കോക്രോച്ച് ജനതാ പാർട്ടി കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനിയിലോ ഡൽഹിയിലെ രാംലീല മൈതാനിയിലോ സംഘടിച്ചാല്‍ മോദി സര്‍ക്കാരിന് കർഷകസമരത്തെയോ പൗരത്വപ്രക്ഷോഭത്തെയോ പോലെ നേരിടാനാവുമോ? സൈബര്‍ സ്ഫിയറിൻ്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ച് മനുഷ്യപ്പാറ്റകള് മണ്ണിലിറങ്ങിയാല്‍ മണ്ണടിയാന്‍ പോകുന്ന പ്രസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിച്ചുനിർത്താനും ഇന്ത്യൻ ഫാസിസത്തോട് ഏറ്റുമുട്ടാനുമായി സോഷ്യല്‍മീഡിയയിലൂടെ ഒരു ‘കൂറപ്പാർട്ടി’ ജന്മമെടുത്ത് കഴിഞ്ഞല്ലോ- കോക്രോച്ച് ജനതാ പാർട്ടി. പാറ്റയുടെ ജാതിയും മതവും അറിയാത്തതുകൊണ്ട്, കോക്രോച്ച് ജനതാ പാർട്ടിയെ വേഷം കൊണ്ട് തിരിച്ചറിയാൻ, മതത്തിന്റെ മുദ്ര കുത്താൻ നരേന്ദ്രമോദി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പൗരത്വപ്രക്ഷോഭത്തെയും കർഷക സമരത്തെയും പോലെ അടിച്ചൊതുക്കാൻ കഴിയാത്ത വിധം ബലപ്പെടുകയാണ് ഇന്റര്‍നെറ്റ് റവല്യൂഷനാകുന്ന സിജെപി. ജനാധിപത്യ ഇന്ത്യ ഇതുവരെ കാണാത്ത വിധം ഒരു കൂറലോകം തീർക്കാനും കൂറപ്പാർട്ടികളെ രംഗത്തിറക്കാനും കഴിഞ്ഞ സർക്കാർ എന്ന നിലയിലാകും മോദി സർക്കാർ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തുക.
ഒരാഴ്ച കൊണ്ടുതന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള പാർട്ടി ഹാൻഡിലായി സി ജെ പിയുടെ ഇൻസ്റ്റാ ഹാൻഡിൽ മാറിയിരിക്കുന്നു. രാജ്യം ഭരിക്കുന്ന ബിജെപിയേക്കാളും പ്രതിപക്ഷത്തുള്ള കോൺഗ്രസിനേക്കാളും കൂടുതൽ സൈബർ അണികളുള്ള പാർട്ടി. ഒരു ഘട്ടത്തിൽ ബിജെപിയുടെ ഇൻസ്റ്റാ ഫോളോവേഴ്സിനെ സിജെപി മറികടക്കുമ്പോൾ, താമര തിന്നുന്ന പാറ്റയുടെ ചിത്രമാണ് കോക്രോച്ച് ജനതാ പാർട്ടി പോസ്റ്ററായി പുറത്തിറക്കിയത്.

ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് സിജെപിയുടെ എക്സ് ഹാൻഡിൽ പൂട്ടിക്കഴിഞ്ഞു. നിരോധനത്തിന്റെ മഴുമുനകൾക്ക് മൂർച്ച കൂട്ടി ഭരണകൂടം അവരുടെ മുഴുവൻ സോഷ്യൽ മീഡിയ സംവിധാനത്തിന് നേരെയും ഊഴം കാത്തിരിക്കുകയാണ്. എക്സിലെ നിരോധനത്തിന് പിന്നാലെ ‘പാറ്റകൾക്ക് മരണമില്ല’ എന്ന പേരിട്ടുകൊണ്ട് പുതിയ എക്സ് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തെ തിരികെ കൊണ്ടുവരാനുള്ള ഈ സമരരൂപകത്തിന് സംശയലേശമന്യേ നന്ദി പറയേണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോടാണ്. “രാജ്യത്ത് തൊഴിൽ ലഭിക്കാത്ത യുവാക്കൾ പാറ്റകളെയും പരാദങ്ങളെയും പോലെയാണ്; അവർ വ്യാജ ഡിഗ്രികൾ നേടി ആക്ടിവിസ്റ്റുകളായും മാധ്യമപ്രവർത്തകരായും സിസ്റ്റത്തെ തകർക്കാൻ പണിയെടുക്കുന്നു”- ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ഇത്ര അപഹാസ്യമായ ഒരു അധിക്ഷേപം രാജ്യത്തെ യുവത്വത്തിന് നേരെ നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല.
പക്ഷേ, ശക്തമായ സർവൈവൽ ഇൻസ്റ്റിങ്റ്റുള്ള പാറ്റകളുമായാണ് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ഉപമിച്ചിട്ടുള്ളത്. അഴുക്കിൽ അനിയന്ത്രിതമായി ജീവിതം തുടങ്ങുന്ന പാറ്റകൾ, ഭരണകൂടത്തിന്റെ നിരീക്ഷണ നിയന്ത്രണങ്ങൾക്ക് കീഴ്പെടുത്താന്‍ കഴിയാത്ത ഷഡ്പദങ്ങളായി പടരും. ഏതു നിലയിലുള്ള അടിച്ചമർത്തലുകളെയും വംശഹത്യകളെയും ചെറുക്കും. ഇങ്ങനെയൊരു ‘കൂറപ്പേര്’ യുവാക്കളുടെ പോരാട്ടത്തിന് ഇട്ടുതന്നതിന് ചീഫ് ജസ്റ്റിസിനോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.

സോഷ്യൽമീഡിയാ വാസികളായ തൊഴിലില്ലാത്ത മടിയന്മാരായ ചെറുപ്പക്കാരുടെ പാർട്ടിയാണ് ഈ കോക്രോച്ച് ജനത പാർട്ടിയെന്ന് സംഘാടകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. എബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബെർഗ് പ്രസംഗം ഓർമ്മപ്പെടുത്തിക്കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ കുറിച്ചിടുകയാണ് – യുവാക്കൾക്ക് വേണ്ടി, യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട, യുവാക്കളുടെ രാഷ്ട്രീയമുന്നേറ്റം.
രസകരമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ മാനിഫെസ്റ്റോയിലെ പ്രഖ്യാപനങ്ങൾ. കോടതികളിൽ നിന്ന് വിരമിക്കുന്ന ജഡ്ജിമാരെ രാജ്യസഭാംഗമാക്കുന്നതും ഗവർണർമാരാക്കുന്നതും നിരോധിക്കും എന്നാണ് ആദ്യ വാഗ്ദാനം. വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വോട്ടർമാരുടെ പേര് നഷ്ടപ്പെട്ടാൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ യുഎപിഎ ചുമത്തി ജയിലിലിടും. സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കും. കുത്തക മാധ്യമ ചാനലുകളുടെ ലൈസൻസ് റദ്ദാക്കും; ഒപ്പം പാർട്ടി മാറി മത്സരിക്കുന്ന ജനപ്രതിനിധികളെ 20 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കും.

തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും വികസനരാഹിത്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കേന്ദ്രമായി രൂപപ്പെടുകയാണ് ഇന്ത്യ. നാട്ടിൽ നിന്നുപിഴയ്ക്കാൻ രക്ഷയില്ലാതെ വിദേശത്തേക്കുള്ള വണ്ടി പിടിക്കുകയാണ് മനുഷ്യർ.
ഇന്ത്യയിലെ അർബൻ യുവാക്കളുടെ ശക്തമായ പ്രതിഷേധസ്വരം വിവിധ വിഷയങ്ങളിലായി ഉയർത്തിക്കൊണ്ട് ഭരണകൂടത്തിന് വെല്ലുവിളി തീർക്കുകയാണവർ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ രാജ്യത്തെ ഇന്ധന വില വർദ്ധിപ്പിച്ച നടപടിയും നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും സോഷ്യൽ മീഡിയയിൽ ശക്തമായ ക്യാമ്പയിൻ വിഷയങ്ങളായി സി ജെ പി ഉയർത്തിയിട്ടുണ്ട്. പക്ഷേ ജാതി അടക്കമുള്ള യാഥാർത്ഥ്യങ്ങളുടെ മേൽ യുവാക്കളുടെ പുതിയ സോഷ്യൽ മീഡിയാ പാർട്ടിക്ക് എന്താണ് നിലപാട് എന്നത് കാത്തിരിക്കുകയാണ് ഇന്ത്യൻ സാമൂഹ്യ ജീവിതം.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ, മഹാരാഷ്ട്രക്കാരനായ 30 വയസ്സുകാരൻ അഭിജിത്ത് ദീപ്കേയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ സൂത്രധാരൻ. നേരത്തെ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയാ വളണ്ടിയറായും പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമുണ്ട്.

2010ൽ ടുണീഷ്യയിലെ മുഹമ്മദ് ബുവാസിസി എന്ന പച്ചക്കറിക്കടക്കാരനില്‍ നിന്നാണ് മുല്ലപ്പൂവിപ്ലവത്തിന്റെ തീപ്പൊരിയുയര്ന്നത്. തെരുവുകളിലൂടെ പച്ചക്കറി വണ്ടിയുന്തി കച്ചവടം ചെയ്തിരുന്ന ബുവാസിസി ഒരിക്കൽ നിയമപാലകരാൽ അപമാനിക്കപ്പെട്ടു. ലൈസൻസില്ലെന്ന പേരുപറഞ്ഞ് അയാളുടെ ഉന്തുവണ്ടി പിടിച്ചെടുത്തു. ദരിദ്രർക്കും മാന്യതയുണ്ടെന്നും, നിയമത്തിന്റെ അനുകൂല്യം സമ്പന്നർക്ക് മാത്രമുള്ളതല്ലെന്നും ഓർമ്മിപ്പിച്ച് പ്രതിഷേധിച്ച ബുവാസിസി ഒടുവിൽ സിദി ബൗസിഡ് നഗരത്തിലെ മുനിസിപ്പൽ ഓഫീസിന് മുന്നിൽവെച്ച് സ്വയം തീകൊളുത്തി. സോഷ്യൽ മീഡിയയിൽ ബുവാസിസിയുടെ ചിത്രങ്ങളും മുദ്രാവാക്യങ്ങളും ചർച്ചയായി. അത് ആത്മാഭിമാനമുള്ള ടുണീഷ്യൻ ജനതയെ തെരുവിലിറക്കി. മാധ്യമ നിയന്ത്രണവും പോലീസ് നിരീക്ഷണവും കടുപ്പിച്ച് ജനാധിപത്യ സമരങ്ങളെ എതിരിട്ട ബെൻ അലി സർക്കാർ താഴെ വീണു. അത് പിന്നീട് അറബ് ലോകം മുഴുവൻ പടർന്നു. ജനങ്ങളെ ഭയപ്പെടുത്തി ഭരിച്ചിരുന്ന ഭരണാധികാരികൾ പരാജയപ്പെട്ടു. ഈജിപ്തിലെ ഹുസ്നി മുബാറക്കും ലിബിയയിലെ ഗദ്ദാഫിയും അധികാരഭ്രഷ്ടരായി.
മുല്ലപ്പൂവിപ്ലവം തീർത്ത അറബ് വസന്തം തെളിയിക്കുന്നത് ജനാധിപത്യ പോരാട്ടങ്ങളിൽ സോഷ്യൽ മീഡിയയ്ക്കുള്ള ശക്തമായ പങ്കിനെയാണ്. പക്ഷേ ഇന്ന് മുല്ലപ്പൂ വിപ്ലവം നടന്ന മിക്കവാറും നഗരങ്ങൾ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്; ചിലത് സാമ്രാജ്യത്വത്തിന്റെ പാവഭരണം നിലനിർത്തുന്നു. ആത്യന്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ പോരാട്ടം ഇനിയും കടുപ്പിക്കേണ്ടി വരുമെന്നാണ് അറബ് വസന്തം നമ്മെ ബോധ്യപ്പെടുത്തുന്നത്.

പുതിയകാലത്തെ ജനകീയ പ്രസ്ഥാനങ്ങളെ അരാഷ്ട്രീയമായി മുദ്രകുത്തുകയും സംശയത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന നിലയിലുള്ള വ്യാഖ്യാനങ്ങൾ സി ജെ പിക്ക് നേരെയും തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രസ്ഥാനങ്ങൾ ഏതൊക്കെ നിലയിൽ രൂപം മാറും, നിറം മാറും, ഇന്നിൻ്റെ ശത്രുക്കളെ അതുപോലെ നിലനിർത്തുമോ എന്ന സംശയം ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. സറ്റയറിലൂടെ മാത്രം സമൂഹത്തിന്റെ വിമോചനമോഹം സാക്ഷാത്കരിക്കപ്പെടുമോ എന്നതും സോഷ്യൽ മീഡിയയിൽ മാത്രമുള്ള നിലനിൽപ്പ് ജനകീയ നിലപാടിനെ സ്വാധീനിക്കുമോ തുടങ്ങിയ ചോദ്യങ്ങളും വിമർശകർ ബാക്കി വെക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കണ്ടന്റ്, കുറച്ചുകാലത്തെ ദൃശ്യപരത മാത്രം നിലനിർത്തുകയും, കണ്ടന്റിന്റെ പ്രകോപന സ്വഭാവം നഷ്ടപ്പെട്ടാൽ ഇല്ലാതാവുകയും ചെയ്യും. അൽഗോരിതം കറങ്ങിത്തിരിയുമ്പോൾ എത്ര നാൾ കോക്രോച്ച് ജനതാ പാർട്ടി ഇതേ ആവേശത്തോടെ പിടിച്ചുനിൽക്കും? സി ജെ പി എന്ന ഡിജിറ്റൽ മൂവ്മെൻറിന് ശേഷം സോഷ്യൽ മീഡിയയിൽ ജനിക്കുന്ന അടുത്ത ഹിറ്റ്, ഈ കൂറകളെ മുഴുവൻ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. ദീർഘകാലം പിടിച്ചുനിൽക്കാനും പോരാടാനും, സോഷ്യൽ മീഡിയയിലെ പരിശ്രമങ്ങൾ മതിയാകില്ല. വെർച്വൽ ഐഡന്റിറ്റിയില്‍ നിന്ന് അത് മനുഷ്യരായി സംഘടിക്കണം.

കോക്രോച്ച് ജനതാ പാർട്ടി, ഇന്ന് കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനിയിലോ, ഡൽഹിയിലെ രാംലീല മൈതാനിയിലോ സംഘടിക്കാൻ പറഞ്ഞാൽ എത്ര മനുഷ്യർ വന്നണിചേരുമെന്ന കാര്യത്തിൽ തീർച്ചയില്ല. സൈബർസ്ഫിയറിൻ്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ച് എന്ന് അത് മണ്ണിൽ കാലുറപ്പിക്കുമെന്ന് നിശ്ചയമില്ല. സോഷ്യൽ മീഡിയയിൽ നിന്ന് തെരുവുകളിലേക്ക് സംഘടിപ്പിക്കപ്പെട്ട മൂവ്മെന്റിന് എത്ര കാലം തെരുവിൽ നിന്ന് ഇങ്ങനെ പോരാടാൻ കഴിയുമെന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരമില്ല.
ഭാവിയിൽ ചിലപ്പോൾ, കോക്രോച്ച് ജനതാ പാർട്ടിയുടെ സംഘാടകർ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ പ്ലേബുക്ക് പകർത്തിയെടുത്തേക്കാം. വിപ്ലവം നയിക്കാൻ വാൻഗാർഡ് പാർട്ടി അനിവാര്യമാണെന്ന ലെനിൻ്റെ നിർദ്ദേശം ഏറ്റെടുത്ത് സംഘടിച്ചേക്കാം. ഏറ്റെടുത്ത സമരങ്ങൾ പരാജയപ്പെട്ടാൽ അടുത്ത സമരങ്ങൾക്ക് കാത്തുനിൽക്കാതെ പിരിച്ചുവിടപ്പെടുകയും ചെയ്യാം. കെട്ടകാലത്ത് ഒരിക്കൽ ഇങ്ങനെയൊരു സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കപ്പെട്ടിരുന്നുവെന്ന്, പിന്നീടോർമ്മിക്കാൻ മാത്രം ബാക്കിയായി മാറാനുംമതി.

ഇന്ത്യാരാജ്യം കണ്ടിട്ടുള്ള ജനകീയ സമരങ്ങളെപ്പോലെ തന്നെ, കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തനത്തിലും, അൻ്റോണിയോ നെഗ്രിയുടെ ജനസഞ്ചയ കാഴ്ചപ്പാട് ഏറ്റവും മികച്ച നിലയിൽ പ്രകടമാകുകയാണ്. പരമ്പരാഗത മാർക്സിസ്റ്റുകൾ മുഴുവൻ തള്ളിപ്പറഞ്ഞ അൻ്റോണിയോ നെഗ്രിയുടെ Multitude കാഴ്ചപ്പാടിനെ മലയാളത്തിന് പരിചിതമാക്കിയത് പ്രൊഫ. ബി രാജീവൻ മാഷാണ്.
വ്യവസായതൊഴിലാളിവർഗ്ഗത്തിനും കർഷകതൊഴിലാളിവർഗ്ഗത്തിനും പുറമേ സാധാരണക്കാരായ മനുഷ്യരും വിദ്യാർത്ഥികളും പരിസ്ഥിതി,സ്ത്രീ,ക്വീർ പ്രസ്ഥാനങ്ങളും അസംഘടിത, കുടിയേറ്റ തൊഴിലാളികളും വിപ്ലവത്തിന്റെ വിഷയങ്ങളായി രൂപപ്പെടുകയാണ്. അവരെല്ലാവരും ചേർന്ന് പ്രതിരോധത്തിന്റെ മുന്നണിപ്പട തീർക്കുകയാണ്. അടിച്ചമർത്തപ്പെടുന്ന മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഈ ജനസഞ്ചയം വാൻഗാർഡ് പാർട്ടികൾ ആവശ്യമില്ലാതെ ഒന്നിക്കുകയും അധികാരത്തിന്റെ ആഗോള സാമ്രാജ്യത്തെ കീഴടക്കുകയും ചെയ്യും.
ലോകം മുഴുവൻ യുവാക്കൾ അണിനിരന്ന ആൻറിഗ്ലോബലൈസേഷൻ സമരങ്ങളിലും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലും ഈ മൾട്ടിറ്റ്യൂഡാണ് സമരശക്തിയായി രൂപപ്പെട്ടത്. കേഡർ സ്വഭാവമില്ലാത്ത തിരശ്ചീന ജനാധിപത്യത്തിന്റെയും സ്വയംപ്രവർത്തനത്തിന്റെയും പങ്കിടുന്ന അധികാരത്തിന്റെയും വഴികളാണ് അവർ തേടുന്നത്. പലയിടങ്ങളിലും ചെറുത്തുനിൽക്കാനും താൽക്കാലിക വിജയമെങ്കിലും നേടിയെടുക്കാനും അവർക്ക് കഴിയുന്നുണ്ട്. അതേ വഴികളിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രവർത്തനവും.

ഇന്ത്യയില്‍ ആം ആദ്മി പാർട്ടി രൂപപ്പെട്ടത് യുപിഎ സർക്കാരിന്റെ കാലത്ത് നടമാടിയ കോമൺവെൽത്ത് ഗെയിംസ്, ടുജി സ്പെക്ട്രം അഴിമതികളിലൂടെയാണ്. ഭരണകൂട അഴിമതികൾക്കെതിരെ ശക്തമായി ജനങ്ങൾ അണിനിരന്നപ്പോൾ രണ്ടാം യുപിഎ സർക്കാർ തെരഞ്ഞെടുപ്പിൽ തോറ്റുപിൻവാങ്ങി. പക്ഷേ പിന്നീട് വിജയിച്ചു കയറിയത് ബിജെപി സർക്കാരായിരുന്നു. ഡൽഹിയിലെ ആം ആദ്മി പാർട്ടിക്ക് ആയുസ്സ് 10 വർഷം മാത്രമായിരുന്നു. നിലവിൽ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാരും പരാജയപ്പെട്ട് തുടങ്ങുകയാണ്. പക്ഷേ ഒരു വലിയ ചലനം സംഭവിപ്പിക്കാൻ ആം ആദ്മി പാർട്ടി കാരണക്കാരായി. ലോകം മുഴുവൻ പലയിടങ്ങളിലായി ഇതുപോലെ ഹ്രസ്വകാലത്തേക്ക് മാത്രം രൂപപ്പെട്ട്, പിന്നീട് അന്ത്യം സംഭവിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ടായിരിക്കണം.

നൂറു കൊല്ലം നിലനിന്നിട്ട് ജനകീയ അട്ടിമറികൾ സാക്ഷാത്കരിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവതാര ലക്ഷ്യം പൂർത്തിയാക്കി ദിവംഗതമാകുന്ന പാർട്ടികളെയാണ് ഇന്നിന്റെ കാലത്ത് ജനങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. പരമ്പരാഗത പാർട്ടികളുടെ ആഹ്വാനങ്ങൾ ഒന്നും അനുസരിക്കാതെ സ്വയം ഒരു മൂവ്മെന്റായി ഓരോ പൗരന്മാരെയും രൂപപ്പെടുത്തുന്ന മുദ്രാവാക്യങ്ങളാണ് പുതിയകാലം ഏറ്റെടുക്കുന്നത്. എന്തിനാണ് ഒരു നൂറ്റാണ്ട് കാലത്തേക്ക് ഒരു പാർട്ടി രൂപപ്പെടുന്നത്, ഒരു പതിറ്റാണ്ടോ ചില ദിവസങ്ങളോ മാത്രം ജനങ്ങളെ സംഘടിപ്പിച്ച് ചുമതല പൂർത്തിയാക്കി പ്രസ്ഥാനങ്ങൾ മരണമടഞ്ഞാൽ എന്താണ് പ്രശ്നം എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന ചരിത്രം പരിശോധിച്ച് അതിൽ ഒരക്ഷരം പോലും തങ്ങളെ പറ്റിയല്ലല്ലോ എന്ന് വ്യാകുലപ്പെടുന്ന സാധാരണ മനുഷ്യർ പിന്നെ എന്താണ് ചെയ്യേണ്ടത്?

പുതിയ പ്രസ്ഥാനങ്ങൾ ജനകീയ അധികാരം പിടിച്ചെടുത്ത ചരിത്രമുണ്ട്. ചരിത്രത്തിലെ അരാജകപ്രവണത മാത്രമായി ഒതുങ്ങിക്കൂടിയ പ്രസ്ഥാനങ്ങളുമുണ്ട്. പരമ്പരാഗത പാർട്ടികളുടെ, ഭരണകൂടത്തിന്റെ പോലും, കളിപ്പാവയായി മാറിയ ചരിത്രവുമുണ്ട്. കോക്രോച്ച് ജനതാ പാർട്ടിക്ക് എന്തുസംഭവിക്കുമെന്ന് ഇപ്പോൾ പറയുക സാധ്യമല്ല. പക്ഷേ ആ പാറ്റയുടെ ചിറകടി, അധികാരത്തിന്റെ ആകാശഗോപുരങ്ങളെ കടപുഴക്കിയേക്കാം. അത്തരമൊരു വിപ്ലവമുന്നൊരുക്കമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെങ്കില്‍ ‘കത്സാരിഡാഫോബിയ’ അഥവാ പാറ്റകളെ പേടി രാജ്യത്തിന്റെ ദേശീയ മനോരോഗമായി പ്രഖ്യാപിക്കപ്പെട്ടേക്കാം. രാജ്യം തീറെഴുതിക്കിട്ടാന് കാത്തിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും അവര്‍ക്ക് കങ്കാണിപ്പണിയെടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്ക്കുമല്ലാതെ മറ്റാര്‍ക്കാണ് പാറ്റകളുടെ പാര്‍ട്ടിയെ പേടി?
