കേരളത്തിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവും ബഹുമാനവും അടിമത്തത്തിൻ്റേതാണെന്നാണോ കേന്ദ്ര സര്ക്കാര് കരുതുന്നത് ?
പഠനത്തിനായോ ജോലിക്കായോ ദൂരെത്താമസിക്കുന്ന മക്കൾ പറയാറുണ്ട്, വല്ലപ്പോഴും വീട്ടിൽ വന്നാൽ അച്ഛനും അമ്മയ്ക്കും വലിയ സ്നേഹവും ബഹുമാനവുമാണെന്ന്. ബഹുമാനം എപ്പോഴും ലഭിച്ചുകൊണ്ടിരിക്കാൻ വേണ്ടി, സ്വന്തം വീട്ടിലേക്കും ജീവിതപങ്കാളിയുടെ വീട്ടിലേക്കും സുഹൃത്തുക്കളുടെ അടുത്തേക്കും വരെ സന്ദർശനങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ് മലയാളികളുടെ രീതി. ഇത് മലയാളികളുടെ രാഷ്ട്രീയത്തിലും പ്രകടമാണ്. ചിലപ്പോൾ മലയാളികളിൽ ഒതുങ്ങാതെ ലോകം മുഴുവനുമുള്ള രാഷ്ട്രീയത്തിലും പ്രകടമാകാനാണ് വഴി. അതുകൊണ്ട് വഴിയിൽ പിടിച്ചു നിർത്താൻ കഴിയുന്ന പഞ്ചായത്ത് മെമ്പറെ, ദിവസവും ബസ്റ്റോപ്പിലോ കവലയിലോ കാണാൻ കഴിയുന്ന നഗരസഭാ കൗൺസിലറെ, കാണുന്നതുപോലെ എംഎൽഎയെയോ എംപിയെയോ നമ്മൾ കാണില്ല. സംസ്ഥാന മന്ത്രിമാർക്കും കേന്ദ്ര മന്ത്രിമാർക്കും അതിലും എത്രയോ ബഹുമാനം നമ്മൾ വാരിവിതറും. പഞ്ചായത്ത് അതിർത്തിയിൽ കിട്ടുന്ന കൃഷി ഓഫീസറേക്കാൾ വിവരം കേന്ദ്രസർക്കാരിന്റെ കൃഷി ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കുമെന്ന് നമ്മൾ വെറുതെ കരുതും. നമ്മൾക്ക് വല്ലപ്പോഴും മാത്രം കാണാൻ കിട്ടുന്ന രാഷ്ട്രീയക്കാരെ നമ്മൾ ഏറെ ബഹുമാനിക്കും. നമ്മളിൽനിന്ന് ഏറ്റവുമകലെയുള്ള ഭരണകൂടത്തെ നമ്മൾ ഏറ്റവും പേടിക്കും. അതുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്കോ റേഷൻ കടയിലേക്കോ നടത്തുന്ന മാർച്ചിനേക്കാൾ ഗൗരവവും രാഷ്ട്രീയ പിരിമുറുക്കവും ബിഎസ്എൻഎൽ ഓഫീസിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ നടത്തപ്പെടുന്ന മാർച്ചിനുണ്ടാകും.
ജൈവികമായി നമ്മളുമായി അധികനേരമൊന്നും ഇടപഴകാത്ത, എന്നാൽ വല്ലാത്ത നിലയിൽ നമ്മൾ തിരികെ ബഹുമാനിക്കുന്ന ഇപ്പറഞ്ഞ കേന്ദ്രസർക്കാർ സമഗ്രമായ ഒരു അധീശത്വം നമ്മുടെ മനസ്സുകളിൽ നേടിയെടുത്തിട്ടുണ്ട്. അന്റോണിയോ ഗ്രാംഷി ‘ഹെജിമണി’ എന്ന് പേരിട്ട് വ്യാഖ്യാനിച്ച ആശയമാണത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പണം തന്നില്ലെങ്കിൽ അത് അവരുടെ അധികാരമാകുന്ന, പണം തന്നാൽ അത് അവരുടെ ഔദാര്യമാകുന്ന, ഹെജിമണി. ഉടമ തല്ലുമല്ലോ എന്ന് പേടിച്ച് തെറ്റുവരുത്താത്ത അടിമയുടെ പേടി മാത്രമല്ലത്; ഉടമ തല്ലുമെങ്കിലും സ്നേഹമുള്ളയാളാണെന്ന അടിമയുടെ വിനയം കൂടിയാണത്; തല്ലേണ്ടത് ഉടമയുടെ അധികാരവും തല്ലു വാങ്ങേണ്ടത് തന്റെ ഉത്തരവാദിത്വവുമാണെന്ന അടിമബോധം.

കേരളത്തിന് ലഭിക്കേണ്ട പണം സംബന്ധിച്ച് പോലും കേന്ദ്രം പറയുന്ന കണക്കുകളാണ് ശരിയെന്ന തോന്നൽ സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപിക്ക് കേരളത്തിൽ കഴിയുന്നുണ്ട്. ഏറ്റവും നന്നായി വിഷയങ്ങൾ അന്വേഷിച്ച് വിവരങ്ങൾ കൺമുന്നിൽ എത്തിക്കാൻ ശേഷിയുള്ള മനുഷ്യർ ജീവിക്കുന്ന സമൂഹമായിട്ടും, ഏറ്റവും ശക്തമായ ഹെജിമണി കയ്യാളുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ 10 വർഷത്തിനിടെ, കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.05% ത്തിൽ നിന്ന് 1.92%മായി കേന്ദ്ര ധനകാര്യ കമ്മീഷൻ വെട്ടിക്കുറച്ചു എന്ന കാര്യം സത്യമാണ്. മികച്ച സാമൂഹ്യസൂചികകൾ നേടിയെടുത്ത സംസ്ഥാനത്തിന് ഇനി പഴയപോലെ നികുതി വിഹിതം നൽകേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നത് മേൽക്കമ്മിറ്റി കീഴ്ക്കമ്മിറ്റിക്ക് മുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് പോലെയാണ്. രാജ്യത്ത് ഭരണഘടനാപരമായി നിലനിൽക്കുന്ന സാമ്പത്തിക, സഹകരണ ഫെഡറൽ കാഴ്ചപ്പാടിന് വിരുദ്ധമാണ് കേന്ദ്രസർക്കാരിൻറെ നീക്കങ്ങൾ എന്ന വിഷയം ശക്തമായി ചർച്ചയാക്കേണ്ടതാണ്.
തലസ്ഥാനത്തെ കോർപ്പറേഷനിൽ തങ്ങളെ ജയിപ്പിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി വരുമെന്നും വികസനത്തിൻ്റെ ബ്ലൂപ്രിൻറ് അവതരിപ്പിക്കുമെന്നും അവകാശവാദമുന്നയിച്ചാണ് ബിജെപി തിരുവനന്തപുരത്ത് വോട്ട് പിടിച്ചത്. വലിയ പദ്ധതികളുടെ സർപ്രൈസ് പ്രഖ്യാപനങ്ങൾക്കായി കേരള ജനത ഒന്നാകെ കാത്തിരിക്കുകയാണെന്ന് പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിയെ അപ്രസക്തമാക്കും വിധം വലിയ എന്തോ ഒരു അതിവേഗ റെയിൽ പദ്ധതി വരുന്നുണ്ടെന്ന് മാധ്യമങ്ങൾ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മാധ്യമപ്രവർത്തകർക്ക് ഊഹിക്കാൻ കഴിയാത്ത ഇനിയും മറ്റെന്തെങ്കിലും വലിയ പദ്ധതികൾ ഉണ്ടാകുമോ എന്ന കൗതുകം അന്തരീക്ഷത്തിൽ പ്രതിഫലിപ്പിക്കും വിധം തലസ്ഥാനനഗരിയിൽ ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ തുടർന്നു. നോക്കൂ, എത്ര സമഗ്രമായ അധീശത്വമാണ് ദേശീയ സർക്കാരിന് നമ്മുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും മുകളിലുള്ളത്?
പക്ഷേ എല്ലാ തെരഞ്ഞെടുപ്പുകളിലും നടത്തുന്ന രാഷ്ട്രീയ പ്രസംഗം മാത്രം നടത്തി, ശബരിമലയെയും തെരഞ്ഞെടുപ്പ് ചർച്ചയാക്കി മടങ്ങുകയാണ് നരേന്ദ്രമോദി. ഇടതു-വലതുമുന്നണികൾ കേരളം ഭരിച്ചുമുടിച്ചുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര പദ്ധതികൾ ഒന്നും സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ലെന്നും മോദി ആരോപിച്ചു. എന്നാൽ കേന്ദ്ര പദ്ധതികളുടെ പണം സംബന്ധിച്ച പരിശോധിച്ചാൽ, ജനങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളുടെ ലഭ്യത കുറവ് എങ്ങനെയാണ് ഹെജിമണിക്കുള്ളിൽ തുടരാൻ യൂണിയൻ സർക്കാരിനെ പ്രാപ്തമാക്കുന്നതെന്ന് മനസ്സിലാകും. പൂർണ്ണമായും കേന്ദ്രം പണം ചെലവിട്ടിരുന്ന സ്വഭാവത്തിൽ നിന്ന് പ്രധാനമായും സംസ്ഥാനങ്ങൾ പണം ചെലവിടേണ്ട പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയെ മാറ്റിത്തീർത്തിരിക്കുകയാണ് കേന്ദ്രസർക്കാർ.
നരേന്ദ്ര മോദി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച മറ്റു കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താൽ, മിക്കവാറും പദ്ധതികളിൽ സംസ്ഥാനം പണം നേരത്തെ ചിലവാക്കി കേന്ദ്രം തിരിച്ചു തരാനുള്ള തുകയാണ് കൂടുതൽ. സർവ്വശിക്ഷാ അഭിയാന്റെ ഭാഗമായി കേരളം ചിലവാക്കി, കേന്ദ്രം തിരിച്ചു തരാനുള്ളത് 1148 കോടി രൂപയാണ്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ 200 കോടി രൂപ കിട്ടാനുണ്ട്. ജൽജീവൻ മിഷനിൽ 974 കോടി, ദേശീയ ആരോഗ്യ ദൗത്യത്തിൽ 636 കോടി, യുജിസിയുടെ ഭാഗമായി 750 കോടി.. ഇങ്ങനെ പദ്ധതികളുടെയും കിട്ടാനുള്ള പണത്തിന്റെയും പട്ടിക നീളുകയാണ്. എല്ലാം കൂടി കൂട്ടിയാൽ, കേന്ദ്രത്തിന്റെ വിഹിതമായിട്ടും സംസ്ഥാന സർക്കാരെടുത്തു റൊക്കം ചെലവാക്കി, പദ്ധതിപൂർത്തിയാക്കി ഇനിയും തരാത്ത പൈസ 5783 കോടി രൂപയുണ്ട്. കേന്ദ്ര പദ്ധതിയാണെന്ന് പറഞ്ഞ് മോദിയുടെയോ കേരളത്തിന് പരിചയമില്ലാത്ത മറ്റു നേതാക്കളുടെയോ ചിത്രം അച്ചടിച്ചുവെച്ച് പദ്ധതി നടപ്പാക്കിയിട്ടും പണം തരാത്ത ധാരാളം പദ്ധതികളുണ്ട്. പണം ചെലവാക്കിയിട്ടും തിരിച്ചുതരാത്ത പദ്ധതികളിൽ ദാരിദ്ര്യ നിർമാർജന പദ്ധതികളും ഭക്ഷ്യസുരക്ഷാ പദ്ധതികളുമുണ്ട്. കേരളത്തിൽ ചെലവാക്കുന്ന പൈസയുടെ 72%വും കേരള സർക്കാർ ഒറ്റയ്ക്ക് ഉത്പാദിപ്പിച്ച് ചെലവാക്കുന്ന ഘട്ടത്തിൽ തന്നെയാണ് കേന്ദ്രം കിട്ടേണ്ട പൈസ പോലും തരാത്തത്. സാങ്കേതികത്വം പറഞ്ഞ് 10000 കോടിയോളം രൂപ കടം വാങ്ങാനുള്ള അനുമതിയും തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനിടയിലും എതിർപ്പായും പ്രതിഷേധമായും ഒരു ചെറുശബ്ദം പോലും ഉയരുന്നില്ല എന്ന നിസ്സഹായതയാണ് കേരളത്തെ കൂടുതൽ അലട്ടുന്നത്.
കേന്ദ്രഭരണകൂടത്തെ ഏതു രാഷ്ട്രീയം മുന്നോട്ടു ചലിപ്പിച്ചാലും, പദ്ധതികളുടെ നിർവഹണത്തിൽ ഇതേ നിരാശ കേരളം അനുഭവിക്കാറുണ്ട്. നരേന്ദ്രമോദി നടത്തുന്നതുപോലെ നൂറായിരം പ്രഖ്യാപനങ്ങൾ ഇതിനുമുമ്പും കേരളം കേട്ടിട്ടുണ്ട്. ഇതുപോലുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ മുമ്പ് ഉയർന്ന കേട്ടിട്ടുള്ള പ്രധാന വാഗ്ദാനങ്ങളിൽ എയിംസ്, ശബരി റെയിൽ പദ്ധതി, റെയിൽവേ കോച്ച് ഫാക്ടറി തുടങ്ങിയ പദ്ധതികളുണ്ട്. എന്നാൽ സാക്ഷാത്കരിക്കപ്പെട്ട പദ്ധതികൾ ഇതിൽ വളരെ കുറവായിരുന്നു എന്നതാണ് സത്യം.
പണ്ട് സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാരും റെയിൽവേ മന്ത്രിമാരും ചെയ്തിരുന്നതാണ് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ വന്ന ആവശ്യങ്ങൾ പരിശോധിച്ചാൽ, പ്രധാനപ്പെട്ട ഒരു വിഷയം തെരഞ്ഞെടുപ്പ് റാലിയാണ്. രണ്ടാമത് പ്രധാനപ്പെട്ട വിഷയം സംസ്ഥാന സർക്കാർ പദ്ധതികളായ വിഴിഞ്ഞം തുറമുഖം, കൊച്ചി വാട്ടർ മെട്രോ പദ്ധതി ഉദ്ഘാടനങ്ങളാണ്. നരേന്ദ്രമോദി കേരള സന്ദർശനം നടത്തിയ മറ്റ് സാഹചര്യങ്ങൾ പരിശോധിച്ചാൽ വയനാട്ടിലെ ഉരുൾപൊട്ടലുമുണ്ട്. ഇത്തരം സന്ദർശനങ്ങളിൽ നമ്മൾ കേട്ട പ്രഖ്യാപനങ്ങൾ എന്താണെന്നും, അതിന് ലഭിച്ച റിസൾട്ട് എന്താണെന്നും മലയാളികൾക്ക് ഓർമ്മയുണ്ടാകും.
എന്നിട്ടും അകലുംതോറും അധികാരം ചെലുത്തുന്ന ഭരണകൂടങ്ങൾക്ക് മേൽ പ്രതിഷേധങ്ങൾ ഉയർത്താതെ പ്രതീക്ഷയർപ്പിക്കുകയാണ് കേരള ജനത.
ഇന്ത്യാരാജ്യത്തിന്റെ പരമാധികാരം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും കേരള സംസ്ഥാനത്തിന്റെ അതിർത്തിക്കകത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഉറപ്പായും പറയാൻ കഴിയും. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ, സാമൂഹ്യ സംവിധാനം എന്നിവയെല്ലാം ചേർന്ന് ഏത് കേന്ദ്ര അവഗണനയിലും, സുരക്ഷിതവും സമാധാനപരവുമായ പ്രതിഷേധങ്ങൾ അണിനിരത്താനാണ് കേരളത്തെ പഠിപ്പിച്ചത്. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വലിയ തെറ്റുകൾ കേന്ദ്രസർക്കാരുകൾ ചെയ്തപ്പോഴെല്ലാം കലാപസമാനമായ ഇടപെടലുകൾ മറ്റു സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് തന്നെ അഗ്നിവീർ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ അത്തരത്തിലുള്ളതായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ വസ്തുവകകൾക്ക് നേരെ ആക്രമണവും തീവയ്പ്പുമുണ്ടായി, ഭരണകൂട അട്ടിമറിക്ക് സമാനമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായി. പക്ഷേ കേരളത്തിൽ, ഏത് അവഗണനയുടെ കാലത്തും അത്തരം ഒരു സാഹചര്യത്തിന് അരങ്ങൊരുങ്ങിയിട്ടില്ല. പഞ്ചാബിൽ കലാപം നടക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനായി, കഞ്ചിക്കോട് കിട്ടേണ്ട റെയിൽവേ കോച്ച് ഫാക്ടറി കപൂർത്തലയിലേക്ക് കൊണ്ടുപോയി എന്ന, പഞ്ചാബ് മോഡൽ വെറും പ്രസംഗത്തിൽ പോലും മന്ത്രിയെ രാജിവെപ്പിക്കുകയാണ് കേരളം ചെയ്തത്. പക്ഷേ കേന്ദ്രസർക്കാർ, അത് ഏത് സർക്കാരായാലും, കേരളത്തിൽനിന്ന് അനുഭവിക്കുന്ന സ്നേഹവും ബഹുമാനവും അടിമത്തത്തിൻ്റേതാണെന്ന് അവർ തെറ്റിദ്ധരിക്കാത്ത ജാഗ്രവത്തായ ഇടപെടലാണ് ഇനി കേരളീയ സമൂഹം ഏറ്റെടുക്കേണ്ടത്.
