മതം മാറ്റത്തിന്റെ പേരിൽ പർദയിലേക്ക് വേഷം മാറിയപ്പോള്‍ മാധവിക്കുട്ടി പറഞ്ഞു, ഞാൻ ശ്രീകൃഷ്ണനെയും കൂടെകൂട്ടുകയാണെന്ന്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ പുന്നയൂര്‍ക്കുളത്തെ അമ്മവീട്ടിലേക്കെന്ന പോലെ താന്‍ മടങ്ങിവരികയാണെന്നും പറഞ്ഞു. മാധവിക്കുട്ടി അപ്പോള്‍ മതം മാറുകയായിരുന്നോ? അല്ല, ഇരുമതങ്ങളുടെയും കര്‍ശ്ശനമായ ചട്ടക്കൂടുകളെ ഉടച്ചുകളയുകയായിരുന്നോ?
“എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കിൽ ഞാൻ എല്ലാ രാത്രിയും നക്ഷത്രങ്ങൾക്കിടയിൽക്കിടന്നു മാത്രം ഉറങ്ങും. മാൻപേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും. വെയിൽ പൊള്ളുന്ന നിമിഷം നദിയിൽ നീന്തുകയും ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും. എന്റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട് യാതൊരു സാദൃശ്യവുമുണ്ടാകി ല്ല. ഞാൻ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ച് ആ ശയ്യയിൽ കിടക്കും.
(നീർമാതളം പൂത്ത കാലം)
മനുഷ്യഭാഷയോട് സാദൃശ്യമില്ലാത്ത മറ്റൊരു ഭാഷയിൽ സംവദിക്കണമെന്ന് മാധവിക്കുട്ടി എഴുതിയത് മനുഷ്യഭാഷയുടെ അതുവരെ കാണാത്ത മനോഹാരിതയില്‍! സ്വന്തം ശരീരത്തോടും ആത്മാവിനോടും ചേർന്നുനില്‍ക്കുന്ന കലര്‍പ്പില്ലാത്ത അനുഭവങ്ങളുടെ ഭാഷയിൽ. മുറിയുമ്പോൾ ശരീരത്തിൽനിന്നു മാത്രമല്ല വാക്കുകളിൽ നിന്നും ചോര കിനിയുന്ന ജീവനുള്ള ഭാഷ. തീവ്രമായ ജീവിതാഭിമുഖ്യങ്ങളിൽ, ലൗകികതയോടുള്ള നിഷ്കപടമായ പ്രണയപരിണയങ്ങളിൽ നിന്നല്ലാതെ മാധവിക്കുട്ടിക്ക് വേറെ ആത്മീയാനുഭൂതിയുമില്ല. എഴുത്തിൽ അത് മതരഹിതമാണ്. ജീവിതത്തിൽ ഇടയ്ക്കെല്ലാം മതസഹിതമെന്ന് തോന്നിച്ചിട്ടുണ്ടെങ്കിലും ഒരു കുസൃതിക്കാരിയായി അവർ അതെല്ലാം അപ്പോള്‍ തന്നെ ഉടച്ചുകളഞ്ഞിട്ടുമുണ്ട്.

മതംമാറ്റത്തിന്റെ പേരിൽ പർദയിലേക്ക് വേഷം മാറുമ്പോൾ ഞാൻ ശ്രീകൃഷ്ണനെയും കൂടെകൂട്ടുന്നുവെന്നു പറയാൻ മാധവിക്കുട്ടിക്കേ കഴിയൂ. കുറേക്കഴിഞ്ഞ് പുന്നയൂര്‍ക്കുളത്തെ അമ്മവീട്ടിലേക്കു മടങ്ങിവരുന്നുവെന്ന് പറയുമ്പോലെ ഒരു തിരിച്ചുനടത്തത്തിന് കൊതിച്ചപ്പോഴും അവരറിയാതെ മതം മാറ്റത്തിൻ്റെ കര്‍ശ്ശനമായ ചട്ടക്കൂടുകളെ തകര്‍ക്കുകയായിരുന്നു.
ആര്‍ക്കും എപ്പോഴും കയറിയിറങ്ങിപ്പോകാവുന്ന വഴിയമ്പലമായി മതം മാറുമ്പോൾ പൗരോഹിത്യം പരിഭ്രാന്തരാവുക സ്വാഭാവികമാണ്. മാധവിക്കുട്ടിയായതുകൊണ്ട് ഇരുമതങ്ങളുടെയും പൗരോഹിത്യം അതു സഹിച്ചുവെന്നേ കതുതേണ്ടൂ. എങ്കിലും എഴുത്തച്ഛൻ അവാർഡ് ലഭിച്ചപ്പോൾ ചില വർഗീയ സംഘടനകൾ വാളെടുത്തത് ഓര്‍ക്കുന്നു. പക്ഷേ കമലാ സുരയ്യയോടുള്ള മലയാളത്തിന്റെ സ്നേഹം മറ്റൊന്നാണെന്ന് അറിഞ്ഞതോടെ അവര്‍ വേഗം ആയുധം താഴെവെച്ചു.

എല്ലാ ആക്രമണങ്ങളെയും എന്നും ഹൃദയവിശാലതകൊണ്ടു മൂടുന്ന എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി, ‘എന്റെ കഥ’യുടെ നേർക്കുള്ള കല്ലേറുകൾ തൊട്ട്. അത് എന്റെ കഥയല്ല ‘എന്റെ സ്വപ്ന’ങ്ങളുടെ കഥയാണെന്ന് പറഞ്ഞപ്പോഴാണ് ചില സദാചാരദുരാചാരികള് പത്തി താഴ്ത്തിയത്. എന്നാൽ മാധവിക്കുട്ടിയുടെ ജീവിതത്തിൽ സ്വപ്നവും യാഥാർഥ്യവും വഴിപിരിക്കുന്നിടം ആർക്ക് കാട്ടിത്തരാനാകും? കഥയിലും ജീവിതത്തിലും വെവ്വേറെ നിൽക്കാത്ത എഴുത്തുകാരി എന്തെങ്കിലും മാറ്റിപ്പറഞ്ഞുവെന്ന് കരുതുന്നവരാണ് ശരിക്കും വിഡ്ഢികളുടെ സ്വർഗത്തിലായിപ്പോയത്.
“പലപ്പോഴും എൻ്റെ പേന സ്വതന്ത്രശീലനായ ഒരു കുതിരയെപ്പോലെയാണ് പെരു മാറുക. അത് എനിക്കു വേണ്ടാത്തിടത്തു ചെല്ലും. കാണാത്തതൊക്കെ കാണുകയും ചെയ്യും. ഞാൻ അതിനാൽ നിയന്ത്രിക്കപ്പെടുകയല്ലാതെ അതിനെ ഞാൻ നിയന്ത്രിക്കാറില്ല. അതിനാൽ ഒട്ടും വിചാരിക്കാത്ത ചില അവസാനങ്ങൾ കഥകൾക്ക് വരാറുണ്ട്.” (മാധവിക്കുട്ടി)
കഥയിലേതുപോലെ മാധവിക്കുട്ടിയുടെ ജീവിതത്തിലും വിചാരിക്കാനാവാത്ത ക്ലൈമാക്സുകൾ ഉണ്ടാക്കുന്ന ആ സ്വതന്ത്രശീലനായ കുതിര ഏതാകാം? അതേതായാലും ഏത് കഥയെയും വെല്ലുന്ന നാടകീയതയിൽ പണിതതുതന്നെയാണ് മാധവിക്കുട്ടി ജീവിതതത്തില്‍ എഴുതുന്ന കഥകള്‍. കഥ അവസാനിക്കുന്നിടത്ത് ജീവിതം തുടങ്ങുന്നു; ജീവിതം അവസാനിക്കുന്നിടത്ത് കഥയും.

സ്നേഹിക്കാനറിയുന്ന ഒരു പുരുഷനെ താനിതുവരെ കണ്ടിട്ടില്ലെന്ന് മാധവിക്കുട്ടി ‘എന്റെ കഥ’യിൽ എഴുതുന്നുണ്ട്. പെൺമയിലേക്കുതന്നെ ചാഞ്ഞ്, സ്വന്തമല്ലാത്ത വാരിയെല്ലിന്റെ വംശത്തിലല്ലാതെ സ്നേഹവിശ്വാസങ്ങളർപ്പിക്കാനാവില്ലെന്ന് ‘ചന്ദനമരങ്ങളി’ലും പറയുന്നു. ലെസ്ബിയിനിസത്തിന്റെ കഥയായി ചുരുക്കി ‘ചന്ദനമരങ്ങൾ’ വായിക്കുമ്പോൾ കാണാതെ പോവുക പുരുഷാധിപത്യത്തിനെതിരായ ശക്തമായ പ്രതിരോധങ്ങളെയാണ്. പുറമെ ഭദ്രമെന്ന് തോന്നിക്കുന്ന വ്യവസ്ഥാപിത ദാമ്പത്യത്തിന്റെ ചില്ലുകൂടുകൾക്ക് നേർക്കുള്ള കല്ലേറുകളാണ് മാധവിക്കുട്ടിയുടെ ഏത് കഥയും. “സുമതി ഒരു സീതയോ ശീലാവതിയോ ആയിരുന്നില്ല; വാസ്തവംതന്നെ. പക്ഷേ അവൾ ആരെയാണ് വേദനിപ്പിച്ചിട്ടുള്ളതെന്ന് മാധവിക്കുട്ടി ‘രാധ, രാധമാത്രം’ എന്ന കഥയില്‍ ചോദിക്കുന്നു.
ഭർത്താവ് എന്ന പരമ്പരാഗത പങ്കാളിക്കു പുറത്തായിരുന്നു മാധവിക്കുട്ടിയുടെ നായിക സ്നേഹഭ്രമങ്ങളും ഭ്രമണങ്ങളും നടത്തിയത്. ഭർത്താവ് അറിയാത്തിടത്തോളം മറ്റൊരു പുരുഷനുമായുള്ള പ്രണയം അനീതിയല്ലെന്ന് അവള് വിശ്വസിച്ചു (രാധ, രാധമാത്രം). സ്നേഹിക്കുന്നവർക്കൊപ്പം ശയിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ആ അഭിനവ രാധമാരെല്ലാം ചങ്കൂറ്റത്തോടെ ചോദിച്ചത്.

ആഗ്രഹസാഫല്യത്തിലേക്കുള്ള വഴിയിൽ പുരുഷാധിപത്യലോകം തീർത്ത ബന്ധനങ്ങളുടെ മതിലുകളെല്ലാം മാധവിക്കുട്ടിയുടെ എഴുത്തില്‍ നിലംപതിച്ചു. എന്നാൽ ഇടയ്ക്കെല്ലാം പുരുഷനു കീഴടങ്ങിയുള്ള സമ്പൂർണ വിധേയത്വത്തിന്റെ സ്വരങ്ങളും മാധവിക്കുട്ടിയിൽനിന്നു തന്നെ കേട്ടു; ഒരു പക്ഷേ മാധവിക്കുട്ടിക്കുമാത്രം സാധ്യമായ അസൂയാവഹമായ പ്രണയവിധേയത്വത്തിന്റെ ഭാഷയിൽ. ആ വൈരുധ്യങ്ങളുടെ മനോഹാരിത കൂടിയാണ് മാധവിക്കുട്ടി. അവര്‍ ഒരൊറ്റ ഒന്നിന്റെ വാര്‍പ്പ് മാതൃകയല്ല.
“സ്ത്രീയായി ജനിച്ചതുകൊണ്ട് ഒരു പുരുഷനെ രമിപ്പിക്കുവാൻ കഴിഞ്ഞു, കുഞ്ഞിന് മുല കൊടുക്കുവാൻ കഴിഞ്ഞു.. ഇതൊന്നും ആരും ഓർക്കുന്നതേയില്ല. സ്ത്രീയായതുകൊണ്ട് കല്ലിനും മണ്ണിനും പുൽക്കൊടിക്കും കേടുപറ്റാതെ നടക്കുവാൻ സാധിച്ചു. ശിശുക്കളെ എണ്ണതേച്ചു കുളിപ്പിക്കുവാൻ സാധിച്ചു. സ്വന്തം പുരുഷന്റെ കരവലയത്തിൽ ഒതുങ്ങിക്കിടന്ന് ഉറങ്ങുവാൻ സാധിച്ചു…. സ്വർഗത്തിന് എത്രയോ അനവധി കവാടങ്ങളുണ്ട്’ (ഇന്ത്യാ ടുഡേ വനിതാ വാർഷികപ്പതിപ്പ് – 1995)

ആരും കാണാതെ കാമുകന്റെ പേര് അരയില്‍ പച്ചകുത്തുന്ന വടക്കുകിഴക്കനിന്ത്യയിലെ ചില നാടോടി പെൺകുട്ടികളെപ്പോലെയാകും ഇടയ്ക്ക് മാധവിക്കുട്ടിയുടെയും ഭാവനകള്‍. ഭാരത സ്ത്രീകൾ യുഗങ്ങളായി മനസ്സിൽ പേറിനടക്കുന്ന ശ്രീകൃഷ്ണനെന്ന കാമുക ബിംബത്തിലേക്ക് അവര്‍ എല്ലാം വെട്ടി ച്ചുരുക്കുകയും ചെയ്യും. തൻ്റെ ഇഷ്ടങ്ങളെ മറയില്ലാതെ തുറന്നുപറയുന്നതും ആ ആദർശാത്മക കാമുകസവിധത്തിൽ എത്തുന്നതിനാണ്. അത് അസാധ്യമാകുന്ന വേളയിൽ ഭർത്താവിന്റെ ചുംബനങ്ങൾക്ക് അവളുടെ ചുരുക്കെഴുത്ത് ഇങ്ങനെയാകും: “ഒരു ശവത്തിന് അതിനെ കൊത്തിവലിക്കുന്ന പറവകളോടും കരണ്ടുതിന്നുന്ന പുഴുക്കളോടും വെറുപ്പ് തോന്നാറുണ്ടോ?” (രാധയുടെ കത്ത്)
“രാധേ നിന്റെ ജീവിതം ദുരന്തമായിരുന്നില്ല. യമുനയുടെ തീരത്ത് നീ അവനുമായി ക്രീഡിച്ചു. നിന്റെ ഭർത്താവിനെ വഞ്ചിച്ചും നീ അവന്റെ കൂടെ നടന്നു” (രാധ, അനുരാധ). ഭർത്താവിന് പകരമായി കണ്ടെത്തുന്ന മേലുദ്യോഗസ്ഥനിലോ സഹപ്രവർത്തകനിലോ എന്നാൽ ഈ രാധയ്ക്ക് സ്നേഹാശ്വാസം ലഭിക്കുന്നില്ല. വഞ്ചനയുടെ മുഖത്തെഴുത്തുകൾക്ക് ഭർത്താവെന്നോ കാമുകനെന്നോ ഭേദമില്ലെന്ന് അവൾ തിരിച്ചറിയുന്നു.
പ്രണയവും വിവാഹംപോലെ പുറത്തുകടക്കാനാവാത്ത ഒരു കുരുക്കാകുന്നു ഈ മാധവിക്കുട്ടിക്കഥയില്. എന്നിട്ടും ലക്ഷ്യസ്ഥാനത്തിന്റെ മേൽവിലാസം മറക്കുന്നില്ല, കഥാകാരിയെപ്പോലെ കഥാപാത്രവും. അതിന്റെ നീതീകരണം ‘എന്റെ കഥ’യിലുണ്ട്- ”ഒരു സ്ത്രീ തന്റെ ആദ്യപുരുഷനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷൻ്റെ കിടക്കയിലേക്ക് നടക്കുമ്പോൾ അത് ഉപഹാസ്യമോ അസന്മാർഗികമോ അല്ല. അത് ദാരുണമാണ്. അവൾ അപമാനിക്കപ്പെട്ടവളാണ്; മുറിവേറ്റവളാണ്. അവൾക്ക് ശമനം ആവശ്യമാണ്.”

കാമുകിയായും ഭാര്യയായും അമ്മയായും മകളായുമുള്ള പെണ്ണിന്റെ സമസ്താനുഭവങ്ങളും മാധവിക്കുട്ടിക്കഥകളിൽ പൂർവമാതൃകകളില്ലാത്തവിധം സന്നിഹിതമാണ്. എന്നാൽ ആർക്കും എളുപ്പം വകവച്ചുകൊടുക്കാനാവാത്ത വിമതത്വത്തിന്റെ ബലത്തിലാകും ആ കഥകൾ അതിജീവിക്കുക. എഴുത്തിന്റെ തുടർച്ചപോലെ ജീവിതത്തിലും മാധവിക്കുട്ടി നടത്തിയ തുറന്നു പറച്ചിലുകൾ അവരുടെ മനോഹരമായ സർഗോന്മാദങ്ങൾ മാത്രമായി എഴുതിത്തള്ളേണ്ടവയുമല്ല.
“ചേകന്നൂർ മൗലവിയെ ഞങ്ങൾ കുഴിച്ചുമൂടി. അതേ ഗതി നിനക്കുമുണ്ടാകുമെന്ന് ഒരാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. മുസ്ലിംസ്ത്രീ ഇങ്ങനെയൊന്നും എഴുതരുതെന്നാണ് നിയമം. അതെന്താ, അവർക്ക് യോനിയും മുലയും ഗർഭപാത്രവുമില്ലേ. ഹിജഡകളെക്കുറിച്ചുപോലും സ്നേഹത്തോടെ എഴുതിയവളാണ് ഞാൻ. വേഷം കെട്ടി നടന്നാൽ മുസ്ലീമാവില്ല. മറ്റുള്ളവരെ സ്നേഹിക്കണം. സഹായിക്കണം. ഞാൻ ജനിച്ചപ്പോഴേ മുസ്ലീമായിരുന്നു“- കമലാസുരയ്യ

സുരക്ഷിതത്വം തേടിയെത്തിയ മതത്തിൽ നിന്നുണ്ടായ അവഹേളനങ്ങൾ മാധവിക്കുട്ടിയെ ഒരു വേള മതം തന്നെ അസംബന്ധമാണെന്ന ചിന്തയിലുമെത്തിച്ചു. പുരോഗമന ചിന്തയും പരിഷ്കരണബോധവും പുറത്ത് പാദരക്ഷയ്ക്കൊപ്പം ഊരിവെച്ചല്ലാതെ ഒരു മതവും ഒരാൾക്കും വാതിൽ തുറന്നുകൊടുക്കുന്നില്ലെന്ന പാഠവും അവര്‍ ഈ മതം മാറ്റത്തോടെ പഠിച്ചു.
“മതത്തിന് ഒരു പ്രാധാന്യവുമില്ലെന്നാണ് ഞാൻ നോവലിലൂടെ തെളിയിച്ചത്. പക്ഷേ മതത്തെ തൊട്ടു കളിക്കാൻ എല്ലാവർക്കും ഭയമാണ്. മതത്തിന്റെ അടി ചിരവകൊണ്ടുള്ള പ്രഹരംപോലെയാണ്. തലച്ചോറ് ഛിന്നഭിന്നമാവും. എന്നെപ്പോലെ ചിന്തിക്കുന്ന സ്ത്രീയെ എങ്ങനെയാണ് ഏതെങ്കിലും മതത്തിൽ തളച്ചിടുക.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2005 ജൂണ്‍ 12-18).
എന്നാൽ മാധവിക്കുട്ടിയുടെ ഈ ചിന്താവിപ്ലവങ്ങൾക്കെല്ലാം അടുത്ത മറ്റൊരു പ്രസ്താവനവരെയേ ആയുസ്സുള്ളുവെന്നും മലയാളികൾക്കറിയാം. വിചിത്രവും വിഭ്രാമകവുമെന്ന് തോന്നുന്ന ആ സ്വഭാവവിശേഷങ്ങളിൽ മാറ്റിപ്പറയാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് പ്രണയാലാപമാകുന്ന വാക്കുകൾ മാത്രമാകും. ഉത്സവമൊഴിഞ്ഞ മൈതാനത്തിലൂടെ നടക്കുന്ന ഏകാന്തവാർധക്യത്തിലും പ്രണയത്തിന്റെ ഒരു ഊന്നുവടിക്കുവേണ്ടി അവരുടെ മനസ്സ് വെമ്പിനിന്നു. ആ നിൽപ്പിൽ പേരില്ലാത്ത ദുഃഖങ്ങളെയെല്ലാം സ്വന്തം പേരിലാക്കി എടുത്തണിഞ്ഞു. രൂപമില്ലാത്ത ശത്രുക്കളോട് കലഹിച്ചു കരഞ്ഞു. ഒന്നാം നിര എഴുത്തുകാരിയുടെ പ്രശസ്തിക്കും ഭൗതികസുരക്ഷയ്ക്കും നടുവിലും ആരും ആലംബമില്ലാത്തവളെപ്പോലെ അലോസരപ്പെട്ടു. അമൂർത്തമായ ചില നഷ്ടങ്ങളെക്കുറിച്ചു തന്നെ പറഞ്ഞ് കണ്ണുകലക്കി.

”അവശിഷ്ടങ്ങൾ ‘ എന്ന കഥ മാധവിക്കുട്ടിയുടെ ശിഷ്ടജീവിതത്തിന്റെയും അടിക്കുറിപ്പാകുന്നത് അപ്പോഴാണ്. “വൈധവ്യം കണ്ണുനീർ വറ്റിച്ചേക്കാം. അത് ഒരനാഥപ്പട്ടിയുടെ വിലകുറഞ്ഞ സ്വാതന്ത്ര്യം സ്ത്രീക്ക് പ്രദാനം ചെയ്യുന്നു. അവൾക്ക് എരിയുന്ന വെയിലത്തു നടക്കാം. മഴയിലും അലഞ്ഞുനടക്കാം. ആരും അവളെ വിളിച്ച് തല തുവർത്തുകയില്ല. ഉപദേശിക്കുകയുമില്ല-“ മാധവിക്കുട്ടി
മതത്തേക്കാൾ താനാദ്യം എത്തിയത് പ്രണയത്തിലാണെന്നു പറഞ്ഞ എഴുത്തുകാരി അവസാനകാലത്ത് പ്രണയസാഫല്യത്തിനാണ് മതം മാറിയതെന്നും പറഞ്ഞിരുന്നു. അറുപത്തിയഞ്ചാം വയസ്സിൽ, മക്കളും കൊച്ചുമക്കളുമെല്ലാമായി ‘നാമജപവുമായി ക ഴിയേണ്ടുന്ന പ്രായത്തിലും പ്രണയത്തെക്കുറിച്ച് ആധികൊള്ളുന്നവളെ നോക്കി നെറ്റിചുളിക്കാൻ മാത്രമറിയാവുന്ന സമൂഹം അതുതന്നെ ചെയ്തു. എന്നിട്ടും, കാലം തല്ലിക്കൊഴിച്ച യൗവനത്തിൻ്റെ പൂങ്കുലകളെല്ലാം അതേ സൗരഭ്യത്തോടെ ചില്ലകളിലേക്ക് മടങ്ങിവന്ന നിമിഷങ്ങളെക്കുറിച്ച് മാധവിക്കുട്ടി എം എൻ കാരശ്ശേരിയോട് (ഭാഷാ പോഷിണി വാർഷികപ്പതിപ്പ് ജൂൺ-2002) പറഞ്ഞ ആ വാക്കുകള്‍ നോക്കൂ.
“ദാസേട്ടൻ മരിച്ചു. കുട്ടികളൊക്കെ ഓരോ വഴിയ്ക്കായി. ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയി. ആ സമയത്ത് ഒരാളും ഞാനുമായിട്ട് അടുപ്പമായി. ആ അടുപ്പം എന്നെ പിടിച്ചു കുലുക്കി. ഈ പ്രായത്തിലും ആകർഷണീയമായി എനിക്ക് ചിലതൊക്കെ ഉണ്ട് എന്ന അറിവ് വല്ലാത്തതായിരുന്നു. എന്റെ യൗവനം മടങ്ങിവന്നു. ഞാൻ ശരി ക്കും കാമുകിയായി. ജീവിതം ഒരു ആഘോഷമായി. അദ്ദേഹം മുസ്ലീമാണ്. ഞങ്ങള്‍ സംസാരിക്കുമ്പോഴൊക്കെ മതം ചർച്ച ചെയ്യും. ഇസ്ലാം മതത്തെപ്പറ്റി നല്ല പാണ്ഡിത്യമുള്ള ആളാണ് അദ്ദേഹം. അതിന്റെ ഭംഗികളൊക്കെ എനിക്കപ്പോഴാണ് തിരിഞ്ഞു കിട്ടീത്. അദ്ദേഹത്തെ കല്യാണം കഴിക്കാമെന്ന് വിചാരിച്ചിട്ട് ഞാൻ സ്വന്തം നിലയ്ക്ക് മാറീതാ. എന്നിട്ടെന്താ? അദ്ദേഹത്തിന് വാക്കുപാലിക്കാൻ കഴിവില്ലാതായി. അപ്പോ ഞാൻ വിചാരിച്ചു. അല്ലാഹു എന്നെ രക്ഷിക്കാൻ വേണ്ടി കണ്ടുവച്ച വഴിയാവും ഈ പ്രേമംന്ന്. ഞാൻ അല്ലാഹുവിന്റെ വഴീലെത്തീലേ, എനിക്ക് അതുമതി. ഞാൻ പ്രേമത്തിൻ്റെ വഴി വന്നു. അത്രേയുള്ളു’

മാധവിക്കുട്ടിയോട് സംസാരിച്ചിട്ടുള്ളവര്‍ക്കറിയാം നിറഞ്ഞ ജീവിതാസക്തിയിലും മരണത്തെക്കുറിച്ച് പറഞ്ഞാണ് മാധവിക്കുട്ടി എന്നും സംഭാഷണങ്ങൾ അവസാനിപ്പിക്കുക. 1998-ൽ പ്രസിദ്ധീകരിച്ച ഭാഷാപോഷിണി വാർഷികപ്പതിപ്പ് അഭിമുഖത്തിൽ തൻ്റെ മരണാനന്തര ക്രിയകളെക്കുറിച്ച് മാധവിക്കുട്ടി ഇങ്ങനെ പറയുന്നു:
”ഞാൻ മരിച്ചാൽ ശവം പുന്നയൂർക്കുളത്ത് കൊണ്ടുപോയി നാലപ്പാട്ടെ തെക്കേപ്പറമ്പിൽ ദഹിപ്പിക്കേണ്ട. എനിക്ക് വൈദ്യുതിയുടെ ദഹനയന്ത്രത്തിൽ അഭയം തന്നാൽ മതി. ഞാൻ മരണാനന്തര ക്രിയകളിൽ വിശ്വസിക്കുന്നില്ല. എൻ്റെ അസ്ഥികൾ മുങ്ങിക്കുളിക്കുന്ന നദിയിൽ ഒഴുക്കി ഒരിക്കലും നിങ്ങൾക്ക് ജലദോഷം വരരുത്. ‘നിങ്ങൾക്ക് പനി വന്നാൽ എൻ്റെ ആത്മാവ് ദുഖിക്കും. പുന്നയൂർക്കുളം വിദൂരമാണ്. അത് മൂകമാണ്. എന്നെ ആ പ്രദേശം മറന്നു കഴിഞ്ഞു”.
അങ്ങനെ പുന്നയൂര്‍ക്കുളത്തെ നീർമാതളത്തണലിന് പകരം പാളയം പള്ളിപ്പറമ്പിലെ ഗുൽമോഹർ തണലിലായി മാധവിക്കുട്ടിയുടെ അന്ത്യനിദ്ര. സർവകാലത്തേക്കുമായി വിടർന്ന മാതളപ്പൂക്കൾ വെള്ളയിലും വയലറ്റിലും സുഗന്ധം പരത്തുമ്പോള്‍ കൂടെ ചെഞ്ചുവപ്പില്‍ ആ ഗുല്‍മോഹറും പൂക്കട്ടെ.
( 2009-ല്‍ കമലാസുരയ്യ വിടപറഞ്ഞതിനു പിന്നാലെ പുറത്തിറങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ബിജു മുത്തത്തി എഴുതിയ ലേഖനമാണിത്)
