കര്‍ണ്ണാടകയുടെ തെക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ചരിത്ര സ്മാരകങ്ങളാണ്. കാര്‍ക്കള, ശ്രാവണ ബളഗോള, ബാദാമി, മൂഡബിദ്രി തുടങ്ങി ജൈനജനപദങ്ങള് ശിലകളിലും ശില്പങ്ങളിലും പടുത്തുയര്‍ത്തിയ ചരിത്രത്തിന് രണ്ടായിരം വര്‍ഷം വരെ പഴക്കമുണ്ട്. ആദിനാഥനും, ശാന്തി നാഥനും, പാര്‍ശ്വനാഥനുമായി ഭീമന് പ്രതിമാശില്പ്പങ്ങളില് കൊത്തിവെച്ച ആ പാര്‍ശ്വ ചരിത്രം പറയുമ്പോള്‍ മലയാളികളുടെ പല ക്ഷേത്രങ്ങളുടെയും വേര് എവിടെയാണെന്നതിന്റെ സൂചനകള്‍ കിട്ടും.
അതൊരു വിശദമായ വിഷയമായതുകൊണ്ട് അവിടെ നില്ക്കട്ടെ.
കര്‍ണ്ണാടക രാഷ്ട്രീയം കുലുങ്ങുമ്പോള്‍ പണ്ട് കൂടെ കുലുങ്ങുമായിരുന്ന ഹാസ്സനിലാണ് ഞാനിപ്പോള്‍. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും എച്ച് ഡി രേവണ്ണയുടെയും നാട്. പഴയ ജനതാരാഷ്ട്രീയത്തിന്റെ കുടുംബധാര ഇപ്പോള്‍ തുടരുന്നത് പ്രജ്വല്‍ രേവണ്ണയിലൂടെയും ഭവാനി രേവണ്ണയിലൂടെയുമാണ്.
പ്രജ്വല്‍ രോവണ്ണയെ തോല്‍പ്പിച്ച് 2024ല്‍ ഹാസ്സിന് നിന്ന് എം പിയായിരിക്കുന്നത് കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേല്‍. ഹാസനിലെ രാഷ്ട്രീയം മക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇപ്പോള്‍ കൊച്ചുമക്കള്‍ രാഷ്ട്രീയത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ദേവെഗൗഡയുടെയും പഴയ കോണ്‍ഗ്രസ് നേതാവ് പുട്ടസ്വാമിയുടെയും കൊച്ചുമക്കള്‍ നയിക്കുന്ന പരി’ഹാസ’ രാഷ്ട്രീയം.
ഹാസനില്‍ നിന്ന് രണ്ടുമൂന്ന് സ്റ്റേഷനുകള്‍ പിന്നിട്ടാല്‍ കര്‍ണ്ണാടകയിലെ മുന്‍ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പയുടെ യദിയൂരായി. യദിയൂരപ്പയുടെ മൂത്തമകന്
വിജയേന്ദ്രയാണ് ഇപ്പോള്‍ ബിജെപിയുടെ കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷന്‍. രണ്ടാമത്തെ മകന് രാഘവേന്ദ്ര ഷിമോഗയില്‍ നിന്നുള്ള എം പിയും. കര്‍ണ്ണാടക രാഷ്ട്രീയത്തിലെ അധികാര മത്സരത്തിന്റെ ചൂടുംതണുപ്പും ഒരുപോലെ പകരുന്ന പാതകളിലൂടെയുള്ള ഞങ്ങളുടെ യാത്ര എത്തിച്ചേരുന്നത് എന്നാല്‍ വ്യത്യസ്തമായൊരു ഭൂഭാഗത്താണ്.
സമതയുടെ നിര്‍മ്മമതയുടെയും നിരാസക്തിയുടെയും സംഗമഭൂമിയില്‍. എല്ലാ മാത്സര്യങ്ങളും നിര്ത്ഥകമാണെന്നാണ് ഈ കരിങ്കല്‍ ഗോപുരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

മൗര്യ സാമ്രാജ്യാധിപനായ സാക്ഷാല്‍ ചന്ദ്രഗുപ്ത മൗര്യന് എല്ലാ രാഷ്ട്രീയ കിടമത്സരങ്ങളും അവസാനിപ്പിച്ചെത്തിയത് കാര്‍ക്കളയിലെ ഈ മലമുകളിലേക്കാണ്.
ഭദ്ര ബാഹുവിനും പന്ത്രണ്ടായിരം ജൈന ഭിക്ഷുക്കള്ക്കുമൊപ്പം ചന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ മന്ത്രിമുഖ്യന് ചാണക്യനും നിര്‍വ്വാണമടയാന്‍ തെരഞ്ഞെടുത്ത മണ്ണ്.
പഴയ ഇന്ത്യാ ചരിത്രത്തെ രാഷ്ട്രീയമായി ഇളക്കിമറിച്ച ഈ ഭരണാധികാരികളുടെ സ്മാരകമായി ശ്രാവണബലഗോളയില്‍ ഒരു ചന്ദ്ര ബസ്തിയുണ്ട്. ചന്ദ്രഗുപ്തമൗര്യനോടുള്ള ആദരസൂചകമായുള്ള ബസ്തി. അവിടെയിരുന്ന് മണ്ണടിഞ്ഞ വലിയ സാമ്രാജ്യാധിപന്മാരുടെ കഥകള്‍ക്കൊപ്പം പുതിയ കന്നട രാജാക്കന്മാരുടെ വാര്‍ത്തകളും വായിക്കാന്‍ രസമുണ്ട്.
ആദി തീര്‍ത്ഥങ്കരനായിരുന്ന ഋഷഭ നാഥന് അഥവാ ആദിനാഥന് നൂറു മക്കളായിരുന്നു. ലൗകിക ബന്ധങ്ങളില്‍ നിന്നെല്ലാം മുക്തി നേടണമെന്ന് അയാള്‍ ആശിച്ചില്ലെങ്കിലാണ് അത്ഭുതം. ആത്മത്യാഗത്തിന്റെ യാത്രയ്ക്ക് മുമ്പ് ആദിനാഥന് രാജ്യം നൂറു മക്കള്‍ക്ക് മുറിച്ചു നല്കി. മൂത്ത മകന് ഭരതന് അയാധ്യയും രണ്ടാമത്തെ മകന് ബാഹുബലിക്ക് ചോതന്‍ പൂരുമാണ് ലഭിച്ചത്. ഭരതന് വാളെടുത്തപ്പോള്‍ സഹോദരന്മാരെല്ലാം രാജ്യം അദ്ദേഹത്തിന്റെ കാല്ക്കല് സമര്‍പ്പിച്ചു. ബാഹുബലി പക്ഷേ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഘോര യുദ്ധത്തില്‍ അയാള്‍ ഭരതന്റെ അഹന്തയും അധികാരക്കൊതിയും അവസാനിപ്പിച്ചു.
യുദ്ധത്തില്‍ ജയിച്ചിട്ടും ബാഹുബലിക്ക് എന്തോ സന്തോഷം വന്നില്ല. അയാള്‍ അയോധ്യ ഭരതന് തന്നെ തിരിച്ചു നല്കി. പരാക്രമങ്ങള്‍ അയാള്‍ക്ക് മടുത്തു. സുഖഭോഗങ്ങളുടെ നിരര്‍ത്ഥകത അയാളെ അലോസരപ്പെടുത്തി. അച്ഛന്റെ വഴി അയാളെയും വിളിച്ചു. ആഹാര നീഹാരാദികള്‍ വെടിഞ്ഞ് ആത്മപീഡയുടെ അങ്ങേയറ്റത്തേക്ക് അയാളും യാത്ര തുടങ്ങി. കൊടും തപസിനൊടുവില്‍ കേവല ജ്ഞാനം നേടി. എ ഡി പത്താം നൂറ്റാണ്ട് തൊട്ട് 58 അടി ഉയരമുള്ള ഒരു പ്രതിമയായി. കാലില്‍ വള്ളികള്‍ പിണഞ്ഞ് ദിഗംബരനായി ഒരേ ഭാവത്തില്‍ മന്ദഹസിച്ച് അയാള്‍ ഇങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നതിന് താഴെ, മനുഷ്യര്‍ തീര്ത്ഥാടക്കപ്പുഴുക്കളായി എത്താന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ദശശതാബ്ദങ്ങളായി.
ശ്രാവണബലഗോളയിലെ മലയിലേക്കുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം ബാഹുബലിയുടെ കഠിനമായ പരീക്ഷണമാണ്. മലയില്‍ നിന്ന് നോക്കിയാല്‍ വേറെയും പര്‍വ്വതങ്ങളും തടാകങ്ങളും കാണാം. ഹാസനിലെയും ചന്നരായ പട്ടണത്തിലെയും നെല്‍പ്പാടങ്ങളും ചോളവയലുകളും കരിമ്പിന് പാടങ്ങളും വിഹക വീക്ഷണത്തില്‍
വലിയൊരു ഛായാചിത്രത്തിലെ പല നിറങ്ങളുടെ തുരുത്തുകളായേ തോന്നൂ.
ആത്മപീഡക്കല്ലാതെ അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് നടക്കേണ്ടത് എന്നാല്‍ ഇതുവഴിയല്ല. താഴ്വരയില് സാധാരണമനുഷ്യര്‍ നിത്യജീവിത മാര്‍ഗ്ഗത്തിനായി നെട്ടോട്ടമോടുന്നതിന്റെ വേറൊരു ലോകമുണ്ട്. മലയിലെ കാഴ്ചയില്‍ നിന്ന് അകലെയാണത്. ത്യാഗത്തിന്റെ പ്രതീകങ്ങള്‍ കണ്ട് മലയില്‍ നിന്ന് ഇറങ്ങുന്നവരും
കാഴ്ചയ്ക്കപ്പുറം മലയില്‍ നിന്ന് എടുക്കാതെ പോകുന്ന മൂന്നു വാക്കുകളുണ്ട്– അഹിംസ, സത്യസന്ധത, ആത്മത്യാഗം. സത്യത്തില്‍ അതാണ് ശ്രാവണബലഗോളയുടെ സന്ദേശം!
പുതിയ അര്‍ത്ഥത്തില്‍ അതിന്റെ വിപരീതങ്ങളാണ് കര്ണ്ണാടകയിലെന്നല്ല എവിടെയും സ്ഥാനമാനങ്ങള്‍ നേടുന്നത്. അപ്പോള്‍ ആര്‍ക്കുവേണം ആ സന്ദേശം?
മലകയറിയ പഴയ തീര്ത്ഥങ്കരന്മാര് പ്രതിമകളായി തന്നെ കുടികൊള്ളട്ടെ. എല്ലാം കഴിഞ്ഞ് ജീവിതത്തിന്റെ അര്‍ത്ഥശൂന്യത കാല് പൊള്ളിക്കുമ്പോള്‍ മനുഷ്യര്‍ മലകയറിയെത്തെട്ടെ. ദിംഗംബരര് അല്ഭുതങ്ങളായും കല്ഭുതങ്ങളായും കാലത്തെ അതിജയിച്ച് ഇവിടെത്തന്നെ കാത്തിരിക്കട്ടെ.
