ജെൻസി സമരങ്ങള് പൊട്ടിപ്പുറപ്പെട്ടാല് പിന്നെ പിടിച്ചുകെട്ടുക എളുപ്പമല്ല. ഇതുവരെ ജീവിച്ച തലമുറകൾ കണ്ട സമരരൂപങ്ങളേ ആയിരിക്കില്ല അത്.
ലോകം മുഴുവൻ രാഷ്ട്രീയ മാറ്റത്തിന് വേണ്ടി യുവാക്കൾ സമരനേതൃത്വമായ അനുഭവം നമ്മുടെ തലമുറയ്ക്കും മുൻതലമുറകൾക്കും പുതിയതല്ല. ലോകം മുഴുവൻ നടന്ന സ്വാതന്ത്ര്യസമരങ്ങളിൽ, ഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതയ്ക്കെതിരായ പ്രതിഷേധങ്ങളിൽ, എപ്പോഴും ആദ്യം അണിനിരന്നിട്ടുള്ളത് യുവാക്കളാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരായ സമരങ്ങളിലും യുവാക്കൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. രണ്ടാം സഹസ്രാബ്ദത്തിന്റെ രണ്ടാം പതിറ്റാണ്ടിലെ അറബ് വസന്തകാലത്തും, നിരവധി പ്രകടനങ്ങൾക്ക് യുവാക്കൾ നേതൃത്വം നൽകിയിരുന്നു. പക്ഷേ, യുവാക്കളുടെ സമരം ശക്തിപ്പെട്ടതും യുവാക്കൾ തന്നെ സമരനേതൃത്വമായി മാറിയതും ഒരു പതിറ്റാണ്ടു കൂടി കഴിഞ്ഞാണ്.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ, ഒരു ചെറിയ നിയമനിർമ്മാണത്തിന്റെ പേരിൽ ആരംഭിച്ച സമരമാണ് പടിയടച്ചു പുറത്താക്കിയത്. ബോട്ട്സ്വാനയിൽ സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയെ പുറത്താക്കാൻ യുവാക്കളുടെ സമരത്തിന് കഴിഞ്ഞു. സൗത്താഫ്രിക്കയിൽ യുവാക്കളിറങ്ങി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് വോട്ട് വിഹിതം 50 ശതമാനത്തിൽ താഴെയാക്കിയ മറ്റൊരു ചരിത്രഘട്ടമില്ല. നേപ്പാളിലാണെങ്കിൽ, യുവാക്കൾ വിദേശത്ത് പണിയെടുത്ത് ശവപ്പെട്ടിയിൽ തിരിച്ചുവരുമ്പോൾ, രാഷ്ട്രീയക്കാരുടെ മക്കൾ പണപ്പെട്ടിയുമായാണ് തിരിച്ചുവന്നിരുന്നത്. അതുകൊണ്ട് അവിടത്തെ യുവാക്കളുടെ സമരം എക്കാലത്തെയും ശക്തമായ സമരമായി മാറി. ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും മൊറോക്കോയിലും മഡഗാസ്കറിലും മാലിദ്വീപിലും കിഴക്കൻ തിമോറിലും പെറുവിലും സെർബിയയിലുമടക്കം ജെൻസി സമരം കടുത്തു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ലോകത്തിന്റെ പല മേഖലകളിലും നടന്ന യുവ സമരങ്ങൾക്ക് വ്യത്യസ്തമായ അനുഭവ കഥകളാണ് പറയാനുള്ളത്. നിലനിൽക്കുന്ന ഭരണകൂടങ്ങളെ അട്ടിമറിച്ച അനുഭവങ്ങളുണ്ട്. അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടികൾ അന്യംനിന്നുപോയ സാഹചര്യങ്ങളുണ്ട്. സമരങ്ങളിൽ ജയിക്കാതെ നിയമങ്ങളിൽ കുടുങ്ങിപ്പോയ ജീവിതങ്ങളുണ്ട്. മുല്ലപ്പൂവിപ്ലവങ്ങളിൽ പരക്കെ കണ്ടതുപോലെ കലാപത്തിൻ്റെ തുറസ്സുകളിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ജെൻസീ സമരങ്ങൾ അരങ്ങേറിയ, സമരങ്ങൾ ഇപ്പോഴും തുടരുന്ന രാജ്യങ്ങളുടെ സ്വാതന്ത്ര്യസൂചിക പരിശോധിച്ചാൽ മറ്റൊരു പ്രത്യേകത കാണാം. വികസിത രാജ്യങ്ങളുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും റാങ്കിങ്ങിനെ കവച്ചുവെച്ചിട്ടില്ലെങ്കിലും, സ്വന്തം അയൽക്കാരേക്കാളും, വൻകരയിലെ മറ്റു രാജ്യങ്ങളേക്കാളും മെച്ചപ്പെട്ട നിലയിലുള്ളവരാണവർ. എന്നിട്ടും അന്നാട്ടിലെ യുവത അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ ഭരണകൂടത്തെ തന്നെ അട്ടിമറിക്കുന്ന നിലയിൽ സമരങ്ങൾ സംഘടിപ്പിക്കുകയാണ്.
കഴിഞ്ഞ 29 വർഷത്തെ ഡാറ്റ പരിശോധിച്ച് ലോകത്തിലെ 164 രാജ്യങ്ങളെ സ്വാതന്ത്ര്യത്തിന്റെയും അഭിവൃദ്ധിയുടെയും മാനദണ്ഡപ്രകാരം പ്രസിദ്ധ അമേരിക്കൻ തിങ്ക്ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ റാങ്ക് ചെയ്തിരുന്നു. അത് പ്രകാരം, ജെൻസീ സമരങ്ങളാൽ അധികാരം അട്ടിമറിക്കപ്പെട്ട നേപ്പാൾ, മറ്റ് മധ്യ, തെക്കേ ഏഷ്യൻ രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട രാഷ്ട്രീയസ്വാതന്ത്ര്യ സൂചികയുള്ള രാജ്യമാണ്. വരുമാനത്തിന്റെ കാര്യത്തിൽ പക്ഷേ വളരെ പിന്നിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി ശക്തമായ സമരങ്ങൾ അണിനിരന്ന മഡഗാസ്കർ എന്ന ആഫ്രിക്കൻ ദ്വീപരാഷ്ട്രം, താരതമ്യപ്പെടുത്താവുന്ന സബ്സഹാറൻ രാഷ്ട്രങ്ങളേക്കാൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ ബഹുദൂരം മുന്നിലാണ്. പക്ഷേ സാമ്പത്തിക ശേഷിയിലും വരുമാനത്തിലും അവരും അയൽരാജ്യങ്ങളെക്കാൾ വളരെ പിന്നിലാണ്. ഇതേ സാഹചര്യമാണ്, സബ്സഹാറൻ ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന ഐവറി കോസ്റ്റും നേരിടുന്നത്. സ്വാതന്ത്ര്യസൂചികയിൽ മറ്റു രാഷ്ട്രങ്ങളെക്കാൾ മെച്ചപ്പെട്ട ഐവറി കോസ്റ്റ് പക്ഷേ സാമ്പത്തിക ആരോഗ്യ സൂചികകളിൽ പിന്നാക്കമാണ്. മാത്രമല്ല ജനസംഖ്യയുടെ നാലിൽ മൂന്നും 35 വയസ്സിൽ താഴെയുള്ളവരാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഒതുക്കുന്ന, നാലാം തവണയും അധികാരക്കസേരയിൽ അമർന്നിരിക്കുന്ന അലസാൻ വറ്റാഹക്കെതിരെ സമരമുയർന്നത്.

സ്വന്തം അയൽരാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും, സമരനാടുകളിലെ യുവത്വം, സാമ്പത്തിക പരാധീനതകളുടെ കാരണം കൊണ്ടാണ് ഭരണകൂട അട്ടിമറികൾ സ്വപ്നം കാണുന്നതെന്ന്, കഴിഞ്ഞ വർഷങ്ങളിലെ ജെൻസീ സമരങ്ങളെല്ലാം സൂചിപ്പിക്കുന്നുണ്ട്. കണക്കുകളും സൂചികകളും നൽകുന്ന മറ്റൊരു സൂചന, ജനാധിപത്യത്തിന്റെ ഉത്തരവാദിത്വങ്ങളിൽ യുവത്വത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നതുമാണ്. മെച്ചപ്പെട്ട രാഷ്ട്രീയ ആവിഷ്കാര സ്വാതന്ത്ര്യം, യുവാക്കളെ കൂടുതൽ കണക്ട് ചെയ്യാനും സംഘടിക്കാനും അവസരം ഒരുക്കുന്നുമുണ്ട്. മറ്റു രാജ്യങ്ങളിലെ സൗകര്യങ്ങൾ താരതമ്യപ്പെടുത്തി, കൂടുതൽ ഉത്തരവാദിത്വമുള്ള ജനാധിപത്യ ഭരണകൂടങ്ങളെ നിർമ്മിച്ചെടുക്കാനും അവർ ആഗ്രഹിക്കുന്നു.
വിവിധ രാഷ്ട്രങ്ങളിലെ ജെൻസീ സമരങ്ങളിൽ ഉയർന്ന കൊടിക്കൂറകളിൽ കൌതുകകരമായ ഒരു പൊതുകാഴ്ച ജോളി റോജർ എന്ന കൊടിയായിരുന്നു. അസ്ഥികൂടം ഉപയോഗിച്ച് വരയ്ക്കുന്ന അപായചിഹ്നത്തിൻ്റെ തലയിൽ, ചുവന്ന വരയുള്ള മഞ്ഞത്തൊപ്പി അടയാളം വെച്ച കറുത്ത കൊടിയാണിത്. പ്രസിദ്ധ ജാപ്പനീസ് അനിമെ ആയ വൺപീസ് സീരീസിലെ സ്ട്രോഹാറ്റ് പൈറേറ്റ്സിൻ്റെ പതാക. അടിച്ചമർത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ പതാകവാഹകരായ പൈറേറ്റുകളാണവർ. അഴിമതിക്കും രാഷ്ട്രീയക്കൊള്ളയ്ക്കുമെതിരെ ചെറുപ്പക്കാർക്ക് ഈ കൊടിയും പിടിച്ച് തെരുവിലിറങ്ങാൻ മറ്റു കാരണങ്ങൾ ആവശ്യമില്ലല്ലോ.
2023 ഒക്ടോബറിൽ ഗാസ വംശഹത്യക്ക് എതിരെ ഇന്തോനേഷ്യയിലെ യുവാക്കൾ ഈ പതാക ഉയർത്തിയിരുന്നു. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഇന്തോനേഷ്യയിൽത്തന്നെ നടന്ന ജെൻസീ സമരങ്ങളിലാണ് ഈ പതാക പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഇന്തോനേഷ്യയിലെ പാർലമെൻ്റംഗങ്ങൾക്ക് വീട് പണിയാൻ സബ്സിഡി നൽകാനുള്ള നീക്കത്തിനെതിരെയും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമനിർമാണത്തിനായുമാണ് ഇന്തോനേഷ്യയിലെ യുവാക്കൾ അപ്പോൾ തെരുവിലിറങ്ങിയത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യയിലെ ട്രക്ക് ഡ്രൈവർമാർക്കും ഈ പതാക ഉയർത്തി സമരത്തിനിറങ്ങേണ്ടിവന്നു. പിന്നീട് സോഷ്യൽ മീഡിയ ആപ്പുകളുടെ നിരോധനത്തെ തുടർന്ന് സമരം പൊട്ടിപ്പുറപ്പെട്ട നേപ്പാളിലും, മറ്റ് നിരവധി പതാകകൾക്കൊപ്പം, ഈ പതാക ഉയർന്നു പറന്നു. മഡഗാസ്കറിലും ജലദൗർലഭ്യവും വൈദ്യുതിക്ഷാമവും മൂലം പൊറുതിമുട്ടി റോഡിൽ ഇറങ്ങിയ ചെറുപ്പക്കാർ ഈ പതാക ഉയർത്തിപ്പിടിച്ചു. ഫിലിപ്പീൻസിൽ ഭരണകൂട അഴിമതിക്കെതിരെയും, പെറുവിലെ പെൻഷൻ പരിഷ്കാരത്തിനെതിരെയും, ഫ്രഞ്ച് സർക്കാരിന്റെ
അമിതാധികാരപ്രവണതകൾക്കെതിരെയും, പലസ്തീന് വേണ്ടി ലണ്ടനിലും ന്യൂയോർക്കിലും റോമിലും – അങ്ങനെ ലോകം മുഴുവൻ യുവാക്കളുടെ കൈകളിൽ നിന്ന് ഉയർന്നുപാറുന്ന കൊടിയാണിത്.

വിവിധ രാഷ്ട്രങ്ങളിലെ യുവസമരങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾ ഈ പതാകയ്ക്ക് നേരെയും ഉണ്ടായി. ജെൻസീ സമരങ്ങളിൽ ജോളി റോജർ പതാക ഉയർന്ന ആദ്യ രാജ്യത്ത് തന്നെയാണ് ഏറ്റവും കടുത്ത വേട്ടയാടൽ നടന്നത്. ഇന്തോനേഷ്യൻ ഭരണകൂടം ദേശീയ ഐക്യത്തിനെതിരെ ഉയരുന്ന രാഷ്ട്രവഞ്ചനയുടെ കൊടിയായിട്ടാണ് ഇതിനെ വ്യാഖ്യാനിച്ചത്. വിവിധ ഇന്തോനേഷ്യൻ സർക്കാർ സ്ഥാപനങ്ങൾ ഈ പതാകയെ നിരോധിക്കാനും ശ്രമിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അവരവർ ജീവിക്കുന്ന രാജ്യങ്ങളിൽ വലിയ പോരാട്ടങ്ങൾ നടത്തിയ, 1946നും 1964നുമിടയിൽ ജനിച്ച ബേബി ബൂമേഴ്സിനെ ഓർമിപ്പിക്കുന്നുണ്ട് ജെൻസീ സമരങ്ങൾ. 1990കളുടെ അവസാനം മുതൽ 2010കളുടെ തുടക്കത്തിൽ വരെ ജനിച്ച, ഡിജിറ്റൽ ലോകത്ത് വളർന്ന തലമുറയാണ് സൂമേഴ്സ് എന്നറിയപ്പെടുന്ന ജെൻസീ തലമുറ. ഇവർക്ക് സാങ്കേതികമായും സാംസ്കാരികമായും വലിയ മാറ്റങ്ങൾ അനുഭവിക്കേണ്ടി വന്നു. ബൂമേഴ്സ് വ്യത്യസ്തമായ സാമ്പത്തിക സാഹചര്യങ്ങളും സാങ്കേതിക പുരോഗതികളും കണ്ടുവളർന്നപ്പോൾ, സൂമേഴ്സ് സൈബർ ലോകവികസനത്തിനിടെയാണ് വളർന്നുവന്നത്. പക്ഷേ, പിന്നീട് ബേബി ബൂമേഴ്സ് നടത്തിയ നയവ്യതിയാനം ചരിത്രത്തിൽ ദൃശ്യമാണ്. അതേ പ്രായക്കാർ അധികാരശ്രേണിയുടെ ഭാഗമായപ്പോൾ, പ്രത്യേകിച്ച് ബിൽ ക്ലിന്റൺ മുതൽ നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വരെ ബൂമേഴ്സായതുകൊണ്ട് തന്നെ, അവർ യുവാക്കൾ ആയിരുന്ന കാലത്ത് ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളെ മറന്നുകളയുകയും പിന്തിരിപ്പൻ യുക്തികളിലേക്ക് തന്നെ ഓടിക്കയറുകയും ചെയ്തു. വിയറ്റ്നാമിൽ ഏജൻറ് ഓറഞ്ച് പ്രയോഗിക്കുന്നതിനെ എതിർത്തു നിന്ന് യുവത്വം, പിന്നീട് അറബ്, ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളിൽ ആയുധക്കച്ചവടത്തിന്റെ ഉപകരണങ്ങളെ പൊട്ടിച്ചുകളിക്കാൻ അവസരം ഒരുക്കി നൽകുകയാണ് ചെയ്തതെന്ന് ചുരുക്കം.
1960കളിലും 70കളിലും അമേരിക്കയിൽ സിവിൽ റൈറ്റ് മൂവ്മെന്റുകളും സൈനിക നടപടികൾക്ക് എതിരായ പ്രക്ഷോഭങ്ങളും ശക്തമാക്കിയത് സർവകലാശാലകളിൽ നിന്നും സ്കൂളുകളിൽ നിന്നും ഇറങ്ങി പുറപ്പെട്ട വിദ്യാർത്ഥികളാണ്. പരിസ്ഥിതിക്കും ജെൻഡറിന്റെ പേരിലുള്ള അസമത്വങ്ങൾക്കെതിരെയും പോരാടിയതും സ്വന്തം ഭരണകൂടങ്ങളെ തിരുത്തിയതും ബൂമേഴ്സ് ആയിരുന്നു. ഇന്ന് തൊഴിലിടങ്ങളിൽ പരക്കെ ചർച്ചയാകുന്ന ജെൻസീ സ്റ്റെയർ (gen z stare), ജെൻ എക്സിനും മില്ലേനിയൽസിനും ഇടയിലിരിക്കുമ്പോഴും തൊഴിൽ ചൂഷണമടക്കമുള്ള വിഷയങ്ങളിൽ ബദൽ സമരരൂപങ്ങൾ തീർക്കുന്ന സൂമേഴ്സിൻ്റെ സമരസാധ്യതകളായി വ്യാഖ്യാനിക്കാം. ഒരുപക്ഷെ വരുംകാല പ്രക്ഷോഭങ്ങൾ മുഴുവൻ നടക്കുക ഈ പ്രായക്കാരുടെ നേതൃത്വത്തിലായിരിക്കും. ഇതുവരെ ജീവിച്ച തലമുറകൾ കണ്ട സമരരൂപങ്ങളൊന്നും അവർ പ്രയോഗിച്ചെന്നും വരില്ല. പക്ഷേ, ഫാസിസ്റ്റ് സംഘടനകളുടെ പ്രധാന സമരോപകരണമായ നുഴഞ്ഞുകയറ്റം, ഇപ്പോൾ നടന്ന പ്രക്ഷോഭങ്ങളിലും പ്രകടമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അത് ഇനിയും തുടരാം, യുവാക്കളുടെ സമരലക്ഷ്യങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം. നേപ്പാൾ സർക്കാരിനെ അട്ടിമറിച്ച ജെൻസീ പ്രക്ഷോഭങ്ങളിൽ, ഹിന്ദുരാഷ്ട്ര പുനഃസ്ഥാപനത്തിനും രാജകീയാധികാരങ്ങളിലേക്ക് തിരിച്ചുപോകാനുമുള്ള ആഹ്വാനങ്ങളും ഉയർന്നുകേട്ടത് ഈ ഭാവി അപകടത്തിന്റെ ദൃഷ്ടാന്തമാണ്. അതുകൊണ്ട് ബൂമർമാരുടെ അബദ്ധം സൂമർമാർക്ക് വരാതിരിക്കാനുള്ള അധിക ജാഗ്രതയാണ് ഇനി ഏറ്റെടുക്കേണ്ടത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും അവസരം കിട്ടാതിരിക്കാൻ വേണ്ടിക്കൂടിയാണ് പോരാടേണ്ടത്.
