എക്സിറ്റ് പോള്‍ ഫലങ്ങള്‍ എക്സാറ്റ് പോള്‍ ഫലം വരുംവരെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആശ്വസിക്കാനും ആശങ്കപ്പെടാനുമുള്ള ഒരു മാധ്യമ പന്തയം മാത്രമാണിപ്പോള്‍. ചരിത്രം പരിശോധിച്ചാൽ പൊതുവില്‍ ഇന്ത്യയിലെ എക്സിറ്റ് പോള്‍ ഫലങ്ങളൊന്നും കൃത്യമായിരുന്നില്ലെന്ന് കാണാം.
പശ്ചിമബംഗാൾ, തമിഴ്നാട്, കേരളം, ആസാം, പുതുച്ചേരി നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളും ഏജൻസികളും നടത്തിയ എക്സിറ്റ് പോളുകളുടെ കണക്കുകളാണല്ലോ നമ്മളിപ്പോള്‍ കൂട്ടിയും കിഴിച്ചും പരിശോധിച്ചുകൊണ്ടിരിക്കുന്നത്. എക്സാറ്റ് പോള്‍ വരുംവരെ മാത്രമേ ആ വ്യായാമത്തിന് ആയുസ്സുള്ളുവെങ്കിലും അതുവരെ ആനന്ദിക്കേണ്ടവര്ക്ക് ആനന്ദിക്കാനും നിരാശപ്പെടാനുള്ളവര്ക്ക് നിരാശപ്പെടാനുമുള്ളതെല്ലാം ആ കണക്കുകള്‍ തരുന്നുണ്ട്. എന്നാല്‍ അതില്‍ അഭിരമിക്കുന്നവര്‍ മുന്‍കാലങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നല്ലതാകും.
കേരളത്തിൽ എൽഡിഎഫിന് ഒരിക്കൽക്കൂടി തുടർഭരണം ലഭിക്കില്ലെന്നും, യുഡിഎഫ് ചെറിയ മാർജിനിൽ വിജയിച്ചുകയറും എന്നുമാണല്ലോ മുഴുവൻ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്. അതോടൊപ്പം എക്സിറ്റ് പോള്‍ ഫലങ്ങളിൽ അവിചാരിതമായി എൻഡിഎയ്ക്ക് വലിയ അളവിൽ സീറ്റുകൾ നൽകിയിട്ടുള്ളതും നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ.
14 സീറ്റുകൾ വരെ കിട്ടാവുന്ന നിലയിലാണ് ബിജെപിയുടെ ഭാവിപ്രവചനം മാധ്യമങ്ങൾ നടത്തിയിട്ടുള്ളത്. കേരളത്തിലെ ബിജെപിയെ പോലെ തന്നെ ബംഗാളിലെ ബിജെപിക്കും അപ്രതീക്ഷിതമായ പ്രവചനാനുകൂല്യം എക്സിറ്റ് പോളുകൾ നൽകിയിട്ടുണ്ട്. പകുതിയിലധികം ഏജൻസികൾ ബംഗാളിൽ ബിജെപി ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

തമിഴ്നാട്ടിൽ ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഏജൻസികളും മാധ്യമങ്ങളും ഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷം നൽകുന്നുണ്ട്. ചിലർ എഐഎഡിഎംകെ ഭരണത്തിൽ തിരികെയെത്തുമെന്നും പറയുന്നു. എന്നാൽ ആക്സിസ് മൈ ഇന്ത്യ സർവ്വേ ഫലം പറയുന്നത് നടൻ വിജയുടെ പാർട്ടിയായ ടിവികെ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നാണ്. ആസാമിലും പുതുച്ചേരിയിലും മിക്കവാറും എക്സിറ്റ് പോള്‍ പ്രവചനം എൻഡിഎയ്ക്ക് അനുകൂലമാണ്. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ പരിശോധിച്ചാൽ അവ ശരിയായ പ്രവചനത്തേക്കാൾ ഉപരിയായി ചില രാഷ്ട്രീയ സൂചനകൾ മാത്രമാണ് നൽകിയിട്ടുള്ളത്. വോട്ടെണ്ണൽ ദിവസം പുറത്തുവരുന്ന ജനകീയ തെരഞ്ഞെടുപ്പ് ഫലം മാത്രമാണ് സത്യം എന്ന് തെളിയിക്കുന്നതാണവ.
തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ മാധ്യമങ്ങൾ പ്രേക്ഷകരെ അടുപ്പിക്കാനുള്ള തന്ത്രമായി പയറ്റുന്നത്, തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലാണ്. വോട്ടെടുപ്പിന് മുമ്പ് നടക്കുന്ന ഒപ്പീനിയൻ പോളും തെരഞ്ഞെടുപ്പ് പോളിംഗ് പൂർത്തിയായതിന് തൊട്ടു പിന്നാലെ അവതരിപ്പിക്കുന്ന എക്സിറ്റ് പോളും.
അഭിപ്രായ സർവേ എന്നത് വോട്ടെടുപ്പ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വോട്ടർമാരുടെ താൽപര്യങ്ങളും നിലവിലെ രാഷ്ട്രീയ സൂചനകളും മാത്രം പ്രതിഫലിപ്പിക്കുന്നതാണ്. എന്നാൽ വോട്ട് ചെയ്ത് പോളിംഗ് ബൂത്ത് വിട്ടുവരുന്ന വോട്ടർമാരുടെ ഉള്ളിലിരിപ്പാണ് എക്സിറ്റ് പോളിലൂടെ പുറത്തിറങ്ങുന്നത്. അതുകൊണ്ടാണ് എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയകക്ഷികൾക്ക് വലിയ അളവിൽ ആശങ്കയ്ക്കും ആശ്വാസത്തിനും വക നൽകുന്നത്.

മനുഷ്യസ്വഭാവത്തിന് സ്ഥിരനിയമങ്ങൾ ഇല്ലാത്തതുകൊണ്ട്, ശരിയായ തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിലെ മറയ്ക്കുള്ളിലാണ് എന്നതുകൊണ്ട്, തെരഞ്ഞെടുപ്പ് പ്രവചനം ശാസ്ത്രീയമാണെന്ന് പറയാൻ കഴിയില്ല. ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകൾ പലർക്കും പലനിലയിൽ വ്യാഖ്യാനിക്കാം; പക്ഷേ ആ വ്യാഖ്യാനത്തിൽ സ്വന്തം മനസ്സിലിരിപ്പ് കൂടി ഉൾച്ചേരുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലപ്രവചനം സാധ്യമാക്കുന്ന സെഫോളജി, ഒരു ശാസ്ത്രശാഖ എന്നതിലുപരിയായി വ്യാഖ്യാനത്തിന്റെ കലയായി നിർവചിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തെ സെഫോളജിസ്റ്റുകൾ, വിവിധ രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ നയിക്കുന്നവരോ, തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നവരോ ആയി മാറുന്നതും അതുകൊണ്ടാണ്.
ലോകത്തിലെ ആദ്യത്തെ എക്സിറ്റ് പോൾ രൂപപ്പെടുന്നത് 1936ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലാണ്. ആ പ്രവചനഫലം ശരിയായിരുന്നു. അന്ന് ന്യൂയോർക്ക് നഗരത്തിൽ പോളിംഗ് ബൂത്തുകളിൽ നിന്ന് പുറത്തിറങ്ങിവരുന്ന വോട്ടർമാരോട് ചോദ്യങ്ങൾ ചോദിച്ച് ജോർജ് ഗ്യാലപ്പും ക്ലൗഡ് റോബിൻസണും ചേർന്ന് നടത്തിയ എക്സിറ്റ് പോള്‍ ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ് തുടർഭരണം നേടുമെന്ന് പ്രവചിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ആൽഫ് ലാൻഡണെ റൂസ്വെൽറ്റ് മലർത്തിയടിച്ചു. മെയ്ൻ, വെർമണ്ട് സംസ്ഥാനങ്ങളൊഴികെ മുഴുവൻ പ്രദേശങ്ങളും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിക്കൊപ്പം നിന്നു. പിന്നീട് ബ്രിട്ടനിലും ഫ്രാൻസിലും എക്സിറ്റ് പോളുകള്‍ വന്നു.

ഇന്നത്തെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ സ്വഭാവവുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെങ്കിലും, അത്തരം ഒരു കാര്യം ഇന്ത്യയിൽ ആദ്യമായി നടന്നത് 1957ലെ സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം പൊതു തെരഞ്ഞെടുപ്പിലാണ്. അന്ന് എറിക് ഡക്കോസ്റ്റ എന്ന ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് വിദഗ്ധൻ സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. കോൺഗ്രസിനുള്ളിൽ നിന്ന് രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ വിമതശബ്ദമായി പുറത്തുവന്ന സ്വതന്ത്ര പാർട്ടിയുടെ സഹയാത്രികനായിരുന്നു എറിക് ഡക്കോസ്റ്റ. ഭരിക്കുന്ന പാർട്ടിയെ പരാജയപ്പെടുത്തണമെങ്കിൽ പ്രതിപക്ഷ ഐക്യം ഒരൊറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കണമെന്ന് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ഉപയോഗിച്ച് നിർദ്ദേശം വെച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സർവ്വാധിപത്യം തകർന്നതും, ഇന്ത്യൻ രാഷ്ട്രീയം മുന്നണിരാഷ്ട്രീയത്തിന്റെ പര്യായമായി മാറിയതും ഈ നിർദ്ദേശത്തിന്റെ തുടർച്ചയിലാണെന്ന് പറയാം.
1980ൽ ഇന്ത്യ ടുഡേ മാസികയ്ക്ക് വേണ്ടി പ്രണോയ് റോയും അശോക് ലാഹിരിയും ചേർന്ന് സമഗ്രമായ ഒരു എക്സിറ്റ്പോൾ സംഘടിപ്പിച്ചു. അവർ അത് 1984ലും ആവർത്തിച്ചു. പിന്നീട് 1996ൽ സെൻറർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിസ് (സിഎസ്ഡിഎസ്) നടത്തിയ ഫീൽഡ് വർക്കും ശേഖരിച്ച ഡാറ്റയും പരിശോധിച്ചുകൊണ്ട് ദൂരദർശന് വേണ്ടി, മാധ്യമപ്രവർത്തകയായ നളിനി സിംഗ്, കുറേക്കൂടി ഡാറ്റാനിബദ്ധമായ എക്സിറ്റ് പോൾ സംഘടിപ്പിച്ചു.

കൂറ്റൻ എക്സിറ്റ് പോള്‍ ഫലങ്ങൾ അവതരിപ്പിക്കുകയും, മാധ്യമങ്ങൾ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവചനഫലങ്ങൾ പാടേ തെറ്റിപ്പോവുകയും ചെയ്തു തുടങ്ങിയത് 2004ലാണ്. അന്ന് മാധ്യമകിടത്സരത്തിലേക്ക് എക്സിറ്റ് പോൾ പ്രവചനങ്ങളും കാലെടുത്തുവെച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒപ്പീനിയൻ പോളിൽ 300ലധികം സീറ്റുകൾ എൻഡിഎയ്ക്ക് മാധ്യമങ്ങൾ തീറെഴുതി നൽകി. ഇന്ത്യ തിളങ്ങുമെന്ന എൻഡിഎ തിരഞ്ഞെടുപ്പ് ക്യാമ്പയിനാണോ അതോ സംഘപരിവാർ ഭീഷണികളാണോ മാധ്യമങ്ങളെ നയിച്ചതെന്നറിയില്ല.
എക്സിറ്റ് പോൾ കാലത്തും വാജ്പേയിയുടെ ഭരണമുന്നണിക്ക് 230 സീറ്റുകളിൽ താഴെ പ്രവചിക്കാൻ ഒരു മാധ്യമവും മെനക്കെട്ടില്ല. ഭൂരിപക്ഷം മാധ്യമങ്ങളും യുപിഐക്ക് 200ൽ താഴെ സീറ്റുകളേ ഉണ്ടാകൂവെന്ന് വിധിയെഴുതി. മാധ്യമപ്രവചനങ്ങൾക്കും മീതെ ജനവിധി ശക്തമായി പറന്നു. ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ചിന്തിക്കുക കൂടി ചെയ്യാത്ത നിലയിൽ യുപിഎ 200നു മുകളിലും എൻഡിഎ 200ന് താഴെയും തളച്ചിടപ്പെട്ടു. ഒറ്റയ്ക്ക് മത്സരിച്ച ഇടതു പാർട്ടികൾ 60 സീറ്റുകൾ നേടി; യുപിഎ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകി. എൻഡിഎ സർക്കാർ വേട്ടയാടിയ തെഹൽകയിലെ മാധ്യമപ്രവർത്തകർ, 2004ലെ തെരഞ്ഞെടുപ്പ് ഫലത്തിന് ദ ആർട്ട് ഓഫ് ദ ഇംപോസിബിൾ എന്ന തലക്കെട്ട് നൽകി. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിയ തെരഞ്ഞെടുപ്പിന് നൽകേണ്ട ഏറ്റവും ഉചിതമായ തലക്കെട്ട്.

2014 ൽ ദേശീയ മാധ്യമങ്ങൾക്ക് പ്രവചന അക്കിടി പറ്റിയത് നേരെ തിരിച്ചാണ്. പല മാധ്യമ എക്സിറ്റ് പോള്‍ ഫലങ്ങളും എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം നൽകിയിരുന്നു. പക്ഷേ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന് മിക്കവാറും എക്സിറ്റ് പോളുകളും പ്രവചിച്ചില്ല. ദേശീയതലത്തിൽ അടിത്തട്ടിൽ അലയടിച്ച, അഴിമതിവിരുദ്ധ തിരമാലകള്‍ മാധ്യമങ്ങള്‍ക്ക് മനസ്സിലാകാതെ പോയി. ബിജെപിക്ക് അധികാരം ലഭിച്ചു. 2015ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും മാധ്യമപ്രവചനങ്ങൾ പാളി.
പോളിങ്ങിനു മുമ്പുള്ള ഒപ്പീനിയൻ പോളുകൾ പൂർണമായും ബിജെപിക്ക് ആനുകൂല്യം നൽകുന്നതായിരുന്നു. വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ആം ആദ്മിക്ക് ജയം പ്രഖ്യാപിച്ചെങ്കിലും, മൂന്ന് സീറ്റുകൾ മാത്രം ബിജെപിക്ക് ബാക്കിവെച്ച്, ഡൽഹി നിയമസഭയിൽ ആം ആദ്മി കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. രണ്ടു വർഷത്തിനു മുമ്പ് രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളിരുന്ന കോൺഗ്രസ് സംപൂജ്യരായി മാറുകയും ചെയ്തു.

2015ൽ ബീഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു കൂടി അണിനിരന്ന മഹാഗഡ്ബന്ധൻ ജയിക്കാനും തോൽക്കാനും ഒരേ സാധ്യതയാണ് അഭിപ്രായ സർവ്വേകളും എക്സിറ്റ് പോളുകളും പറഞ്ഞിരുന്നത്. എന്നാൽ ബിഹാർ നിയമസഭയിലെ നാലില്‍ മൂന്നു സീറ്റുകളും ആർജെഡി-ജെഡിയു മുന്നണിക്ക് ജനം എഴുതി നൽകി. നിതീഷ് കുമാര്‍ ബിഹാർ മുഖ്യമന്ത്രിയായി. 2025ൽ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം മാത്രം ലഭിക്കുമെന്ന് പ്രവചിച്ച മാധ്യമങ്ങൾക്ക് വീണ്ടും തെറ്റി. 243 സീറ്റുകളിൽ 202 സീറ്റുകളും എൻഡിഎ മുന്നണി പിടിച്ചെടുത്തു. മഹാഗഡ്ബന്ധൻ നിയമസഭയിൽ തന്നെ അപ്രസക്തരായി.
ഉത്തർപ്രദേശിൽ 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അഭിപ്രായ സർവേയിൽ ഒരു തൂക്കുസഭയാണ് മിക്കവാറും പോൾ ഏജൻസികൾ വിധിച്ചിരുന്നത്. പിന്നീട് അത് ബിജെപി ജയിക്കും എന്ന നിലയിലേക്ക് വോട്ടെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോളിൽ മാധ്യമങ്ങൾ എത്തിച്ചു. പക്ഷേ ബിജെപിയുടെ കൂറ്റൻ വിജയം ഏറ്റവും ശരിയായി നേരത്തെ അപഗ്രഥിക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി 400ൽ 300ലധികം സീറ്റുകളും നേടിയപ്പോൾ 50 താഴെ സീറ്റുകളിലേക്ക് അഖിലേഷിന്റെ എസ്പിയും, 206 സീറ്റുകളിലേക്ക് മായാവതിയുടെ ബിഎസ്പിയും ചുരുങ്ങി.
2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുപിയിൽ ഇതുപോലെ ബിജെപിയുടെ സമഗ്ര വിജയം പ്രതീക്ഷിച്ച മാധ്യമങ്ങൾക്ക് അടിപതറി. 80 ലോക്സഭാ സീറ്റുകളിൽ 60-70 സീറ്റുകളാണ് എക്സിറ്റ് പോളിലൂടെ മാധ്യമങ്ങൾ ബിജെപിക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ പകുതിയിലധികം സീറ്റുകൾ നേടിയത് ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയാണ്.

2023ൽ ഭരണത്തിലുള്ള ഛത്തീസ്ഗഡിലും പ്രതിപക്ഷത്തിരിക്കുന്ന മധ്യപ്രദേശിലും കോൺഗ്രസ് ജയിച്ചുകയറും എന്ന് തന്നെ പ്രതീക്ഷിച്ചതാണ്. ശക്തമായ ഭൂരിപക്ഷത്തോടെ ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം തുടരുമെന്നും, കുതിരക്കച്ചവടത്തിലൂടെ നേടിയ ബിജെപിയുടെ ഭരണത്തിന് വൈമുഖ്യമുള്ള മധ്യപ്രദേശ് ജനത കോൺഗ്രസിനെ തിരിച്ചു ഭരണം ഏൽപ്പിക്കുമെന്നും മാധ്യമങ്ങള്‍ പ്രവചിച്ചു. എന്നാൽ ഛത്തീസ്ഗഡിൽ കോൺഗ്രസിനായി മാധ്യമങ്ങൾ പ്രവചിച്ച അതേ കണക്കുകൾ ബിജെപിക്ക് ലഭിച്ചു. നിയമസഭയിൽ ശക്തമായ ഭൂരിപക്ഷത്തോടെ ബിജെപി കോൺഗ്രസിനെ അട്ടിമറിച്ചു. 2018ൽ മധ്യപ്രദേശിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് ഏറ്റുമുട്ടിയ ബിജെപി പക്ഷേ 2023ൽ കനത്ത ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പക്ഷേ ഏറ്റവും വലിയ അളവിൽ തെറ്റിപ്പോയ എക്സിറ്റ് പോൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോദിക്ക് തുടർഭരണം ലഭിക്കുമെന്ന് എല്ലാ ഘട്ടത്തിലും ഉറപ്പിച്ചുപറഞ്ഞ മാധ്യമങ്ങൾ, ബിജെപിയുടെ 400 സീറ്റിന്റെ അവകാശവാദം സംരക്ഷിച്ചുനിർത്തിയാണ് പ്രവചനങ്ങൾ തുടർന്നത്. അഭിപ്രായ സർവേയിലും എക്സിറ്റ് പോളിലും 350 മുതൽ 400 സീറ്റുകൾ വരെ ഭൂരിപക്ഷം മാധ്യമങ്ങളും ബിജെപിക്ക് എഴുതി നൽകി. എന്നാൽ കേവലഭൂരിപക്ഷം ലഭിക്കാതെ, ഘടകകക്ഷികളുടെ മാത്രം ഔദാര്യത്തിൽ കഷ്ടിച്ച് രാജ്യം ഭരിക്കാനുള്ള സീറ്റുകളാണ് ഇന്ത്യൻ ജനത ബിജെപിക്ക് നൽകിയത്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ചരിത്രം പരിശോധിച്ചാൽ അവിടെയും വലിയ വീഴ്ചകൾ മാധ്യമങ്ങളും ഏജൻസികളും നടത്തിയതായി കാണാം. കേരളം ആര് ജയിക്കുമെന്ന സൂചനകൾ മാത്രമാണ് പലപ്പോഴും മാധ്യമങ്ങൾക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളത്. ശക്തമായ ഇഞ്ചോടിഞ്ച് മത്സരമാണ് 2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. അത് പ്രതിഫലിപ്പിക്കുന്നതായിരുന്നു ജനവിധിയും – 72 സീറ്റുകൾ യുഡിഎഫിനും 68 സീറ്റുകൾ എൽഡിഎഫിനും. പക്ഷേ മാധ്യമങ്ങളുടെ പ്രവചനം പലപ്പോഴും തെറ്റായിരുന്നു. പ്രീപോൾ സർവേയിൽ ചിലർ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതിഫലനം പ്രവചനങ്ങൾക്ക് നൽകിയെങ്കിലും, പോസ്റ്റ് പോൾ സർവേയിൽ യുഡിഎഫിന് 80 മുതൽ 96 സീറ്റുകൾ എഴുതിനൽകിയ ഏജൻസികളുണ്ട്.
ശക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിച്ചു കയറിയ 2016ലെ തെരഞ്ഞെടുപ്പിൽ,യുഡിഎഫിന് 49 സീറ്റുകളായിരുന്നു. എന്നാൽ ഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫ് 50 ല്‍ താഴെ പോകുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച ഏജൻസികളും ഉണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വർദ്ധിത ഭൂരിപക്ഷത്തോടെ തുടർഭരണം നേടിയ 2021ൽ യുഡിഎഫിന് വീണ്ടും സീറ്റുകള്‍ 41 ആയി ചുരുങ്ങി. അഭിപ്രായ സർവേയിൽ എല്ലാ ഏജൻസികളും ഇടതുപക്ഷത്തിന് തുടർഭരണം പ്രഖ്യാപിച്ചെങ്കിലും, ഒരു ഏജൻസി മാത്രമാണ് അത് 90 കടക്കുമെന്ന് പറഞ്ഞത്. ഒരു ഏജൻസി തൂക്കുസഭ വരുമെന്നും പ്രവചിച്ചു. പോളിങ്ങിനു ശേഷം എക്സിറ്റ്പോൾ വന്നപ്പോൾ, നാല് ഏജൻസികൾ തൂക്കു സഭ വരുമെന്നും ഒരു ഏജൻസി യുഡിഎഫ് ജയിക്കുമെന്നും പ്രവചിച്ചു. രണ്ട് ഏജൻസികൾ മാത്രമാണ് നൂറിനോടടുത്തുള്ള സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് പറഞ്ഞത്.

ചരിത്രം പരിശോധിച്ചാൽ പൊതുവേ ഇന്ത്യയിലെ മാധ്യമ എക്സിറ്റ്പോൾ ഫലങ്ങൾ കൃത്യമല്ലെന്ന് കാണാം. ശരിയായ സാമ്പിൾ ശേഖരിക്കാൻ കഴിയാത്തതും പൊതുജനങ്ങളുടെ അഭിപ്രായം കൃത്യമായി മനസ്സിലാക്കുന്നതിൽ അബദ്ധം പിണയുന്നതും ഡാറ്റക്ക് മുകളിലുള്ള വ്യാഖ്യാനങ്ങൾ തെറ്റിപ്പോകുന്നതുമാണ് ഇതിന് കാരണം. രാഷ്ട്രീയപാർട്ടികളെ പോലെ തന്നെ, പ്രബല വിഭാഗങ്ങളെയാണ് എക്സിറ്റ് പോളുകളും പ്രതിനിധീകരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയും. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും നിശബ്ദ വോട്ടർമാരെയും കണ്ടെത്താൻ കഴിയാത്ത തെരഞ്ഞെടുപ്പ് പ്രവചന ഫലങ്ങൾ തെറ്റിപ്പോവുകയാണ് പതിവ്.
ഇന്ന് ന്യൂസ് ചാനലുകളുടെയും ഇൻറർനെറ്റിന്റെയും വളർച്ച എക്സിറ്റ്പോൾ പ്രവചനങ്ങളുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നു. ഗവേഷണ ഫലങ്ങളെയും, സ്റ്റാറ്റിസ്റ്റിക്കൽ ഉപകരണങ്ങളെയും ഉപേക്ഷിച്ച തെരഞ്ഞെടുപ്പ് ഫലപ്രവചനം ഇന്ന് മാധ്യമ ലോകത്തിൻറെ പന്തയമായി മാറിയിരിക്കുകയാണ്. റേറ്റിങ്ങുകളെ മാത്രം പിന്തുടരുകയും ഭാവി ഓഹരിമാർക്കറ്റിലെ ഊഹക്കച്ചവടത്തിന് മാത്രം സാധ്യതകൾ ഒരുക്കുകയും ചെയ്യുന്ന ഒരു കോർപ്പറേറ്റ് വിപണിതന്ത്രം.

വലിയ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ദേശീയ പൊതുതെരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോൾ പ്രവചനം നടക്കുന്ന ദിവസം പോലും ഓഹരി വിപണി വലിയ പടവുകൾ കയറുകയും കൂപ്പുകുത്തുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഗവേഷണാധിഷ്ഠിത പഠനരൂപങ്ങളിൽ നിന്ന് ആവേശത്തിന്റെ വിനോദരൂപങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രവചനം അധഃപതിച്ചിരിക്കുന്നു. അതുകൊണ്ട് ചാനൽ മുറികളിൽ മാധ്യമ അവതാരകർ അവതരിപ്പിക്കുന്ന കണക്കുകൾ, മാർക്കറ്റിൽ ലാഭം ബുക്ക് ചെയ്ത് പണമിറക്കുന്നവരുടെയും പണം തിരിച്ചുപിടിക്കുന്നവരുടെയും മാത്രം അജണ്ടയാണോ നടപ്പാക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.
തെരഞ്ഞെടുപ്പിന് ശേഷം എക്സിറ്റ് പോള്‍ പ്രവചനഫലം അനിവാര്യമാണെന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പ് കണക്കുകളിലെ ആഴത്തിലുള്ള ഗവേഷണ ഫലങ്ങൾ പുറത്തു വരാനുള്ള സാധ്യതകളാണ് എക്സിറ്റ് പോൾ തുറന്നിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പലപ്പോഴും ഉയർന്നുവരാറുള്ള ഉപരിപ്ലവമായ വിഷയങ്ങൾ ജനങ്ങൾ എങ്ങനെ വിലയിരുത്തി എന്ന് അത്തരം ഗവേഷണങ്ങളിലൂടെ കണ്ടെത്താം. ലോകത്തിലെ ജനാധിപത്യ സ്ഥാപനങ്ങൾ ശരിയായ സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യാം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 എ പ്രകാരമാണ് എക്സിറ്റ് പോളുകൾ നിയന്ത്രിക്കപ്പെടുന്നത്. അഭിപ്രായ സർവ്വേകൾ ജനങ്ങളുടെ തിരഞ്ഞെടുപ്പുകളെ അന്യായമായി സ്വാധീനിക്കാതിരിക്കാൻ ശക്തമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്. വിവിധ കമ്പനികളെയും ബിസിനസുകളെയും നിരീക്ഷിക്കാനായി ലൈസൻസുകൾ നിർബന്ധമാക്കിയത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ ഒരു നിയന്ത്രണ പ്രക്രിയ എക്സിറ്റ് പോള്‍ സംവിധാനങ്ങൾക്ക് മുകളിലും വേണമെന്ന ആവശ്യവും ശക്തമാണ്. അത് സോഷ്യൽ മീഡിയയിൽ വിവിധ താൽപര്യങ്ങൾ മാത്രം മുൻനിർത്തി കൃത്രിമമായി നിർമ്മിച്ച കപട ഒപ്പീനിയൻ പോൾ-എക്സിറ്റ് പോൾ ഫലങ്ങൾക്ക് തടസ്സമിടും.
ആർട്ടിക്കിൾ 324 പ്രകാരമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കുന്നത്. നമ്മുടെ ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷനോട് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിർദ്ദേശിച്ചിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്, മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കപ്പെടണം എന്നതാണ്. അതുകൊണ്ട് എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ മാധ്യമങ്ങളാണ് പ്രധാനമായി ഇടപെടേണ്ടത്. കൂടുതൽ സുതാര്യത വരുത്തിയ, പോൾ ഏജൻസികളുടെ ഉടമസ്ഥതയും സാമ്പത്തികസ്രോതസ്സും വെളിപ്പെടുത്തുന്ന, ശേഖരിച്ച വിവരം സീറ്റ് കണക്കുകളായി രൂപപ്പെട്ടതിന്റെ ഫോർമുല വിശദീകരിക്കുന്ന എക്സിറ്റ് പോളുകളാണ് ജനാധിപത്യം അർഹിക്കുന്നത്. കോർപ്പറേറ്റ് താൽപര്യങ്ങൾ മാറ്റിവെച്ച് ശരിയായ ജനാധിപത്യ ചർച്ചകളിലേക്കും ഗവേഷണങ്ങളിലേക്കും മാധ്യമങ്ങൾ തിരിച്ചുവരേണ്ടതുണ്ട്.
