സിപിഐഎമ്മിന്റെ രാജ്യസഭാംഗം ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടെ കാലാവധി പൂര്‍ത്തിയായതോടെ പാര്‍ലമെന്റിലെ ബംഗാള്‍ ഇടതുപക്ഷത്തിന്റെ സ്ഥാനം ഇപ്പോള്‍ പൂജ്യമാണ്. കഴിഞ്ഞതവണ നിയമസഭയിലേക്ക് കോണ്‍ഗ്രസും -സിപിഐഎമ്മും സംയുക്തമായി മത്സരിച്ചിട്ടും ലഭിച്ചത് പൂജ്യമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ബംഗാളിന് പഠിക്കുമോ ബംഗാള്‍ കേരളത്തിന് പഠിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍.
2026 ഏപ്രിൽ 2 വരെ തുടരുന്ന പാർലമെന്റ് സമ്മേളനത്തിനിടയിൽ വെച്ച് ബംഗാളിൽ നിന്നുള്ള ഏക ഇടത് എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ രാജ്യസഭാംഗത്വത്തിൽ നിന്ന് വിട പറഞ്ഞിരിക്കുകയാണ്. ഇടതു പാർട്ടികൾക്കും കോൺഗ്രസിനും സംയുക്തമായി 70ഓളം സീറ്റുകൾ നിയമസഭയിൽ ഉണ്ടായിരുന്ന കാലത്ത്, 2020ൽ, പശ്ചിമബംഗാൾ നിയമസഭ പാർലമെന്റ് അംഗമായി തെരഞ്ഞെടുത്ത് പറഞ്ഞയച്ചതാണ് ബികാഷ് രഞ്ജനെ. 2024-25 കാലങ്ങളിൽ ഒരു വർഷത്തോളം കാലം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ രാജ്യസഭാ കക്ഷി നേതാവായും അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞു. കൽക്കത്താ നഗരത്തിന്റെ മേയറായും അദ്ദേഹം ചുമതല ഏറ്റെടുത്തിട്ടുണ്ട്. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പും നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷനും കോടതിയുടെ മുമ്പിൽ എത്തിച്ച് തൃണമൂൽ കോൺഗ്രസ് സർക്കാരുകളുടെ അഴിമതിക്കഥകളെ ചർച്ചയാക്കിയ സീനിയർ അഭിഭാഷകൻ കൂടിയാണ് ബികാഷ് രഞ്ജൻ.
ബംഗാൾ നിയമസഭ രാജ്യസഭാംഗമായി പറഞ്ഞയച്ചിരിക്കുന്ന രാകേഷ് സിൻഹയുടെ പാർട്ടിയും നിലവിൽ തന്നെ രാജ്യസഭാംഗമായി തുടരുന്ന ഡെറിക് ഒബ്രിയന്റെ പാർട്ടിയും ഇനിയും നിരവധി രാജ്യസഭാംഗങ്ങളെ ബംഗാളിൽ നിന്ന് പാർലമെന്റിലേക്ക് പറഞ്ഞയക്കും.
കാലാവധി പൂർത്തിയാക്കിയ ബികാഷ് രഞ്ജന്‍ ശേഷം ഇനി ഒരു ഇടതുപക്ഷ സ്ഥാനാർത്ഥിയെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചയക്കാൻ ബംഗാളിലെ ഇടത്-കോൺഗ്രസ് സഖ്യത്തിന് കുറച്ചുകാലത്തേക്ക് എങ്കിലും കഴിയില്ല.
ഇടതുപാർട്ടികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും
യും സഖ്യം സമ്പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾ വർഗ്ഗവൈരികളായി പരസ്പരം പോരടിച്ചവർ ഒന്നിച്ചു നിന്നിട്ടും കഴിഞ്ഞ തവണ അവര്‍ക്ക് ബംഗാൾ നിയമസഭയിലെ 294ൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത പരിതാപാവസ്ഥയിലായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി ഭൂപേഷ് ഗുപ്ത മുതൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെയുള്ള സുപ്രധാന രാഷ്ട്രീയ നേതാക്കൾ പാർലമെന്റിലെത്തിയത് ബംഗാൾ നിയമസഭ പറഞ്ഞയച്ചിട്ടാണ്. ഇന്ത്യൻ യൂണിയനും രാജ്യസഭയും രൂപപ്പെട്ട കാലം മുതൽ ബംഗാളിൽ നിന്ന് ഇടതുപക്ഷത്തിന് രാജ്യസഭാംഗങ്ങളുണ്ട്. എസ്എഫ്ഐയുടെ ജനറൽ സെക്രട്ടറിയായും പിന്നീട് രാജ്യസഭാംഗമായും പ്രവർത്തിച്ച റിതബ്രത ബാനർജിയെ സിപിഐഎം പുറത്താക്കിയ കാലം മാത്രം ഒഴിച്ചുനിർത്തിയാൽ, തുടർച്ചയായി 74 വർഷം ഇടതുപക്ഷ രാജ്യസഭാംഗങ്ങൾ ബംഗാളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഒരു കാലത്ത് രാജ്യത്തെ നേർവഴിക്ക് നടത്തിയ പാർലമെന്ററിവ്യവഹാരങ്ങളിൽ പങ്കെടുത്ത മിക്കവാറും ബംഗാൾ സ്വദേശികളെ രാജ്യസഭയിലേക്ക് പറഞ്ഞയച്ചത് ഇടതുപക്ഷമായിരുന്നു. മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ, ഇടതുപക്ഷത്തിന് കരുത്തായി മാറിയ രാജ്യസഭാ പ്രതിനിധികളെ യുക്തിപൂർവ്വം പാർലമെന്റില്‍ എത്തിക്കുന്ന സംസ്ഥാനത്തിന്റെ പേരായിരുന്നു പശ്ചിമബംഗാൾ.
കർഷക നേതാവായ റാം നാരായൺ ഗോസ്വാമിയും തൊഴിലാളി നേതാവായ സുകോമൾ സെന്നും പാർലമെന്റിലെത്തിയത് ബംഗാളിൽ നിന്ന് ഇടതുപക്ഷം പറഞ്ഞയച്ചിട്ടാണ്. ക്യാപ്റ്റൻ ലക്ഷ്മിയും സുശീലാ ഗോപാലനും അഹല്യ രംഗനേക്കറും മല്ലു സ്വരാജ്യവും പപ്പാ ഉമാനാഥുമെല്ലാം ചേർന്ന് ജനാധിപത്യമഹിളാ അസോസിയേഷൻ രൂപപ്പെടുത്തുമ്പോൾ അതിന്റെ സ്ഥാപക നേതാവായും അതേസമയത്ത് തന്നെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായും കനക് മുഖർജി ഉണ്ടായിരുന്നു. ഒരു പതിറ്റാണ്ട് കാലം ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് സലിം, ഇന്ന് സിപിഐഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തുടരുന്ന മുഹമ്മദ് സലിം, ഇന്ത്യൻ യുവതയെ നയിക്കുന്ന കാലത്ത് ബംഗാളിനെയും പ്രതിനിധീകരിച്ചുകൊണ്ട് രാജ്യസഭാംഗത്വത്തിൽ ഉണ്ടായിരുന്നു.

കോളനിവിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭകാലത്തും അടിയന്തരാവസ്ഥയുടെ കാലത്തും നവലിബറൽ നയാധീശത്വത്തിന്റെ കാലത്തും സമരോത്സുകമായ ഇന്ത്യയെ നയിക്കാൻ ബംഗാളി ഇടതുപക്ഷം ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ ബംഗാളി പാരമ്പര്യത്തെ സാഹിത്യത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും കടഞ്ഞെടുത്ത് അവർ രാഷ്ട്രീയത്തിലേക്ക് പകർന്നു. മൂന്നര പതിറ്റാണ്ടുകാലം ഭരണവും സമരവുമായി സമർത്ഥമായി കത്തിജ്വലിച്ചു. സഭയിലും തെരുവിലും ഏറ്റവും ശരിയായി പോരാടി.
ബംഗാളിന്റ് കമ്മ്യൂണിസ്റ്റ് ഭരണ ചരിത്രത്തിൽ രണ്ട് മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ജ്യോതി ബാബുവും ബുദ്ധ ബാബുവും.
1990കളിലെ ഭരണ പ്രതിസന്ധിയുടെ ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട നേതാവാണ് ജ്യോതിബസു. വി പി സിംഗ്, ചന്ദ്രശേഖർ സർക്കാരുകൾ വീണപ്പോഴും ബിജെപിയുടെ ഭൂരിപക്ഷത്തിന് ബദൽ തീർക്കാൻ പരിശ്രമിച്ചപ്പോഴും ഉയർന്ന അവസരങ്ങൾ എളിമയോടെ നിരസിച്ചു. ‘ചരിത്രപരമായ മണ്ടത്തര’മെന്ന് പിന്നീട് ബസു വിശേഷിപ്പിച്ച കാലം!2004ൽ വീണ്ടും ഭരണം പിടിക്കാനിരുന്ന അടൽ ബിഹാരി വാജ്പേയിയെ തോൽപ്പിച്ച്, പുറത്തുനിന്ന് പിന്തുണച്ച് ഒന്നാം യുപിഎയ്ക്ക് ഭൂരിപക്ഷം നൽകുമ്പോൾ ഇടതുപക്ഷത്തിന് 60ലധികം ലോക്സഭാംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ബംഗാളിൽ നിന്നുള്ള പ്രാതിനിധ്യം മാത്രം 35 പേർ വരും.

സാന്ദർഭികവശാൽ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ അടക്കമുള്ള രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് സമ്മേളനത്തിലും ഇത് ചർച്ചയായി. സിപിഐഎം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസും കോൺഗ്രസ് നേതാവ് ജയറാം രമേശും തമ്മിലുള്ള തർക്കത്തിൽ യുപിഎക്കാലം കടന്നുവന്നു. ഞങ്ങളുടെ എംപിമാർ നിരുപാധികമായി പിന്തുണച്ചതുകൊണ്ടാണ് നിങ്ങൾക്ക് മന്ത്രിയാകാൻ കഴിഞ്ഞതെന്ന് ജയറാം രമേശിനെ നോക്കി സിപിഐ
എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ഓർമിപ്പിച്ചു.
നീണ്ട 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനു ശേഷം 11 വർഷക്കാലമാണ് ബുദ്ധദേവ് ഭട്ടാചര്യ ബംഗാളിന്റെ മുഖ്യമന്ത്രിയായി തുടർന്നത്. അക്കാലത്താണ് സിപിഐഎം പ്രധാനപ്പെട്ട വെല്ലുവിളികളെ നേരിട്ടത്. വ്യവസായ വിപ്ലവം നടത്തി കൂടുതൽ മനുഷ്യർക്ക് തൊഴിലുറപ്പാക്കാൻ വേണ്ടി നന്ദിഗ്രാമിൽ സ്വകാര്യ പെട്രോകെമിക്കൽ ഹബ്ബും സിംഗൂരിൽ സ്വകാര്യ കാർ നിർമ്മാണ ഫാക്ടറിയും ആസൂത്രണം ചെയ്തത് വലിയ
കർഷക സമരത്തിന് ഇടയാക്കി. പൊലീസ് വെടിവെപ്പും സർക്കാർ വിരുദ്ധ സമരങ്ങളും പ്രതിപക്ഷത്തു നിലയുറപ്പിച്ച തൃണമൂലടക്കമുള്ള പാർട്ടികളുടെ സംഘടിത നീക്കവും കേരളത്തിൽ അരങ്ങേറിയ വിമോചന സമരത്തിന്റെ നിറം ബംഗാളിനും പകർന്നു. ചിലരെല്ലാം ആശയോടെയും ചിലരൊക്കെ ഭീതിയോടെയും ഉറ്റുനോക്കിയ 34 വർഷം നീണ്ട ബംഗാളിലെ ഇടതുഭരണം 2011ലാണ് താഴെ വീണത്. ബുദ്ധ്ദേവിന്റെ ഇടപെടലുകളെ ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയുമായി താരതമ്യപ്പെടുത്തിയവരിൽ മുൻ പാർട്ടി പ്രവർത്തകനായ മാധ്യമപ്രവർത്തകൻ സൗർജ്യ ഭൗമിക് രചിച്ച ഗ്യാങ്സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തകവുമുണ്ട്. പിന്തിരിപ്പൻ ശക്തികളുടെ അണിയറ നീക്കമാണ് ഇടതുപക്ഷ സർക്കാരിനെ താഴെ വീഴ്ത്തിയതെന്ന് സിപിഐഎമ്മും വ്യാഖ്യാനിക്കുന്നു.

സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പുകളിൽ ബംഗാളിനെ കണ്ടുപഠിക്കാമെന്ന് പറഞ്ഞു നടന്നിരുന്ന ഒരു മുൻകാലമുണ്ടായിരുന്നു കേരളത്തിന്. ഇടതുപക്ഷ ഭരണനേതൃത്വത്തെ ബംഗാൾ ജനത 34 വർഷം നെഞ്ചേറ്റിയതാണ് ആ കാലം. പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഭരണ നേതൃത്വത്തിൽ തുടർന്ന ഏറ്റവും നീണ്ട കമ്മ്യൂണിസ്റ്റ് സർക്കാരായിരുന്നു അത്.
എന്നാൽ 2011ൽ പരാജയപ്പെട്ട് പ്രതിപക്ഷത്താവുകയും 2016ൽ കോൺഗ്രസുമായി യോജിച്ചിട്ടും പിന്നിൽപോവുകയും 2021ൽ സംപൂജ്യരായതും അതിവേഗമായിരുന്നു. ഇന്ന് ബംഗ്ലാ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തൃണമൂൽ കോൺഗ്രസും ബിജെപിയും ചേർന്നാണ്. സെൻട്രൽ കൊൽക്കത്തയിലെ അലിമുദ്ദീൻ തെരുവിൽ ഉയർന്നുനിൽക്കുന്ന മുസഫർ അഹമ്മദ് ഭവൻ നിരാശയുടെ പടുകുഴിയിൽ പതിച്ചിരിക്കുന്നു. തെറ്റും ശരിയുമെല്ലാം ഈ രണ്ടുപാർട്ടികൾക്കിടയിൽ വേർതിരിക്കപ്പെട്ട സമയത്ത് മൂന്നാമതൊരു മുന്നണിക്ക് സാധ്യത തന്നെ മങ്ങുകയാണ്. ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിൽ സെൻട്രൽ കൊൽക്കത്തയിലെ പരേഡ് ഗ്രൗണ്ട് എപ്പോഴും ചുവന്നുതുടുക്കാറുള്ളപ്പോഴും, അലിമുദ്ദീൻ തെരുവിലെ മുസഫർ അഹമ്മദ് ഭവൻ നിരാശയുടെ പടുകുഴിയിൽ പതിക്കുന്നു. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ തുടരുന്ന മുന്നണികളിൽ ഏതെങ്കിലും ഒന്നിനെ റീപ്ലേസ് ചെയ്യാനുള്ള അവസരം പോലും ഇല്ലെന്ന തരം അസ്തിത്വ പ്രതിസന്ധിയാണ് ബംഗാളി ഇടതുപക്ഷം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന് തിരിച്ചുവരാൻ കഴിയുമെന്ന സൂചനകൾ ചെറുതായെങ്കിലും തന്നത് കഴിഞ്ഞകാല തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു. പുതിയ കേഡറുകളെ കണ്ടെത്തി തിരിച്ചുവരാനുള്ള പരിശ്രമം ശക്തമായി തുടരുന്നുണ്ട്. എന്നാല്‍ പുതുതായി കണ്ടെത്തിയ കേഡറുകൾ അവസരം നോക്കി പ്രസ്ഥാനശത്രുക്കളുടെ കൈക്കോടാലികളായി മാറുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നിലെ പ്രതിസന്ധിയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി മറ്റൊരു തുടർഭരണം തേടുകയാണ് കേരളത്തിൽ. ബംഗാളിനെ കണ്ടുപഠിക്കാം എന്ന മുദ്രാവാക്യം ഇവിടെ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിരുദ്ധോക്തിയിൽ ആവർത്തിക്കപ്പെടുകയാണ്. എന്നാല്‍ ആര് ആരെയാണ് കണ്ടുപഠിക്കുകയെന്ന് കണ്ടുതന്നെ അറിയണം.
ബംഗാള്‍ കേരളത്തെയോ കേരളം ബംഗാളിനെയോ?
നമ്മുടെ സംസ്ഥാനത്തിനൊപ്പം രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന ബംഗാളിൽ, നഷ്ടപ്പെടാൻ പോലും ഒന്നുമില്ലാത്ത സാഹചര്യത്തിൽ തുടരുകയാണ് ഇടതുപക്ഷം. വിപ്ലവപോരാട്ടങ്ങളുടെ ചുവപ്പ് ഭൂമികയിലേക്ക് ബംഗാളിനെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും ആയാസകരമായ പരിശ്രമം ഏറ്റെടുത്തിരിക്കുകയാണവർ. അനതിവിദൂര ഭാവിയിൽ ബംഗാൾ ജനത ഇന്നിന്റെ ബൈപ്പാർട്ടിസാൻ പ്രതിസന്ധി മറികടന്ന് പുതുബംഗാൾ നേടിയെടുക്കും എന്നാണ് സഖാക്കളുടെ പ്രതീക്ഷ.
