ഡോ. ജോണ്‍ബ്രിട്ടാസ് എം പിയുടെ ക്യൂബന്‍ യാത്രാനുഭവം
ചരിത്രത്തിലും വര്‍ത്തമാനത്തിലും അദ്ഭുതമാണ് ക്യൂബ. അറ്റ്ലാന്റിക്ക് സമുദ്രത്തിലെ കരീബിയന്‍ ദ്വീപസമൂഹങ്ങള്‍ക്കിടയില്‍ നിന്നും വിശ്വമാകെ പടര്‍ന്ന വിപ്ലവ സ്വപ്നം. അതിവിനാശകരായ അമേരിക്കന്‍ ഐക്യന്‍ നാടുകളുടെ അരികെയിരിക്കുമ്പോഴും തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കും ലോകമാകെയും വിമോചന മാതൃകയാണ് ഇന്നും കൊച്ചു ക്യൂബ. മലയാളിക്ക് സ്വന്തം അയല്‍നാടു പോലെ സുപരിചിതമായ വിപ്ലവത്തിന്റെ വാഗ്ദത്ത ദേശം.
കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഞാനുള്‍പ്പെടെയുള്ള സംഘം മൂന്നു ദീവസം ക്യൂബയിലൂടെ സഞ്ചരിച്ചുകണ്ട കാഴ്ചകളോരോന്നും, ലോകത്തിനും വിശിഷ്യാ കേരളത്തിനും ഈ സോഷ്യലിസ്റ്റ് സ്വപ്നഭൂമി പകര്‍ന്നു തരുന്ന പ്രചോദനം തുറന്നുകാണിക്കുന്നതാണ്.
സാമ്രജ്യത്വത്തിന്റെ പലവിധ പിന്‍വാതില്‍ യുദ്ധങ്ങള്‍ തോറ്റ കടലിടുക്കിലൂടെ പതിറ്റാണ്ടുകളുടെ പ്രമാദമായ സാമ്പത്തിക ഉപരോധത്തെയും പ്രചണ്ഡമായ ദുഷ്പ്രചരണങ്ങളെയും നേരിട്ടുകൊണ്ട് ക്യൂബ കുതിക്കുന്നത് മറ്റേതെങ്കിലും വന്‍കരയില്‍ നിന്നല്ല, അമേരിക്കയുടെ മൂക്കിനു താഴെ നിന്നാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ തെക്കേ മൂലയിലുള്ള കീവെസ്റ്റില്‍ നിന്ന് ക്യബയിലേക്ക് വെറും എണ്പതു കിലോമീറ്റര്‍ മാത്രമാണ് ദൂരം. കേരളത്തിലേക്കാകട്ടേ മൂന്ന് ഭൂഖണ്ഡങ്ങളുടെ ദൂരമുണ്ട്. എന്നാല്‍ ആ അകലങ്ങള്‍ക്കപ്പുറം കേരളത്തിന് ഇത്രയേറെ ഹൃദയാടുപ്പമുള്ള രാജ്യം വേറെയില്ല. ക്യൂബന്‍ വിപ്ലവ നായകനായ ഏണസ്റ്റോ ചെഗുവേരയുടെ 95-ാം ജന്മദിനത്തില് കേരളത്തിന്റെ ജനനായകനും സംഘവും ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തിയപ്പോള്‍ പുതിയ ചില ശക്തിമാതൃകകള് കൂടി നമ്മള് കണ്ടെത്തുകയാണ്.
സഖാവ് പിണറായി ക്യൂബ സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ്. ലോകത്താദ്യമായി ബാലറ്റുപെട്ടി വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വന്ന നാട്ടില്‍ നിന്നുമുള്ള നമ്മുടെ മുഖ്യമന്ത്രിയെ വിപ്ലവക്യൂബ സ്വീകരിക്കുമ്പോള്‍ സ്വീകരിക്കുന്നത് നമ്മുടെ നാടിനെത്തന്നെയാണ്. കേരളത്തേക്കാള്‍ നാലിരട്ടി ഭൂവിസ്തൃതിയുള്ള സോഷ്യലിസ്റ്റ് ക്യൂബയുമായി നമുക്ക് കാലാവസ്ഥയിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ കാലാവസ്ഥയിലും സമാനതകളേറെയുണ്ട്. അതിനപ്പുറം പരസ്പര സഹകരണത്തോടെ കൈമാറാനുള്ള ഈടുവെപ്പുകളും അനവധി. അതുകൊണ്ട് സഖാവ് പിണറായിയുടെ ഈ ക്യൂബന്‍ യാത്ര ഭാവികേരള വികസനത്തിലേക്കുള്ള ചവിട്ടുപടികളായിത്തന്നെയാണ് രേഖപ്പെടുത്തപ്പെടുക.

ചരിത്രത്തില്‍ കാലൂന്നിയല്ലാതെ വര്‍ത്തമാനത്തെ അഭിമുഖീകരിക്കുക അസാധ്യമെന്ന് പറയുന്ന രാജ്യമാണ് ക്യൂബ. സ്പാനിഷ് കോളനി വിരുദ്ധ പോരാട്ടകാലത്തെയും ആഭ്യന്തര വിപ്ലവകാലത്തെയും അനവധി ചരിത്രശേഷിപ്പുകള്ക്കിടയിലൂടെയല്ലാതെ ക്യൂബയുടെ ഹൃദയമറിയിയാന് എളുപ്പ വഴികൊളൊന്നുമില്ല. ഹവാനയുടെ പുരാതന ചരിത്രത്തിലേക്കുള്ള കവാടമാണ് ജോസ് മാര്‍ട്ടി പാര്‍ക്ക്. ക്യൂബയിലെ മഹാനായ സ്വതന്ത്ര്യ സമരനായകന് കുതിരപ്പുറമേറി നില്ക്കുന്ന പ്രതിമയ്ക്ക് താഴെ സഖാവ് പിണറായി ആദരമര്‍പ്പിച്ചുകൊണ്ടാണ് ആ യാത്ര തുടങ്ങിയത്.
സ്പാനിഷ് കോളനിവാഴ്ചയ്ക്കെതിരായി പോരാടി ജന്മനാടിനെ വിമോചിപ്പിച്ച ക്യൂബയുടെ സൈമണ്‍ ബോളിവറാണ് ജോസ് മാര്ട്ടിയെന്നാണ് വിശേഷണം. സ്വതന്ത്ര്യപ്പോരാളി എന്നതിനപ്പുറത്ത് മഹാകവിയും തത്വചിന്തകന്‍ കൂടിയായ ജോസ് മാര്‍ട്ടിയുടെ ആയിരക്കണക്കിനായ പ്രതിമകള്‍ ക്യൂബ ഇപ്പോഴും പരിപാലിച്ചു പോകുന്നു; അദ്ദേഹമൊരു കമ്മ്യൂണിസ്റ്റ് അല്ലാഞ്ഞിട്ടും.
മതവിശ്വാസികളോടും കലാകാരന്മാരോടും എഴുത്തുകാരോടും ഈ കമ്മ്യൂണിസ്റ്റു രാജ്യത്തിന്റെ സഹിഷ്ണത ഉയര്‍ത്തിക്കാട്ടുന്ന അടയാള സ്തൂപങ്ങള്‍
എത്രയുമുണ്ട് ക്യൂബയില്‍. ഹവാനയില്‍ കടലിന്നഭിമുഖമായി നിലകൊള്ളുന്ന യേശുക്രിസ്തുവിന്റെ പ്രതിമ ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പോലെ തന്നെ പ്രശസ്തമാണ്. അതുപോലെ തന്നെ ചരിത്രപ്രസിദ്ധമാണ് കാസ്ട്രോ- മാര്‍പ്പാപ്പ സൗഹൃദവും; മദര്‍തെരേസയെപ്പോലുള്ള മഹതികളുമായുള്ള ക്യൂബയുടെ ആത്ബന്ധവും. അറിയപ്പെടുന്ന എഴുത്തുകാരനാകുന്നതിന് മുമ്പേ നോബല്‍ ജേതാവായാ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്ക്വസ് കാസ്ര്ടോയുടെ ആത്മസുഹൃത്തായിരുന്നു. ജനിച്ച നാടുവിട്ട് പ്രവാസിയായ എഴുത്തുകാരന് വളരെക്കാലം താങ്ങും തണലുമായിരുന്നു കാസ്ട്രോ. വിശ്വസാഹിത്യകാരന് എണസ്റ്റ് ഹെമിംഗ്വേയും വളരെ വര്‍ഷങ്ങള്‍ ജീവിക്കാന്‍ തെരഞ്ഞെടുത്ത നാടും ക്യൂബയായിരുന്നു. കിഴവനും കടലുമുള്പ്പെടെ സര്‍ഗ്ഗലോകത്തെ ഇളക്കിമറിച്ച കൃതികള്‍ക്ക് പണിപ്പുരയായ ഹെമിംഗ്വേ ഭവനവും ക്യൂബക്കാര്‍ നിധിപോലെ നിലനിര്‍ത്തിയിരിക്കുന്നു. കമ്മ്യൂണിസത്തോടൊപ്പം കാല്‍പ്പനിക ഭാവനകളെയും വാരിപ്പുണരുന്ന ഫിദലിന്റെയും ചെയുടെയും സര്ഗ്ഗസാഹോദര്യത്തെ ക്യൂബ എക്കാലവും വിലമതിച്ചിരുന്നു.

ക്യൂബൻ വിപ്ലവത്തെക്കുറിച്ചും ഫിഡൽ കാസ്ട്രോയെക്കുറിച്ചും ചെ ഗുവേരയെക്കുറിച്ചുമുള്ള ചരിത്രകഥകളില്‍ നമ്മള് മലയാളികള്‍ക്ക് അറിയാത്തതായി എന്താണുള്ളത്? സഖാവ് പിണറായി വിജയനൊപ്പം ഞങ്ങളുടെ സംഘം ഫിദല്‍ കാസ്ട്രോ സെന്ററും റവല്യൂഷനറി മ്യൂസിയവും ചെയുടെ ഭവനവും ബേ ഓഫ് പിഗ്സും സന്ദര്‍ശിച്ചപ്പോള്‍ ചരിത്രത്തിന്റെ ആ ധീരമുഖങ്ങള് ഓരോന്നായി അപരിചിതത്വങ്ങളൊന്നുമില്ലാതെ കയറിവന്നു. ലോകമുതലാളിത്ത വ്യവസ്ഥയെ ഞെട്ടിത്തരിപ്പിച്ച വിപ്ലവത്തിന്റെ കനലുകളെല്ലാം ചരിത്രത്തിന്റെ ചാരം നീങ്ങി തെളിഞ്ഞുവരുന്നതു പോലെ തോന്നി. 1959ലെ സായുധവിപ്ലവത്തിലൂടെ ഫിദലും റൗളും കാമില്ലോയും ചെയും മറ്റനേകം ഉശിരൻ പോരാളികളും സ്വേച്ഛാധിപതി ബാറ്റിസ്റ്റയെയും തറപറ്റിച്ച പോരാട്ടത്തിന് ചരിത്രത്തില്‍ വേറെന്തു സമാനതകള്‍ ഉയര്‍ത്തിപ്പിടിക്കാനുണ്ട്?
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്സിലെ റൊസാരിയോ എന്ന ചെറു പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന അതിതീവ്ര ആസ്തമാരോഗിയും ഒപ്പം തന്നെ ഡോക്ടറുമായ ഏണസ്റ്റോ ചെഗുവേരയും ക്യൂബയിലെ ഹോള്‍ഗുയിന്‍ പ്രവിശ്യയിലെ ബീരാന് എന്ന ഗ്രാമത്തിലെ സമ്പന്ന ഭൂടമയുടെ മകനായ ഫിദല്‍ കാസ്ട്രോ എന്ന അഭിഭാഷകനും തമ്മിലുള്ള വിപ്ലസാഹോദര്യം ചരിത്രത്തിലെന്നപോലെ ഇവിടെ റവല്യൂഷണറി മ്യൂസിയത്തിലെ ചില്ലലമാരകളിലും ഭദ്രമായി കാണുന്നത് അത്യന്തം വികാര നിര്ഭരമാണ്. 1953ല്‍ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോയ്ക്കൊപ്പം മാസങ്ങളോളെ ചെ ലാറ്റിനമേരിക്കയില്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ ഡയറിക്കുറിപ്പുകള്‍ ജീവന് തുടിക്കുന്നതു പോലെ തോന്നും.

ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം എന്നു പ്രഖ്യാപിച്ച് 1956 നവംബർ 25 ന് എണ്‍പത്തിരണ്ട് സൈനികരേയും വഹിച്ചുകൊണ്ട് മെക്സിക്കൻ തീരത്തു നിന്നും ഫിദലും റൗളും ചെ യും ഗ്രാന്മ കപ്പലില്‍ തുടങ്ങിയ വിപ്ലവ യാത്ര . രണ്ടുവര്‍ഷത്തിലധികം കാലം നീണ്ട ഗറില്ലാപോരാട്ടത്തിനൊടുവില് 1959 ജനുവരി 15ന് ഫിദല്‍ കാസ്ട്രോ നടത്തിയ വിപ്ലവത്തിന്റെ ഐതിഹാസിക വിജയ പ്രഖ്യപനം. ബാറ്റിസ്റ്റയെന്ന അവതാരത്തെ സൃഷ്ടിച്ച അമേരിക്ക വിപ്ലവ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ 1961ല്‍ പരസ്യമായി തന്നെ രംഗത്തുവന്ന ബേ ഓഫ് പിഗ്സ് ആക്രമണം. ഒടുവില്‍ വിയറ്റ്നാമിലേതു പോലെ നാണംകെട്ടുള്ള തോറ്റോടല്‍. എല്ലാചരിത്രകഥകളും ക്യബയിലെ ബേ ഓഫ് പിഗ്സില്‍ നില്ക്കുമ്പോള് മനസ്സിലൂടെ ഇരമ്പിമറിയും.
തൊണ്ണൂറുകളില്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ക്യൂബയുടെ തകർച്ച സ്വപ്നം കണ്ടിരുന്നു അമേരിക്ക. പിന്നീട് ക്യൂബന്‍ വിപ്ളവനായകന് ഫിദല്‍ കാസ്ട്രോ ഓര്‍മ്മയായപ്പോഴും ഈ സോഷ്യലിസ്റ്റ് തുരുത്ത് തകരുമെന്ന് പ്രതീക്ഷിച്ചു. അതും കഴിഞ്ഞ് ഫിദലിന്റെ സഹോദരൻ റൗൾ കാസ്ട്രോ പ്രസിഡന്റ് സ്ഥാനവും കമ്യൂണിസ്റ്റ് പാർടി സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞപ്പോഴും വിപ്ലവാനന്തര തലമുറയുടെ പ്രതിനിധിയായി മിഗേൽ ദിയാസ് കനേൽ അധികാരമേറ്റപ്പോഴും അമേരിക്ക പഴയ വ്യാമോഹങ്ങള്‍ തുടര്‍ന്നു. പക്ഷേ സംഭവിച്ചത് കൂടുതല്‍ കരുത്തോടെയും കരളുറപ്പോടെയുമുള്ള ക്യൂബയുടെ കുതിപ്പാണ്. സഖാവ് പിണറായി മിഗേൽ ദിയാസ് കനേലുമായി വിപ്ളവക്കൊട്ടാരത്തിലേക്ക് നടക്കുമ്പോള്‍ ആ ചരിത്രം കൂടി അയവിറക്കെപ്പെട്ടു.
നിലവിലെ ലോക രാഷ്ട്രീയസാഹചര്യത്തില്‍ പൊതു ലക്ഷ്യങ്ങളും പോതു താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി സവിശേഷമായ സാമ്യങ്ങളുള്ള രണ്ട് ദേശങ്ങള്‍ കൈകോര്‍ക്കുകായിരുന്നു; മിഗേൽ ദിയാസ് കനേല്‍ പിണറായി കൂടിക്കാഴ്ചയിലൂടെ.

സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ക്യൂബന്‍ പ്രസിഡണ്ടും മനസിലാക്കിയിരുന്നുവെന്നത് ചെറിയ കാര്യമല്ല. ക്യൂബയെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിര്‍ത്തുന്ന ആരോഗ്യം, വിദ്യാഭ്യാസം, കായികം, ബയോടെക്നോളജി രംഗങ്ങളിലെ കേരളം ആശിക്കുന്ന സംരംഭങ്ങള്‍ക്ക് കൈയ്യയച്ചുള്ള പിന്തുണ ക്യൂബന്‍ പ്രസിഡണ്ട് വാഗ്ദാനം ചെയ്തുവെന്നത് തന്നെയാണ് ഈ കൂടിക്കാഴ്ചയുടെ നേട്ടം. സാമ്രാജ്യത്വ ശക്തികൾക്കെതിരെ കൂബ അക്ഷീണം തുടരുന്ന നിശിതമായ പോരാട്ടത്തിനും പ്രതിരോധത്തിനും തന്റെ പാര്‍ട്ടിയുടെയും കേരളത്തിലെ ജനങ്ങളുടെയും പിന്തുണയും ഐക്യദാർഢ്യവും സഖാവ് പിണറായി ക്യൂബന്‍ പ്രസിഡണ്ടിനെ അറിയിച്ചു.
ആരോഗ്യരംഗത്തെ ക്യൂബന്‍ കുതിപ്പിന് ലോകത്ത് വേറെ സമാനതകളില്ല. അമേരിക്കപോലും സ്തംഭിച്ചു നന്ന കൊവിഡ് മഹാമരിക്കാലത്ത് സാഹോദര്യവും മാനവികതയും ഉയർത്തിപ്പിടിച്ച് ക്യൂബ ലോകമാകെ വിന്യസിച്ചത് പതിനെണ്ണായിരത്തോളം ഡോക്ടര്‍മാരെയാണ്. 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ള സൊബെറാനാ ഉൾപ്പെടെ അഞ്ചുതരം വാക്സിനുകള്‍ വികസിപ്പിച്ച് ജീവനുവേണ്ടി നിലവിളിച്ച ദരിദ്രരാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു. അമേരിക്കൻ ഉപരോധം കാരണം വാക്സിനും മറ്റ് മരുന്നുകളും ഇറക്കുമതി ചെയ്യാൻപോലും ക്യൂബയ്ക്ക് കഴിയുമായിരുന്നില്ലെന്ന് ഓര്‍ക്കണം. കോവിഡിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മഹാമരികള്‍ തിമര്‍ത്താടിയപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാരായിരുന്നു ആദ്യം പാഞ്ഞെത്തിയവര്‍.
വൈദ്യസേവനത്തില്‍ മാത്രമല്ല ഔഷധ ഗവേഷണത്തിലും ഉല്‍പ്പാദനത്തിലും ക്യൂബ തലയുയര്‍ത്തി നില്ക്കുന്നു. ആരോഗ്യരംഗം അടക്കി വാഴുന്ന ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികള്‍ക്കെതിരെ ബയോക്യൂബ ഫാര്‍മ നടത്തുന്ന മുന്നേറ്റങ്ങള്‍ ഒരു മുന്നറിയിപ്പാണ്. ചികിൽസയില്ലാ എന്ന് കരുതുന്ന വെള്ളപ്പാണ്ടിനു പോലും ക്യൂബയിൽ മരുന്നുണ്ട്. അമേരിക്ക പോലും ശ്വാസകോശ കാൻസറിനെ പ്രതിരോധിക്കാനുള്ള ക്യൂബന്‍ മരുന്നില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനിക്കും വാക്സിന് കണ്ടെത്തിയിരിക്കുന്നു. അൽഷിമേഴ്സിനെതിരായുള്ള മരുന്നുഗവേഷണം അന്തിമ ഘട്ടത്തിലാണ്.

ഡോക്ടര്‍ ചെഗുവേരയുടെ പിന്‍ഗാമികളായി ഓരോവര്‍ഷവും ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് ക്യൂബയില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. പർവതപ്രദേശങ്ങളിലും വിദൂര ഗ്രാമപ്രദേശങ്ങളിലും വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടർ‐ രോഗി അനുപാതം മറ്റൊരു രാജ്യത്തിനും ഇതുവരെ മറികടക്കാനായിട്ടില്ല. കേരളവുമായി ഒട്ടേറെ മേഖലയിൽ ക്യൂബയുടെ സഹകരണം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ നമുക്കും സാമൂഹ്യ -സാമ്പത്തിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ സഹായകരമാകും.
ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും കൂടിക്കാഴ്ച് ആരോഗ്യരംഗത്ത് ക്യൂബയും കേരളവും കൈകോര്‍ക്കുന്ന വന്‍ ചുവടുവെപ്പായിരുന്നു. ആയുർദൈർഘ്യത്തിലും കുറഞ്ഞ മരണ നിരക്കിലും ശിശുമരണ നിരക്കിലും മികച്ച സൂചികകളുമായി കേരളം ക്യൂബയ്ക്ക് തൊട്ടു പിന്നില്‍ തന്നെയുണ്ട്. ആരോഗ്യ- അനുബന്ധ മേഖലകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യൂബയുമായുള്ള സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ആരോഗ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു.
2020ലെ ടോക്യോ ഒളിമ്പിംക്സില്‍ 14ാം സ്ഥാനത്തായിരുന്നു ക്യൂബ. ലോക ഒളിമ്പിക്സ് സൂചികയില്‍ പതിനെട്ടാം നിലയിലും. വോളിബോൾ, ബാസ്കറ്റ്ബോൾ, ബോക്സിംഗ്, ജൂഡോ, സെയിലിങ്, ട്രെക്കിങ്, ബേസ്ബോൾ മേഖലകളിലെ ക്യൂബയുടെ അന്താരാഷ്ട്ര കുതിപ്പുകള്‍ പിന്തുടര്ന്നാല് കേരളത്തിനും കൈവരിക്കാവുന്ന നേട്ടങ്ങള്‍ ചില്ലറയല്ല.
ചെസ് ചെഗുവേരയുടെ പ്രിയപ്പെട്ട വിനോദമാണ്. ചെസ്സിലും ചെയുള്ളതുകൊണ്ടോ എന്നറിയില്ല ക്യൂബക്കാര്‍ക്ക് മുഴുവനും പ്രിയപ്പെട്ട കളിയാണത്. മെഡിക്കല്‍ വിദ്യാർഥിയായിരിക്കെത്തന്നെ ചെസിന്റെ സിദ്ധാന്തവും പ്രയോഗവും പഠിച്ച ചെഗുവേരയ്ക്ക് പിന്നീട് തന്റെ ഗറില്ലാ പോരാട്ടങ്ങള്‍ക്കുവരെ ഈ കളിയിലെ കരുനീക്കങ്ങള്‍ കരുത്തായിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ചതുരംഗം പുരാതനകാലം തൊട്ടെ ഇന്ത്യയിലും കേരളത്തിലും ഹരമായിരുന്നു. ചെസ്സിലെയും ക്യൂബന്‍ അടവുകള്‍ നമുക്ക് പുതിയ ചില ബൗദ്ധിക യുദ്ധ മാര്‍ഗ്ഗങ്ങള്‍ പകര്‍ന്നു തരാതിരിക്കില്ല.
കായികരംഗത്തെ ക്യൂബയുടെ വിജയങ്ങളെക്കുറിച്ച് നേരിട്ടുള്ള ഉൾക്കാഴ്ച ലഭിക്കാൻ കേരള പ്രതിനിധി സംഘം ക്യബന് കായിക സമുച്ചയവും സന്ദർശിച്ചു. ആരോഗ്യത്തോടൊപ്പം സ്പോർട്സിലും ഗണ്യമായ നേട്ടങ്ങളിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ ഇരുപക്ഷവും നടത്തി.

ഹവാന ഗവർണർ യാനെറ്റ് ഹെർണാണ്ടസ് പെരെസിന്റെ ആതിഥേയ മര്യാദയെ പ്രത്യേകം പുകഴ്ത്തണം. പ്രതിനിധി സംഘത്തിനുള്ള അവരുടെ ഔദ്യോഗിക ഉച്ചഭക്ഷണം ഗംഭീരമായിരുന്നു. നഗരാസൂത്രണം മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള വിശാലമായ വിഷയങ്ങളിലേക്ക് ഗവര്‍ണറും സംഘവും ചര്‍ച്ചയെ നയിച്ചു. കേരളവുമായി സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തി വേഗത്തിൽ മുന്നോട്ടുപോകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിനിധി സംഘത്തിന്റെ യോഗത്തില്‍ അവര്‍ വ്യക്തമാക്കി.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്നതുപോലൊരു സിനിമാപ്പാട്ട് ക്യൂബയിലുണ്ടോ എന്നറിയില്ല. എന്തായാലും ക്യൂബയും കേരളം പോലൊരു നാളികേര നാടാണ്. എന്നാല്‍ നാളികേരത്തില്‍ നിന്നും കേരളത്തെപ്പോലെ വൈവിധ്യമായ ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ അവര്‍ക്കറിയില്ല. അതുപോലെത്തന്നെയാണ് വാഴക്കൃഷിയും.
അതിലിനി വിഷമം വേണ്ട, ക്യൂബയെ സഹായിക്കാൻ കേരള കാർഷിക സർവകലാശാലയുടെ സേവനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. വിദേശ വ്യാപാര നിക്ഷേപ മന്ത്രാലയം ആക്ടിംഗ് മന്ത്രി അന തെരേസിറ്റ ഗോൺസാലസ് ഫ്രാഗയെയും കേരളപ്രതിനിധി സംഘം സന്ദർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, രാജ്യസഭാംഗം ഡോ.ജോൺ ബ്രിട്ടാസ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, ഒഎസ്ഡി (എക്സ്റ്റേണൽ കോ-ഓപ്പറേഷൻ) വേണു രാജാമണി എന്നിവരടങ്ങിയ സംഘമാണ് കേരള സംഘത്തിലുണ്ടായിരുന്നത്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഹവാനയിലെ ഇന്ത്യൻ അംബാസഡർ ഡോ. എസ്. ജാനകിരാമൻ, ഇന്ത്യയിലെ ക്യൂബൻ അംബാസഡർ മിസ്റ്റർ അലജാൻഡ്രോ സിമാനാസ് മരിൻ എന്നിവരും ചർച്ചകളില്‍ പങ്കെടുത്തു.

ഇന്ത്യക്കാരോട് എന്നും ക്യൂബയ്ക്ക് സ്നേഹവും ബഹുമാനവുമുണ്ട്. യുഎസിന്റെ എതിര്‍പ്പുവകവയ്ക്കാതെ ജവഹര്‍ലാല്‍ നെഹ്രു ക്യൂബന്‍ വിപ്ലവത്തെ അംഗീകരിക്കുകയും തുടക്കം മുതലേ ഫിദല്‍ കാസ്ട്രോയുമായും ചെഗുവേരയുമായും ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ചേരീചേരാസംഘടനയിലെ മുന്‍നിര രാഷ്ട്രമായി നെഹ്രു ക്യൂബയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. അതൊക്കെക്കൊണ്ടാകണം ഇന്ത്യക്കാര്‍ക്ക് ക്യൂബയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവുമുണ്ട്. ഹവാനയിലെ ഗാന്ധി പാർക്കും ടാഗോർ പാർക്കും ആ ഇന്ത്യന്‍ മഹത്തുക്കളോടുള്ള ക്യൂബയുടെ ആദരവിന്റെ അടയാളസ്മാരകങ്ങളാണ്.
പരസ്പരം തുല്യതയോടെയുളള ഊഷ്മളമായ സ്ത്രീ പുരുഷ ബന്ധമാണ് ക്യൂബയില്‍ നിലനില്‍ക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്കുമാണ് ക്യൂബയില്‍. സാക്ഷരത പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നേടിയെടുത്തവര്‍. മുതലാളിത്തത്തിന്റെ ധനാര്ത്തിയില്ലാത്തതിനാല് ശാന്തമായും സ്വസ്ഥമായും ജീവിക്കുന്നവര്‍ കഷ്ടപ്പെടുന്നത് അമേരിക്കയുടെ സാമ്പത്തിക ഉപരോധം കൊണ്ടുമാത്രമാണ്. ക്യൂബക്കെതിരായ മറ്റെല്ലാം വ്യാജവാര്‍ത്തകളും ദുഷ്പ്രചരണങ്ങളുമാണ്.
‘ലോകാസമസ്താ സുഖിനോഭവന്തു’ എന്നത് ഒരു ഇന്ത്യന്‍ മന്ത്രമാണെങ്കിലും ജീവിതംകൊണ്ടും പ്രവര്‍ത്തികൊണ്ടും അതിനു മാര്ഗ്ഗംദീപം തെളിയിക്കുന്നത് ക്യൂബ എന്ന കൊച്ചുരാജ്യമാണെന്ന് നമുക്ക് ഉറപ്പിച്ചും തറപ്പിച്ചു പറയാം. ലാറ്റിനമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനാകെ തന്നെ പ്രകാശം പകരുന്ന വിളക്കുമരം. സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആ വെളിച്ചം ഇനി നമുക്കും തെളിഞ്ഞുകിട്ടുമെന്നതുതന്നെയാണ് ഈ യാത്രയുടെ സാഫല്യം.
