ലോകരാഷ്ട്രീയം ഒരു ട്രമ്പൻ കറക്കത്തിന്റെ മുനമ്പിൽ ക്ഷീണിച്ചിരിക്കുകയാണ്. യുദ്ധവും തീരുവയുദ്ധവും പിടിച്ചുപറിയും കടന്നാക്രമണവും ചേർന്ന ഭൗമരാഷ്ട്രീയ താൽപര്യങ്ങൾ മാത്രം പിടിമുറുക്കിയ കാലത്ത്, ഒരു രാഷ്ട്രീയ കഥയെഴുത്തുകാരനിൽ നിന്ന് ഉടലെടുക്കാവുന്ന അനിവാര്യമായ ഭാവനാവിലാസമാണ് കോരപ്പാപ്പനിലും കറങ്ങിത്തിരിയുന്നത്. ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഫിക്ഷണൽ കഥാപാത്രം ഉരുവംകൊണ്ടതിന്റെ ചരിത്രമാണ് ആദ്യ നോവലിൽ ടി ഡി രാമകൃഷ്ണൻ ഉൾപ്പെടുത്തിയെങ്കിൽ, അത് പതിനെട്ടാം കൂറ്റുകാരുടെയും ലോകത്തിന്റെ ആകെയും കോരപ്പാപ്പനായി വർത്തമാനകാലത്ത് പുനരവതരിക്കുന്നതാണ് രണ്ടാം നോവൽ.

ഒരു എത്തീസ്റ്റിക് സാധ്യതയായി ഇതിനുമുമ്പ് പലതവണ എഴുത്തുകാരും സിനിമാക്കാരും ഫലപ്രദമായി എടുത്തുപയോഗിച്ച ദ്വന്ദ്വവ്യക്തിത്വമെന്ന രോഗസാഹചര്യത്തെയല്ല നോവലിസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. യഥാതഥമായ ജീവിതം മനുഷ്യജീവിതവും, സ്വപ്നജീവിതം ദൈവജീവിതവുമാകുമെന്ന മനുഷ്യ-ദൈവപരികല്പനയിലാണ് എഴുത്തുകാരന്റെ ഫിക്ഷൻ ഫൗണ്ടേഷൻ. ശാസ്ത്രത്തിൻറെയോ, യുക്തിയില്ലാത്ത മറ്റേതെങ്കിലും കാര്യങ്ങളുടെയോ തുടർച്ചയിൽ പുനർജനി നൂണ്ട് പുറത്തുവന്നൊരാളാണ് കോരപ്പാപ്പൻ. അറിവിനേക്കാൾ പ്രധാനം ഭാവനയാണെന്നും, സ്വപ്നങ്ങൾ സത്യങ്ങളേക്കാൾ ബലമേറിയതാണെന്നും എഴുതിയ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റായ റോബർട്ട് ഫൽഗത്തിൻ്റെ വരികൾ ആവേശത്തോടെ എടുത്തു പ്രയോഗിക്കുന്നുണ്ട് ടി ഡി രാമകൃഷ്ണൻ. മനുഷ്യനെക്കാൾ ഭാവനാസമ്പന്നരായ വേറെയൊരു ജീവി ഈ പ്രപഞ്ചത്തിലില്ലെന്നും, കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ യാഥാർത്ഥ്യത്തെക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മനുഷ്യന് കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, സ്വപ്നസാക്ഷാത്കാരത്തിനായി അധികാരം കയ്യിൽ വരുന്നവൻ മനുഷ്യനിൽ നിന്ന് ദൈവമായി മാറുന്നുണ്ടാകണം. കറുപ്പിലോ വെളുപ്പിലോ ജീവിക്കുന്ന മനുഷ്യരിൽ നിന്ന്, ജീവിതവും മരണവുമെന്ന പ്രതിസന്ധിയിൽ നിന്ന്, ദൈവമായി പുനർജനിച്ച് ലോഭം നയിക്കുന്ന വേട്ടയ്ക്കൊരുങ്ങുകയാണ് കോരപ്പാപ്പൻ.

മുതലാളിത്തത്തിന്റെ ഗ്രാൻഡ് പ്ലാനെന്തെന്ന് ഏറ്റവും ഫലപ്രദമായി നോവൽ വിശദീകരിക്കുന്നുണ്ട്. സമഗ്രാധിപത്യത്തിന്റെ സ്വർണ്ണക്കസേരയിൽ അമർന്നിരിക്കുന്ന സംഘടിത വലതുപക്ഷ അധോലോകകൂട്ടുകെട്ടിന്റെ രൂപകമാണ് കോരപ്പാപ്പൻ. അനന്തമായ അധികാരത്തിന്റെയും ആസക്തികളുടെയും അണിയറരൂപം. കുന്നംകുളം മുതൽ അമേരിക്ക വരെയുള്ള പ്രദേശങ്ങളെ അടക്കി ഭരിക്കുന്ന സമഗ്രാധീശത്വത്തിന്റെ ദൈവരൂപം. അതുകൊണ്ട് കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന പ്രാർത്ഥന തന്നെ, ലോകമാർക്കറ്റിന് കീഴ്പ്പെടേണ്ടിവരുന്ന സാധാരണ മനുഷ്യരുടെ പരിദേവനമായി തോന്നാം. ‘വഴിയിനി ഒന്നേയുള്ളൂ വാഴുന്നോരെ വാഴ്ത്തുക മാത്ര’മെന്ന ഊരാളിക്കവിത ഓർമിപ്പിക്കുന്ന തലക്കെട്ട്. അപ്പോഴും, ദൈവത്തേക്കാൾ വലുതാണ് ദൈവനിയമമെന്ന കാഴ്ചപ്പാട് പതിനെട്ടാം കൂറ്റുകാരെ പോലെ ലോകം മുഴുവൻ ബലപ്പെടുന്നു. ദൈവനിയമത്തെ സംരക്ഷിക്കാൻ ദൈവത്തെ കൊല്ലാനും മടിക്കാത്ത നീരാളിക്കൈയായി മുതലാളിത്തം പരിണമിക്കുന്നു. അനിവാര്യമായ തകർച്ചയിലേക്ക് വഴിനയിക്കുന്ന മുതലാളിത്തപ്രതിസന്ധിയായി അത് രൂപപ്പെടുന്നു.
ചരിത്രത്തിലെ വിടവുകളെ കഥകൾ കൊണ്ട് നികത്തിക്കളയുന്ന പരിപാടി കോരക്കഥകളിൽ മാത്രം നടത്തിയയാളല്ല രാമകൃഷ്ണൻ. അതുകൊണ്ട് കോരപ്പാപ്പന്റെ രണ്ടാം ജന്മത്തിലേക്ക് വാതിൽ തുറന്നിടുമ്പോൾ ചരിത്രത്തിലേക്ക് കെട്ടുകഥകളെയും കേട്ടുകേൾവികളെയും അപ്രോപ്രിയേറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് കഥാകാരൻ ഏറ്റെടുക്കുന്നത്. അത്തരം ഒരു സാഹസത്തിലൂടെ വായനക്കാരും സ്വപ്നലോകത്ത് അകപ്പെടുകയാണ്. കൂടുതൽ നേരം വെളിച്ചത്തിലും കൂടുതൽ ദൂരം ഇരുട്ടിലും നടത്തുകയാണ്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കേണ്ട ഉദ്വേഗം നിലനിർത്തുമ്പോൾ തന്നെ, ഇപ്പൊൾ വായിച്ചുകൊണ്ടിരുന്ന അറിവ് സങ്കല്പമോ സത്യമോ എന്ന തോന്നലിൽ നിന്ന് പുസ്തകത്തിന് പുറത്തേക്ക് പുനരന്വേഷണത്തിന് വഴിയിടുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് സത്യത്തെ അസംബന്ധമാക്കി മാറ്റുന്ന സത്യാനന്തരകാലത്തിന് നേരെയുള്ള സമർത്ഥമായ പരിഹാസക്കൂരമ്പാണ് കോരക്കഥയുടെ ഈ രണ്ടാംഘട്ടം.
