കെ ആര് ഗൗരിയമ്മ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷമാകുന്നു
കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന് ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്റെ ചരിത്രമായി നിറഞ്ഞപ്പോള്‍ കേരളം ഗൗരിയമ്മയുടെ ചരിത്രമായി പടരുകയായിരുന്നു. തെരുവിലും സഭയിലും പോരാളിയായി, കേരളത്തിന്റെ വിപ്ലവജ്വാലയായിരുന്നു ഈ സ്ത്രീരത്നം.
കേരളത്തിൻ്റെ ഒരുതലമുറയെ ഉലയിലൂതിക്കാച്ചിയത് ഗൗരിയമ്മ നടത്തിയ കലഹങ്ങളായിരുന്നു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ ഗൗരി എന്ന കവിതയിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം, ആരോടും മടിക്കാതെ കലഹിക്കാൻ ഗൗരിയമ്മയ്ക്കുണ്ടായിരുന്ന ഇമ്യൂണിറ്റിയും ചുള്ളിക്കാട് ചൂണ്ടിക്കാട്ടുന്നു. സിപിഐഎം നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും, പാർട്ടിക്ക് പുറത്തുനിൽക്കുമ്പോഴും, ഗൗരിയമ്മ കലഹിച്ചുകൊണ്ടേയിരുന്നു. ഏറ്റവുമിഷ്ടപ്പെടുന്നതിനോട് ഏറ്റവും ആത്മാര്‍ഥമായി പിണങ്ങാന്‍ ഗൗരിയമ്മയ്ക്കേ കഴിയുമായിരുന്നു.

ചേർത്തലയിലെ പട്ടണക്കാട്, സ്വന്തമായി ഉണ്ടായിരുന്ന 132 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കെഴുതി നല്കിയ കുടുംബത്തിലാണ് ഗൗരി ജനിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദവും ലോ കോളേജിൽ നിന്ന് കറുത്ത ഗൗണിന് മേല്‍ നിയമബിരുദവും തുന്നിച്ചേര്‍ക്കുമ്പോള്‍ പിന്നാക്കവിഭാഗത്തിലെ ആദ്യ
അഭിഭാഷകയായി മാറുകയായിരുന്നു ഗൗരി.
കേരളവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തീച്ചൂളയിലൂടെ നടന്ന കാലം. സര് സിപിയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചോറ്റുപട്ടാളം മനുഷ്യവിമോചനം സ്വപ്നം കണ്ടാൽ പോലും വേട്ടയാടുന്ന കാലം. അന്ന് വിദ്യാര്‍ഥിയായ ഗൗരിക്ക് വെറുതേയിരിക്കാനായില്ല.
സഖാവ് കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും ഒളിവില്‍ കഴിഞ്ഞത് ഗൗരിയമ്മയുടെ വീടിന്റെ തട്ടിന്‍പുറത്ത്. അക്കാലത്ത് മരണവാറന്റ് പോലെ കരുതിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ് കാര്‍ഡ്
കേരളത്തിന്റെ പ്രിയസഖാവ് തന്നെ ഗൗരിക്ക് എഴുതിനല്‍കി.

സമുദായത്തിന്റെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ്, സമരത്തിലെ പോലീസ് മർദ്ദനങ്ങൾക്കെതിരായ പ്രതിഷേധ യോഗങ്ങളിൽ, കെ ആർ ഗൗരി അണിനിരന്നു. പരിധികളില്ലാതെ പോലീസ് ഗൗരിയമ്മയെയും സഹസഖാക്കളെയും ക്രൂരമായി മർദ്ദിച്ചു. അന്യായമായ ആക്രമണങ്ങൾക്കെതിരെ 17 ദിവസം നിരാഹാരം കിടന്നു. ഭരണകൂടത്തെ പരാജയപ്പെടുത്താൻ ശരീരം ഒരു ബാധ്യതയല്ലെന്ന് തെളിയിച്ചു.
പൊലീസ് ലാത്തിക്ക് പ്രജനനശേഷിയുണ്ടെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പെറുമായിരുന്നുവെന്ന വാചകം, ഒരു വിപ്ലവകാരിക്ക് സ്വന്തം കനൽവഴികളെ എത്ര നിസ്വമായി പറഞ്ഞു
തീർക്കാൻ കഴിയുമെന്നുള്ളതിന്റെ സാക്ഷാത്കാരമാണ്. ഒപ്പം, മച്ചിപ്പെണ്ണെന്ന ഹീനമുദ്രാവാക്യത്തോടുള്ള മുഖമടച്ച മറുപടി.
കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി തിരുകൊച്ചി നിയമസഭയിൽ ചോദിച്ച ചോദ്യത്തിൻ്റെ ഏകദേശ മിനിറ്റ്സ് ഇങ്ങനെയാണ് –
“മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ ..?
വേണ്ട കോളറയുള്ള വീട്ടിൽ..?
അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ..?
അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ.?”
“അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല.
ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.”
“ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ.?”
ഗൗരിയമ്മ എന്ന ദീർഘദര്‍ശിയുടെ ആശയവ്യക്തതയും ജനാധിപത്യ കേരളത്തിലെ ആദ്യത്തെ ലോക്ഡൗൺ നിർദേശവും തെളിഞ്ഞത് അങ്ങനെയാണ്.

1957ല്‍ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭയിലേക്ക് കയറിച്ചെന്നതിൻ്റെ ആറാം നാൾ. പതിതര്ക്കിടയില് ഭൂമിയുടെ നീതിപൂർവ്വമായ പുനർവിതരണം ലക്ഷ്യം വെച്ച് റവന്യൂമന്ത്രി ഗൗരിയമ്മയുടെ നേതൃത്വത്തില്‍ കുടിയിറക്ക് നിരോധന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പിന്നാലെ കാര്‍ഷികബന്ധ നിയമവും ഗൗരിയമ്മ സഭയിലവതരിപ്പിച്ചു.
1959 ജൂണ്‍ 11 ന് നിയമം പാസ്സായെങ്കിലും സാമുദായിക, സാമ്രാജ്യത്വ ശക്തികളുടെ വിമോചന സമരപ്പടപ്പുറപ്പാട് നിയമത്തിന്റെ പല്ലും നഖവും നഷ്ടപ്പെടുത്തി. നിരാശയില്‍ വീണുപോകാതെ
ഗൗരിയമ്മ 1967 വരെ കാത്തിരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. രണ്ടാം ഇഎംഎസ് വീണ്ടും റവന്യൂമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സമഗ്രഭൂപരിഷ്കരണനിയമം അവതരിപ്പിച്ചു.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്ന് ഗൗരിയമ്മ നടത്തിയ ചരടുവലികള്‍ ചരിത്രങ്ങളായി. ഗൗരിയമ്മയുടെ നിശ്ചയദാര്‍ഢ്യം ജന്മിത്ത സമ്പ്രദായം ഏറെക്കുറെ അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കി.

ഒന്നാം ഇടതുപക്ഷ മന്ത്രിസഭയിലെ പ്രണയത്തിന്റെ ഐക്കണുകളായിരുന്നു ഗൗരിയമ്മയും ടിവി തോമസും. പുന്നപ്ര- വയലാര്‍ സമരം തൊട്ടുള്ള പ്രണയ പരിചയം. പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ ഇരുവരും മന്ത്രിമാര്‍. ടിവി തോമസ് വഹിച്ച ചുമതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍. മന്ത്രിമാരായി ചുമതലയേറ്റ് രണ്ട് മാസത്തിനുള്ളില്‍ വിവാഹം. വഴുതക്കാട്ടെ വിമൻസ് കോളേജിന് എതിര്‍വശത്തുള്ള സാനഡുവും റോസ് ഹൗസും മന്ത്രിമന്ദിരങ്ങൾ. രണ്ട് വീടുകൾക്കിടയിലെ മതിലിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അടഞ്ഞുപോകാത്ത കിളിവാതില്‍ കെആര്‍ ഗൗരിയുടേയും ടിവി തോമസിന്റെയും പ്രണയസാക്ഷ്യമാകുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കീഴ്വഴങ്ങാത്ത ദാമ്പത്യത്തിന് മേല്‍ ഗൗരിയമ്മയുടെയും ടിവി തോമസിന്റെയും ജീവിതങ്ങളും പിളര്‍ന്നു. എന്നാല്‍ ഹൃദയത്തില്‍ വേരാഴ്ത്തിയ ആ പ്രണയം എന്നും മനസ്സില്‍ സൂക്ഷിച്ചു ഗൗരിയമ്മ.
കമ്മ്യൂണിസ്റ്റ് പാർട്ടി സമരമായപ്പോഴും സാന്ത്വനമായപ്പോഴും മനുഷ്യജീവിതത്തില്‍ പലരൂപത്തില്‍ ചുവന്നുതുടുത്തപ്പോഴും ഗൗരിയമ്മ മുന്നണിപ്പോരാളിയായി മാറി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു ഗൗരിയമ്മ. സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചു. എന്നും സാധാരണക്കാരോടൊപ്പം നിന്നു. എൺപതുകളുടെ ഒടുവില്‍ പാർട്ടിയും ഗൗരിയമ്മയും പരസ്പരം കലഹിച്ചു, പുറത്തേക്ക് പോയി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് യുഡിഎഫിൽ ചേർന്നു. നീതി ഉറപ്പാക്കാൻ പിന്നീട് യുഡിഎഫുമായുള്ള സ്വരചേർച്ചയും ഇല്ലാതാക്കി.
കേരള നിയമസഭ 1996ൽ ആദിവാസി ഭൂസംരക്ഷണ ഭേദഗതി ബിൽ ചർച്ചക്കെടുത്തപ്പോൾ ആദിവാസികൾക്കായി ഒറ്റയ്ക്ക് നിന്ന് പൊരുതിയത് ഗൗരിയമ്മ മാത്രമായിരുന്നു. 1975-ലെ ആദിവാസി ഭൂസംരക്ഷണ നിയമം അട്ടിമറിച്ച്, 1986-ന് ശേഷമുള്ള കൈയേറ്റങ്ങളെ സാധൂകരിക്കുന്നതായിരുന്നു ബിൽ.
“നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല. ആദിവാസികളെ എങ്ങനെ രക്ഷിക്കാം, അവരെ ഏതുവിധത്തില്‍ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങള്‍ നോക്കുന്നത്? ഇത് എതിര്‍ക്കേണ്ട നിയമമാണ്, ഒറ്റയ്ക്കായാലും ഞാന്‍ ഇതിനെ എതിര്‍ക്കുകയാണ്” എന്നായിരുന്നു എൽഡിഎഫിനെയും യുഡിഎഫിനെയും നോക്കി ഗൗരിയമ്മയുടെ പ്രതികരണം. ഗൗരിയമ്മ മാത്രം എതിർത്തുനിന്ന ബില്ലിനെ പിന്നീട് രാഷ്ട്രപതി ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതേ നിയമം മറ്റൊരു രൂപത്തില്‍ 1999ല്‍ വീണ്ടും സഭയിലെത്തി. അന്നും ഗൗരിയമ്മ ശരിയായ പോരാട്ടം സഭയിൽ സംഘടിപ്പിച്ചു.
ജീവിതത്തിന്റെ അവസാനകാലത്ത് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് കെആർ ഗൗരി ചെയ്തത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തി. വനിതാമതിലില്‍ പങ്കെടുത്ത് പുരോഗമനകേരളത്തോട് ഐക്യപ്പെട്ടു.
കേരളത്തിന്റെ സമരചരിത്രത്തെ സമാദരിക്കുന്ന
വീരേതിഹാസങ്ങളും വിപ്ലവകാരികളും ഉറങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് ഗൗരിയമ്മയും അന്ത്യവിശ്രമം കൊള്ളുന്നത്.
പക്ഷേ, വഴിതെറ്റിപ്പോയാൽ ഒരു കാവുതീണ്ടലിന് തയ്യാറായി
ചുവന്ന പട്ടുടുത്ത് ഗൗരിയമ്മയുടെ ഓർമ്മകൾ ഉണർത്തെഴുന്നേറ്റു വരിക തന്നെ ചെയ്യുമായിരിക്കുമെന്ന് പ്രത്യാശിക്കാം, ചുള്ളിക്കാടിന്റെ കവിതയോര്‍ത്ത്.
