പ്രമുഖ മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനുമായ എന്‍ പി ഉല്ലേഖ് കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലൂടെ നടത്തിയ യാത്രയില്‍ കണ്ടെത്തിയ കാഴ്ചകള്‍ ഈ കൊച്ചുരാജ്യത്തോടുള്ള മലയാളികളുടെ സ്നേഹാദരങ്ങള്‍ ഇരട്ടിപ്പിക്കുന്നതാണ്.
കേരളത്തിലെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ജനിച്ചവര്‍ക്ക് ക്യൂബ ഒരു ആവേശമാണ്. ചെ ഗുവേരയും ഫിദല്‍ കാസ്ട്രോയും വിദൂരമായൊരു കരീബിയന്‍ രാജ്യത്തിലെ നേതാക്കളല്ല, സ്വന്തം നാട്ടിലെ ധീരവിപ്ലവകാരികളെ പോലെ ഏറെ സുപരിചിതമായ ഹൃദയവികാരങ്ങളാണ്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റു ഗ്രാമമായ പാട്യത്ത് ബാല്യവും കൗമാരവും പിന്നിട്ട ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചും ഈ അനുഭവങ്ങളൊന്നും വ്യത്യസ്തമാകില്ല. ഒരു ‘മലയാളി’ കണ്ട ക്യൂബയെന്നതിനേക്കാള് കൗതുകകരമായിരിക്കും ഒരു ‘കണ്ണൂരുകാരന്’ കണ്ട ക്യൂബയ്ക്ക്. ക്യൂബയുടെ ചരിത്രവും സംസ്കാരവും സാഹിത്യവും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയ പോരാട്ടങ്ങളും അന്വേഷിക്കുന്നതോടൊപ്പം എന്‍ പി ഉല്ലേഖ് എന്ന മാധ്യമപ്രവര്ത്തകന് താന്‍ ജനിച്ചുവളര്‍ന്ന കമ്മ്യൂണിസ്റ്റ് ദേശങ്ങളുടെ കണ്ണുകളെ കൂടി പരിഗണിച്ചാണ് ‘Mad About Cuba’ (പെന്ഗ്വിന് ബുക്സ്) എന്ന പുസ്തകം എഴുതിയിരിക്കുന്നത്. അമേരിക്കയുടെ യുദ്ധസമാനമായ ഉപരോധങ്ങൾക്കിടയിലും ബയോടെക്നോളജി, പൊതുജനാരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി എന്നിവയിൽ ഈ കൊച്ചു രാഷ്ട്രം കൈവരിച്ച വലിയ മുന്നേറ്റങ്ങള്‍ ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു. ഇറാനു ശേഷം ക്യൂബയെന്ന് ട്രമ്പ് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ വിപ്ളവ ക്യൂബയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോള്‍ ലോകം. അതുകൊണ്ടുതന്നെ ഭൂഖണ്ഡാന്തര ബന്ധങ്ങളിലൂടെ ക്യൂബയും കേരളവും കണ്ണൂരും നിറഞ്ഞുനില്ക്കുന്ന ഈ സംഭാഷണത്തിന് ഒരു മാധ്യമപ്രവര്‍ത്തകന്റെ യാത്രാനുഭവം എന്നതിനപ്പുറത്ത് പ്രസക്തിയുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്‍ പി ഉല്ലേഖ് കണ്ണൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ലമെന്റേറിയനുമായ അന്തരിച്ച സഖാവ് പാട്യം ഗോപാലന്റെ മകനാണ്.
