ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞെന്ന് സ്വപ്നം കാണുന്നവരുടെ ഉറക്കം കെടുത്തുകയാണ് എം ജെ അക്ബര്‍. ഹൂഗ്ലി നദിയുടെ കിഴക്കൻ പ്രദേശത്തുള്ള മനുഷ്യർ എപ്പോള്‍ വേണമെങ്കിലും ചുവപ്പിനെ പുണര്ന്നേക്കാമെന്നാണ് വിഖ്യത മാധ്യമപ്രവര്‍ത്തകനും നരേന്ദ്രമോദി സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ എം ജെ അക്ബര്‍ പറയുന്നത്. 2029ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലോ 2031ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ ബംഗാള്‍ ജനത വീണ്ടും ഇടതുപക്ഷത്തെ വരിച്ചേക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
അനതിവിദൂരഭാവിയിൽ ബംഗാളിൽ ഇടതുപക്ഷം ശക്തിപ്പെടുകയും, അധികാരത്തിൽ ഇരിക്കുന്ന ബിജെപിക്ക് എതിർ ബദലായി രൂപപ്പെടുമെന്നും വിവരിക്കുകയാണ്, പ്രമുഖ മാധ്യമ പ്രവർത്തകനും നരേന്ദ്രമോദി സർക്കാരിലെ മന്ത്രിയുമായിരുന്ന എം ജെ അക്ബർ. ഓപ്പൺ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ എൻ പി ഉല്ലേഖിന് നൽകിയ അഭിമുഖത്തിലാണ് ബംഗാളിന്റെ ഭാവി ഇടതുപക്ഷവുമായി എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്ന് എം ജെ അക്ബർ വ്യക്തമാക്കുന്നത്. ഭരണത്തിൽ നിന്ന് 80 സീറ്റുകൾ മാത്രമുള്ള പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. പക്ഷേ ഈ 80 സീറ്റുകൾ പോലും 8 സീറ്റുകളിലേക്ക് ചിതറിപ്പോകാവുന്ന നിലയിലാണ്. വലതുപക്ഷത്തോട് നീരസമുള്ള, ഇത്തവണ തൃണമൂലിന് വോട്ട് ചെയ്ത മനുഷ്യർ, ഇപ്പോൾതന്നെ മറ്റൊരാവസരം കിട്ടിയാൽ റീഗ്രൂപ്പ് ചെയ്യാനാണ് സാധ്യത. ഹൂഗ്ലി നദിയുടെ കിഴക്കൻ പ്രദേശത്തുള്ള മനുഷ്യർ അപ്പോൾ വീണ്ടും ഇടതുപക്ഷത്തെ സ്വീകരിച്ചേക്കാനാണ് സാധ്യത. അത് ചിലപ്പോൾ, 2029ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലോ 2031ൽ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലോ ഇടതുപക്ഷ ജയം രൂപപ്പെടുത്തിയേക്കാമെന്ന സാധ്യതയാണ് എംജെ അക്ബർ വിശദീകരിക്കുന്നത്.

ഏറ്റവും സാമർത്ഥ്യമുള്ള നീക്കമാണ് ഇടതുപക്ഷം ഇത്തവണ നടത്തിയത്. 15 വർഷമായി പാർട്ടി ഓഫീസുകളിൽ പോലും ഇരിക്കാൻ കഴിയാതെ തെരുവുകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പാർട്ടി, ഇത്തവണ തൃണമൂലിനെ തോൽപ്പിക്കാൻ സര്‍വ്വശക്തിയുമെടുത്ത് ഒരുങ്ങിയിറങ്ങിയെന്നാണ് എം ജെ അക്ബർ പറയുന്നത്.
കഴിഞ്ഞയാഴ്ചയിൽ പുറത്തിറങ്ങിയ ദി വീക്ക് മാസികയിലാണ് എം ജെ അക്ബർ ബംഗാളിലെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് വിശദമാക്കുന്ന ആദ്യ ലേഖനം എഴുതിയിരിക്കുന്നത്. ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യാൻ അടിത്തട്ടിൽ ഇടതുപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അക്ബര്‍ ആ ലേഖനത്തില്‍ എഴുതുന്നു. മഹാനായ ലെനിൻ അവതരിപ്പിച്ച അടവുനയമാണത്. നാളെ ജയിക്കാൻ ഇന്നുള്ള ഈ പിന്‍വാങ്ങല്‍. തൃണമൂൽ കോൺഗ്രസ് പ്രസക്തമാകുന്നിടത്തോളം കാലം, ബിജെപിക്ക് ബദലായി പ്രതിപക്ഷമായി രൂപപ്പെടാൻ ഇടതുപക്ഷത്തിന് കഴിയില്ല.
ബിജെപി അധികാരത്തില്‍ വരുന്നതോടെ തൃണമൂലിൽ നിന്ന് പൂർവികസ്വത്തായി കിട്ടുന്ന പ്രശ്നങ്ങളുടെ ഭാരം, അവരെയും തളർത്തി ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കും. ബംഗാളിനെ സജീവമാക്കാനും വികസനത്തിലേക്കും സമൃദ്ധിയിലേക്കും തിരികെ കൊണ്ടുവരാനും ബിജെപിക്കും കഴിയില്ല. അത് ഇടതുപക്ഷത്തിന്റെ സാധ്യതകൾക്ക് ബലം നൽകുമെന്നാണ് നരേന്ദ്രമോദിയുടെ ഈ മുന്‍ വക്താവ് പറയുന്നത് .

ബംഗാളിൽ നിലവിൽ നേരിടുന്ന അദൃശ്യാവസ്ഥയിൽ നിന്ന്, അനിശ്ചിതത്വത്തിലേക്ക് എങ്കിലും ഉണർന്നെണീക്കാവുന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാരെ രൂപപ്പെടുത്തുന്ന അടവുനയമാണ് എം ജെ അക്ബർ വിശദീകരിക്കുന്നത്. ഉറപ്പായും അടുത്ത തെരഞ്ഞെടുപ്പുകൾ ബംഗാളിൽ ഇടതുപക്ഷവും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നവയായി മാറും എന്ന് പ്രവചിച്ചുകൊണ്ടാണ് ദ വീക്ക് ലേഖനം അക്ബർ അവസാനിപ്പിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന് ഒരിക്കലും വൈകാരികമായി അംഗീകരിക്കാൻ കഴിയില്ലാത്ത, ഏറ്റവും കടുത്ത ഭാഷയിൽ തള്ളിപ്പറയാവുന്ന ഒരു ലേഖനമാണ് എം ജെ അക്ബർ മനോരമയുടെ ഉടമസ്ഥതയിലുള്ള മാസികയിൽ എഴുതിയിട്ടുള്ളത്. അതിന്റെ തുടർച്ചയിലാണ്, പ്രമുഖ മാധ്യമപ്രവര്‍ത്തകനും പാട്യം ഗോപാലന്റെ മകനും, കണ്ണൂരിലെ രക്തഭരിത രാഷ്ട്രീയത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവുമായ എൻ പി ഉല്ലേഖിന് എം ജെ അക്ബര്‍ നല്കിയ അഭിമുഖം.
ഒരു സർക്കാരിന്റെ, ഒരു ജനതയുടെ തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. അത് ശക്തമായ ഒരു ബദലിന്റെ അന്വേഷണം കൂടിയാണ്. നിലവിലുള്ള സർക്കാർ പ്രശ്നമാകുമ്പോഴാണ് ഒരു ബദലിനു വേണ്ടി ജനങ്ങൾ അന്വേഷണം തുടങ്ങുന്നത്
നിലവിലുള്ള സർക്കാരിന്റെ പരാജയം ഒരു പ്രളയമായി, സുനാമിയായി രൂപപ്പെടുന്നത് എപ്പോഴായിരിക്കും? അത് കൃത്യമായ ഒരു ബദലിന് പകരം, ഏതെങ്കിലും ഒരു ബദൽ ലഭിക്കണമെന്ന അന്വേഷണമാകുമ്പോഴാണ്. നിങ്ങളൊന്ന് ഇറങ്ങിപ്പോകൂ, ഭാവിയെപ്പറ്റി ഞങ്ങൾ എന്തെങ്കിലുമൊക്കെ ആലോചിച്ചുകൊള്ളാം എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ബംഗാളി ജനത നൽകിയ കമാൻഡ്.

മാ, മാറ്റി, മാനുഷ് എന്ന മുദ്രാവാക്യം ഉയർത്തി ബംഗാളിലെ മാർക്സിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതാണ് ദീദി. പക്ഷേ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ബംഗാളിലെ സ്ത്രീകളിൽ നിന്ന് വിശ്വാസത്തിന്റെ അകലം വർദ്ധിപ്പിക്കുകയാണ് മമതാ ബാനർജി ചെയ്തത്. അഴിമതി, ബംഗാളി ജനതയുടെ ഏറ്റവും അടിത്തട്ടിലേക്ക് നൂണ്ടുകയറിയ കാലത്താണ് മമത സർക്കാരിനെ ബംഗാളി സ്ത്രീകൾ വലിച്ചുപുറത്തിട്ടത്.
ബംഗാളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട വിദ്യാഭ്യാസ മന്ത്രിയാണ് പ്രൈമറി സ്കൂൾ ടീച്ചർമാരിൽ നിന്ന് കോഴ വാങ്ങി നിയമനം നടത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ അന്വേഷണക്കുരുക്കിൽ കുടുങ്ങിയത്. വിദ്യാഭ്യാസത്തിന്റെ ശക്തി എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്ന ബംഗാളി സ്ത്രീകൾ, ബംഗാളിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മമതാ സർക്കാരിനെ എതിർത്തുകുത്തി.

നിലവിലുള്ള സർക്കാരുകളെ, രാഷ്ട്രീയ പാർട്ടിയെ അട്ടിമറിച്ചാൽ പിന്നീട് ഒരിക്കലും അവരിലേക്ക് പ്രതീക്ഷയോടെ തിരിഞ്ഞു നോക്കാത്ത ജനതയാണ് ബംഗാൾ. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ്സും, നന്ദിഗ്രാം സമരത്തിന് ശേഷം സിപിഐഎമ്മും ഇതുവരെ അധികാരത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. മമതാ ബാനർജി ഭരണത്തിലേക്ക് തിരികെ വരുമോ എന്ന് നിശ്ചയമില്ല. തെരഞ്ഞെടുപ്പ് പരാജയത്തോടൊപ്പം, ആ പാർട്ടിയിൽ നിന്നോ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നോ എന്തെങ്കിലും ബാക്കിവയ്ക്കണമെന്ന് ബംഗാളിന് തോന്നാത്തത് കൊണ്ടായിരിക്കണമത്. രാഷ്ട്രീയ പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു രാഷ്ട്രീയ പാർട്ടി ഭരണത്തിലുള്ളപ്പോൾ എത്രത്തോളം അഭിവൃദ്ധി നേടി എന്നതിലല്ല, പകരം അധികാരത്തിൽ ഇല്ലാത്തപ്പോൾ എത്രത്തോളം അതിജീവിച്ചു എന്നതിലാണ്. പക്ഷേ അവിടെയാണ് ഇടതുപക്ഷത്തിന് പ്രസക്തിയുള്ളത് എന്ന് എം ജെ അക്ബർ ചൂണ്ടിക്കാട്ടുന്നു.
ഒരു തെരഞ്ഞെടുപ്പിലും 10 ശതമാനത്തിൽ താഴേക്ക് ഇടതുപക്ഷ വോട്ട് കുറഞ്ഞിട്ടില്ല. അതൊരു പ്രത്യയശാസ്ത്ര ശക്തിയായിട്ടാണ് ഇന്നും അതിജീവിക്കുന്നത്. ഉറപ്പായും മൂന്നുവർഷത്തിനുള്ളിൽ ബംഗാളിലെ ബിജെപിക്കുള്ള ശക്തമായ ബദലായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപപ്പെടുമെന്നാണ് ബിജെപി സർക്കാരിൽ രണ്ടു വർഷം കേന്ദ്രമന്ത്രിയായിരുന്ന എംജെ അക്ബർ വിശ്വസിക്കുന്നത്.

ബംഗാളില്‍ ഇടതുപക്ഷം ദീർഘകാലമായി പൊരുതുകയാണ് തെരുവിലും സഭയിലും. ഇടക്കാലത്ത് അവർക്ക് സഭയിലും ഇടം കിട്ടിയില്ല. ഇന്ത്യൻ ഇടതുപക്ഷ പാർട്ടികളിൽ മാർക്സിസ്റ്റ് കാഴ്ചപ്പാട് തുടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിവരും. പക്ഷേ ഒരു ഇടതുപക്ഷ വികാരം നിലനിർത്താൻ ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നും കഴിയുന്നുണ്ട്, പ്രധാനമായും യുവാക്കളിൽ. ഇക്കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ, അസം ഒഴിച്ചു നിർത്തിയാൽ പ്രധാനപ്പെട്ട മറ്റു മൂന്ന് സംസ്ഥാനങ്ങളിലും, ശക്തമായ ഭരണകൂട അട്ടിമറിയാണ് നടന്നത്. നിലവിലുള്ള സ്ഥാപനവൽകൃതമായ സർക്കാരിനെതിരെ ഏറ്റവും ശക്തമായ ജനവിധി ഉടലെടുത്തു. ഇപ്പോൾ ഈ ദുരധികാര ശക്തികളെ പരാജയപ്പെടുത്തിയില്ലെങ്കിൽ, പിന്നീട് ചിലപ്പോൾ ദീർഘവർഷങ്ങൾക്ക് ശേഷമേ അത്തരമൊരു അവസരം ലഭിക്കൂ എന്നതായിരുന്നു ജനങ്ങളുടെ വികാരം. ഏതു സർക്കാരിനും മധ്യവയസ്കരായ മനുഷ്യരെ കൂടെ നിർത്താൻ കഴിയും; ബാക്കിയുള്ള ജീവിതത്തിൻറെ സുഖസൗകര്യങ്ങൾ മാത്രം തേടുന്നവരാണവർ. പക്ഷേ യുവാക്കളുടെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യാതിരുന്നാൽ അവർ ബദൽ മാർങ്ങൾ തേടുമെന്ന കാര്യം ഉറപ്പാണ്.
ബംഗാളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കൾക്കിടയിൽ ഉരുണ്ടുകൂടിയ അമർഷമാണ് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പരാജയമായി ഉരുള്‍പൊട്ടി പുറത്തേക്കുവന്നത്. മറ്റുനാടുകളിലേക്ക് തൊഴിലന്വേഷിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാതെ ബംഗാളിലെ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ ജീവിക്കാൻ കൊതിക്കുന്നവരാണവർ.

എൻ പി ഉല്ലേഖുമായി നടത്തുന്ന അഭിമുഖത്തിൽ എം ജെ അക്ബർ തന്റെ കോളേജ് കാലവും ഓർത്തെടുക്കുന്നുണ്ട്. നിരാശയിൽ നിന്ന് ബലപ്രയോഗത്തിന്റെ ആയുധങ്ങൾക്കും നക്സലൈറ്റുകൾക്കും കരുത്തുനൽകിയ കാലമായിരുന്നു അത്. സിലിഗുരിയിൽ നിന്ന് കൽക്കത്തയിലേക്ക്, ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് വിപ്ലവം പടർന്ന കാലം. നിരവധിയായ മനുഷ്യർ ശിരച്ഛേദം ചെയ്യപ്പെട്ട കാലം. അദ്ദേഹം പഠിച്ച പ്രസിഡൻസി കോളേജ് അന്ന് നക്സലിസത്തിന്റെ ശക്തിദുർഗമായിരുന്നു. പഠിച്ച മൂന്നു വർഷങ്ങളിലും ക്ലാസുകൾ ലഭ്യമാക്കാതെ വീടുകളിൽ ഇരുന്ന് വായിക്കേണ്ട അവസ്ഥയായിരുന്നു. ജീവിതത്തിൽ അക്കാലത്ത് ആകെ കിട്ടിയ നേട്ടം, വായനാശീലം ശക്തിപ്പെട്ടത് മാത്രമാണെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
വർത്തമാനകാലം എന്നൊന്നില്ല, നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും കഴിഞ്ഞു പോകുന്നതാണ്, അത് ഭൂതകാലത്തോടുകൂടി ചേർക്കുന്നതാണ്. അതുകൊണ്ട് കാലം എന്നാൽ ഭൂതവും ഭാവിയും മാത്രമായിരിക്കണം. പുതിയ ഭാവി ഒരിക്കലും ഭൂതകാലത്തെ മായ്ച്ചുകളഞ്ഞ് മുന്നോട്ടുപോകില്ല. പഴയ ഭാവി ഒരിക്കലും ഭൂതകാലത്തെ ആവർത്തിക്കുകയുമില്ല. പക്ഷേ ഭൂതകാലം എന്ന ഓർമ്മ, ചരിത്രം എന്ന രേഖ, ഭാവിയെ ഉറപ്പായും സ്വാധീനിച്ചുകൊണ്ടിരിക്കും.

എം ജെ അക്ബർ വിശദീകരിക്കുന്നത് പോലെയൊരു അടവുനയം ബംഗാളി ഇടതുപക്ഷം ഇത്തവണ സ്വീകരിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല. കേരളത്തിൽ ഈ അടവുനയത്തിന്റെ ചർച്ച പോലും ഇടതുപക്ഷം അംഗീകരിക്കാൻ സാധ്യതയില്ല. പക്ഷേ, ബംഗാളിൽ ബിജെപിയും തൃണമൂലും കൈകാര്യം ചെയ്ത ബൈപ്പാർട്ടിസാൻ സാഹചര്യമാണ് സിപിഐഎമ്മിന് പ്രതിസന്ധിയാകുന്നത് എന്ന കാര്യം ഉറപ്പാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മാത്രം മുന്നിൽ കാണുന്ന ജനത, ഇതിൽ ഒന്നിന് മാത്രം വോട്ടുകുത്തും. അതുകൊണ്ട്, അതില്‍ ഒന്നിനെ റീപ്ലേസ് ചെയ്യുക എന്നത് മാത്രമാണ് ഇടതുപക്ഷത്തിന് തിരിച്ചുവരവ് സാധ്യമാക്കുക.
ബംഗാളിലെ ഇടതുപക്ഷത്തിനെ പോലെ കേരളത്തിൽ, ഒരു ബൈപ്പാർട്ടിസാൻ സാഹചര്യമുണ്ട്. എൽഡിഎഫ്-യുഡിഎഫ് ദ്വന്ദ്വത്തിൽ ഏതെങ്കിലും ഒന്നിനെ ഗളച്ഛേദം ചെയ്താൽ മാത്രമേ ബിജെപിക്ക് അവസരമുള്ളൂ എന്ന് കരുതുകയാണ് കേരളത്തിലെയും ബിജെപി നേതൃത്വം. ബംഗാളിലെ അടവുനയത്തെ തള്ളിയാലും, കേരളത്തിലെ ബിജെപിയുടെ അറക്കവാളിന് കഴുത്തുവെച്ചുകൊടുക്കാതിരിക്കുക എന്നതാണ് പ്രധാനം.
കേരളത്തില്‍ ഇടതുപക്ഷം കഴിഞ്ഞതവണയൊക്കെയും കൈകളിൽ ഭദ്രമാക്കിയ മൂന്നു സീറ്റുകളിലാണ് ഇത്തവണ ബിജെപി ജയിച്ചു കയറിയിട്ടുള്ളത്. ഭൂതകാലങ്ങളിലെ ഓർമ്മയായും ചരിത്രപുസ്തകങ്ങളിലെ രേഖയായും മാറാൻ ഇടതുപക്ഷത്തെ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം.

