ഉജ്ജ്വല വനിതകളുണ്ടായിട്ടും കമ്മ്യൂണിസ്റ്റു പാര്ട്ടിയുടെ തലപ്പത്തേക്കോ ഭരണതലപ്പത്തേക്കോ ഇതുവരെയും ഒരു സത്രീക്ക് ഉയര്ന്നുവരാനായിട്ടില്ല. എന്നാല് അനതിവിദൂര ഭാവിയിലെങ്കിലും വംഗനാട്ടില് വീണ്ടുമൊരിക്കൽകൂടി ചെങ്കൊടി കെട്ടുന്നതിന് ചുക്കാൻ പിടിക്കുക സ്ത്രീകളാകുമെന്നുള്ള കാര്യം തീർച്ചയാണ് – മീനാക്ഷി മുഖർജിയും ദീപ്ഷിത ധറും അഫ്രീൻ ബീഗം ശില്പിയും. തോറ്റാലും ജയിച്ചാലും തൃണമൂലിനും ബിജെപിക്കുമെതിരെ ബംഗാള്പാര്ട്ടിയുടെ ആവേശം ഇപ്പോള് ഈ പെണ്കൊടികളാണ്
ലോകം ചേരിതിരിഞ്ഞു പോരാടിയിരുന്ന കാലം. ലോകയുദ്ധങ്ങൾക്കിടയിൽ മനുഷ്യകുലം ഞെരുങ്ങിയ ദുരിതകാലം. അന്ന് 1937 ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഒരു അന്താരാഷ്ട്ര എക്സിബിഷൻ സംഘടിപ്പിക്കപ്പെട്ടു. ലോകരാജ്യങ്ങളെല്ലാം മത്സരിച്ച് അവിടെ സ്റ്റാളുകളുമായി അണിനിരന്നു. സോവിയറ്റ് റഷ്യയുടെയും നാസി ജർമ്മനിയുടെയും പവലിയനുകൾ നേരഭിമുഖമായിട്ടായിരുന്നു. അന്ന് ആ പ്രദർശന വേദിക്ക് മുന്നിൽ നിസ്വവർഗ്ഗചേരിയുടെ അലങ്കാരമായി ഒരു പ്രതിമ ഉയർന്നു കാണണമെന്ന് സോവിയറ്റ് ഭരണ നേതൃത്വം തീരുമാനിച്ചു. സ്റ്റാലിൻ സർക്കാർ അതിനായി ചുമതലപ്പെടുത്തിയത് സോവിയറ്റ് പെരുന്തച്ചത്തിയായ വെര മുക്ഹിനയെ. മോസ്കോയിലെ സ്റ്റാൻകോ അഗ്രിഗറ്റ് ഫാക്ടറിയിൽ വെച്ച് മൂന്നുമാസം കൊണ്ട് പണി പൂർത്തിയായി – തൊഴിലാളിയും കർഷകയും എന്ന ഉരുക്കുപ്രതിമ നിവർന്നു. പോരാളികളുടെ കൊടിപ്പടം ഓർമ്മിപ്പിക്കുമാറ്, കർഷക ഉയർത്തിപ്പിടിച്ച അരിവാളിനുകുറുകെ ചുറ്റിക ചേർത്തുവച്ച തൊഴിലാളി. പ്രതിമ പൂർത്തിയായതിന് പിന്നാലെ പ്രതിരോധ കമ്മിസാറായ ക്ലിമൻ്റ് വൊറോഷിലോവിന്റെ നേതൃത്വത്തിലുള്ള സർക്കാർ കമ്മീഷൻ പരിശോധന നടത്തി സർട്ടിഫൈ ചെയ്തു. അന്ന് വൈകിട്ട് തന്നെ സ്റ്റാലിൻ ആലയിൽ നേരിട്ടെത്തി വെഞ്ചരിച്ചു. പാരീസിലെ ആഗോള പ്രദർശനത്തിലെ അലങ്കാര ചുമതലകൾക്ക് ശേഷം, മഹത്തായ ആ ഉരുക്കുപ്രതിമ മോസ്കോയിലെ വിവിധ നഗരചത്വരങ്ങളെ അലങ്കരിച്ചു. ജെൻഡർ വ്യത്യാസങ്ങളില്ലാതെ എല്ലാവരും സ്വപ്നം കാണുകയും സാക്ഷാത്കരിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നതാണ് വർഗ്ഗവിമോചനമെന്ന് മുക്ഹിനയുടെ ഉരുക്കുപ്രതിമ ഇപ്പോഴും സോവിയറ്റാനന്തര റഷ്യയിലിരുന്ന് ഓർമ്മപ്പെടുത്തുന്നു.

അലക്സാണ്ട്ര കൊളന്തായിയെപ്പോലെ, റോസാ ലക്സംബര്ഗിനെപ്പോലെ, ഡോളോറോ ഇബ്രൂറിയെപ്പോലെ, വിൽമ എസ്പിനെപ്പോലെ മഹത്തായ വനിതാ പോരാളികളുണ്ടായിട്ടും ലോകത്തൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെയും അമരത്ത് വനിതകൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ പാർട്ടി ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും ത്രിപുരയിലുമെല്ലാം, ഭരണത്തുടർച്ചകളുടെ കാലത്ത് കമ്മ്യൂണിസ്റ്റ് വനിതാ പോരാളികൾ അധികാരം കൊണ്ട് അംഗീകരിക്കപ്പെട്ടില്ല.
സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോയിൽ ഇരുന്ന് ദീർഘകാലം രാജ്യത്തിന്റെ ദിശാസൂചികയായി പ്രവർത്തിച്ച ബൃന്ദ കാരാട്ട് എന്ന കൽക്കത്തക്കാരി കഴിഞ്ഞവർഷം മധുരയിൽ ചേർന്ന 24ാം പാർട്ടി കോൺഗ്രസിലാണ് പ്രായപരിധി മാനദണ്ഡ പ്രകാരം ഒഴിഞ്ഞത്. നിലവിൽ കേന്ദ്ര കമ്മിറ്റി ക്ഷണിതാവാണ് ബൃന്ദ. മുക്ഹിനയുടെ പ്രതിമ ഓർമ്മിപ്പിക്കും വിധം, പൊളിറ്റ് ബ്യൂറോയിലെ ഇളവ് ഒരാൾക്ക് പകരം രണ്ടുപേർക്ക്, അരിവാളേന്തിയ വനിതക്കും ചുറ്റികയേന്തിയ പുരുഷനും, കിട്ടിയിരുന്നുവെങ്കിൽ കനൽ ഒരു തരിയായ മുഖ്യമന്ത്രിയും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജനറൽ സെക്രട്ടറിയും ഒരുമിച്ചുണ്ടായേനെ.
അമർന്നിരിക്കുന്ന അധികാരക്കസേരയിൽ നിന്ന് തുടർഭരണവേളകളിലെങ്കിലും എഴുന്നേറ്റു കൊടുത്തിരുന്നെങ്കിൽ, കേരള ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുണ്ടായേനെ. പക്ഷേ പെരുന്തച്ചത്തിമാർ പണിത ഉരുക്കുപ്രതിമകളെ വെഞ്ചരിക്കുന്ന പണിയാണ് പാർട്ടിയുടെ അമരത്തും തുഞ്ചത്തുമിരിക്കുന്ന പുരുഷാധിപത്യം സ്വീകരിച്ചത്

എന്നാല്, ഇതുവരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ കൗതുക കാഴ്ചകളാണ് ബംഗാളിൽ സിപിഐഎം സാധ്യമാക്കുന്നത്. സ്ഥാനാർത്ഥിപ്പട്ടികയിൽ 27 ശതമാനം സ്ത്രീകളെ ഉൾപ്പെടുത്തി ഭേദപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കിയത് തൃണമൂൽ കോൺഗ്രസാണ്. സിപിഐഎം നേതൃത്വം നൽകുന്ന ഇടത് സഖ്യത്തിൽ 13% സ്ത്രീകളേ സ്ഥാനാർഥികളായുള്ളൂ. പക്ഷേ, ബംഗാളിലെ ഇടതുപക്ഷത്തിന്റെ പ്രചാരണത്തിൽ കരവിരുതിൻ്റെ ഊടും പാവും നെയ്യുന്നത് സിപിഐഎമ്മിൻ്റെ വനിതാ സ്ഥാനാർത്ഥികളും പ്രവർത്തകരുമാണ്.
ബിമൻദായും മുഹമ്മദ് സലീമും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും സുജൻ ചക്രവർത്തിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടെങ്കിലും, ജയിച്ചാലും ഇല്ലെങ്കിലും, തെരഞ്ഞെടുപ്പാവേശം നിലനിർത്തുന്നത് മീനാക്ഷി മുഖർജിയും ദീപ്ഷിത ധറും അഫ്രീൻ ബീഗം ശില്പിയുമെല്ലാമാണ്.

ഒരു പതിറ്റാണ്ടായി ബംഗാളിലെ ഇടതുപക്ഷ യുവതയെയും നിലവിൽ പാർട്ടി മെഷീനറിയും ശക്തമായി ചലിപ്പിക്കുന്ന വനിതാ സാന്നിധ്യം, ബംഗാളിലെ സഖാക്കൾ സ്നേഹത്തോടെ ക്യാപ്റ്റൻ എന്ന് വിളിക്കുന്ന മീനാക്ഷി മുഖർജിയാണ്. ഇത്തവണ ഉത്തർപാര മണ്ഡലത്തിൽ മത്സരിക്കുന്ന മീനാക്ഷി ബംഗാളി ഡിവൈഎഫ്ഐയെ നയിച്ചാണ് നിലവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായി പാർട്ടി പ്രവർത്തനം തുടരുന്നത്. കൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ട് ഇപ്പോൾ നിറഞ്ഞുകവിയാറുള്ളത് മീനാക്ഷി പ്രസംഗിക്കുമ്പോഴാണ്. പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനത്തിൽ, തൃണമൂലിനും ബിജെപിക്കും എതിരായ ഈ പോരാട്ടത്തിന്റെ മുഖമാണവർ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയെയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെയും ശക്തമായ പ്രചാരണം അണിനിരത്തി വെള്ളംകുടിപ്പിക്കുകയെങ്കിലും ചെയ്തത് മീനാക്ഷിയുടെ വേറിട്ട പ്രവർത്തന മികവാണ്. കഴിഞ്ഞപ്രാവശ്യം ഉത്തർപാരയിൽ സിപിഐഎം മൂന്നാമതായിരുന്നുവെങ്കിലും 43000 വോട്ട് നേടിയിരുന്നു. ഇത്തവണ ബംഗാളികളുടെ ക്യാപ്റ്റൻ എത്തുന്നത് കൊണ്ട് മികച്ച ഫലമുണ്ടാകുമെന്നതാണ് പ്രതീക്ഷ.

വടക്കേ ഡംഡം മണ്ഡലത്തിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയാണ് ദീപ്ക്ഷിത ധർ. ബംഗാളിലെ തന്നെ ഏറ്റവും കരിസ്മാറ്റിക്കായ ക്യാമ്പയിൻ്റെ ഉറവിടം. പോപ്പുലേഷൻ ജോഗ്രഫിയിൽ ഗവേഷണം പൂർത്തിയാക്കിയ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ദീപ്ക്ഷിത ഒരുകാലത്ത് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ അമരക്കാരിയായിരുന്നു. കനയ്യകുമാറിന്റെ ജയിൽവാസകാലത്ത് ഇന്ത്യയൊട്ടാകെ അരങ്ങേറിയ സർഗാത്മക സമരങ്ങളുടെ മുഖം. ഇടതുപക്ഷത്തിന്റെ വർഗ്ഗപോരാട്ടങ്ങളുടെ ഒരു ചരടറ്റത്തെ അവകാശ പോരാട്ടങ്ങളുമായി കൂട്ടിക്കെട്ടുന്നത് ദീപ്ക്ഷിതയാണ്.
കഴിഞ്ഞ തവണ സേറംപൂർ പാർലമെൻറ് മണ്ഡലത്തിൽ നിറം കൊണ്ടും വംശം കൊണ്ടും പരിഹസിച്ചു തോൽപ്പിക്കാൻ വർഗീയ വലതുപക്ഷം തുനിഞ്ഞപ്പോൾ ശക്തമായ ചെറുത്തുനിൽപ്പായിരുന്നു ദീപ്ക്ഷിത. കേരളത്തിലെ വിദ്യാർത്ഥി സമരവേദികളെ ബംഗാളി പാട്ടുകൾ കൊണ്ട് മനോഹരമാക്കിയ ദീപ്ഷിത ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മലയാളത്തിലും പാട്ടുപാടുകയാണ്.

ഡംഡമിൽ നിന്ന് ഹൂഗ്ലി കടക്കാതെ കൽക്കത്ത മഹാനഗരം ക്രോസ് ചെയ്ത് തെക്കോട്ട് വന്നാൽ ബോളിഗഞ്ചാണ്. അവിടെ മുഴുവൻ കുടുംബങ്ങളുടെയും മകളായി ഇടതുപക്ഷത്തിന് ഒരു സ്ഥാനാർത്ഥിയുണ്ട് – എസ്എഫ്ഐ പ്രവർത്തകയായ അഫ്രീൻ ബീഗം ശില്പി. വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണം വർഗീയതയുടെ സാധ്യതയാക്കി മാറ്റിയ ബിജെപിയും അഴിമതി കൊണ്ടും മനുഷ്യവേട്ട കൊണ്ടും മുഖംമുറിഞ്ഞ തൃണമൂലിനെയും എതിരിടാൻ ഉചിതമായ യുവജനസ്ഥാനാർത്ഥി. മണ്ഡല പര്യടനത്തിനിടയിൽ, എല്ലാ വീടുകളിൽ നിന്നും മുതിർന്നവർ ഇറങ്ങിവന്ന് അഫ്രീൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും, യുവജനങ്ങൾ ആശ്ലേഷിക്കുന്നതും അതിശയകരമായ കാഴ്ചയാണ്.
ജെഎൻയുവിൽ വച്ച് നവഫാസിസ്റ്റുകൾ തലയടിച്ചുപൊളിച്ചിട്ടും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നയിച്ച ഐഷി ഘോഷിനെ മലയാളികൾക്ക് ഓർമ്മയുണ്ടാകും. ഇന്ത്യയിലെ ക്യാമ്പസുകൾക്ക് ചെറുത്തുനിൽപ്പിന് കരുത്തുപകർന്നത് ഒരിഞ്ചു പിന്മാറാൻ തയ്യാറാകാത്ത ഐഷിയുടെ സമരശേഷിയാണ്.
നിലവിൽ ഡൽഹി എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ അമരത്തുള്ള ഈ ദുർഗ്ഗാപൂരുകാരി കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമുറിയ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. സാമൂഹ്യപ്രവർത്തകയും നാടകക്കാരിയുമെല്ലാമായ സൈറ ഷാ ഹലിം കഴിഞ്ഞതവണ സിപിഐഎമ്മിന്റെ ദക്ഷിണകൊൽക്കത്ത ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.

കുറച്ചുകാലമായി ബംഗാളി പാർട്ടിയുടെ നേതൃപദവികൾ നേടിയെടുക്കാൻ സ്ത്രീകൾ പട നയിക്കുകയായിരുന്നു.സ്ത്രീകൾക്ക് നേതൃപ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയായി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിഹാസ്യമായി തുടർന്നപ്പോൾ, കൂടുതൽ സ്ത്രീകളെ കമ്മിറ്റികളിൽ ഉൾക്കൊള്ളിക്കാനുള്ള തീരുമാനം ഏറ്റെടുത്തത് ബംഗാൾ ഘടകമാണ്.
കഴിഞ്ഞവർഷം മധുരയിൽ വച്ച് പുതുതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ഉൾപ്പെട്ട ബംഗാളികൾ അഞ്ചു പേരാണ്. അതിൽ രണ്ട് സ്ത്രീകൾ- മീനാക്ഷി മുഖർജിയും കനീനിക ഘോഷും.
പാര്ട്ടിയുടെ നേതൃത്വത്തിലും പ്രചാരണത്തിലും കൂടുതൽ സ്ത്രീപ്രാതിനിധ്യം വേണമെന്ന പാർട്ടി തീരുമാനം നടപ്പാക്കപ്പെടുന്നത്, ഗ്ലാസ് ക്ലിഫ് എന്ന പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. 2005ൽ ബ്രിട്ടനിലെ എക്സറ്റർ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അധ്യാപകരായ മൈക്കിൾ റയാനും അലക്സാണ്ടർ ഹാസലമുമാണ് ഈ പ്രതിഭാസത്തെ പഠനവിധേയമാക്കിയത്. സ്ഥാപനങ്ങളുടെയോ പാർട്ടികളുടെയോ പ്രതിസന്ധി കാലത്ത്, അവയുടെ മുന്നോട്ടുപോക്കിന് കോട്ടം തട്ടുന്ന വേളയിൽ, സ്ത്രീകളെ മുന്നിൽ നിർത്തുക, തൽക്കാലത്തേക്ക് നയിക്കാൻ ആവശ്യപ്പെടുക എന്നതാണ് ‘ഗ്ലാസ് ക്ലിഫ്’. ഇതുതന്നെയാകണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിദ്ധാന്തപ്രയോഗങ്ങൾ. പ്രതീകാത്മകമായ മാറ്റത്തിന് ഞങ്ങൾ തയ്യാറായി നിൽക്കുന്നു എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള വൃഥാവ്യായാമമായി പരിണമിക്കേണ്ടിയിരുന്ന ഈ പ്രതിഭാസം, പക്ഷേ ശക്തമായ ഒരു അട്ടിമറിക്കാണ് കോപ്പുകൂട്ടുന്നത്
പരമ്പരാഗതമായി പുരുഷന്മാരുടെ കൈകളിൽ ഭദ്രമായിരുന്ന പാർട്ടി അധികാരം, സ്ത്രീകളുടെ നേതൃത്വമായി ദൃശ്യപരമായും വർഗ്ഗപരമായും ഉറയ്ക്കുകയാണ്, ബംഗാളിലെങ്കിലും. അക്ഷരാർത്ഥത്തിൽ ഇത്തവണ ഗ്ലാസ് ക്ലിഫ് പ്രതിഭാസം സ്ത്രീകളുടെ മേലുള്ള ഗ്ലാസ് സീലിങ്ങിനെയാണ് തകർക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ സ്വീകരണ റാലികളിൽ വൻ സ്ത്രീപങ്കാളിത്തം കണ്ടത്, കായംകുളത്ത് യു പ്രതിഭയുടെയും ആറന്മുളയിൽ വീണ ജോർജിന്റെയും പ്രചാരണങ്ങളിലാണ്. പൂക്കൾകൊണ്ടും റിബണുകൾ കൊണ്ടും തുന്നിയ മാലകൾ സ്ഥാനാർത്ഥിയുടെ കഴുത്തിലിട്ട് കെട്ടിപ്പിടിച്ചുകൊണ്ടാണ് പ്രതിഭയെയും വീണയെയും സ്ത്രീകൾ നിറഞ്ഞ ഓരോ സ്വീകരണ കേന്ദ്രങ്ങളും അഭിവാദ്യം ചെയ്തത്. 140 മണ്ഡലങ്ങളിലും വിദ്യാർത്ഥി റാലികളും യുവജന റാലികളും സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ, മഹിളാ സംഘടനകളുടെ ഐക്യപ്പെടലും നടന്നിരുന്നു. പക്ഷേ സംഘടിതമായ അത്തരം പ്രചരണ സംവിധാനങ്ങൾക്കും, പുരുഷാരം വിളിച്ചു നൽകുന്ന മുദ്രാവാക്യങ്ങൾക്കും അപ്പുറം വൈകാരികതയുടെ കടലിരമ്പങ്ങളായി ഓരോ സ്വീകരണ വേദികളും മാറി.
കേരളത്തിൽ, അത്തരം കാഴ്ചകൾ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിലേ ഉണ്ടായിട്ടുള്ളൂവെങ്കിൽ. ബംഗാളിൽ പ്രമുഖ സിപിഐഎം വനിതാ സ്ഥാനാർത്ഥികളെല്ലാം വോട്ട് ചോദിക്കുന്നത് സ്ത്രീകൾ നയിക്കുന്ന ചെങ്കൊടിപ്രകടനങ്ങൾക്ക് നടുവിലൂടെയാണ്.
ഒരു ലോക്സഭാംഗമോ രാജ്യസഭാംഗമോ നിയമസഭാംഗമോ സ്വന്തമായി ഇല്ലാത്ത ബംഗാളിലെ സിപിഐഎമ്മിൽ നിന്ന് ഒരുപക്ഷേ ഇത്തവണയും വനിതാ,യുവസാരഥികളാരും തന്നെ വിജയിച്ചില്ലെന്നു വരാം. സിപിഐഎം നേതൃത്വം തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്ന രണ്ടു സീറ്റുകൾ മുസ്താഫിസൂർ റഹ്മാൻ മത്സരിക്കുന്ന ഡോംകലും ഹാജി ഷഹാബുദ്ദീൻ മത്സരിക്കുന്ന കരൺദീഗിയുമാണ്. പക്ഷേ അനതിവിദൂര ഭാവിയിൽ വംഗനാടിൻ്റെ തിരുനെറ്റിയിൽ വീണ്ടുമൊരിക്കൽകൂടി ചെങ്കൊടി കെട്ടുന്നതിന് ചുക്കാൻ പിടിക്കുക ബംഗാളിലെ സ്ത്രീകളാകുമെന്നുള്ള കാര്യം തീർച്ചയാണ്.

ഒരിക്കൽ ഭദ്രലോക നേതൃത്വത്തിൻ്റേതായിരുന്ന പാർട്ടി, ഇത്തവണ അതിജീവിക്കുക സ്ത്രീകളുടെ പാർട്ടിയായി മാറിയാണ്. ബംഗാളിലെ സിപിഐഎമ്മിന്റെ പ്രധാന ശത്രുക്കളിൽ മമതാ ബാനർജിയുള്ളതുകൊണ്ട് കൂടിയാകണം, സിപിഐഎമ്മും സ്ത്രീനേതൃത്വമായി രൂപപ്പെടുന്നത്. സ്ത്രീകൾക്ക് പരിമിതമായ അധികാരമെങ്കിലും ലഭിക്കണമെങ്കിൽ പ്രതിസന്ധികളുടെ ഗ്ലാസ്ക്ലിഫ് വഴി മാത്രമേ സാധിക്കൂ എന്ന കടുംപിടുത്തത്തിൽ തന്നെയാണ് പാർട്ടി. അതുകൊണ്ട് കൂടി, കേരളത്തിൽ ഒരു പ്രതിസന്ധിക്ക് കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് സ്ത്രീകൾ. മുതലാളിത്തം അനിവാര്യമായ തകർച്ചയെ നേരിടുന്നത് പോലെ തന്നെ, പാട്രിയാർക്കിയും ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കും. അന്നിന്റെ പുനർനിർമ്മിതിയുടെ കാലത്തായിരിക്കും കേരളത്തിലെ സ്ത്രീകളും അവരുടെ ഭാഗധേയം പണിതുപൂർത്തിയാക്കുക.
