ലോകയുദ്ധം അനുവദിക്കാം, എന്നാല്അത് തീർച്ചയായും തൊഴിലാളികൾ മുതലാളിമാരോട് നടത്തുന്ന വർഗയുദ്ധമായിരിക്കണം എന്ന നിലപാടായിരുന്നു റോസാ ലക്സംബര്‍ഗിന്. വിപ്ലവത്തിന്റെ ആ ചുവന്ന റോസ പൊലിഞ്ഞിട്ട് 45 വര്‍ഷമായി
ഏറ്റവും വിപ്ലവകരമായ സംഗതി, ഇന്ന് നടക്കുന്ന സംഗതികളെ മുഴുവൻ പച്ചക്ക് വിളിച്ചുപറയലാണെന്ന് പ്രഖ്യാപിച്ച പോരാളിയാണ് റോസ ലക്സംബർഗ്. സ്ത്രീവിമോചനത്തിലൂടെയേ സാമൂഹ്യവിമോചനം സാധ്യമാകൂ എന്നും സ്ത്രീ വിമോചനത്തിന് വർഗ്ഗവിമോചനം അനിവാര്യമാണെന്നും ലോകത്തെ ബോധ്യപ്പെടുത്തിയ മാർക്സിസ്റ്റ് ഫെമിനിസ്റ്റ്. അനങ്ങാത്തവർ അടിമത്തത്തിന്റെ ചങ്ങലക്കണ്ണി കണ്ടിട്ടുകൂടിയില്ലാത്തവരാണെന്ന റോസയുടെ വിമർശനം, സ്ത്രീവിമോചനത്തെ വർഗ്ഗവിമോചനവുമായി കണ്ണിചേർക്കാൻ പോന്നതാണ്.
പോളണ്ടില്‍ ജൂതയായിട്ടാണ് റോസ ലക്സംബർഗിൻ്റെ ജനനം. വാഴ്സയില്‍ ശരീരവേദനകള്‍ നിറഞ്ഞ കുട്ടിക്കാലം. പക്ഷേ, ചെറുപ്പം തൊട്ടേ ബുദ്ധികൊണ്ടും ധീരതകൊണ്ടും ഒരു തീക്കനലായിരുന്നു റോസ. നിരോധിക്കപ്പെട്ട പൊളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അവള് ആളിപ്പടര്‍ന്നു. അക്കാലത്ത് പോളണ്ടിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായതിനാൽ റോസയുടെ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് പലയാനം ചെയ്തിരുന്നു. അവിടെ സൂറിച്ചില്‍ പഠിച്ച് എണ്ണപ്പെട്ട താത്വികപുസ്തകങ്ങൾ എഴുതിക്കൂട്ടി. മാർക്സിസത്തിൻ്റെ പ്രയോഗത്തുടർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകി. പിന്നീട് പാർട്ടി നിർദേശപ്രകാരം ജര്‍മനിയിലേക്ക് പറിച്ചുനടപ്പെട്ട റോസ അവിടെയും വിപ്ലവത്തിന്റെ സുഗന്ധം പരത്തി. ഒരു വിവാഹനാടകത്തിലൂടെ പാസ്പോർട്ട് സംഘടിപ്പിച്ച്
ജർമനിയില്‍ കടന്നാണ് റോസ പാർട്ടി നേതൃത്വമായി മാറിയത്. അനശ്വരപോരാട്ടമെന്ന് ഉറപ്പിച്ച് പറയാവുന്ന ജീവിതം.
ജർമനി കലാപകലുഷിതമായ കാലത്തായിരുന്നു അങ്ങോട്ടേക്കുള്ള റോസയുടെ കടന്നുവരവ്. സമാധാന പ്രതിഷേധങ്ങള്‍ പോലും തച്ചുതകർക്കാന് ഭരണകൂടം ശ്രമിച്ചതോടെ വിപ്ലവത്തിന് സമയമായെന്ന് റോസയും സഖാക്കളുമുറപ്പിച്ചു. കാള്‍ ലീബ്നെക്റ്റും ക്ലാരാ സെറ്റ്കിനും കാൾ ജെറാക്കും ലിയോ ജോഗി ഷേസും ചേർന്ന് ജർമനിയില്‍ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തു. ബര്‍ലിന്റെ തെരുവുകള്‍ ചുവന്നു.

ലോകയുദ്ധം അനുവദിക്കാം, പക്ഷേ അത് തീർച്ചയായും തൊഴിലാളികൾ മുതലാളിമാരോട് നടത്തുന്ന വർഗയുദ്ധമായിരിക്കണം എന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു റോസാ ലക്സംബർഗിന്. എല്ലാ കാലത്തും വലിയ കമ്മ്യൂണിസ്റ്റ് ലക്ഷ്യങ്ങളിലേക്ക് നീന്താവുന്ന സ്വയം വെട്ടിത്തെളിച്ച ഒരു ചിന്താധാരയുമായിരുന്നു റോസ. സാമ്രാജ്യത്വത്തോട് പൊരുതുമ്പോൾ നമ്മൾ ഒരു സാമ്രാജ്യമായി മാറിപ്പോകരുതെന്ന് നിരന്തരം സ്വയംവിമർശനം നടത്തി. പാർട്ടിയല്ല പോരാട്ടമാണ് പ്രധാനമെന്ന് ലെനിൻ്റെ മുഖത്ത് നോക്കിപ്പറഞ്ഞുകൊണ്ടിരുന്നു. വിമർശിക്കുമ്പോഴും, തൊഴിലാളിവർഗത്തിന്റെ വഴികാട്ടിയാണ് റോസ എന്നായിരുന്നു മഹാനായ ലെനിൻ്റെ അഭിപ്രായം.
സ്പാര്‍ട്ടക്കസ് ലീഗ് രൂപീകരിച്ച് റോസയും സഖാക്കളും ജര്‍മ്മനിയില്‍ സോവിയറ്റ് മാതൃകയില്‍ നടത്തിയ വിപ്ലവമുന്നേറ്റങ്ങളെ സാമ്രാജ്യത്വം അടിച്ചമര്‍ത്തി. ഭരണകൂടത്തിന്റെ ആവനാഴികൾ ജനങ്ങൾക്ക് നേരെ മൂർച്ച കൂട്ടിയ വർഗ്ഗയുദ്ധങ്ങളുടെ കാലത്ത് ഒരിക്കൽ റോസയും ലീബ്നെക്റ്റും അറസ്റ്റിലായി. ഫാസിസ്റ്റുകള്‍ പേടിച്ചിരുന്ന റോസയുടെ തലച്ചോർ, നീണ്ട കാലത്തെ പീഡനങ്ങൾക്കൊടുവിൽ, 1919 ജനുവരി 15ന് അടിച്ചുതകർത്തു. വീണ്ടും കലിയടങ്ങാതെ തലയ്ക്ക് നേരെ തുരുതുരാ വെടിവെച്ചു. ലാന്വർ കനാലിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞു. ബെർലിനിലെ ആഴമേറിയ അഴുക്കുചാലിലേക്ക് അമർത്തിത്താഴ്ത്തി ഫാസിസ്റ്റ് പട്ടാളം ഇല്ലാതാക്കിയ റോസയെ ഓർത്ത്, റോസ ഉയർത്തിയ മുദ്രാവാക്യങ്ങളെ ഓർത്ത്, വിഖ്യാത കവി ബർട്ടോൾ ബ്രഹ്ത് അബൗട്ട് ദ ഡ്രൗണ്ട് ഗേൾ എന്ന കവിത ചൊല്ലി – അവള് ചെറിയ അരുവികളിൽ നിന്ന് വലിയ നദികളിലേക്ക് നീന്തും.
ഒരുനാള്‍ നമ്മളെ തേടിവരുമെന്ന് നമ്മള് ഉറപ്പിച്ചുപറഞ്ഞിരുന്ന ഫാസിസ്റ്റുകള്‍ നമ്മുടെ ഉമ്മറപ്പടികളില്‍ അവസരം കാത്ത് കൂടുകൂട്ടിയിരിക്കുകയാണ്. അവരുടെ വരവ് ദീര്‍ഘിപ്പിക്കുന്നതിന് മരിക്കുവോളം മുഷ്ടിചുരുട്ടിയ വിപ്ലവകാരിയാണ്, പ്രത്യയശാസ്ത്രത്തിന് വേണ്ടി പേന ചലിപ്പിച്ച പണ്ഡിതയാണ്, സ്വന്തം ചോര തന്നെ പകുത്തുനൽകിയ രക്തസാക്ഷിയാണ് റോസാ ലക്സംബർഗ്. അതെ, റോസയെ ഇല്ലാതാക്കിയ പ്രത്യയശാസ്ത്രം ഒരിക്കൽ ഇല്ലാതാകുക തന്നെ ചെയ്യും. റോസ ഉയർത്തിപ്പിടിച്ച
‘തീ’യറികളും തീത്തിരമാലകളായി ഉരുണ്ടുകൂടി വന്ന് ഭൂമിയെ കീഴ്മേൽമറിയ്ക്കും.
