സംഘപരിവാരം ബംഗാളിനെ മൊത്തത്തില്‍ ആക്രമിച്ചപ്പോള്‍ തൃണമൂലുകാർ ജാദവ്പൂരിന്റെ ജനാധിപത്യമൂല്യത്തെ ആക്രമിച്ചു. ഇരട്ടവായ്ത്തലകളുള്ള ആക്രമണങ്ങളോട് പൊരുതിനിന്നു കൊണ്ടാണ് സർവ്വകലാശാലയിലെ വിദ്യാർഥികള്‍ ഇടറാതെ ഇടതുവിജയക്കൊടി നാട്ടിയിരിക്കുന്നത്.ജാദവ്പൂരിലെ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വിജയം ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്കും വരുംകാല പൊതുതെരഞ്ഞെടുപ്പുകളിലേക്കും പടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പോരാടിനേടിയ തെരഞ്ഞെടുപ്പാണിത്. നിരവധിയായ വർഷങ്ങൾ കാത്തിരുന്നു നേടിയ വിജയമാണിത്. ഇടതുപക്ഷത്തിന്റെ ഈ വിജയം ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക്, വരുംകാലങ്ങളിൽ പൊതുതെരഞ്ഞെടുപ്പുകളിലേക്ക് തുടരുമെന്ന കാര്യം ഉറപ്പാണ്. ഇന്നലെയുടെ തെറ്റുകൾ ആവർത്തിക്കപ്പെടില്ലെന്ന്, ഇതേ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിലൂടെ പൊതുരംഗത്തെത്തിയ സ്ഥാനാർത്ഥികൾ ഉറപ്പിച്ചു പറയുകയാണ്.
ദീർഘകാലമായി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കാതിരുന്ന പശ്ചിമബംഗാളിലെ ക്യാമ്പസുകൾ വീണ്ടും നക്ഷത്രാങ്കിത ശുഭ്രപതാകകൾ ഉയർത്തുകയാണ്. കഴിഞ്ഞദിവസം ജാദവ്പൂർ സർവ്വകലാശാലയിൽ നിന്ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ ഭാവി പ്രവചിക്കാൻ പോന്നതാണ്. അഞ്ചുവർഷമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ബംഗാളിൽ ഏതെങ്കിലും ഒരു ക്യാമ്പസിൽ നടന്നിട്ട്!
ദീർഘകാലമായി പശ്ചിമബംഗാളിലെ വിവിധ നഗരനിരത്തുകൾ വിദ്യാർത്ഥിപ്രതിഷേധങ്ങളുടെ വിദ്യുത്കാന്തി പ്രസരിപ്പിക്കുന്ന ഇടങ്ങളാണ്. കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥി യൂണിയനുകൾക്ക് പകരം തെരഞ്ഞെടുപ്പില്ലാത്ത വിദ്യാർത്ഥി കൗൺസിലുകളാണ് അഞ്ചുവർഷമായി മമതാ സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ളത്. നീണ്ട നാളത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ജാദവ്പൂരിൽ ഇൻറേണല്‍ കംപ്ലൈന്റ്സ് കമ്മിറ്റിയിലേക്ക് ഒരു വിദ്യാർത്ഥി തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞത്. എൻജിനീയറിങ്, ആർട്സ്, സയൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു കയറിയിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസിൻ്റെ ഛാത്ര പരിഷത്തിന് ജാദവ്പൂരില് വിജയത്തിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും കഴിഞ്ഞിട്ടില്ല. നോട്ടയ്ക്ക് കുത്തുന്ന വിദ്യാർത്ഥികളുടെ അത്രപോലും പിന്തുണ നേടിയെടുക്കാൻ എബിവിപിക്ക് സാധിച്ചില്ല. മിക്കവാറും സീറ്റുകളിൽ മറ്റ് ഇടതുവിദ്യാർഥി സംഘടനകൾ തന്നെയാണ് രണ്ടാം സ്ഥാനവും നേടിയിട്ടുള്ളത്. ജാദവ്പൂർ സർവ്വകലാശാലയിലെ ഇടതുപക്ഷ പ്രവർത്തകരായ വിദ്യാർഥികളുടെ വിജയം ബംഗാളിൽ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഴുവൻ ഇടതുപക്ഷ പ്രവർത്തകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.
ലോകത്ത് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ് പ്രധാനപ്പെട്ട ചരിത്രപാതകളെല്ലാം പടുത്തുയർത്തിയിട്ടുള്ളത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും ഇന്നും പൊട്ടിപ്പുറപ്പെടുന്നത് ക്യാമ്പസുകളിൽ നിന്നാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളിലും ബംഗാളിലെ വിദ്യാർത്ഥിത്വത്തിന് നിർണായക പങ്കുണ്ട്. അവിഭക്ത ബംഗാളിൽ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ വിദ്യാർത്ഥി യൂണിയൻ 1919 രൂപീകരിച്ചത്. അതേ ബംഗാളിലാണ് 2011 മുതൽ വിവിധ ക്യാമ്പസുകളിലേക്ക് രാഷ്ട്രീയ നിരോധനം കയറിവന്നത്. ഏറ്റവും ഒടുവിൽ ശക്തമായ വിദ്യാർത്ഥി യൂണിയനുകൾ തിരഞ്ഞെടുപ്പിലൂടെ ജയിച്ചുകയറിയത് 2017ലാണ്. ബംഗാളിലെ പ്രധാനപ്പെട്ട ക്യാമ്പസുകളായ ജാദവ്പൂരിലും പ്രസിഡൻസിയിലും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നത് 2020-ലാണ്.

ശക്തമായ അഭിപ്രായ രൂപീകരണത്തിന്റെയും ജനാധിപത്യ, മതനിരപേക്ഷ ബോധ്യങ്ങളുടെയും സർഗാത്മക മത്സരമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ. എന്നാൽ വിദ്യാർത്ഥിവിയോജിപ്പുകളെ അടിച്ചമർത്തി ക്യാമ്പസുകളിലടക്കം സമഗ്രാധിപത്യത്തിൻറെ കോട്ട പടുത്തുയർത്താനായിരുന്നു തൃണമൂൽ നീക്കം.
വിദ്യാർത്ഥികളുടെ ജനാധിപത്യം സംരക്ഷിച്ചുനിർത്താൻ താല്പര്യമില്ലാത്ത മമതാ സർക്കാർ, തൃണമൂൽ ഛത്രപരിഷത്തിന്റെ പൂർണ്ണനിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പില്ലാക്യാമ്പസുകളാക്കി ബംഗാളിലെ കലാലയങ്ങളെ മാറ്റി.
മുഴുവൻ കോളേജുകളിലും വിദ്യാർത്ഥി യൂണിയൻ ഓഫീസുകൾ തൃണമൂൽ നിയന്ത്രണത്തിൽ തുടരാനുള്ള ഔദ്യോഗിക സംവിധാനങ്ങളായിമാറി. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ഹർജികളുമായി നിരവധി തവണ എസ്എഫ്ഐ കോടതി കയറി. ക്യാമ്പസുകളിൽ നിന്ന് പൊതുനിരത്തുകളിലേക്ക് സമരത്തെയെത്തിച്ചു. പലയിടങ്ങളിൽ നിന്നും ഭരണകൂടത്തിന്റെയും സഹപാഠികളായ ഛത്രപരിഷത്ത് പ്രവർത്തകരുടെയും മർദ്ദനം ഏറ്റുവാങ്ങി. കഴിഞ്ഞവർഷം ജാദവ്പൂർ സർവ്വകലാശാല സന്ദർശിച്ച വിദ്യാഭ്യാസമന്ത്രി ബ്രത്യാ ബസുവിന് നേരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചപ്പോള്‍ അവര്‍ക്കുനേരെ മന്ത്രിയുടെ വാഹനവ്യൂഹം ഇരച്ചുകയറ്റാന് പോലും ശ്രമിച്ചു.

കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേ ജാദവ്പൂർ സർവ്വകലാശാലയെ അരാജകത്വത്തിന്റെയും ദേശവിരുദ്ധതയുടെയും കേന്ദ്രമെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഒരുകാലത്ത് ദേശീയതയുടെ ഭാഗമായിരുന്ന യൂണിവേഴ്സിറ്റി ഇപ്പോൾ പ്രതിഷേധക്കാരുടെ പിടിയിലാണെന്നും, പഠനത്തിൽ ശ്രദ്ധിക്കാതെ ക്യാമ്പസ് ചുമരുകളിൽ ദേശവിരുദ്ധത എഴുതിപ്പിടിപ്പിക്കുകയും റോഡിൽ സമരത്തിന് ഇറങ്ങുകയും ചെയ്യുന്നവരാണ് ഇപ്പോൾ അവിടുത്തെ വിദ്യാർത്ഥികളെന്നുമാണ് മോദി പറയുന്നത്. ജാദവ്പൂർ ചലനാത്മകമായ ജനാധിപത്യമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് തൊട്ടുപിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരുത്തി.
തൃണമൂൽ കോൺഗ്രസ് ബിജെപിയുമായും, ബിജെപി തൃണമൂലുമായും പരസ്പരം ഒരു ബൈപോളാർ മത്സരമാണ് ബംഗാളിൽ താല്പര്യപ്പെടുന്നത്. ഇടതുപക്ഷത്തിന് അവിടെ ഒരു അവസരവും നൽകാത്ത കാർട്ടൽ പാർട്ടികളായി തുടരുകയാണ് ഇരുവരും. അതുകൊണ്ട് മാത്രമാണ് നരേന്ദ്രമോദി ജാദവ്പൂരിനെ ദേശവിരുദ്ധമായി മുദ്ര കുത്തുമ്പോൾ അതിനെ തള്ളിപ്പറയാൻ മമത ഓടിയെത്തുന്നത്.
ജാദവ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇടതുപക്ഷമേ വിജയിക്കൂ എന്ന് മമതയ്ക്കറിയാം. അതുകൊണ്ട് ഒരു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മമതയുടെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ജാദവ്പൂരിൻ്റെ രാഷ്ട്രീയമായ ഓപ്പൺനെസ്സിനെയും സമരപോരാട്ടങ്ങളെയും ബംഗാൾ മുഴുവനുമുള്ള പൊതുരാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും വേണം. അതാണ് ഇത്രകാലവും മമത പരീക്ഷിച്ചുകൊണ്ടിരുന്നത്.

ചരിത്രത്തിൽ ഏറ്റവും ശക്തമായി ബംഗാളിലെ സർവകലാശാലകളെ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള ജാദവ്പൂർ സർവ്വകലാശാലയെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടുള്ളത് സംഘപരിവാരമാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാരിന്റെ കെട്ടകാലം ജെഎൻയുവിനൊപ്പം നിരന്തരം ജാദവ്പൂരിനെയും വേട്ടയാടി. ദേശവിരുദ്ധരുടെ ക്യാമ്പസുകളായി മുദ്രകുത്തി
എന്നാൽ പൊതുജനമധ്യത്തിൽ ജാദവ്പൂരിലെ വിദ്യാർഥികളെ അധിക്ഷേപിക്കാനും വളഞ്ഞിട്ടാക്രമിക്കാനും പശ്ചിമബംഗാളിലെ പൊതുരാഷ്ട്രീയത്തിന്റെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ താല്പര്യമായിരുന്നു. സംഘപരിവാരം ബംഗാളിനെ ആക്രമിക്കുമ്പോൾ, തൃണമൂലുകാർ ജാദവ്പൂരിന്റെ ജനാധിപത്യമൂല്യത്തെ ആക്രമിച്ചു. ഇരട്ടമുഖമുള്ള ആക്രമണത്തിലും പിടിച്ചുനിൽക്കുന്ന ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർഥികളുടെ വിയോജനക്കുറിപ്പായി മാറുകയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.
ജാദവ്പൂരിലേത് വിദ്യാര്‍ത്ഥികള്‍ പോരാടിനേടിയ തെരഞ്ഞെടുപ്പാണ് . നിരവധിയായ വർഷങ്ങൾ കാത്തിരുന്നു നേടിയ വിജയമാണ്. ഇടതുപക്ഷത്തിന്റെ ഈ വിജയം ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക്, വരുംകാലങ്ങളിൽ പൊതുതെരഞ്ഞെടുപ്പുകളിലേക്കും പടരുമെന്ന കാര്യം ഉറപ്പാണ്; ഇന്നലെയുടെ തെറ്റുകൾ ആവർത്തിക്കപ്പെട്ടില്ലെങ്കില്.

പശ്ചിമബംഗാളിലെ ഏറ്റവും പ്രായം കുറഞ്ഞ ഇടതുപക്ഷ സ്ഥാനാർത്ഥിയാണ് ബോളിഗഞ്ചിൽ മത്സരിക്കുന്ന അഫ്രീൻ ബീഗം ശില്പി. ജാദവ്പൂരിലെ ഗവേഷക വിദ്യാർഥിയായ അഫ്രീൻ എസ്എഫ്ഐ പ്രവർത്തകയാണ്. എസ്എഫ്ഐ ബംഗാൾ സംസ്ഥാന പ്രസിഡണ്ട് പ്രണയ് ഖർജി വടക്കേ കുച്ഛ്ബിഹാർ മണ്ഡലത്തിലും സംസ്ഥാന കമ്മിറ്റി അംഗം സായന്തൻ ഘോഷ് പുരുളിയ മണ്ഡലത്തിലും ഇടതുപക്ഷ സ്ഥാനാർത്ഥികളാണ്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, നിലവിൽ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയായ ദീപ്ക്ഷിത ധർ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
മേൽപ്പറഞ്ഞ സ്ഥാനാർത്ഥികളുടെയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽനിന്ന് നയിക്കുന്നത്, 1970ൽ തിരുവനന്തപുരത്ത് നടന്ന പ്രഥമ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ച് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, നിലവിൽ 85 വയസ്സുള്ള ബിമൻ ബോസാണ്. ജാദവ്പൂർ സർവ്വകലാശാലയിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകനായി പഠിച്ചിറങ്ങി പിന്നീട് യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരെയായ മുഹമ്മദ് സലീമാണ് ഇന്ന് ബംഗാളിലെ സിപിഐഎമ്മിനെ അതിൻറെ സംസ്ഥാന സെക്രട്ടറിയായിരുന്ന് നയിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് തൃണമൂൽ കോൺഗ്രസ്സും ബിജെപിയും ചേർന്നാണ്. ഇത്തവണ ഇടതുപക്ഷം മത്സരിക്കുന്നത് വോട്ട് കൂട്ടാനും പശ്ചിമബംഗാൾ നിയമസഭയിൽ പ്രാതിനിധ്യം ലഭിക്കാനും വേണ്ടി മാത്രമാണ്. 15 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ മുഴുവനും നിറഞ്ഞുനിന്ന ഇടതുപക്ഷ പ്രവർത്തകരുടെ സ്വപ്നഗേഹമായിരുന്നു ബംഗാൾ.
നൂറുകണക്കിന് ചെറുപ്പക്കാരെയും വെച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഇത്തവണത്തെ ചെമ്പട ബംഗാളിന്റെ സുവർണ്ണകാലത്തെ വെറുതെ ഓർമ്മപ്പെടുത്താന്‍ മാത്രമല്ല ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ കേൾക്കാനും അവയ്ക്ക് രാഷ്ട്രീയ പരിഹാരം നേടിയെടുക്കാനുമാണ്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനത്തിന് യുവത്വം നൽകുന്ന കരുത്ത് ചെറുതാകില്ലെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

സിപിഐഎമ്മിന് ശക്തമായ അടിത്തറയും പ്രവർത്തനശേഷിയുമുള്ള സംസ്ഥാനങ്ങളിലാണ് എസ്എഫ്ഐ മുമ്പ് പ്രവർത്തിച്ചുവന്നിരുന്നത്.
ഒരു ബഹുജന സംഘടന എന്ന നിലയിൽ മാത്രം പൊതുപ്രസ്ഥാനത്തിന്റെ തണലിൽ തുടർന്നുപോന്ന എസ്എഫ്ഐക്ക് ഇന്ന് പോരാട്ടത്തിന്റെ മറ്റൊരുമുഖമുണ്ട്. ഇടതുപക്ഷത്തിനു പോലും വേരുകളില്ലാത്ത ഗ്രാമങ്ങളിലും നഗരങ്ങളിലും, ചരിത്രത്തിൽ ഇതുവരെ ചുവന്ന കൊടി പാറാത്ത തെരുവുകളിലും സ്വാതന്ത്ര്യം-ജനാധിപത്യം-സോഷ്യലിലിസം മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥി പ്രവർത്തകർ സംഘടിക്കുകയാണ്.
സിപിഐഎമ്വമിന്റെ വര്ഗ്ഗസംഘടനകളായ കിസാൻ സഭയ്ക്കും സിഐടിയുവിനും കർഷക തൊഴിലാളി യൂണിയനും ഒറ്റയ്ക്ക് ശക്തിയുള്ള പ്രദേശങ്ങളുണ്ട്. പൊതുപ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് രൂപങ്ങൾ അവതരിപ്പിക്കപ്പെടുക പോലും ചെയ്യാത്ത അത്തരം പ്രദേശങ്ങളിലും തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും ചുവന്ന കൊടി ഉയർത്തിപ്പിടിച്ച് സംഘടിക്കുന്നുണ്ട്.എഴുപതുകളിലെ എസ്എഫ്ഐ രൂപീകരണ കാലത്ത് ചെങ്കൊടി പിടിക്കാൻ അനുവാദം ചോദിച്ച് ചെന്ന വിദ്യാർത്ഥി പ്രവർത്തകരോട് വെള്ളക്കൊടിയേ തരൂവെന്ന് ഇഎംഎസ് ശാഠ്യം പിടിച്ചതായി ഒരു കഥയുണ്ട്. എസ്എഫ്ഐക്ക് അതേ അനുവദിക്കുന്നുമുള്ളൂ ഈ പ്രത്യയശാസ്ത്രം. അതുകൊണ്ട്, വർഗ്ഗപോരാട്ടങ്ങളുടെ ചരിത്രത്തിൻറെ ഭാഗമായി നിന്ന് വിദ്യാർത്ഥികളോട് പിന്തുണ ചോദിക്കാനും അംഗസംഖ്യ വർദ്ധിപ്പിക്കാനും എസ്എഫ്ഐക്ക് കഴിയില്ല.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ഫലത്തിനു വേണ്ടി ഏതറ്റം വരെയും ഒച്ചകൂട്ടുകയും ചെയ്യുന്ന പ്രയത്നം ഏറ്റെടുക്കണം. മുകളിൽ നിന്ന് കെട്ടിയിറക്കിയ നിലയിൽ ഒരിടത്തും പ്രവർത്തിക്കാനാകില്ല.
എന്നാല്‍, ഇടതുപക്ഷത്തേക്ക് ഇതുവരെ എത്തിനോക്കുക പോലും ചെയ്യാത്ത ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ വട്വാസ ഗ്രാമപഞ്ചായത്തിൽ എസ്എഫ്ഐ സിപിഐഎമ്മിന് തെരഞ്ഞെടുപ്പ് ജയം നേടിക്കൊടുത്തിരിക്കുകയാണ്. അവിടുത്തെ സർപഞ്ച് ഒരു സിപിഐഎമ്മുകാരിയാണ്, സത്യേഷ ല്യൂവ. അവരാണ് ഗുജറാത്തിലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും.

അന്യായങ്ങളുടെയും ഭീഷണികളുടെയും നവഫാസിസ്റ്റ് കാലത്ത് രാജ്യത്ത് ജനാധിപത്യബോധ്യമുള്ള വിദ്യാർത്ഥികൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സംഘടനയായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. അതിന് കഴിഞ്ഞ ഒരു മാസം രാജ്യം മുഴുവൻ എസ്എഫ്ഐ നടത്തിയ പ്രവർത്തനം പരിശോധിച്ചാൽ മതി. നിതിൻ രാജ് എന്ന വിദ്യാർത്ഥിയുടെ ജീവനെടുത്ത അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ആദ്യം യൂണിറ്റ് തുടങ്ങിയ വിദ്യാർത്ഥിപ്രസ്ഥാനം എസ്എഫ്ഐ ആണെന്ന് മലയാളികൾക്ക് അറിയുമായിരിക്കും. പക്ഷേ, ശ്രീനഗർ മുതൽ കന്യാകുമാരി വരെ ഒരേ സമയം സമരങ്ങൾ ഏറ്റെടുക്കുന്ന പ്രസ്ഥാനവും നിലവിൽ എസ്എഫ്ഐ മാത്രമാണ്.
ഒരു മാസത്തിനിടയിൽ ഹിമാചൽ പ്രദേശിലെ ലഹരിസംഘത്തിന്റെ കൈകളാൽ കൊലചെയ്യപ്പെട്ടതാണ് സിയ ഗുലേറിയ എന്ന എസ്എഫ്ഐ പ്രവർത്തക. മനുഷ്യരുടെ ജീവനെടുക്കുന്ന ലഹരിക്കെതിരെയും സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് പോലും സംരക്ഷണം നൽകാത്ത ഹിമാചലിലെ കോൺഗ്രസ് സർക്കാരിനെതിരെയും സിയ ഗുലേറിയയുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ സമരത്തിലാണ്. കഴിഞ്ഞയാഴ്ച ഡൽഹിയിലെ ഹിമാചൽ പ്രദേശ് ഭവനിലേക്ക് എസ്എഫ്ഐയും മഹിളാ അസോസിയേഷനും സംഘടിതമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ പോലും അറസ്റ്റ് ചെയ്ത് തോൽപ്പിക്കാനായിരുന്നു ഭരണകൂടനീക്കം. ഹിമാചലിലെ കോൺഗ്രസ് സർക്കാരും ഡൽഹി പോലീസിന് നിർദ്ദേശങ്ങൾ നൽകുന്ന ആഭ്യന്തരമന്ത്രാലയവും ഒരുപോലെ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് എസ്എഫ്ഐ.

കഴിഞ്ഞയാഴ്ചയാണ് ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നടന്ന വിദ്യാർത്ഥി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും എസ്എഫ്ഐ പ്രവർത്തകർ ജയിച്ചുകയറിയത്.ദീർഘകാലമായി യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രവർത്തകരെ വേട്ടയാടുകയായിരുന്നു ഭരണകൂടം. കഴിഞ്ഞതവണ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത എസ്എഫ്ഐയുടെ വിദ്യാർഥി യൂണിയൻ പ്രവർത്തകരെ അന്യായമായി പുറത്താക്കുകയായിരുന്നു സർവ്വകലാശാല ഭരണ നേതൃത്വം. എബിവിപിക്കും സംഘപരിവാരത്തിനും സർവ്വസ്വാതന്ത്ര്യം നൽകുന്ന ക്യാമ്പസ് ഭരണനേതൃത്വത്തിനെതിരെ എസ്എഫ്ഐയെ അനുകൂലിച്ച് വിധിയെഴുതുകയായിരുന്നു അംബേദ്കർ സർവ്വകലാശാലയിലെ വിദ്യാർഥികള്‍
ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹി സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിൽ ആർഎസ്എസ് ശാഖകൾ സംഘടിപ്പിച്ചിരുന്നു. ഔദ്യോഗിക പരിപാടികളായി അംബേദ്കർ കോളേജിലും സക്കീർ ഹുസൈൻ കോളേജിലും സംഘടിപ്പിച്ച ശാഖകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയത് ഡൽഹി യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐയാണ്. ഡൽഹി പോലീസ്വി ദ്യാർത്ഥികളെ തുറങ്കിലടച്ചു. രാജസ്ഥാനിലെ സിക്കാറിൽ ഷെഖാവതി സർവകലാശാല ഒരു നഗ്നസന്യാസിക്ക് ആദരസൂചകമായി ഡി.ലിറ്റ് ബിരുദം നൽകാനിരുന്ന തീരുമാനത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചതാണ് എസ്എഫ്ഐയാണ്. എൻഐടി കുരുക്ഷേത്രയിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളെ അന്വേഷണവിധേയമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകർ സമരം ചെയ്തിരുന്നു.

രാജ്യം മുഴുവൻ സ്കൂളുകൾ അടച്ചുപൂട്ടുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെ പ്രതിഷേധത്തിലാണ് എസ്എഫ്ഐ. അത്തരത്തിൽ ശക്തമായ സമരം തുടരുന്നത് ഉത്തർപ്രദേശിലും തെലങ്കാനയിലുമാണ്. ജനകീയ സർക്കാരാണെന്ന് വീമ്പുപറഞ്ഞ തെലുങ്കാനയിലെ ഭരണ നേതൃത്വം രണ്ടായിരത്തിലധികം സ്കൂളുകളാണ് കുട്ടികളില്ലെന്നു കാരണം പറഞ്ഞുകൊണ്ട് ഈ വർഷം മാത്രം പൂട്ടാൻ ഒരുങ്ങുന്നത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ സമരം ചെയ്ത 300 ൽ അധികം എസ്എഫ്ഐ പ്രവർത്തകരെയാണ് ഭരണകൂടം നിയമവിരുദ്ധമായി തടങ്കലിലാക്കിയത്. യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ ഇതുവരെ 27000 സ്കൂളുകളാണ് അടച്ചുപൂട്ടിയത്. വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കുന്ന നടപടിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതിന് പോലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്തത്. വിദ്യാർത്ഥി അവകാശങ്ങൾക്കായി യുപി നിയമസഭാ അസംബ്ലിയിലേക്ക് ശക്തമായ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് എസ്എഫ്ഐ.
ഇന്ത്യാരാജ്യത്തെ തുടരുന്ന ജാതിവിവേചനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൂറായിരം വിദ്യാർത്ഥികളുടെ ജീവനാണ് കവർന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന, രോഹിത് വെമുലയുടെ പേരിലുള്ള നിയമം പാസാക്കണമെന്നാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട ട്രാൻസ്ജെൻഡർ വിരുദ്ധ ബില്ലിനെതിരെയും അമേരിക്കൻ ഭരണകൂടത്തിന് കീഴ്പെടുന്ന ഇന്ത്യൻ സർക്കാരിനെതിരെയും ശക്തമായ പ്രതിഷേധം തെരുവുകളിൽ അലയടിപ്പിക്കുന്നത് എസ്എഫ്ഐയാണ്. ഭഗത് സിംഗ് രക്തസാക്ഷി ദിനം എസ്എഫ്ഐ രാജ്യം മുഴുവൻ ആചരിച്ചത് തന്നെ സാമ്രാജ്യത്വത്തിനെതിരായ സമരപ്രകമ്പനമായാണ്.

ദീർഘകാലമായി രാജ്യത്തെ നിരവധിയായ പ്രശ്നങ്ങളെ ഏറ്റെടുക്കാൻ പരിശ്രമിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐഎം. പക്ഷേ, ജാതിപ്രശ്നം അടക്കമുള്ളവയെ ആഴത്തിൽ അഭിസംബോധന ചെയ്യുന്നതില്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. വിവിധ മനുഷ്യ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് എങ്ങനെയെന്ന് ഒരർത്ഥത്തിൽ സിപിഐഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വഴികാട്ടുന്നുണ്ട് എസ്എഫ്ഐ. നിരന്തരമായ പ്രവർത്തനങ്ങൾ, ആശയദാർഢ്യവും സാമൂഹ്യ ഉത്തരവാദിത്വവും ചേർന്ന ജനകീയ ഇടപെടലുകൾ എന്നിവയിലൂടെ രാജ്യത്തെ വിദ്യാർഥികളുടെ ശരിയായ പ്രതിപക്ഷ സംഘടനയായി എസ്എഫ്ഐ രൂപപ്പെടുന്നുണ്ട്. അവരുടെ സമരങ്ങളിലും മുദ്രാവാക്യങ്ങളിലും ഐക്യപ്പെടലുകളിലും ശരിയായ വ്യക്തത ദർശിക്കാവുന്നതാണ്. നിരന്തരമായ ഇടപെടലുകളിലൂടെ മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയുള്ളൂ, അതിലൂടെ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ ജനങ്ങളിലേക്ക് പ്രസരിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവിലേക്ക് എസ്എഫ്ഐ നടന്നെത്താൻ പരിശ്രമിക്കുന്നുണ്ട് എന്നതിലാണ് പ്രതീക്ഷ. ഭാവിയുടെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചുക്കാന്‍ അവരായിരിക്കും.
