കാളിഘട്ടില്‍ നിന്നും ജീവിതം തുടങ്ങിയ പെണ്‍കുട്ടി രാഷ്ട്രീയ ഇന്ത്യയുടെ മാഹാകാളിയായതെങ്ങനെ? മതേതര ബംഗാളിനെ നയിക്കാന്‍ മമതയല്ലാതെ മറ്റാരുണ്ട്?
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് പശ്ചിമ ബംഗാളാണ്. പല കാരണങ്ങൾ കൊണ്ട് ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഹിറ്റ്ലിസ്റ്റുകളിൽ ഒന്നാമതുള്ള നാട്. അവിടെ നടക്കുന്ന എല്ലാ രാഷ്ട്രീയ പദ്ധതികളുടെയും പരിണതി ശക്തമായ ധ്രുവീകരണം തന്നെയാണ്. പക്ഷേ ആ നാടിന് മമതാ ബാനർജിയെന്ന ധീരയായ വനിതാ മുഖ്യമന്ത്രിയുണ്ട്. ആധുനിക ഇന്ത്യയിലെ എല്ലാ വെല്ലുവിളികൾക്കും മമതയ്ക്ക് മറുമരുന്നുണ്ട് . കെട്ടകാലത്തിന്റെ യൊടുക്കത്തിൽ വർഗീയതയുടെ ശവമഞ്ചം ചുമക്കുന്നതിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വമാകാനും മമതയെ കാത്തിരിക്കുകയാണ് ഇപ്പോള്‍ മതേതര ഇന്ത്യ.
ഏറ്റവും ഒടുവിൽ, വംശശുദ്ധീകരണത്തിന്റെ ഉദ്ദേശം വെച്ച് വോട്ട് വെട്ടാനിറങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയിൽ കോട്ടിട്ട് വാദിച്ച, ചരിത്രത്തിലെ ആദ്യ മുഖ്യമന്ത്രിയും ഈ സ്ത്രീര്തനമാണ്.
ആളിക്കത്തിക്കുന്ന വൈകാരികതയാണ് മമതയുടെ സമരോപകരണമെന്ന് വിമർശകർക്ക് വട്ടത്തിലിരുന്ന് പരിഹസിക്കാം. ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള അധരവ്യായാമമാണ് മമത നടത്തുന്നതെന്ന് അധിക്ഷേപിക്കാം. എന്നാല്‍ മമതയെന്ന ഈ മൂന്നക്ഷരത്തോടുള്ള ബംഗാളികളുടെ മമത കമ്യൂണിസ്റ്റുകാരോടും സംഘപരിവാരത്തോടും ഒരുപോലെ മൽപ്പിടുത്തം നടത്തിയതുകൊണ്ടുമാത്രം ഉണ്ടായതാണ്. എത്രഅവഗണിച്ചാലും അടിച്ച് തലപൊളിച്ചാലും ഹൃദയമുറിവുകളുടെ മുറികൂട്ടുന്ന ആർജ്ജവത്തിന്റെ അക്ഷയഖനിയാണ് ആ രാഷ്ട്രീയ ജീവിതം.

എങ്ങനെയാകും ദീർഘകാലം ബംഗാളിനെ അടക്കിഭരിച്ച സിപിഐഎമ്മിനെ പൂജ്യം സീറ്റുകളിലേക്കൊതുക്കി 15 വർഷമായി അധികാരം കരുപ്പിടിപ്പിക്കാൻ മമതയ്ക്ക് കഴിയുന്നത്? എങ്ങനെയാണ്
ശക്തമായ പ്രത്യയശാസ്ത്ര വേരും കാണ്ഡവും പൂക്കളും കായുമുണ്ടായിരുന്ന സിപിഐഎമ്മിനെ അവരുടെ നെടുങ്കോട്ടകളില്‍ തന്നെ ഈ സ്ത്രീ അടിച്ചിട്ടത്? ആര്‍ത്തിരമ്പുന്ന ജനസഞ്ചയത്തെ ഇളക്കിമറിക്കാൻ പോന്ന ഒരു പ്രഭാഷകയോ, ഏതു പ്രശ്നത്തെയും അഭിസംബോധന ചെയ്യാവുന്ന സിദ്ധാന്തവൈഭവുമുള്ള പണ്ഡിതയോ ആയിരുന്നില്ല മമത. പക്ഷേ, ഇടതുതുടർഭരണത്തിന്റെ മസിൽപ്പെരുക്കങ്ങളോട് ഒറ്റയാൾപ്പട്ടാളം എന്നപോലെ കലഹിച്ച് പ്രതിശബ്ദമായി മാറിയതിൻ്റെ പൂർണ്ണതയില്‍ ബംഗാളികള്‍ മമതയ്ക്ക് താലത്തില്‍ വെച്ചുനല്‍കി വംഗനാടിൻറെ ആദ്യ വനിതാ മുഖ്യമന്ത്രിസ്ഥാനം.
പൊതുവേ ബംഗാളിലെ സിപിഐഎമ്മിൽ ഉണ്ടായിരുന്നത് നേതൃപരമായി ഭദ്രലോകരും വോട്ടർമാരായി ചോട്ടലോകരുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിത്തുടങ്ങിയ നാഗരിക ജീവികളായ ഉന്നതജാതി മനുഷ്യരാണ് എന്നും പാർട്ടിയെ നയിച്ചത്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ അച്ചടക്കം, സാംസ്കാരിക സമ്പന്നവും പുരോഗമനപരവുമായ കാഴ്ചപ്പാടുകൾ, ജാതിയെ അഭിസംബോധന ചെയ്യാത്ത പൊതുപ്രവർത്തനം എന്നിവ പാർട്ടി നേതൃത്വത്തിന്റെ മുഖലക്ഷണങ്ങളായി മാറി.
പക്ഷേ പാർട്ടിക്ക് വോട്ട് ചെയ്തിരുന്നത് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രരായ തൊഴിലാളികളായിരുന്നു; അവർ രാജ്ബൻഷി, നമശൂദ്ര, ബാഗദി വിഭാഗങ്ങളിൽപ്പെടുന്ന ദളിതരായിരുന്നു. പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ ഘടകങ്ങളും അവരാൽ നയിക്കപ്പെട്ടു. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണവും പഞ്ചായത്തീരാജ് സംവിധാനവും അവർക്ക് ഗുണകരമായി മാറി. പക്ഷേ, മുന്നോട്ടുപോകുന്തോറും അലിമുദ്ദീൻ സ്ട്രീറ്റിൽ നിന്ന് അതനപ്പുറത്തെ അടിപ്പടവിലെ പാർട്ടിയിലേക്ക് അധികദൂരം താണ്ടണമായിരുന്നു.

ബംഗാളിലെ സിപിഐഎം സംവിധാനം നേരിട്ടിരുന്ന ഈ വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്താണ് മമത തൃണമൂലിന്റെ വേരുകളെ ബംഗാളിന്റെ ഗ്രാസ്റൂട്ടിലേക്ക് മാർച്ച് ചെയ്യിച്ചത്. പാർട്ടി അച്ചടക്കത്തിൽ നിന്ന് പോപ്പുലിസ്റ്റ് ഐഡന്റിറ്റിയിലേക്ക് ബംഗാളരുടെ വളർച്ച അതിഭീകരമാംവിധം വേഗത്തിലായിരുന്നു. ബാളിഗഞ്ചിലെ പാം അവന്യുവിൽ ഒതുങ്ങുന്ന ലളിതമാതൃക ഉപേക്ഷിച്ച്, റബർ ചെരിപ്പുകളിട്ട് ധനിയാഖാലി കൈത്തറിസാരിയുടുത്ത് മനുഷ്യർക്കിടയിൽ ഇറങ്ങിനടക്കുന്ന മറ്റൊരു ലളിതമാതൃകയെ അവർ സ്വീകരിച്ചു. ഇന്റലക്ച്വലുകൾ ഓർഗാനിക് ആകേണ്ടത് എങ്ങനെയെന്ന് ബംഗാളിന്റെ മുൻകാലത്തോട്, പില്ക്കാലത്തെ സ്വന്തം രാഷ്ട്രീയ ഉടൽരൂപം കൊണ്ട് മമത വിശദമാക്കി.
ജനം ദേശീയതലത്തിലെ സമവായശബ്ദത്തിന് പകരം ഉറച്ച വിമതശബ്ദത്തെ സ്വീകരിച്ചു. എല്ലാ പൊരിബർത്തനുകൾക്കിടയിലും ബംഗാളികൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന, ഫുട്ബോൾ മുതൽ ടാഗോർ വരെയുള്ള, വൈകാരിക മൂല്യങ്ങളെ മമതയോടെ വീണ്ടും ഉയർത്തിപ്പിടിച്ചു. ഒരുകാലത്ത് ഇടതുമുന്നണിക്ക് പിന്നിൽ അണിനിരന്ന കലാകാരരായ മനുഷ്യർ തൃണമൂലിനോട് മമത കാട്ടാൻ തുടങ്ങി.
മമത ജനിച്ച കാലത്തെ മറ്റുകുട്ടികളെപ്പോലെ തന്നെ, കൃത്യമായ ജനനത്തീയതി മമതക്കുമുണ്ടായിരുന്നില്ല. സ്കൂൾ അധികൃതർ നിർബന്ധിച്ചപ്പോൾ അച്ഛൻ കുറിച്ചുനൽകിയ ജനുവരി അഞ്ചാണ് ഔദ്യോഗിക ജനനതീയതി.
എന്ന് ജനിച്ചുവെന്ന് തീർച്ചപ്പെടുത്താൻ കഴിയാതിരുന്ന മമത പിന്നീട് തന്റെ ജാതകക്കുറി എടുത്ത് പരിശോധിച്ചുനോക്കി- അതിൽ ഒക്ടോബർ അഞ്ചാണ് തീയതി. ക്ലാരിറ്റി ഇല്ലാത്ത സ്വന്തം തലക്കുറി കത്തിച്ചുകളഞ്ഞുവെന്ന് പിന്നീട് മമത തന്റെ ‘മൈ അൺഫോർഗെറ്റബിൾ മെമ്മറീസ്’ എന്ന ഓർമ്മക്കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്. ബംഗാളിലെ പല മഹാപ്രസ്ഥാനങ്ങളുടെയും തലക്കുറികളിലേക്ക് തീപടർത്താനുള്ള ഒരുമ്പെടലായിരുന്നു അത്.

ബംഗാളിലെ കോൺഗ്രസിന്റെ വിദ്യാർത്ഥിസംഘടനയായ ഛത്ര പരിഷദിന്റെ പ്രവർത്തകയായി പതിനഞ്ചാം വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ് മമതാ ബന്ദോപാധ്യായ. ജോഗ് മായാദേവി കോളേജിലും കൽക്കത്ത സർവകലാശാലയിലും പഠിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചുവപ്പുചുവരുകൾക്ക് കാവിപ്പച്ച നിറംചാർത്തി. 1990ൽ ഇരുമ്പുവടി കൊണ്ട് തലയടിച്ച് തകർത്ത നിലയിൽ ആശുപത്രിയിലായ മമത പുറത്തിറങ്ങിയത് ബംഗാൾ മുഴുവൻ അറിയപ്പെടുന്ന പോരാളിയായിട്ടായിരുന്നു. കാളിഘട്ട് ക്ഷേത്ര പരിസരത്തുനിന്ന് ജീവിതം തുടങ്ങിയ പെൺകുട്ടി, സ്വതവേ ചുവപ്പുടുത്ത ബം’കാളി’യെ, സർവ്വസംഹാരത്തിനായുള്ള സമരപോരാട്ടങ്ങളുടെ വാളെടപ്പിക്കുന്ന മഹാകാളിയും മഹാദുർഗ്ഗയുമായി മാറി.
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും കടുത്ത ഭാഷയിൽ പ്രതിരോധിച്ച് സംരക്ഷിച്ചുനിർത്താൻ മമതയെ പോലൊരു വനിതാ നേതാവ് കോൺഗ്രസിന് അനിവാര്യമായിരുന്നു. അതിവേഗം രാഷ്ട്രീയത്തിന്റെ ഉന്നതപടവുകൾ കയറി ബംഗാളി മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരെത്തി.
1984ൽ ജാദവ്പൂർ ലോക്സഭാ മണ്ഡലത്തിൽ സോമനാഥ ചാറ്റർജി എന്ന കമ്മ്യൂണിസ്റ്റ് വടവൃക്ഷത്തെ മമത കടപുഴക്കി. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമേശ് ചെന്നിത്തലയ്ക്കും അശോക് ചവാനും ഭൂപേഷ് ബാഗലിനും മുകൾ വാസ്നിക്കിനുമൊപ്പം പ്രവർത്തിച്ചു. തിരുത്തല്‍വാദികളുടെ ആ സംഘത്തിലെ ഏറ്റവും വലിയ തിരുത്തല്‍ വാദിയായി മമത അറിയപ്പെട്ടു.

1991ൽ കൽക്കത്ത സൗത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ച മമതാ ബാനർജി നരസിംഹറാവു സർക്കാരിന്റെ മനുഷ്യവിഭവശേഷി-വനിതാശിശുക്ഷേമ-യുവജന- സ്പോർട്സ് മന്ത്രിയായി മാറി. അവിടെനിന്ന് കോൺഗ്രസിനകത്തേക്ക് കലഹത്തെ വ്യാപിപ്പിച്ചു. കോൺഗ്രസിൽ ശുദ്ധീകരണത്തിനായുളള ഉൾപ്പാർട്ടിസമരങ്ങൾക്ക് തയ്യാറായി. ബംഗാളിലെ കോൺഗ്രസ് ഭരണവർഗത്തിന്റെ പാർട്ടിയായ സിപിഐഎമ്മിന്റെ ഉപജാപകസംഘം മാത്രമാണെന്ന് തുറന്നടിച്ചു. സിപിഐഎം നേതാവ് ബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കിയ ബധിരപ്പെൺകുട്ടിയുടെ കൈപിടിച്ച് മമത ബംഗാളിന്റെ സെക്രട്ടറിയേറ്റായ റൈറ്റേഴ്സ് ബിൽഡിങ്ങിലേക്ക് നടത്തിയ മാർച്ച് ഉജ്ജ്വലമായിരുന്നു. ജ്യോതിബസുവിന്റെ പോലീസ് ലാത്തിയാൽ അടിച്ചുകൂട്ടി പുറത്തേക്ക് വലിച്ചെറിഞ്ഞ മാർച്ചിൽ വച്ച് മമത ഉഗ്രശപഥം ചെയ്തു- ഇനി മുഖ്യമന്ത്രിയായിട്ടേ റൈറ്റേഴ്സ് ബില്‍ഡിംഗിലേക്ക് ഒരു വരവുള്ളുവെന്ന്. അവിടെ നിന്നാണ് ബംഗാളിൽ സിപിഐഎമ്മിനെക്കാൾ കരുത്ത് ജ്വലിപ്പിക്കുന്ന, കോൺഗ്രസിനെക്കാൾ പ്രതിശബ്ദം ധ്വനിപ്പിക്കുന്ന പുതിയ പാർട്ടിക്ക് മമത രൂപം നൽകിയത്.
ബംഗാളിലെ കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെ മൂന്നു പ്രധാനപ്പെട്ട തിരിവുകളെ നേരിട്ട പാർട്ടിയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് സുഭാഷ് ചന്ദ്ര ബോസ് ഉയർത്തിയ റാഡിക്കൽ കൊടുങ്കാറ്റ് ബംഗാളിലെ കോൺഗ്രസിന്റെ ഒരു ഛേദം കൊണ്ടുപോയി. രണ്ടാമത് കോൺഗ്രസ് ഒരു പരീക്ഷണത്തെ നേരിടുമ്പോൾ കേരളത്തിലും ഒരു കോൺഗ്രസ് കഷണം കേരള കോൺഗ്രസായി രൂപപ്പെടുന്നുണ്ടായിരുന്നു. 1967ൽ സപ്തകക്ഷി മുന്നണിയുടെ നേതൃത്വത്തിൽ രണ്ടാം ഇഎംഎസ് സർക്കാരിനെ സൃഷ്ടിച്ച തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്.
കേരള കോൺഗ്രസിനെ പോലെ തന്നെ, ഗ്രാമങ്ങളിലെ ഭൂവുടമസ്ഥരും വ്യാപാരശക്തികളുമായ വിഭാഗക്കാരെ പ്രതിനിധീകരിച്ച ബംഗ്ലാ കോൺഗ്രസ്, 1967ലും 69ലും സിപിഐഎമ്മിനൊപ്പം നിന്ന് സർക്കാർ രൂപീകരിച്ചു. ബംഗ്ലാ കോൺഗ്രസുകാരുടെ നേതാവായ അജോയ് മുഖർജി മുഖ്യമന്ത്രിയായി. പിന്നീട് ഭൂപരിഷ്കരണം നടത്താൻ സിപിഐഎം ഉറപ്പിച്ചപ്പോഴാണ് അദ്ദേഹം കലഹിച്ച് മുന്നണിയിൽ നിന്നിറങ്ങിപ്പോയി കോൺഗ്രസിൽ തിരികെക്കയറിയത്.

ബംഗാളിൽ കോൺഗ്രസ് നേരിട്ട മൂന്നാമതൊരു കലഹം വല്ലാത്തൊരു കലഹമായിരുന്നു. മഹാരാഷ്ട്രയിൽ ശരത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ കാലത്താണ് ബംഗാളിൽ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതൃത്വവുമായി കലഹം കടുത്തപ്പോഴാണ് കോൺഗ്രസിൽ നിന്നിറങ്ങി പോകാൻ മമത തീരുമാനിച്ചത്. പുറത്തേക്ക് പുറപ്പെട്ടപ്പോൾ കൂടെയുള്ള യുവജനനേതാക്കളെയെല്ലാം കൂട്ടി. 1997ൽ കൊൽക്കത്തയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തുടരുമ്പോൾ ഏതാനും കിലോമീറ്ററുകള്‍മാത്രം അപ്പുറമുള്ള എസ്പ്ലനേഡ് ഗ്രൗണ്ടിൽ മമത പുതിയ പാർട്ടിയെ വിളിച്ചുകൂട്ടി.
ബാബറിപള്ളി തകർത്ത് മതേതരത്വത്തിന് ചരമക്കുറി എഴുതിയ ആർഎസ്എസ്, മമതയുടെ പെൺപോരാട്ടവീറിൽ ഉഴറിവീഴുന്ന, ബംഗാളിലെ തങ്ങളുടെ ഭാവിയിലേക്ക് പകച്ചുനോക്കി. മമതയോ, സ്വതഃസിദ്ധമായ കൈത്തഴക്കമുപയോഗിച്ച് മുന്നണിരാഷ്ട്രീയത്തിൽ ബിജെപിയെക്കൊണ്ട് തൻ്റെ പിന്നാലെയോടിച്ചു; വാജ്പേയ് കാലത്ത് റെയിൽവേ മന്ത്രിയായി, കൽക്കരിമന്ത്രിയായി.
സംഘപരിവാറിനെ കണ്ട് കയ്യിൽ കത്തിച്ചുവച്ചിരുന്ന പടക്കം പേടിച്ച് നിലത്തിട്ട് ഓടിയ നേതാക്കളുണ്ട്. ഭീഷണികളിൽ പകച്ച് കൈകാലിട്ടടിക്കുന്നത് പോലും അവസാനിപ്പിച്ച മായാവതിയുണ്ട്. മോദി ഭരണകൂടത്തിന്റെ ഇഡിപ്പേടിയിൽ ഭയപ്പെട്ടുപോയ കെജ്രിവാളും ഹേമന്ത് സോറനുമുണ്ട്. പക്ഷം മാറി വർഗ്ഗവഞ്ചകരായി സ്വയം പ്രഖ്യാപിച്ച നിതീഷ് കുമാറും പ്രഫുൽ പട്ടേലും അജിത് പവാറുമുണ്ട്. അവിടെ മുന്നണിരാഷ്ട്രീയത്തിന്റെ വഴക്കങ്ങളെയെല്ലാം ഉപയോഗപ്പെടുത്തി സ്വന്തം രാഷ്ട്രീയ പൊസിഷനിങ് അഖിലേന്ത്യയിലും അഖിലബംഗാളിലും എപ്പോഴും ഉറപ്പിച്ചു നിർത്തിയത് മമത മാത്രമാണ്. വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിയ ബംഗാളി സിപിഐഎമ്മിന് മുകളിലും, മനുഷ്യവേട്ടയുടെ പര്യായമായ സംഘപരിവാരത്തിന് നേരെയും അവർ ശക്തമായ ദാദാഗിരി രാഷ്ട്രീയത്തെ പയറ്റി; ബംഗാളിന്റെ മസ്കുലിനിറ്റിയെ തിരുത്തിവരച്ചു

സിംഗൂർ, നന്ദിഗ്രാം പ്രദേശങ്ങളിൽ കർഷകരുടെ ഭൂമി ഏറ്റെടുത്ത് വ്യവസായ വിപ്ലവത്തിന്റെ വിത്തുവിതയ്ക്കാൻ തയ്യാറെടുത്തതാണ് ഇടതുപക്ഷ സർക്കാർ. അതിനെതിരായ കർഷകരുടെ വൈകാരികതയെ കത്തിജ്വലിപ്പിച്ച സമരനേതൃത്വമായാണ് മമത അധികാരക്കസേരയിൽ ഇരിപ്പുറപ്പിച്ചത്. അന്ന് മമതക്കൊപ്പം നിൽക്കാൻ ഉണ്ടായിരുന്നവർ ഇന്ന് ബിജെപിയുടെ നേതൃത്വത്തിലുണ്ട്. മമതയോ ഇന്ന് നന്ദിഗ്രാമിനെ പറ്റി ഒരക്ഷരം മിണ്ടുന്നുമില്ല. കൽക്കത്തയിലെ മെഡിക്കൽ കോളേജിൽ അരങ്ങേറിയ അതിക്രൂരത മമത സർക്കാരിനെതിരായ ജനകീയ പ്രതികരണമായി രൂപപ്പെടേണ്ടതായിരുന്നു. എന്നാൽ സ്വന്തം പോലീസിനെതിരെ ആഭ്യന്തരമന്ത്രിയായ മമത തെരുവിലിറങ്ങി പ്രകടനം നടത്തി, പ്രശ്നത്തെ സ്വന്തമാക്കിത്തീർക്കുകയാണ് ചെയ്തത്.
എല്ലാത്തരം അധികാര കേന്ദ്രങ്ങൾക്കെതിരെയും കൈചൂണ്ടുമെന്നാണ് മമതയുടെ പ്രഖ്യാപനം. അതിലെ കാപട്യം ചർച്ചയാക്കി രാവുകൾ വെളുപ്പിച്ചിട്ടും, അതിനു ബദൽ തീർക്കാൻ ദീർഘകാലം പണിപെട്ടിട്ടും ഇടതുപക്ഷത്തിനും സംഘപരിവാരത്തിനും അതിനു കഴിഞ്ഞിട്ടില്ല.
പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി മാറ്റുന്ന ഇന്നിന്റെ യാഥാർത്ഥ്യത്തെ ഏറ്റവും ഉറപ്പോടെ ഉയർത്തിപ്പിടിക്കുന്ന ബദലിന്റെ പേരാണ് മമത. ഏതു ഭരണാധികാരിക്കും ദീർഘകാലം ഭരിക്കാൻ അവസരം കൊടുക്കുന്ന, ഏതു പരീക്ഷണങ്ങൾക്കും പതിറ്റാണ്ടുകളുടെ സമയദൈർഘ്യമെടുക്കുന്ന ബംഗ്ലാ ജനത, നിലവിലെ മൂന്നാം ടേമിന് ശേഷം നാലാമതും അഞ്ചാമതും, ഗതികെട്ട് മടുക്കുന്നത് വരെയും, മമതയ്ക്ക് ഭരണം ബാലറ്റിൽ പൊതിഞ്ഞുനൽകുമെന്ന കാര്യം ഉറപ്പാണ്.
