പണിയെടുക്കുന്നവരുടെ രക്തവും വിയർപ്പും വരെ ഊറ്റിക്കുടിക്കുന്ന ജന്മിവർഗ്ഗത്തിന്റെ ജൈവരൂപമായ ദോറമാർക്കെതിരെയും, അവരുടെയും നൈസാമിൻ്റെയും അടിമപ്പടയായ റസാക്കർമാർക്കെതിരെയും, ഗറില്ല യുദ്ധമുന്നണികൾക്ക് നേതൃത്വം നൽകിയ നേതാവ്. തെലങ്കാനയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളെ മോചിപ്പിച്ച സ്വാതന്ത്ര്യദാഹി. യുദ്ധനൈപുണ്യം കൊണ്ട് ഫ്രാൻസിലെ ജൊവാൻ ഓഫ് ആർക് മുതൽ പലസ്തീനിലെ ലൈല ഖാലിദ് വരെയുള്ളവരോട് ഇക്വേറ്റ് ചെയ്യാവുന്ന പോരാളിയാണ് മല്ലു സ്വരാജ്യം.
സമരത്തീച്ചൂളയിൽ ചാടി വീഴാൻ മല്ലു സ്വരാജ്യം സ്വന്തം പേര് കൊണ്ടുതന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. മല്ലുവിന് സ്വരാജ്യം എന്ന പേരിട്ടത് അമ്മ ചൊക്കമ്മയാണ്; സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി ഉയർന്നുകേട്ട സ്വരാജ്യം എന്ന പ്രഖ്യാപനത്തിൽ നിന്ന് ആവേശമുൾക്കൊണ്ട്. ഒരു ജനതയുടെ വിമോചനം സ്വപ്നം കാണാൻ നിർഭയത്വം നൽകുന്ന നാമം. രേഖപ്പെടുത്തിവെക്കാത്ത സ്വന്തം ജനനകാലം പിന്നീട് മല്ലു സ്വരാജ്യം ഓർത്തെടുക്കുന്നത് ഉപ്പുസത്യാഗ്രഹ പശ്ചാത്തലായിരിക്കാം എന്നാണ്. അച്ഛന്റെ മരണത്തോടെ കുടുംബഭാരം മുഴുവൻ അമ്മയിലേക്ക് വന്നത്, വലിയ സ്വപ്നങ്ങൾ കാണാനും കുട്ടിക്കാലത്ത് തന്നെ മാക്സിം ഗോർക്കിയുടെ ‘അമ്മ’ നോവൽ വായിക്കാനും അവസരം നൽകിയതായി സ്വരാജ്യം ഓർക്കുന്നു.

മല്ലുവിന്റെ സഹോദരൻ ഭീം റെഡ്ഢി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. പാർട്ടി തീരുമാനപ്രകാരം ജനവിമോചനത്തിനുള്ള ജനകീയ യുദ്ധം ശക്തിയാർജ്ജിച്ചപ്പോൾ മല്ലു സ്വരാജ്യം ആദ്യം വിപ്ലവഗാനങ്ങളുമായി, പിന്നീട് യന്ത്രത്തോക്കുകളുമായി ചരിത്രത്തിലേക്ക് കടന്നുവന്നു. സ്ത്രീകൾക്ക് പൊതുജീവിതം തന്നെ അസാധാരണമായ കാലത്ത് ആയുധങ്ങളുമായി സാമ്രാജ്യത്വ ശക്തികളോടും ബൂർഷ്വാ- ഭൂപ്രഭു വർഗ്ഗത്തോടും മല്ലിട്ടു.
1940 കളിൽ കമ്മ്യൂണിസ്റ്റുകൾ നേതൃത്വം നൽകിവന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യസമര പോരാട്ടവും, സ്വാതന്ത്ര്യത്തിനു ശേഷവും തുടർന്ന ജന്മിത്വവിരുദ്ധ പോരാട്ടവും തെലങ്കാനയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അതേ കാലത്ത്, ബംഗാളിൽ തേഭാഗയിലും കേരളത്തിൽ പുന്നപ്രയിലും വയലാറിലും കർഷക തൊഴിലാളികൾ ശക്തമായ സമരത്തീപ്പന്തം ഉയർത്തിയിരുന്നു. കർഷക, ഭൂവിഭവ പ്രശ്നങ്ങൾ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കടന്നുവന്നത് ഹൃദയങ്ങളിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയ വയലാറിലെയും തെലങ്കാനയിലെയും തേഭാഗയിലെയും മനുഷ്യരായിരുന്നു.

മൂവായിരം ഗ്രാമങ്ങളും ഇരുപത്തയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റർ ഭൂമിയും 30 ലക്ഷം ജനസംഖ്യ ഉൾപ്പെടുന്ന പതിതരായ മനുഷ്യരും പങ്കെടുത്ത പോരാട്ടമാണ് തെലുങ്കാന സായുധസമരം. നൽഗോണ്ടയിലും വാറങ്കലിലുമുള്ള സമരഭടന്മാർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും നൈസാമിനെതിരെയും സ്വാതന്ത്ര്യാനന്തരം അധികാരം സ്വായത്തമാക്കിയ ഇന്ത്യൻ ഭരണവർഗത്തിനെതിരെയും ഒരുപോലെ അണിനിരന്നു. 4000ത്തോളം മനുഷ്യർ കൊല്ലപ്പെട്ട, അര ലക്ഷത്തോളം പേർ ജയിലിൽ അടയ്ക്കപ്പെട്ട സമരം പക്ഷേ പത്തുലക്ഷം ഏക്കറോളം ഭൂമി പിടിച്ചെടുത്ത് കർഷക തൊഴിലാളികൾക്കിടയിൽ വീതിച്ചു.
‘വെട്ടി’ എന്ന അടിമത്തൊഴിൽ സമ്പ്രദായം ഒരു പരിധിവരെ അവസാനിപ്പിച്ചു. ഹൈദരാബാദ് നൈസാമിനെ അധികാരഭ്രഷ്ടനാക്കാനെന്ന് പറഞ്ഞ് തെലങ്കാനയിൽ കടന്നുചെന്ന ഭരണവർഗത്തിന്റെ ചോറ്റുപട്ടാളം സമരത്തെ വെടിവെച്ച് ഇല്ലാതാക്കിയില്ലായിരുന്നുവെങ്കിൽ, ബൂർഷ്വാ ജനാധിപത്യത്തിൽ ഇടപെടാനും കൊടികൾ മടക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ 3000 ഗ്രാമങ്ങളിൽ പ്രാദേശിക സോവിയറ്റുകളെപ്പോലെ രൂപപ്പെടുത്തിയ ഗ്രാമരാജ്യങ്ങൾ ഇന്ത്യ ചരിത്രം തന്നെ മാറ്റിമറിച്ചേനെ.
സർ സിപിയുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെയും ജന്മി-ഭൂപ്രഭുവർഗ്ഗത്തിനെതിരെയും ആലപ്പുഴയിലെ പുന്നപ്ര, വയലാർ, മാരാരിക്കുളം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമരത്തിനായി ഇറങ്ങിപ്പുറപ്പെട്ട തൊഴിലാളികളും കർഷകതൊഴിലാളികളും വാരിക്കുന്തങ്ങളുമായാണ് പട്ടാളത്തിന്റെ യന്ത്രത്തോക്കുകളെ നേരിട്ടത്. ആയിരക്കണക്കിന് മനുഷ്യർ വെടികൊണ്ടു മരിച്ചുവീണ സമരം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ പുനർനിർവചിച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ ഭരണ ചുമതലയിൽ എത്തിയത്, കേരളത്തിലാണ്, പുന്നപ്ര വയലാർ സമര പോരാട്ടങ്ങൾ നൽകിയ ഇമ്മ്യൂണിറ്റിയിലാണ്.
ബംഗാളിലെ തേഭാഗയിൽ 40കളിലെ പട്ടിണിമരണങ്ങളെ തുടർന്ന് ശക്തമായ കർഷക മുന്നേറ്റം പാട്ടക്കുടിയാന് കൂടുതൽ അവകാശങ്ങളും ഭൂപരിഷ്കരണത്തിന് അടിസ്ഥാനവും ഒരുക്കിനൽകിയ സമരമായിരുന്നു. നൂറുകണക്കിന് പോരാളികൾ കൊല്ലപ്പെട്ട, ആയിരക്കണക്കിന് മനുഷ്യർ ജയിലിൽ അടയ്ക്കപ്പെട്ട തേഭാഗ സമരം ആദ്യം അടിച്ചമർത്തപ്പെട്ടെങ്കിലും പിന്നീട് വിജയകരമായി മാറി. 4000 ചതുരശ്ര കിലോമീറ്റർ കൃഷിഭൂമി ജന്മികളിൽ നിന്ന് പിടിച്ചെടുത്ത് 25 ലക്ഷത്തോളം കർഷക തൊഴിലാളികളെ വിഭവാധികാരികളാക്കി.
ഇന്നും ലോകതൊഴിലാളി സമരങ്ങളിൽ മുദ്രാവാക്യങ്ങളായി ഇടംപിടിക്കുന്ന തേഭാഗ, തെലങ്കാന, പുന്നപ്ര-വയലാർ സമരങ്ങളിൽ ഏറ്റവും വൈവിധ്യപൂർണമായിരുന്നത് തെലങ്കാനയാണ്. പുന്നപ്രയിലും വയലാറിലും പ്രധാന സമരായുധം വാരിക്കുന്തങ്ങളും കല്ലുകളുമായിരുന്നെങ്കിൽ, തേഭാഗയിൽ കുറേക്കൂടി വൈവിധ്യം കൈവന്നു, ചൂലുകൾ മുതൽ ഇരുമ്പുലക്കകൾ വരെ സമരോപകരണങ്ങളായി അണിനിരന്നു. പക്ഷേ ഏറ്റവും കൂടുതൽ സ്ത്രീസാന്നിധ്യം പ്രകടമായ തെലങ്കാനയിൽ ജെൻഡർ ഭേദമെന്യേ മുളകുപൊടി മുതൽ ബുറാക്കഥകൾ വരെ, തെറ്റാലികൾ മുതൽ തോക്കുകൾ വരെ, കയ്യിൽ കിട്ടിയ മുഴുവൻ ആയുധങ്ങളും കൈകളിലെടുത്ത് പോരാടുകയാണ് ഉണ്ടായത്. ലോകത്തിലെ സ്ത്രീമുന്നേറ്റങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുമ്പോഴൊക്കെ, മല്ലു സ്വരാജ്യം കൂടി ഉൾപ്പെട്ട, നാലു സ്ത്രീകൾ വലത്തേ തോളിൽ പാത്തികൾ താങ്ങി ഉന്നം പിടിച്ച തോക്കുകളുമായി നിരന്നിരിക്കുന്ന ചിത്രവും അതിന്റെ ഭാഗമാകാറുണ്ട്.

16 വയസ്സിലേ തെലങ്കാന സമരത്തിന്റെ സായുധ കമാൻഡറായി മാറിയ മല്ലു സ്വരാജ്യത്തിൻ്റെ തല വേട്ടയാടി കൊയ്തെടുക്കാൻ ഭരണകൂടം വിലയിട്ടത് പതിനായിരം രൂപയാണ്. പാട്ടുകളും തോക്കുകളുമാണ് മല്ലു സ്വരാജ്യത്തിന്റെ ആയുധമെങ്കിൽ, കോടേശ്വരമ്മയുടെ വഴി കൾച്ചറൽ സ്ക്വാഡായിരുന്നു. കൊമരാജു അച്ചമാംബ എന്ന ഡോക്ടർ കാടുകളിൽ ഒളിവിൽ കഴിയുന്ന വിപ്ലവകാരികളെ ചികിത്സിക്കാൻ പോകുമായിരുന്നു.

മറ്റൊരാർത്ഥത്തിൽ പരിശോധിച്ചാൽ, മല്ലു സ്വരാജ്യവും കൊണ്ടേപ്പള്ളി കോടേശ്വരമ്മയും ചാക്കളി ഐലമ്മയും അണിചേർന്ന തെലങ്കാന സമരം പല അടരുകളുള്ള സ്ത്രീമുന്നേറ്റത്തിൻ്റെ കൺവെർജൻസ് പോയിൻറ് കൂടിയാണ്.
തെലുങ്കാന സായുധ പോരാട്ടത്തിലെ ‘ബുള്ളറ്റ് ലേഡി’യായി പിന്നീട് സിപിഐഎം പ്രവർത്തകയായി തുടർന്നയാളാണ് മല്ലു സ്വരാജ്യം. അവരുടെ ലെഗസി ക്യാപ്റ്റൻ ലക്ഷ്മിക്കൊപ്പം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരിലേക്കും, പ്രത്യേകിച്ച് കെ കെ ശൈലജ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ത്രീനേതൃത്വത്തിലേക്കും വളരുന്നതാണ്. പീപ്പിൾസ് വാർ ഗ്രൂപ്പ് സ്ഥാപിച്ച നക്സലൈറ്റ് പോരാളി കൊണ്ടേപ്പള്ളി സീതാരാമയ്യയെ വിവാഹം കഴിച്ച് വേർപിരിയുകയും വീണ്ടും ഒന്നിക്കുകയും ചെയ്ത, നക്സലൈറ്റുകളായി ജീവിച്ച് കൊല്ലപ്പെട്ട കരുണ, ചന്ദ്രശേഖർ എന്നീ മക്കളെ വളർത്തിയ, ഓൾ ഇന്ത്യ റേഡിയോയിൽ പാട്ടുപാടുകയും കിട്ടുന്ന വരുമാനത്തിൽ നിന്ന് മാസം 10 രൂപ വീതം സിപിഐഎമ്മിനും സിപിഐക്കും ലെവിയായി നൽകുകയും ചെയ്തിരുന്നയാളാണ് കോടേശ്വരമ്മ.
കൊണ്ടേപ്പള്ളി കോടേശ്വരമ്മയുടെ തുടർച്ച, മൗലികമാറ്റം സ്വപ്നം കണ്ട് പോരാട്ടത്തിന് ഇറങ്ങിയ, പിന്നീട് ദളിത്-വനിതാ മുന്നേറ്റങ്ങളിലേക്ക് പോരാട്ടത്തെ പടർത്തിയ ഗീതാ രാമസ്വാമി ഉൾപ്പെടെ പലരും ഏറ്റെടുക്കുന്നുണ്ടാകും. തെലങ്കാന സായുധ പോരാട്ടം ആരംഭിക്കുന്നതിനു തന്നെ കാരണമായ ചിത്യാല ഐലമ്മയുടെ പോരാട്ടം ഇന്ന് തെലങ്കാനയുടെ പൊതുകക്ഷിരാഷ്ട്രീയ സാഹചര്യം കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കെ കവിതയാകും അവരുടെ ഒസ്യത്തിനെ വിനിയോഗിക്കുന്നത്. കോടേശ്വരമ്മയുടെ അമ്മ അഞ്ജമ്മ മരണത്തിനു മുമ്പ് മകളോട് പറഞ്ഞിരുന്നത്, തന്റെ ജീവിതസമ്പത്തായ 200 രൂപ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും തുല്യമായി വീതിച്ചു നൽകണമെന്നാണ്. എന്നാൽ പിന്നീട് ഏഴോ അതിലധികമോ പാർട്ടികളായി മുറിഞ്ഞുപോയ കമ്മ്യൂണിസ്റ്റുകളിൽ ആർക്കൊക്കെയാണ് ഈ പണം നൽകുക എന്ന് കോടേശ്വരമ്മ പരിതപിക്കുന്നത് സാന്ദർഭികമായി ഓർക്കാവുന്നതാണ്.
തെലങ്കാനയിൽ ലക്ഷക്കണക്കിന് മനുഷ്യരെ സമരങ്ങളിലേക്ക് അടുപ്പിച്ച മല്ലു സ്വരാജ്യം പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി. ആന്ധ്രപ്രദേശ് മഹിളാസംഘം എന്ന ഇടതുപക്ഷ മഹിളാ സംഘടനയ്ക്ക് രൂപം നൽകി നേതൃത്വമായ സ്വരാജ്യം പിന്നീട് 1980കളിൽ ജനാധിപത്യമഹിളാ അസോസിയേഷൻ രൂപപ്പെട്ടപ്പോൾ ആന്ധ്രപ്രദേശിന്റെ സംസ്ഥാന പ്രസിഡണ്ടായി. 1978ലും 83ലും തുങ്കതുർത്തി നിയമസഭാ മണ്ഡലത്തിലൂടെ അവിഭക്ത ആന്ധ്ര പ്രദേശ് നിയമസഭയിൽ അംഗമായി. 2002ൽ സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ മരണംവരെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടർന്നു. വിവിധ സമരങ്ങളിൽ അണിനിരന്ന് ക്യാമ്പസുകൾ മുതൽ കാരാഗ്രഹങ്ങൾ വരെ സമരനിബിഡമാക്കി, നിരന്തരമായി പോരാട്ടവേദികളെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ മരണം പ്രത്യാഭിവാദ്യം ചെയ്ത് നൽഗോണ്ട മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണമായി മാറുമ്പോൾ 91 വയസ്സായിരുന്നു മല്ലുവിന്. പ്രായവ്യത്യാസം ഇല്ലാതെ മല്ലുവിന്റെ ആവേശോജ്വലമായ ജീവിതം മനുഷ്യർ ഇന്നും മാതൃകയാക്കുന്നു.

1947 ലെ സ്വാതന്ത്ര്യലബ്ധിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിയ “യേ ആസാദി ജൂഠി ഹേ” (ഈ സ്വാതന്ത്ര്യം നുണയാണ്) എന്ന മുദ്രാവാക്യത്തിന് കൈവന്ന പ്രസക്തി ഇന്നും തുടരുന്നുണ്ട്. മനുഷ്യരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. തെലുങ്കാന സമരത്തെപ്പറ്റി ഓൺലൈനിൽ പരതിയാൽ, ആന്ധ്ര പ്രദേശിൽ നിന്ന് വിഭജിച്ച് രൂപംകൊണ്ട തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണ ചരിത്രമേ ഇന്ന് നമുക്ക് ലഭിക്കൂ. എല്ലാ മനുഷ്യർക്കും വിഭവാധികാരം ലഭ്യമാക്കാൻ പരിശ്രമിച്ച, സമത്വ സുന്ദര ലോകം സ്വപ്നം കണ്ട ആ സമരത്തിന്റെ പിന്തുടർച്ചക്കാർ ഇന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. എന്നാൽ, സാധാരണ മനുഷ്യരുടെ മോചനദർശനത്തെ ഉയിർകൊള്ളിച്ച തെലങ്കാന സായുധ സമരം ഗൂഗിൾ സെർച്ചുകൾക്കും അപ്പുറത്ത് ഇന്നും അടിച്ചമർത്തപ്പെടുന്ന മനുഷ്യരാൽ ഓർമ്മിക്കപ്പെടും. മല്ലു സ്വരാജ്യത്തെ പോലെയുള്ള, കോടേശ്വരമ്മയെ പോലുള്ള പോരാളികൾ പോരാടി വാണ, സമര ചരിത്രവും മുദ്രാവാക്യങ്ങളും അനവരതം തലയുയർത്തി നിൽക്കും.
