50 വര്ഷത്തേക്ക് രാജ്യഭരണം ലക്ഷ്യമാക്കി ബിജെപിയുടെ മണ്ഡല പുനര്നിര്ണ്ണയ നീക്കം
2002ൽ വാജ്പേയി സർക്കാർ തൽക്കാലത്തേക്ക് താഴിട്ടുപൂട്ടിയ മണ്ഡല പുനർനിർണയമെന്ന ഭൂതം 12 വർഷമായി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കുപ്പിതുറന്ന് വീണ്ടും പുറത്തെത്തിക്കുകയാണ്. ഈ വർഷം തന്നെ നടക്കാൻ സാധ്യതയുള്ള സെൻസസ്സും മണ്ഡല പുനർനിർണയവും, ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കേണ്ട ജനാധിപത്യ പാരസ്പര്യത്തെ തകിടം മറിച്ചേക്കാനാണ് സാധ്യത. പ്രതിപക്ഷ പാർട്ടികൾ ശങ്കിക്കുന്നത് പോലെ ലോക്സഭാമണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടാൽ, ഒരു രാഷ്ട്രീയ പാർട്ടിക്ക് രാജ്യാധികാരം പിടിക്കണമെങ്കിൽ മൂന്നോ നാലോ സംസ്ഥാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും. ‘അടുത്ത 50 വർഷത്തേക്ക് രാജ്യഭരണം ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്’ എന്നാണ് 2018ൽ ബിജെപി ദേശീയ നിർവാഹക സമിതിയിൽ അന്നത്തെ പ്രസിഡൻറ് അമിത് ഷാ പറഞ്ഞുവെച്ചത്. അതുകൊണ്ട്, ഒരു പതിറ്റാണ്ട് നീണ്ട ഭരണം കൊണ്ട് പ്രധാനപ്പെട്ട എല്ലാ മേഖലകളിലും അമിതാധികാരം ഉറപ്പാക്കിയ ബിജെപി, ഫാസിസ്റ്റ് രാഷ്ട്രനിർമിതി പൂർത്തിയാക്കാനായി മണ്ഡല പുനർനിർണയത്തെ ഉപയോഗപ്പെടുത്തുമോ എന്ന പ്രതിപക്ഷ ആശങ്കയിൽ കഴമ്പുണ്ട്.
ബ്രിട്ടീഷ് ഭരണകാലം മുതലേ പത്ത് വർഷം കൂടുമ്പോഴാണ് രാജ്യത്ത് കാനേഷുമാരി കണക്കുകൾ പ്രസിദ്ധീകരിക്കാറുള്ളത്. ഓരോ സെൻസസിന് ശേഷവും മണ്ഡലങ്ങളുടെ പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കണമെന്നാണ് ആർട്ടിക്കിൾ 82ലൂടെ ഭരണഘടന പറയുന്നത്. അതുപ്രകാരം ഓരോ സംസ്ഥാനങ്ങൾക്കും അനുവദിക്കപ്പെട്ട ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തിന് 10 വർഷം കൂടുമ്പോൾ മാറ്റം വരേണ്ടതാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള മൂന്ന് സെൻസസുകൾക്ക് പിന്നാലെ 1952ലും 1963ലും 1973ലും ചിട്ടയായി തുടർന്നുവന്നതാണ് ഈ പരിഷ്കാരം.

ആ ഘട്ടത്തിലാണ്, വിഭവങ്ങൾ പരിമിതമാണെന്നും അതുകൊണ്ട് മെച്ചപ്പെട്ട നിലയിൽ കുട്ടികളെ വളർത്തിയെടുക്കാൻ കുടുംബാസൂത്രണം അനിവാര്യമാണെന്നും യൂണിയൻ സർക്കാരുകൾക്ക് ബോധം വന്നത്. ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ നിലവിലെ സാഹചര്യത്തിൽ തുടരാൻ പ്രത്യുൽപാദന നിരക്ക് 2.1 ആകണമെന്ന് വ്യക്തമാക്കപ്പെട്ടു. ഇങ്ങ് കേരളത്തിൽ അത് ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യമായി അലയടിച്ചു. കുടുംബാസൂത്രണമെന്ന ലക്ഷ്യം സംസ്ഥാനങ്ങൾ കൂടുതൽ മികവോടെ ഏറ്റെടുക്കാനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാർ ഒരു തീരുമാനമെടുത്തു; 2001 വരേയ്ക്കും ഓരോ സംസ്ഥാനത്തെയും ആകെയുമുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി പരിമിതപ്പെടുത്താനുള്ള തീരുമാനം 42ആം ഭരണഘടനാ ഭേദഗതിയായി പുറത്തുവന്നു. 2002ൽ വാജ്പേയി സർക്കാറിൻ്റെ നേതൃത്വത്തിൽ കൊണ്ടുവന്ന 84ആം ഭരണഘടനാ ഭേദഗതിയും, 1971ലെ സെൻസസ് കണക്ക് തന്നെ അടിസ്ഥാനമായി എടുത്ത് ഡീലിമിറ്റേഷനെ മരവിപ്പിച്ചു നിർത്തി. മണ്ഡലങ്ങളുടെ അതിർത്തികളും വലിപ്പവും മാറിയെങ്കിലും ഓരോ സംസ്ഥാനത്തിനും അനുവദിച്ച മണ്ഡലങ്ങളുടെ എണ്ണം അതുപോലെ തുടർന്നു. 1976 മുതൽ 2001 വരെയുള്ള 25 വർഷങ്ങളിലും, 2001 മുതൽ 2026 വരെയുള്ള 25 വർഷങ്ങളിലും ഭൂതം ആരാലും തളയ്ക്കപ്പെടാതെ താൽക്കാലികമായി കുപ്പിയിൽ അടയ്ക്കപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് കുപ്പി പൊട്ടിച്ച് ഭൂതത്തെ പുറത്തെടുക്കാൻ നരേന്ദ്രമോദി തീരുമാനിച്ചാൽ ഒരു ബുദ്ധിമുട്ടുമില്ലാതെ നിയമപ്രകാരം തന്നെ അതിനു കഴിയും.

ലോകയുദ്ധം നടന്നാലും മറ്റെന്തൊക്കെ സംഭവിച്ചാലും ചിട്ടയായി നടത്തിവന്നിരുന്ന സെൻസസ്, 2021ൽ കോവിഡിൻ്റെ പേരുപറഞ്ഞ് തടസ്സപ്പെടുത്തിയതിനാൽ അടുത്ത ഡീലിമിറ്റേഷൻ്റെ അടിസ്ഥാനം ഏത് സെൻസസ് ആണെന്നതിന് തീരുമാനം പുറത്തുവന്നിട്ടില്ല. 2026ൽ തന്നെ സെൻസസും പിന്നാലെ മണ്ഡലപുനർനിർണയവും നടത്താനുള്ള സാധ്യതകൾ ഏറെയാണ്. മോദി സർക്കാർ, അടിയന്തരാവസ്ഥക്കാലത്തെയും വാജ്പേയിക്കാലത്തെയും കീഴ്വഴക്കം തുടരുമോ അതോ പുതിയ സെൻസസ് നടത്തി അതിനെ ഡീലിമിറ്റേഷൻ്റെ അടിസ്ഥാനമാക്കുമോ എന്നതാണ് ആകാംക്ഷയും ആശങ്കയും. ഇന്ദിരയുടെ അടിയന്തരാവസ്ഥക്ക് അഞ്ചു പതിറ്റാണ്ട് പ്രായമാകുമ്പോൾ ജനസംഖ്യ മൂന്ന് ഇരട്ടിയായി വർദ്ധിപ്പിച്ച ഉത്തർപ്രദേശ്, ബീഹാർ പോലുള്ള സംസ്ഥാനങ്ങൾ ലോക്സഭാ സീറ്റുകളുടെ എണ്ണവും വർദ്ധിക്കുമെന്ന ആകാംക്ഷയിലാണ്. എന്നാൽ തങ്ങൾക്ക് ഇപ്പോഴുള്ള ലോക്സഭാ സീറ്റ് എണ്ണം കുറയുമോ എന്നാണ്, മികച്ച നിലയിൽ കുടുംബാസൂത്രണം നടപ്പാക്കുകയും പ്രത്യുൽപാദന നിരക്ക് 2.1ന് താഴെ പിടിച്ചുനിർത്തുകയും ചെയ്ത സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നത്.
1971ലെ സെൻസസിൽ ഇന്ത്യൻ ജനസംഖ്യയായി രേഖപ്പെടുത്തിയ 54.8 കോടി മനുഷ്യരിലൂടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത് 543 ലോക്സഭാംഗങ്ങളാണ്. 71ലെ 54 കോടി ഇന്ത്യാക്കാർ ഇന്നേക്ക് മൂന്നരട്ടിയായി വളർന്നിട്ടുണ്ടാകും എന്നുറപ്പാണ്. 54 വർഷം മുമ്പുള്ള കണക്കുകൾ കൊണ്ട് ഇന്നിൻ്റെ ജനപ്രാതിനിധ്യം എങ്ങനെ പൂർത്തിയാകുമെന്നാണ് യൂണിയൻ സർക്കാരും അവരെ നയിക്കുന്ന ബിജെപിയും ഉയർത്തുന്ന ചോദ്യം. അതുകൊണ്ട് ജനസംഖ്യ ഒപ്പിച്ചുള്ള ഡീലിമിറ്റേഷൻ അനിവാര്യമാണെന്നും അവർ വാദിക്കുന്നു. ആകെ മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് 848 ആക്കണോ, അതോ 543ൽ തന്നെ ചുരുക്കി സംസ്ഥാനങ്ങൾക്കിടയിൽ വീതംവെയ്ക്കണോ എന്നത് മാത്രമാണ് ഭരണകൂടത്തിനു മുന്നിലുള്ള സംശയം.
ലോക്സഭയിൽ ആകെയുള്ള 543 സീറ്റുകളിൽ മാറ്റം വരാതെ തുടർന്നാൽ, ഉത്തർപ്രദേശിൽ നിലവിലെ 80 സീറ്റ് 91 ആയും ബീഹാറിലെ 40 സീറ്റ് 50 ആയും വർദ്ധിക്കും. തമിഴ്നാട്ടിലെ സീറ്റ് എണ്ണം 39 നിന്ന് 31ലേക്ക് കുറയും. കേരളജനതയെ 20 ലോക്സഭാംഗങ്ങൾക്ക് പകരം 12 പേർ മാത്രം പ്രതിനിധീകരിക്കും. ഇനി, സീറ്റുകളുടെ എണ്ണം 848 ആയി വർദ്ധിപ്പിക്കാനാണ് തീരുമാനമെങ്കിൽ, യുപിക്ക് 80ൽ നിന്ന് 63 സീറ്റ് വർധിച്ച് 143 സീറ്റും ബീഹാറിന് 40ൽ നിന്ന് 39 സീറ്റ് കൂടി വർധിച്ച് 79 സീറ്റും ലഭിക്കും. തമിഴ്നാടിന് വർദ്ധിക്കുക 10 സീറ്റുകൾ മാത്രം; കേരളത്തിൽ ഇപ്പോഴും അപ്പോഴും 20 സീറ്റുകളായി തുടരും. യുപിയെ പോലെ, നേടുന്നത് രാജസ്ഥാനും മധ്യപ്രദേശുമൊക്കെയാണെങ്കിൽ, കേരളത്തെപ്പോലെ, നഷ്ടപ്പെടുത്തുന്നത് ആന്ധ്രയും തെലങ്കാനയും കർണാടകയുമാകും. ഡീലിമിറ്റേഷൻ യുക്തി ഏതുതന്നെയായാലും, കൂടുതൽ അംഗങ്ങൾക്ക് ഇരിക്കാവുന്ന പുതിയ പാർലമെൻ്റ് മന്ദിരം കൂടി പണിതുവെച്ചുകൊണ്ടാണ് ബിജെപി സർക്കാർ ഭീഷണി തുടരുന്നത്.

തെക്കേ ഇന്ത്യയുടെ തലയ്ക്കു മീതെ തൂങ്ങുന്ന വാളാണ് പുതിയ ഡിലിമിറ്റേഷൻ ഭീഷണിയെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. എന്നാൽ നിലവിലെ സീറ്റെണ്ണത്തിൽ ഒരു കുറവും വരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നാണ് കഴിഞ്ഞവർഷം കോയമ്പത്തൂരിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യയുടെ ആശങ്ക പങ്കുവെക്കാനും കൂട്ടായ രാഷ്ട്രീയ പ്രഖ്യാപനം നടത്താനുമായി കഴിഞ്ഞ മാർച്ചിൽ ചെന്നൈയിൽ വെച്ച് എം കെ സ്റ്റാലിനും പിണറായി വിജയനും രേവന്ത് റെഡ്ഡിയും ഭഗവന്ത് സിംഗ് മനും ഡികെ ശിവകുമാറും വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പ്രതിനിധികളും ഒന്നിച്ച് ചേർന്നിരുന്നു. 25 വർഷത്തേക്കെങ്കിലും ഡീലിമിറ്റേഷൻ പ്രക്രിയ നടത്തരുതെന്നും യൂണിയൻ സർക്കാരിന്റെ ഇടപെടലുകളിൽ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട യോഗം അടുത്ത തവണ ഹൈദരാബാദിൽ ചേരാനും തീരുമാനമെടുത്തിരുന്നു. മറുപടിയായി കടുത്ത ആക്ഷേപങ്ങൾ അഴിച്ചുവിടുകയാണ് ബിജെപി നേതാക്കൾ ചെയ്തത്.

കേന്ദ്രഫണ്ട് വിതരണം, ജനവിരുദ്ധമായ നിയമനിർമാണങ്ങൾ എന്നിവയിൽ നിരന്തരം പ്രതിഷേധമുയർത്തുന്ന തമിഴ്നാട് അടക്കമുള്ള സർക്കാരുകൾക്കെതിരെ, ‘ചിലർ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടേയിരിക്കും’ എന്നാണ് പാമ്പൻ പാലം ഉദ്ഘാടനവേളയിൽ രാമേശ്വരത്ത് വെച്ച് മോദി പരിഹസിച്ചത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നുള്ള പേടിയാണ് ഡീലിമിറ്റേഷനു നേരെയുള്ള പേടിയായി ഉയർന്നുവരുന്നതെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബൈ വിമർശനമുയർത്തി. പ്രമുഖ നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയവടംവലി പ്രാദേശിക തലത്തിലേക്ക് എത്തുമ്പോൾ, കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ആഹ്വാനമായി വരെ മാറുന്നുണ്ട്.
ഫെഡറലിസം സംബന്ധിച്ച പ്രശ്നങ്ങളിൽ തർക്കം നിലനിർത്തുകയും ധ്രുവീകരണം കടുപ്പിക്കുകയും ചെയ്യുക എന്നത് ദീർഘകാലമായുള്ള സംഘപരിവാർ അജണ്ടയാണ്. വിവിധ സംസ്ഥാനങ്ങളിൽ സുവർണ്ണാവസരങ്ങൾ കെട്ടിപ്പടുത്ത് വോട്ടാനുകൂല്യം നേടുക എന്നത് മാത്രമാണ് രാഷ്ട്രീയഹിന്ദുത്വയുടെ ലക്ഷ്യം. ഇന്ത്യൻ യൂണിയനിൽ നിന്ന് വിഘടിക്കാൻ തയ്യാറായി നിൽക്കുന്ന കക്ഷികളെ പോലും തെരഞ്ഞെടുപ്പിൽ കൂടെ നിർത്തുകയും, എന്നാൽ അഖണ്ഡഭാരതമാണ് സ്വപ്നമെന്ന് ഇടയ്ക്കിടെ ഉറക്കെ പറയുകയും ചെയ്താണ് അവരുടെ മുമ്പോട്ടുപോക്ക്. അതുകൊണ്ട് അവർ ഇന്ത്യൻ ഭരണകൂടത്തിന്റെ കടിഞ്ഞാണുകൾ ചലിപ്പിക്കുമ്പോൾ, വളരെ സങ്കീർണമായ ഡീലിമിറ്റേഷൻ പോലുള്ള പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനേ കഴിയില്ല.
വിവിധ സംസ്ഥാനങ്ങളിൽ കുടുംബാസൂത്രണം ശരിയായ നിലയിൽ നടപ്പായില്ല എന്നത് അവിടത്തെ ദരിദ്രപശ്ചാത്തലത്തെക്കൂടി കൂട്ടിവെച്ച് വായിക്കാനാണ് നമ്മളെ പ്രേരിപ്പിക്കേണ്ടത്. ദീർഘവീക്ഷണക്കുറവുള്ള രാഷ്ട്രീയ നേതൃത്വത്തെയും നമുക്ക് പഴിക്കാനാകും. പക്ഷേ വോട്ടുജനാധിപത്യത്തിന്റെ അടിസ്ഥാനമായ ‘ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം’ എന്ന മുദ്രാവാക്യം കേരളത്തിലും ഉത്തർപ്രദേശിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ, വ്യക്തിഗതാഭിപ്രായം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സംസ്ഥാനങ്ങളുടെ അഭിപ്രായവും. ഫെഡറൽ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രവികസനത്തിന് സംസ്ഥാനങ്ങളുടെ വലിപ്പച്ചെറുപ്പങ്ങൾക്കപ്പുറത്ത് ജനാധിപത്യത്തിൽ ഇടം നൽകേണ്ടിവരും. ആരോഗ്യ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിൽ വികസനം കൈവരിച്ചു എന്നതും ‘ ഹം ദോ, ഹമാരേ ദോ’ എന്ന് ദേശീയ മുദ്രാവാക്യത്തിൻ്റെ തർജ്ജമക്ക് ജീവിതത്തിൽ തന്നെ അച്ചുനിരത്തി എന്നതും ഒരു പാപമായി മാറാനും പാടില്ല.

ഫെഡറൽ സ്വഭാവങ്ങളുള്ള നമ്മുടെ രാജ്യത്തിൻറെ പാർലമെന്റില്
എല്ലാ ഫെഡറൽ ഭരണകൂടങ്ങളെയും പോലെ രണ്ട് സഭകളാണുള്ളത്. അധോസഭ പൗരന്മാരുടെ ജനാധിപത്യം സംരക്ഷിക്കുമ്പോൾ ഉപരിസഭ സംസ്ഥാനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കുന്നു. എന്നാൽ നമ്മുടെ ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സീറ്റെണ്ണം വീതം വെച്ചിരിക്കുന്നത്. അത് പ്രകാരം ഉത്തർപ്രദേശിന് 31 രാജ്യസഭാംഗങ്ങളെ പാർലമെന്റില്
അയക്കാൻ കഴിയുമെങ്കിൽ കേരളത്തിന് ഇരുപതും അസം ഒഴികെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഓരോരുത്തരെയുമാണ് പ്രതിനിധികളായി കിട്ടുന്നത്. ചുരുക്കത്തിൽ, നമ്മുടെ അധോസഭയും ഉപരിസഭയും ഒരുപോലെ ജനങ്ങളുടെ ജനാധിപത്യത്തെ മാത്രം സംരക്ഷിക്കുന്നു, സംസ്ഥാനങ്ങളുടെ ജനാധിപത്യം ‘ഫെഡറലിസം വിത്ത് യൂണിറ്ററി ബയസ്’ എന്ന തലക്കെട്ടിൽ കുരുങ്ങിക്കിടക്കുന്നു.
സൗത്ത് ആഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ ഓരോന്നിനും 10 പേർ വീതം ആകെ 90 അംഗങ്ങളാണ് ഉപരിസഭയായ നാഷണൽ കൗൺസിൽ ഓഫ് പ്രൊവിൻസസിൽ ഉള്ളത്. വലുപ്പത്തിൽ ഏറ്റവും അവസാനത്തേതും ജനസംഖ്യയിൽ ഏറ്റവും ആദ്യത്തെതുമായ ഗൗട്ടങ് പ്രവിശ്യയിലും, വലുപ്പത്തിൽ ഏറ്റവും ആദ്യത്തെതും ജനസംഖ്യയിൽ ഏറ്റവും അവസാനത്തേതുമായ നോർത്തേൺ കേപ്പ് പ്രവിശ്യയിലും 10 അംഗങ്ങൾ വീതമാണ് പ്രതിനിധികൾ. എന്നാൽ അധോസഭയായ നാഷണൽ അസംബ്ലിയിലെ 400 പേരിൽ ആനുപാതിക പ്രാതിനിധ്യത്തിലൂടെ ജനങ്ങളുടെ പ്രതിനിധികളും സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്നുണ്ട്.
ഇന്ത്യയിലെ മണ്ഡല പുനർനിർണ്ണയം ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം താരതമ്യപരിഗണനയ്ക്കെടുക്കുന്ന അമേരിക്കൻ കോൺഗ്രസും നമ്മുടെ പാർലമെൻറിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അധോസഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ വോട്ടവകാശമുള്ള 435 പേർ ജനങ്ങളുടെ പ്രതിനിധികളായി ഇരിക്കുമ്പോൾ ഉപരിസഭയായ സെനറ്റിൽ, 50 സംസ്ഥാനങ്ങളിൽ ഓരോന്നിൽ നിന്നുമായി വലിപ്പച്ചെറുപ്പമില്ലാതെ ഈരണ്ട് സെനറ്റ് അംഗങ്ങളുണ്ട്. 1913 വരെ സെനറ്റർമാരെ തെരഞ്ഞെടുത്തിരുന്നത് സംസ്ഥാന നിയമനിർമ്മാണസഭകളാണെങ്കിൽ ഇപ്പോൾ ഓരോ സംസ്ഥാനത്തെയും ജനകീയ തെരഞ്ഞെടുപ്പുകളിലൂടെയാണ് സംസ്ഥാന പ്രതിനിധികളെ തീരുമാനിക്കുന്നത്. പത്തുവർഷം കൂടുമ്പോൾ നടക്കുന്ന യുഎസ് സെൻസസ് പ്രകാരമാണ് അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റെറ്റീവ്സിലെ സീറ്റെണ്ണം വീതംവയ്ക്കുന്നത്.
ഓസ്ട്രേലിയയുടെ സെനറ്റ് കൂടി പരിശോധിക്കാം. ദ്വീപരാഷ്ട്രമായ ഓസ്ട്രേലിയയിൽ ആകെ 6 സംസ്ഥാനങ്ങളും മൂന്ന് ഇന്റേണൽ ടെറിട്ടറികളും 7 എക്സ്റ്റേണൽ ടെറിട്ടറികളുമാണ് ഉള്ളത്.ആറ് സംസ്ഥാനങ്ങളിൽ ഓരോന്നിനും 12 പേർ വീതവും ജനസംഖ്യാ വലിപ്പമുള്ള രണ്ട് ഇന്റേണൽ ടെറിട്ടറികളിലെ പ്രതിനിധികളായി രണ്ട് പേർ വീതവും ആകെ 76 പേരാണ് ഓസ്ട്രേലിയൻ സെനറ്റർമാരായി ഉള്ളത്. എന്നാൽ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സിൽ ജനസംഖ്യ പ്രകാരമുള്ള പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ജനകീയ പ്രാതിനിധ്യത്തിലും സംസ്ഥാന പ്രശ്നങ്ങൾ ഇല്ലെന്നല്ല. ഉദാഹരണത്തിന്, ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപുകൾ, അമേരിക്കയിലെ പോർട്ടോറിക്കോ പോലുള്ള പ്രദേശങ്ങൾക്ക് ഉപരിസഭകളിൽ വേണ്ടതുപോലെ പ്രാതിനിധ്യമില്ല. ശരിയായ പ്രാതിനിധ്യം എല്ലാവർക്കും ലഭിക്കുന്നില്ല എന്ന വിമർശനം സൗത്താഫ്രിക്കയിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും പാർലമെന്റുകള് നേരിടുന്നുമുണ്ട്. പക്ഷേ ഇന്ത്യയോളം സങ്കീർണമായ പ്രശ്നങ്ങൾ മറ്റൊരു ഫെഡറൽ രാജ്യത്തെയും പാർലമെന്റുകൾക്ക് പറയാനില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ പിന്തുടരുന്ന ‘ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്’ സമ്പ്രദായവും വിഷയത്തെ സങ്കീർണ്ണമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം. ആര് തെരഞ്ഞെടുപ്പിൽ ജയിച്ചാലും വിജയിക്ക് എല്ലാം പിടിച്ചെടുക്കാൻ കഴിയുന്ന, ബഹുസ്വരത അവഗണിക്കപ്പെടുന്ന, അനാരോഗ്യകരമായ തെരഞ്ഞെടുപ്പ് രീതിയാണിത്. മൂന്ന് രാഷ്ട്രീയപാർട്ടികൾ മത്സരിച്ച് ത്രികോണമത്സരം തീർക്കുന്ന തെരഞ്ഞെടുപ്പുകളിൽ 30 ശതമാനം വോട്ട് നേടിയാൽ പോലും വിജയിക്കാനും പൂർണ്ണാധികാരത്തോടെ നാട് ഭരിക്കാനുമുള്ള അവസരം ഈ തെരഞ്ഞെടുപ്പ് രീതി നൽകുന്നുണ്ട്. അത് ഇന്ത്യ പോലെ ബഹുവംശീയമായി നിലനിൽക്കുന്ന പ്രദേശങ്ങൾക്ക് അഭികാമ്യമല്ല. തെരഞ്ഞെടുപ്പ് രീതിയിൽ തന്നെ തിരുത്തൽ വരാത്തിടത്തോളം കാലം പഞ്ചായത്ത് മുതൽ സംസ്ഥാനങ്ങൾ വരെയുള്ള ഉപദേശീയതകൾ തമ്മിൽ സീറ്റെണ്ണത്തിന് വേണ്ടിയുള്ള നിഷ്ഫലമായ തർക്കങ്ങൾ തുടരുക തന്നെ ചെയ്യും.

നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളിലും പാർലമെന്റെറി ചട്ടക്കൂടുകളിലും വലിയ അളവിലുള്ള പൊളിച്ചെഴുത്തിനാണ് രാഷ്ട്രമീമാംസാ വിദഗ്ധർ നിർദ്ദേശിക്കുന്നത്. തൽക്കാലത്തേക്ക് ഡീലിമിറ്റേഷൻ നീട്ടിവെക്കാൻ നിർദ്ദേശിച്ചുകൊണ്ട് ആർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നാണ്, ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിലൂടെ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ സുഹാസ് പാൽഷികർ വാദിക്കുന്നത്. ബിജെപി ഉയർത്തുന്ന വടക്കൻ-ഹിന്ദുത്വ-നോർമേറ്റീവ് യുക്തിയെ ഉന്നതമായ ജനാധിപത്യബോധം ഉയർത്തിപ്പിടിച്ചാണ് സ്റ്റാലിനെ പോലുള്ളവർ പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എന്നാൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ മുന്നോട്ടുവയ്ക്കുന്ന, ‘1971ലെ ജനസംഖ്യയിൽ സ്ഥിരമായി ഡീലിമിറ്റേഷനെ മരവിപ്പിക്കുക’ എന്ന ആശയത്തെയാണ് യോഗേന്ദ്ര യാദവിനെ പോലുള്ള ചില വിദഗ്ധർ അനുകൂലിക്കുന്നത്.
1956ൽ ഇന്ത്യയിൽ സംസ്ഥാന പുനഃസംഘടന പൂർത്തിയായ ശേഷം വിവിധ കാലഘട്ടങ്ങളിലായി പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമായി ഇന്ത്യ വളർന്നത് അങ്ങനെയാണ്. എന്നാൽ, വിവിധ സംസ്ഥാനങ്ങളെ വിഭജിച്ച് കൂടുതൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളെ വിഭജിച്ച് പുതിയ സംസ്ഥാനങ്ങൾ ഉണ്ടാക്കി 50ഓ, 75ഓ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നും ഒരു സംസ്ഥാനത്തിനും സമഗ്രാധിപത്യം ലഭിക്കാത്ത അത്തരമൊരു സാഹചര്യത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നും നിർദ്ദേശങ്ങൾ ഉയർന്നിട്ടുണ്ട്. 75 സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യാ കണക്കുകൾ പ്രകാരം മണ്ഡലപുനർനിർണയം നടത്തിയാൽ രാഷ്ട്രീയപാർട്ടികൾ തമ്മിലോ, സംസ്ഥാനങ്ങൾ തമ്മിലോ തർക്കങ്ങൾ ഉണ്ടാകില്ലെന്നതാണ് അവരുടെ ന്യായം. അടുത്ത 30 വർഷത്തേക്ക് ക്രമാതീതമായി വർദ്ധിച്ച് 160-170 കോടി എന്ന ഉച്ചസ്ഥാനത്തിലെത്തി പിന്നീട് കുറഞ്ഞേക്കാവുന്ന ഇന്ത്യൻ ജനസംഖ്യയെ അഭിസംബോധന ചെയ്യാനും അത് എളുപ്പമായേക്കും. മറ്റ് ഫെഡറൽ രാജ്യങ്ങളിൽ ഉള്ളതുപോലെ ഉപരിസഭയിൽ മികച്ച സംസ്ഥാന-ജനാധിപത്യം ഉറപ്പാക്കുക എന്നുള്ളതാണ് മറ്റൊരു പോംവഴി.
ഭാഷാ തർക്കം മുതൽ തെക്ക്- വടക്ക് ഭിന്നിപ്പും നോർത്തീസ്റ്റ് സ്വയംഭരണവാദവും വരെയുള്ള സാഹചര്യങ്ങളെ വിഘടനവാദമെന്ന കുറ്റപ്പേരിട്ട് എത്ര ആക്ഷേപിച്ചാലും പരിഹാരത്തിന് അത് മതിയാകില്ല. രാഷ്ട്രീയ സങ്കുചിതത്വത്തിലെ അവസരവാദത്തിന് അത് മതിയാകുമായിരിക്കും. എന്നാൽ അടിസ്ഥാനപ്രശ്നത്തെ അഭിസംബോധന ചെയ്ത് മാത്രമേ സംസ്ഥാനങ്ങളുടെ ആരോഗ്യകരമായ പാരസ്പര്യം തുടർന്നുകൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടിലെ എല്ലാ ദേശീയതകളിലുമുള്ള സാമ്യം, അവ പ്രവർജകമാണ് എന്നതാണ്; ഇന്ത്യയൊഴിച്ച്. സാമ്രാജ്യത്വവിരുദ്ധവും ഇൻക്ലുസീവുമായ ആശയഗതി ഇന്ത്യാരാജ്യത്തെ ഒരുമിപ്പിച്ചത് മറ്റുള്ള രാജ്യക്കാർക്ക് അത്ഭുതമേറ്റുന്നതാണ്. അത് ഈ നൂറ്റാണ്ടിലും കുറേക്കൂടി മെച്ചത്തോടെ തുടരാൻ ഏറ്റവുമുച്ചത്തിൽ ഉയർത്തിപ്പിടിക്കേണ്ട മുദ്രാവാക്യമാണ് ഫെഡറലിസം. ഐക്യത്തിനായി സംസ്ഥാനസർക്കാരുകൾ എല്ലാം ചെയ്യുന്നുണ്ട്; ഇനി ചെയ്യേണ്ടത് യൂണിയൻ സർക്കാർ മാത്രമാണെന്ന യാഥാർത്ഥ്യത്തെയാണ് നമ്മൾ സാധ്യതയാക്കിമാറ്റേണ്ടത്. നെഹ്റു മുതൽ ഇന്ദിരാഗാന്ധിയും വാജ്പേയിയും മൻമോഹൻസിങ് വരെ വിളിച്ചുകൂട്ടിയ ദേശീയോദ്ഗ്രഥന കൗൺസിൽ പോലും വിളിച്ചുകൂട്ടാത്ത നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടരുമ്പോൾ ഇത്തരം ചർച്ചകൾക്ക് പ്രസക്തിയുണ്ടോ എന്നുള്ള ചോദ്യവും പ്രധാനപ്പെട്ടതാണ്.
വൈരുദ്ധ്യയുക്തികളാണെന്ന് സ്ഥാപിച്ച് ജനപ്രാതിനിധ്യത്തെയും ഫെഡറലിസത്തെയും എതിർചേരികളിൽ അണിനിരത്താനുള്ള നീക്കം നമ്മെ തമ്മിലടിപ്പിക്കാൻ വേണ്ടി മാത്രമുള്ള അജണ്ടയാണെന്ന് ബോധ്യമുണ്ടാകണം. വികസനം കൊണ്ട് ഉണ്ടായേക്കാവുന്ന ഫെഡറലിസത്തെ നഷ്ടപ്പെടുത്താതിരിക്കാനും നേതൃപരാജയം കൊണ്ട് ഉണ്ടായേക്കാവുന്ന ജനപ്രാതിനിധ്യത്തെ നഷ്ടപ്പെടുത്താതിരിക്കാനുമുള്ള ജാഗ്രത നമുക്ക് ഏറ്റവും കരുത്തോടെ ഒരുമിച്ച് ഉയർത്തിപ്പിടിക്കാം
