മഹാത്മ അയ്യങ്കാളിയുടെ പടനിലമായ ഊരൂട്ടമ്പലത്തെ ഒരു സ്ക്കൂളില്‍ വെച്ച് ‘ജാതിയുടെ ഗന്ധം’ പറഞ്ഞ് സ്ത്രീയെ ജോലിയില്‍ നിന്ന് പുറത്താക്കിയവര്‍ 112 വര്‍ഷം മുമ്പ് പഞ്ചമി പഠിച്ച പള്ളിക്കൂടം തീയിട്ടവരുടെ പിന്മുറക്കാരല്ലാതെ മറ്റാരാണ്? അംബേദ്ക്കറെയും അയ്യന്‍കാളിയെയും കാവിക്കൊടിയില്‍ കെട്ടി കേരളത്തിലെ മുഴുവൻ ദളിതരെയും ആർഎസ്എസ് മാടിവിളിക്കുന്നത് ജാതിബ്രാഹ്മണ്യത്തിന്റെ ഏത് അറവുശാലയിലേക്കാണ്?
മഹാത്മാ അയ്യങ്കാളിയുടെ മറ്റൊരു ഓര്‍മ്മദിനം കൂടി കടന്നുവരുമ്പോള്‍ പതിവുപോലെ കേരളത്തിലും ഇന്ത്യയിലും ദളിതരായ മനുഷ്യർ വേട്ടയാടപ്പെടുന്നത് തുടരുക കൂടിയാണ്. ജാതിബ്രാഹ്മണ്യത്തിന്റെ സംരക്ഷണവും ജാതിവെറിയുടെ പ്രയോഗസാധ്യതകളും ഏറ്റെടുത്ത സനാതനധർമ്മം സംഘപരിവാരത്തിന്റെ സംഘടനാക്കരുത്തോടെ ശക്തി വർദ്ധിപ്പിക്കുകയാണ്. ഇന്ത്യയാകെ ആക്രമിച്ച് കൊലചെയ്യപ്പെടുന്ന മനുഷ്യരിൽ ഭൂരിഭാഗവും ദളിതരും ആദിവാസികളും, അവരിൽ സ്ത്രീകളുമാണ് കൂടുതല്‍. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ 18 മിനിറ്റിലും ദളിതരായ മനുഷ്യർ ആക്രമിക്കപ്പെടുന്നു. ദിനവും മൂന്നു ദളിത് സ്ത്രീകൾ ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെടുന്നു.

ശക്തിയുള്ളപ്പോൾ അക്രമോത്സുകമായി മനുഷ്യരെ കൊല്ലുന്ന ഫാസിസ്റ്റുകൾ, പതിയിരിക്കേണ്ടപ്പോൾ തോളിൽകയ്യിട്ട് പതിയിരുന്ന് കഴുത്തുഞെരിക്കാൻ അവസരം കാത്ത് പതിറ്റാണ്ടുകളോളം കാത്തിരിക്കുന്നവരാണെന്ന് രാജ്യത്തെ ദളിത് സമൂഹം വേണ്ടരീതിയില്‍ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
ഇക്കഴിഞ്ഞ ആഴ്ചകളിൽ സംഘപരിവാരം കേരളത്തിൽ നടത്തിയ രണ്ട് രാഷ്ട്രീയ ഇടപെടലുകളിലെ പെരുമാറ്റ വൈരുദ്ധ്യം പരിശോധിക്കാം. ഒന്ന്, സംഘപരിവാർ നിയന്ത്രണത്തിലുള്ള ഊരൂട്ടമ്പലത്തെ സരസ്വതി വിദ്യാലയത്തിൽ സ്കൂൾ ബസ്സിൽ ജോലി ചെയ്തിരുന്ന ജയശ്രീ എന്ന ദളിത് സ്ത്രീയെ തൊഴിലിൽ നിന്ന് പിരിച്ചുവിട്ട സാഹചര്യം. മറ്റൊന്ന്, ചരിത്രത്തിൽ ആദ്യമായി മൂന്ന് എംഎൽഎമാരെ കേരള നിയമസഭയിലേക്ക് വിജയിപ്പിച്ച ബിജെപി, തങ്ങളുടെ ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ആഘോഷ പരിപാടിയിൽ അയ്യങ്കാളിയുടെ ചിത്രം പതിച്ച കാവി പതാക വീശിയ സാഹചര്യം. ചരിത്രത്തിൽ ഇതാദ്യമായല്ല ഹിന്ദുത്വ രാഷ്ട്രീയം ഈ നിലയിൽ വൈരുദ്ധ്യമുള്ള സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നത്.
മുകളിൽ ചൂണ്ടിക്കാട്ടിയ രണ്ട് നടപടികളിലൂടെ, രണ്ട് ലക്ഷ്യങ്ങളാണ് ഹിന്ദുത്വം നേടിയെടുക്കുന്നത്. സാമൂഹ്യമായ ഹെജിമണി നിലനിർത്തുകയും അക്രമോത്സുകമാകേണ്ടപ്പോൾ മനുഷ്യരെ നേരിട്ട് വേട്ടയാടുകയും, മയപ്പെടേണ്ടപ്പോൾ കൂടുതൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആ കാലാൾപ്പടയിൽ ചേർക്കുകയും ചെയ്യുന്നതാണ് ഒന്ന്. സാംസ്കാരികമായ സമഗ്രാധിപത്യത്തിന്റെ പ്രധാന ലക്ഷണമായ, എപ്പോൾ വേണമെങ്കിലും പുനർസജ്ജീകരിക്കാനുള്ള ശേഷി, രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ പൂർണമായും സ്വായത്തമാക്കിക്കഴിഞ്ഞതാണ് രണ്ടാമത്തേത്.

ഭാരതീയ വിദ്യാനികേതന്‍ കേരളത്തിൽ മാത്രം മുന്നൂറോളം സ്കൂളുകളാണ് ഉള്ളത്. കേരളത്തിന്റെ നവോത്ഥാനവഴികളിൽ ഒന്നായ ഊരൂട്ടമ്പലത്ത് തങ്ങളുടെ ഒരു സ്കൂൾ ഉയരണമെന്ന് പരിവാരം ആഗ്രഹിക്കുന്നതും ആഗ്രഹം സാക്ഷാത്കരിക്കുന്നതും വെറുതെയല്ല. ഊരൂട്ടമ്പലം ഉൾപ്പെടുന്ന മാറനല്ലൂർ പഞ്ചായത്ത് ഭരണനേതൃത്വം നിലവിൽ കയ്യാളുന്നത് ബിജെപിയാണ്.
ഹിന്ദുത്വ ഫാസിസത്തിന്റെ പലകപ്പല്ലുകൾ കൊണ്ട് ദളിത് ജീവിത ലക്ഷ്യങ്ങളുടെ തലക്കടിക്കുന്ന ഏർപ്പാടാണ്, പടിപ്പുരകളിൽ കാവിപതാക ഉയർത്തിക്കെട്ടിയ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഇവിടെ കേരളത്തിൽ അത് പൂർണ ലക്ഷ്യത്തോടെ നടത്താൻ കഴിയുന്നില്ലെങ്കിൽ, അയ്യന്‍കാളിയെയും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെയും സ്വാംശീകരിക്കാനുള്ള പരിശ്രമമാണ് അവർ നടത്തുക.
സനാതനധർമ്മത്തിൽ പൂർണ്ണവിശ്വാസമുള്ള, ദേശീയ പൈതൃകത്താൽ പ്രചോദിതരായ യുവതലമുറയെ വാർത്തെടുക്കുമെന്ന ലക്ഷ്യമാണ് ഊരൂട്ടമ്പലം സരസ്വതി വിദ്യാലയം ഉയർത്തിപ്പിടിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായ വിദ്യാഭാരതി കേരളത്തിൽ പ്രവർത്തിക്കുന്നത് ഭാരതീയ വിദ്യാനികേതൻ എന്ന പേരിലാണ്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയം ഭാരതീയ വിദ്യാനികേതന്റെ ഭാഗമാണെന്ന് സ്കൂൾ വെബ്സൈറ്റ് വിശദമാക്കുന്നു. ഗ്രാമങ്ങളിലും വനങ്ങളിലും മലനിരകളിലും ചേരികളിലും വസിക്കുന്ന, പിന്നാക്കവും ദരിദ്രവുമായ ജനവിഭാഗങ്ങളെ സേവിക്കാനായി വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കും എന്നാണ് വിദ്യാഭാരതി പറയുന്നത്.

ഞങ്ങളുടെ കുട്ടികളെയും സ്കൂളിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യങ്കാളി പള്ളിക്കൂടത്തിലേക്ക് കൈപിടിച്ചു നടത്തിയ പഞ്ചമിയുടെ നാലാം തലമുറക്കാരിയാണ് തിരുവനന്തപുരം മണ്ണടിക്കോണം സ്വദേശിയായ ജയശ്രീ. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിന്റെ സ്കൂൾ ബസ്സിൽ രണ്ടുദിവസം മാത്രമാണ് ജയശ്രീ ആയയായി തൊഴിലെടുത്തത്. പട്ടികജാതി വിഭാഗത്തിൽ പെടുന്നതുകൊണ്ടും ശരീരത്തിന്റെ ഗന്ധം കുട്ടികൾക്ക് ഇഷ്ടപ്പെടില്ലെന്നും പറഞ്ഞാണ് ജയശ്രീ തൊഴിലിൽ നിന്ന് പിരിച്ചുവിട്ടത്. വിഷയത്തിൽ മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ജയശ്രീ. ജയശ്രീയുടെ പരാതി സ്കൂളിന്റെ പ്രതിച്ഛായ തകർക്കാനുള്ള പരിശ്രമമാണ് എന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ വ്യാഖ്യാനം. സ്കൂളിൽനിന്ന് പിരിച്ചുവിടപ്പെട്ട ജയശ്രീക്ക് പിന്നീട് ജില്ലാ പഞ്ചായത്ത് ജോലി നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൊറ്റാമം സാഫല്യം കെയർ ഹോമിൽ ശുചീകരണ തൊഴിലാളിയായാണ് തൊഴിൽ ലഭിച്ചത്.
ദീർഘകാലങ്ങളായി തെരഞ്ഞെടുപ്പിലടക്കം ഹിന്ദുത്വ ചിഹ്നങ്ങളെ ഉപയോഗപ്പെടുത്തിവന്നിരുന്ന ആർഎസ്എസ്- ബിജെപി സംഘം, കുറച്ചുകാലങ്ങളായി കേരളീയ നവോത്ഥാന ചരിത്രത്തിലെയും മഹാരഥന്മാരെ കയ്യടക്കിവെക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വിവിധ ജാതിവിഭാഗങ്ങളിൽ നിന്ന് പിന്തുണ സ്വന്തമാക്കുക എന്ന പരിശ്രമത്തിന്റെ ഭാഗമായി വോട്ടർമാരായ മനുഷ്യരെയും, നവോത്ഥാന നായകരെയടക്കം, ജാതികളുടെ കള്ളികളിലേക്ക് ചുരുക്കിക്കെട്ടുന്ന ഏർപ്പാടാണ് സംഘപരിവാരം കേരളത്തിലും തുടരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് ബിജെപി ആഘോഷപ്രകടനങ്ങളിൽ ഉയരുന്ന അയ്യങ്കാളിയുടെ ചിത്രം പതിച്ച കാവിക്കൊടി.

അംബേദ്കറേയും അയ്യന്‍കാളിയെയും കൊടിയിൽ കെട്ടി കേരളത്തിലെ മുഴുവൻ ദളിതരെയും ആർഎസ്എസ് മാടിവിളിക്കുന്നത് ജാതിബ്രാഹ്മണ്യത്തെ സംരക്ഷിച്ചുനിർത്താനുള്ള പരിശ്രമങ്ങളിൽ അണിയാളാകാൻ വേണ്ടിയാണ്. മുതുകുമടക്കിച്ച് കാലുകഴുകിപ്പിക്കുന്ന, പുറന്തള്ളപ്പെട്ട മനുഷ്യരെ കൂടുതൽ അരികുകളിലേക്ക് മാറ്റിനിർത്തുന്ന പൊതുമനോഭാവത്തിനാണ് അവിടെ സമഗ്രാധിപത്യം നേടാൻ കഴിയുന്നത്.
ഒരു മതവിഭാഗത്തിൽ വിവിധ വിടവുകളോടെ അകന്നുനിൽക്കുന്ന മനുഷ്യരെ മുഴുവൻ കൂട്ടിപ്പിടിച്ച്, അരികുവൽക്കരിക്കപ്പെടുന്നവരെ മുഴുവൻ വിമോചിപ്പിച്ച്, ഐക്യസംഘം രൂപപ്പെടുത്തുകയൊന്നുമല്ല ഹിന്ദുത്വയുടെ ലക്ഷ്യം. അത് നിലവിലെ ബ്രാഹ്മണാധിപത്യത്തിന്റെ സവർണ്ണ വാഴ്ചയ്ക്ക് തീർക്കുന്ന യാഥാസ്ഥിതികതയുടെ സംരക്ഷണമാണ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ട് ചരിത്രത്തിൽ അവരുടെ പറച്ചിലുകളിൽ നിരന്തരം ഈ വൈരുദ്ധ്യം കാണാം
ആദ്യകാലങ്ങളിൽ കേരളത്തിൽ ആർഎസ്എസ് അവരുടെ പ്രത്യയശാസ്ത്ര പ്രതിരൂപങ്ങളെ തന്നെയാണ് അവതരിപ്പിച്ചിരുന്നത്. ഹെഡ്ഗെവാറും ഗോൾവാൾക്കറും ബാലഗോകുലത്തിന്റെ പരിപാടികളിൽ പോലും ശ്രീകൃഷ്ണന്റെ ചിത്രങ്ങളുടെ അപ്പുറവും ഇപ്പുറവുമായി നിരന്നു. അത്തരം ഒരു രീതിശാസ്ത്രം ക്ലച്ചു പിടിക്കുന്നില്ല എന്ന് തിരിച്ചറിയുന്നതോടെ, സനാതന ധർമ്മത്തോട്, ഹിന്ദുത്വയോട്, നാരായണഗുരുവിനെയും അയ്യങ്കാളിയെയും ചേർത്തുകെട്ടുക എന്നതിനുള്ള പരിശ്രമമാണ് പിന്നീട് സംഘപരിവാരം നടത്തിയത്.

ശ്രീനാരായണഗുരു ഹിന്ദു സന്യാസിയാണെന്ന് നിരന്തരം വ്യാഖ്യാനിച്ചുവാദിക്കുന്ന ആർഎസ്എസ് ബിജെപി നേതാക്കൾ അവരുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ആഴ്ചപ്പതിപ്പുകളിൽ അയ്യങ്കാളിയെ സനാതനധർമ്മത്തിന്റെ കാവൽക്കാരനായും ഹിന്ദുത്വവാദിയായും പ്രതിഷ്ഠിക്കാൻ പരിശ്രമിക്കുന്നു. പക്ഷേ, സനാതന ധർമ്മസൂത്രങ്ങളും സ്മൃതിഗ്രന്ഥങ്ങളും, പുരാണങ്ങളടക്കം, സനാതന ധർമ്മ ചിന്ത എന്നത് ചാതുർവർണ്യം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്.
സംഘപരിവാരം നെഞ്ചിൽ ചേർത്ത് പിടിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ അവരുടെ പുനർസജ്ജീകരണത്തിന് തടസ്സമാകുമ്പോൾ കേരളത്തിൽ നിലനിന്നിരുന്ന ജാതി ഭീകരതയെ വെല്ലുവിളിക്കുകയും എതിർത്തു നിന്ന് പോരാടുകയും ചെയ്ത മഹാത്മാക്കളായ നവോത്ഥാന നായകരെ എങ്ങനെ ചരിത്രത്തിൽ നിന്ന് തട്ടിപ്പറിക്കാനാകും? ബ്രാഹ്മണാധിപത്യമുള്ള ഇന്ത്യയുടെ സാമൂഹ്യമുഖ്യധാര അടിസ്ഥാന പ്രത്യയശാസ്ത്രമായി ഇന്നും ഉയർത്തിക്കാണിക്കുന്ന സനാതനധർമ്മം ചരിത്രപരമായും സൈദ്ധാന്തികമായും ദളിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും മനുഷ്യരായി കരുതുന്നില്ല എന്നതുതന്നെയാണ് പരമപ്രധാനം

ജാതിബ്രാഹ്മണ്യം സകല ദളിത് വേരുകളെയും കയ്യടക്കിക്കൊണ്ട് പുനർസജ്ജീകരിക്കുമ്പോൾ, പ്രതിരോധ സംഗീതധാരയുടെ പ്രതിനിധിയായ വേടൻ ആർഎസ്എസ് നേതൃത്വത്താൽ വേട്ടയാടപ്പെടുന്നത് വൈരുദ്ധ്യമായി തോന്നാം. ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി പല കാലങ്ങളിൽ രൂപപ്പെട്ട റാപ്പ് സംഗീതം പിന്നീട് എസ്റ്റാബ്ലിഷ്മെന്റിന്റെ തടവറയിൽ കുടുങ്ങി സ്വാംശീകരിക്കപ്പെട്ടതാണ്. എന്നാൽ പ്രതിരോധത്തിന്റെ ആ സംഗീതത്തിലേക്ക് രാഷ്ട്രീയത്തെ തിരിച്ച് ഇഞ്ചക്ട് ചെയ്തുവച്ച് പുതിയകാല പോരാട്ടങ്ങളുടെ ആയുധമായി ഉയർത്തിപ്പിടിച്ച പോരാളിയാണ് വേടൻ. നേരത്തെ നിർവീര്യമായ ആയുധത്തിന് വീണ്ടും ബലം നൽകിയവനെ വേട്ടയാടുന്നതിൽ അത്ഭുതമില്ലല്ലോ.

ജാതിവ്യവസ്ഥ, വിവിധങ്ങളായ മനുഷ്യരെ ഒരു ഒരു ചങ്ങലയിലെ കണ്ണികളെപ്പോലെ കോർക്കുന്ന, ഭാരതീയ ജനതയുടെ നൈപുണികളെ തലമുറ തലമുറകളിലേക്ക് കൈമാറി സംരക്ഷിക്കുന്ന, ഏറ്റവും മാതൃകാപരമായ സംവിധാനമാണ് എന്നാണ് നേരത്തെ ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിന്റെ എഡിറ്റോറിയൽ വ്യാഖ്യാനിച്ചത്. പക്ഷേ മനുഷ്യരെ നൂറ്റാണ്ടുകളായി, തലമുറകളായി ചങ്ങലക്കുരുക്കിൽ പെടുത്തുന്ന നിത്യനരകസംവിധാനമാണ് ജാതി എന്നതാണ് യാഥാർത്ഥ്യം. ജാതി അടിസ്ഥാനപ്പെടുത്തിയ ജനസംഖ്യാ കണക്കെടുപ്പിന് നേരിട്ട് എതിര് നിൽക്കാൻ കഴിയാതിരിക്കുകയും ഒളിഞ്ഞും മറഞ്ഞുമിരുന്ന് ജാതി സെൻസസിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന മാനസികാവസ്ഥയുടെ വൈരുദ്ധ്യമാണ് ഊരൂട്ടമ്പലത്തും സംഘപരിവാരം മനുഷ്യരെ അനുഭവിപ്പിക്കുന്നത്. ജാതി സെൻസസ് നടത്തുന്നത്, സംവരണത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ എത്രത്തോളം പൂർത്തിയായിട്ടുണ്ട്, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങൾ സാമൂഹ്യമുഖ്യധാരയിലേക്ക് എത്രത്തോളം പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നിവയുടെ അന്വേഷണമാണ്. പക്ഷേ, ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പഠനത്തെ പോലും പേടിക്കുകയാണ് പരിവാരം

പോരാളികളുടെ പോരാളിയായ അയ്യങ്കാളിയുടെ ജന്മദിനം ഏറ്റവും അനിവാര്യതയോടെ ഓർത്തെടുക്കേണ്ടത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പ്രതിപക്ഷത്ത് ചുമതലപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷമാണ്. അറിവിന്റെയും തുറസുകളുടെയും ജനാധിപത്യവൽക്കരണത്തിനായി കേരളത്തിന്റെ നവോത്ഥാനധാര ആരംഭിച്ച സാംസ്കാരിക മുന്നേറ്റം ഇന്നും തുടരേണ്ടതുണ്ട്. അതിനായി ഐക്യപ്പെടുത്താവുന്ന ജനവിഭാഗങ്ങളെയും മതേതര മണ്ഡലത്തെയും കൂട്ടിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്.
നേതൃത്വവും പിതൃത്വവും പിടിച്ചുവാങ്ങാൻ കഴിയാഞ്ഞാൽ ഉഴപ്പിക്കളയേണ്ടതല്ല ആ മുന്നോട്ടുപോക്ക്. പിന്നോക്കക്കാരായ അധഃസ്ഥിതരായ മനുഷ്യരുടെ ജീവൽപ്രശ്നങ്ങളെ ഉയർത്തിപ്പിടിച്ച് കൊണ്ടു മാത്രമേ രാഷ്ട്രീയ കേരളത്തെ ഉടച്ചുവാർക്കാൻ കഴിയൂ. ആർഎസ്എസിന്റെ സ്വാംശീകരണത്തില്‍ നിന്ന് അയ്യങ്കാളിയെയും നാരായണഗുരുവിനെയും മോചിപ്പിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോക്കിനുള്ള കരുത്ത് കേരളത്തിന് നേടാൻ കഴിയൂ.
