക്കലാമേളയിൽ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയരാജനെ പുകഴ്ത്തി പാടിയ പാട്ടുകളുടെ പേരില്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ ശാസനയുണ്ടായിരുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. പാര്‍ട്ടി വ്യക്തിപൂജയുടെ അയ്യരുകളിയിലേക്ക് കടന്ന പില്ക്കാലത്തിരുന്ന് അതോര്‍ക്കുമ്പോള്‍ ചിരി വരും. തീര്‍ച്ചയായും വ്യക്തിപൂജാരാധനയുടെ മുട്ടുശാന്തിക്കാരനായിട്ടല്ല, മതനിരപേക്ഷതയുടെ സമരബിംബമായാണ് പി ജയരാജനെ അടയാളപ്പെടുത്തേണ്ടത്. തിരുവാതിരപ്പാട്ട് മുതൽ തെരഞ്ഞെടുപ്പ് ഫ്ലക്സ് വരെ ഇവിടെ വിതച്ച കെടുതികള്‍ ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

രാജ്യത്ത് സംഘപരിവാരത്തിനെതിരായ പോരാട്ടത്തിൽ ഏറ്റവും ഉയരത്തിൽ ഉയർത്തിപ്പിടിക്കേണ്ട ഈ ജീവിക്കുന്ന രക്തസാക്ഷിയെ കേരളത്തിലെ പാർട്ടി നേതൃത്വം അങ്ങനെ മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ളത് പാർട്ടിയുടെ അടിപ്പടവുകളിൽ നിന്ന് ഇപ്പോഴും ഉയരുന്ന ചോദ്യമാണ്. ദീർഘകാലമായി പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കിയിടുന്നതും പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റുകളില്‍ മത്സരിപ്പിച്ച് തോൽപ്പിക്കുന്നതും ജനപ്രീതിയുള്ള നേതാക്കളോട് ചെയ്യുന്ന സ്ഥിരം പണിയായി ഇപ്പോള്‍ തിരിച്ചറിയപ്പെട്ടു കഴിഞ്ഞെങ്കിലും അതിന്റെ ആദ്യ ഇര പി ജയരാജനാണ്. ദീര്ഘവിചാരമില്ലായ്മയും അഹന്തയും യജമാനബോധവും കുടുംബാധിപത്യവും സ്വാര്‍ത്ഥമോഹങ്ങളും കൊണ്ട് മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൊടും പരാജയമണഞ്ഞ ഘട്ടത്തിലാണ് പി ജയരാജന് തന്റെ പുസ്തകവുമായി വരുന്നതെന്ന പ്രത്യേകതയുണ്ട്. ആ കാവ്യനീതിക്ക് കിട്ടുന്ന കൈയ്യടിയുടെ കരുത്ത് പാര്‍ട്ടി തിരിച്ചറിഞ്ഞാല്‍ പാര്‍ട്ടിക്ക് നല്ലത്. ശത്രുക്കള്‍ വെട്ടിയരിഞ്ഞിട്ടിടത്ത് നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്നതുപോലെ പാര്‍ട്ടി സുപ്രീം ലീഡര്‍ഷിപ്പിന്റെ കടുംവെട്ടിനിരയായിടത്തു നിന്നും പി ജയരാജന് ഉയര്ത്തെഴുന്നേറ്റുവരുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്.
‘സനാതനികളുടെ ഹിന്ദുത്വവഴികള്‍’ എന്ന പുസ്തകത്തിന് വിശാലമായ ചില ലക്ഷ്യങ്ങളുണ്ടെങ്കിലും പി ജയരാജന് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ അതിജീവനശ്രമമെന്ന നിലയിലും ഇപ്പോള്‍ പ്രസക്തിയുണ്ട്. സംഘപരിവാരം വെട്ടിക്കൂട്ടിയ കയ്യില്‍ പേന ഉളിപോലെ പിടിച്ച് അദ്ദേഹം സംഘപരിവാരത്തിനെതിരെ എഴുതുമ്പോള്‍ അത് ചെന്നുകൊള്ളുന്നത് അവര്‍ക്ക് മാത്രമല്ല.
