കേരളത്തെ എങ്ങനെയും മാറ്റിത്തീർക്കാൻ ശേഷിയുള്ള രാഷ്ട്രീയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം തന്നെയാണ്. കഴിഞ്ഞ പത്തുവര്ഷം അതിന്റെ മഹത്തായ ഒട്ടനവധി സാക്ഷ്യങ്ങളുണ്ട്- ലൈഫ് മിഷന്, ക്ഷേമപെന്ഷന് പദ്ധതികള് പോലെ. ഭൂപരിഷ്കരണത്തിന്റെ തുടര്ച്ച പോലെ ഏറ്റെടുക്കാത്ത പദ്ധതികളും നിരവധി. മൂന്നാം തവണയും പിണറായി സര്ക്കാര് അധികാരത്തില് വന്നാല് ജനങ്ങളുടെ സന്തോഷത്തിന്റെ അളവ് വര്ദ്ധിപ്പിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. എന്താണ് ആ സന്തോഷസൂചികയുടെ അടിസ്ഥാനം? മുതലാളിത്തത്തിനറെ ഹാപ്പിനെസ് സൂചികയ്ക്ക് അപ്പുറം എന്ത് ജനകീയബദലാണ് ഉള്ളത്?
കഴിഞ്ഞവർഷം കേരളം കണ്ട ഏറ്റവും മനോഹരമായ കാഴ്ച ഫോർട്ട് കൊച്ചി തുരുത്തിയിലെ 394 കുടുംബങ്ങൾക്കായി ഉയർന്ന ഭവനസമുച്ചയമാണ്. പതിറ്റാണ്ടുകളായി കൊച്ചി നഗരത്തെ സേവിക്കുകയും ഭവനരഹിതരായി തുടരുകയും ചെയ്ത മനുഷ്യർ ജനലുകൾ തുറന്നിടുക, നഗരത്തിലെ തന്നെ ഏറ്റവും ധനികരായ മനുഷ്യരുടെ അതേ കാഴ്ചകളിലേക്കാണ്. മനുഷ്യരുടെ അന്തസ്സിനെ അഭിവൃദ്ധിപ്പെടുത്തിയ മറ്റൊരു പദ്ധതിയുടെ പേരാണ് ലൈഫ് മിഷൻ. വീടുകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ലോഗോ വച്ച് കുടുംബങ്ങളുടെ അഭിമാനബോധത്തെ വ്രണപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ തുടരുന്ന ലൈഫ് ഭവന പദ്ധതി നാലര ലക്ഷം കുടുംബങ്ങളെ സ്വന്തം ഭവനത്തിന് ഉടമകളായി മാറ്റി. ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് ലൈഫ് ഭവന പദ്ധതിയുടെ മുദ്രാവാക്യം. മികച്ച സാമ്പത്തിക വളർച്ചയുള്ള OECD രാജ്യങ്ങൾ പോലും നേടിയെടുക്കാത്ത ലക്ഷ്യമാണത്. അതുകൊണ്ട് ലൈഫിന്റെ ലക്ഷ്യം പൂർത്തിയായാൽ അത് ലോകത്തിന് തന്നെ മാതൃകയാകും.
2030 ൽ പ്രാവർത്തികമാക്കുമെന്ന് ലക്ഷ്യമിട്ട ഐക്യരാഷ്ട്ര സംഘടന 2015ൽ ലക്ഷ്യമിട്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടും നാലും ലക്ഷ്യങ്ങൾ വളരെ നേരത്തെ സാർത്ഥകമാക്കാൻ കേരളത്തിന് കരുത്തായത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം എന്നീ നവകേരള കർമ്മ പദ്ധതികൾ കൂടിയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ നേരം തുറന്നിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതും താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ മികച്ച സൗകര്യങ്ങൾ സജ്ജമാക്കിയതും മുഴുവൻ കേരളീയരെയും നേരത്തെ തന്നെ രോഗനിർണയ സ്ക്രീനിങ് നടത്തി സംരക്ഷിച്ചു നിർത്തുന്നതും ആർദ്രം പദ്ധതിയാണ്. സർക്കാർ സ്കൂളുകളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ആയിരക്കണക്കിന് കോടി രൂപയ്ക്ക് പുതിയ കെട്ടിടങ്ങൾ തയ്യാറാക്കി നൽകിയതും സാധാരണക്കാരായ മനുഷ്യരുടെ മക്കൾക്ക് അന്തസ്സുള്ള പഠനസൗകര്യം യാഥാർത്ഥ്യമാക്കിയതും ഒമ്പത് വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ കർമ്മസാക്ഷ്യമാണ്.
ഇടതുപക്ഷക്കാർക്ക് വേണ്ടി മാത്രമുള്ളതായിരിക്കില്ല, എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരെന്ന് പ്രഖ്യാപിച്ചത് 1957ൽ കേരളത്തിൻറെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസാണ്. എല്ലാവർക്കും നീതിയുടെ വിതരണം സാധ്യമാക്കുന്നതിന് ഇ കെ നായനാർ, വിഎസ് അച്യുതാനന്ദൻ എന്നിവർ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകളെ പോലെ പിണറായി വിജയൻ നേതൃത്വം നൽകുന്ന 2016 മുതൽ ഭരണ ചുമതലയിലുള്ള ഇടതുപക്ഷ സർക്കാരിനും പരമാവധി കഴിയുന്നുണ്ട്. എന്നാൽ ഒമ്പത് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഉരുത്തിരിയുന്നത്, ബൂർഷ്വാ ജനാധിപത്യത്തിൽ ഇടപെട്ടാൽ, മാർക്സിസ്റ്റ് വീക്ഷണത്തിൽ നിന്നുള്ള വ്യതിയാനം ഉണ്ടാവുക തന്നെ ചെയ്യുമെന്നതാണ്. 2016 മുതൽ 2021 വരെയും 2021 മുതൽ തുടർച്ചയായി ഇതുവരെയും തുടർന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് മൂന്നാം തുടർഭരണം സാധ്യമായാൽ ഈ വ്യതിയാനത്തെ വലത്തേക്ക് ദീർഘിപ്പിക്കുമോ, കൂടുതൽ ചുവപ്പൻ വഴികളെ തെളിക്കാൻ കഴിയുമോ എന്നുള്ളതിലാണ് ആശങ്കയും ആകാംക്ഷയും.
സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രധാന ഇടപെടലായി വ്യാഖ്യാനിക്കപ്പെട്ടത് പട്ടികജാതി പട്ടികവർഗ്ഗ സെറ്റിൽമെന്റുകളുടെ പുനർനാമകരണമാണ്. ഘടനാപരമായ പ്രതിസന്ധികളെ നിലനിർത്തിക്കൊണ്ട് പേരുകളിൽ മാത്രം നീതി വിതരണം ചെയ്താൽ മതിയാകില്ലെന്ന വിമർശനം അന്ന് ശക്തമായതാണ്. തദേശീയ ജനത സ്വന്തം സെറ്റിൽമെന്റിനിട്ട ഊര് എന്ന പദത്തെ വെട്ടി ഉന്നതി എന്ന് വിളിക്കണമെന്ന ഉത്തരവും വിമർശനം നേരിട്ടു. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള എന്തു മാറ്റങ്ങളിലും, തീരുമാനമെടുക്കുന്നതിൽ നമ്മളും ഭാഗഭാക്കാകണമെന്ന കാഴ്ചപ്പാടും ഗളച്ഛേദം ചെയ്യപ്പെട്ടു.
സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിലും ഇതേ പ്രശ്നം പ്രകടമാണ്. പ്രത്യുൽപാദനക്ഷമതയില്ലാത്ത പരിപാടിയായി തഴയപ്പെടാമായിരുന്ന ക്ഷേമ പെൻഷനെ മാസം രണ്ടായിരം രൂപയിലേക്ക് ഉയർത്തി 62 ലക്ഷം പേരുടെ കൈകളിലേക്ക് എത്തിച്ചു നൽകുന്ന മഹത്തായ പദ്ധതിയായി പടുത്തുയർത്തിയത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തിയാണ്. പക്ഷേ, ക്ഷേമപെൻഷൻ സർക്കാരിന്റെ ഔദാര്യമാണെന്ന ഏതു വ്യാഖ്യാനവും സർക്കാരിനെയും ജനങ്ങളെയും വളരെ ദൂരേക്ക് അകറ്റുകയും, കേന്ദ്രീകൃതമായ ഭരണകൂടരൂപങ്ങളെപ്പോലെ സംസ്ഥാന സർക്കാരുകളെയും ചൂഷകരെന്ന പോലെ ജനങ്ങളിൽ അനുഭവിപ്പിക്കുകയും ചെയ്യും. പെൻഷൻ മുടങ്ങിയാലും സപ്ലൈകോയിൽ അവശ്യവസ്തുക്കൾ ലഭ്യമല്ലാതായാലും അത് പൗരർ സഹിച്ചുകൊള്ളണമെന്ന തോന്നൽ ജനിപ്പിക്കുന്നത്, ഫെഡറൽ സംവിധാനത്തെ ഉറപ്പിച്ചു നിർത്താനുള്ള ശക്തമായ സമരങ്ങൾക്കടക്കമുള്ള ജനകീയശേഷിയെയും നഷ്ടപ്പെടുത്തും.
ഒരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ജനകീയശക്തി കൊണ്ട് അധികാരം കൊയ്തെടുത്താൽ ആദ്യം നടപ്പാക്കപ്പെടാൻ സാധ്യതയുള്ള പദ്ധതി ഭൂപരിഷ്കരണമാണ്. സാൻമാരിനോ പോലുള്ള ചെറിയ പ്രദേശങ്ങളെ ഒഴിച്ചു നിർത്തിയാൽ ചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ ഭരണത്തിൽ എത്തിയ ഇഎംഎസ് നയിച്ച ഇടതുപക്ഷ സർക്കാരും ചെയ്തത് അതുതന്നെയാണ്. ഒന്നാം സർക്കാർ നടപ്പാക്കിയ വിഭവവിതരണ പദ്ധതികളിൽ വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും ചൂഷിതവർഗ്ഗത്തിന് അതൊരു ആശ്വാസമായിരുന്നു. ഒന്നാം ഭൂപരിഷ്കരണത്തിൽ നടന്ന ക്രമരാഹിത്യം പരിഹരിക്കാനും, ഭൂമി അടക്കമുള്ള മുഴുവൻ വിഭവങ്ങളിലും തുടരുന്ന അസമത്വം മറികടക്കാനും ഒരു രണ്ടാം ഭൂപരിഷ്കരണം വേണം. പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും കാലാവസ്ഥ വിതയ്ക്കുന്ന ഭീതികളെ വകഞ്ഞുമാറ്റാനും അത് അനിവാര്യമാണ്. വിഎസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ സർക്കാരിന്റെ കാലത്ത് ഉരുത്തിരിഞ്ഞുവന്ന രണ്ടാം ഭൂപരിഷ്കരണം എന്ന ആവശ്യം മുന്നോട്ടുകൊണ്ടുപോകാൻ ഒൻപതു വർഷമായിട്ടും പുതിയ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് വിമർശനത്തെ കടുപ്പിക്കുന്നുണ്ട്.
നിലമ്പൂരിൽ ആദിവാസി ഭൂസമരസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന സമരത്തിൻ്റെ കാര്യമെടുക്കാം. ഇടതുപക്ഷത്തിന്റെ ക്ഷേമപരിപാടികൾ പരസ്യപ്രചരണമായി മാറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്തുപോലും മാധ്യമ കോളങ്ങളിൽ നിന്ന് പരമാവധി ഒഴിച്ച് നിർത്തിയതാണ് ഭൂമിക്ക് വേണ്ടിയുള്ള ഈ അവകാശ സമരത്തെ. പ്രകൃതിവിഭവങ്ങളിലുള്ള തദ്ദേശീയ അവകാശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് ഭൂമിവിതരണം ഉറപ്പാക്കുക എന്നത് ഇടത് സർക്കാരിൻ്റെ ഉറപ്പാണ്. ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന് ജില്ലാ കളക്ടർ രേഖാമൂലം ഒപ്പിട്ടു നൽകിയ ഉറപ്പിന് മേലാണ് വഞ്ചന തുടരുന്നത്. തെരഞ്ഞെടുപ്പുകൾ തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഉപകരണങ്ങളാക്കി മാറ്റുമെന്നത് പറച്ചിലായി ഒടുങ്ങിപ്പോകുമോ എന്നും സാധാരണക്കാരായ മനുഷ്യർ ഭയക്കുന്നുണ്ട്.
മറ്റു ജോലികൾക്കൊപ്പം ഒരു ചെറിയ സാമൂഹ്യ സേവനം എന്ന നിലയിൽ തുടങ്ങിയ ആശ സന്നദ്ധപ്രവർത്തനം ജോലിഭാരം കൊണ്ട് മുടിഞ്ഞ് ഒടുവിൽ തെരുവിലിറങ്ങിപോയതാണ്. സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന വെല്ലുവിളി ഉയരുമ്പോഴും സമരത്തിന് കേരളത്തിൽ നിന്ന് ആകെ കിട്ടിയത് കുറച്ചു പേരെയാണെന്ന പരിഹാസം ചമയ്ക്കപ്പെടുമ്പോഴും, സമരങ്ങളോടുള്ള ഇടതുപക്ഷ നിലപാട് എന്താണെന്ന ചോദ്യമാണ് ബലപ്പെടുക.
വലതുപക്ഷ അവസരവാദത്തിന് കൂടി അരങ്ങൊരുക്കിയതോടെ മികച്ച ഭരണ-സമര സാധ്യതയും, സമരത്തിലൂടെ ഉരുവം കൊള്ളുമായിരുന്ന സംഘടിത ഐക്യശക്തിയുമാണ് ഇടതുപക്ഷം പാഴാക്കിയതും. എല്ലാ സമരങ്ങളോടുമുള്ള പോലീസ് ഇടപെടൽ, എല്ലാ മർദ്ദകഭരണകൂടങ്ങളുടെയും പകർപ്പായി തന്നെ തുടരുന്നു എന്നതും, ആശങ്ക പടർത്തുന്നതാണ്.
വികസനം, ക്ഷേമം, ശാക്തീകരണം, സംവരണം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷ സർക്കാർ തെരഞ്ഞെടുത്ത വഴികളിൽ ഇന്നും വിമർശനം തുടരുന്നുണ്ട്. നീതിയുടെയും വികസനത്തിന്റെയും ഇന്നത്തെ കാഴ്ചപ്പാട് കേരളീയ വികസനമാതൃകയായി പടുത്തുയർത്തിയതിന്റെ അതേ കാലത്തേതു പോലെ തന്നെയാണോ എന്ന സംശയം കടുക്കുന്നുണ്ട്. ജാതി അടക്കമുള്ള വിവിധ ഐഡന്റിറ്റികളെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയിട്ടുള്ള ഇടപെടലുകളിന്മേലുള്ള വിമർശനവും തർക്കവും ഓരോ ക്ഷേമപദ്ധതികളിലുമായി ഇന്നും തുടരുകയാണ്.
കേരളത്തിൽ എൽഡിഎഫ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ജനങ്ങളുടെ സന്തോഷത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലാണ് മൂന്നാം ഇടതുപക്ഷസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നുമാണ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. ഭൂരഹിതർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും സാർവത്രികമായ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കി, ദാരിദ്ര്യം ഇല്ലാതാക്കി ജീവിതം മെച്ചപ്പെടുത്തി ഹാപ്പിനസ് ഇൻഡക്സ് ലക്ഷ്യങ്ങളെ കൈവരിക്കുമെന്നാണ് മാഷിന്റെ പ്രഖ്യാപനം.
വിമോചന സ്വഭാവമുള്ള മനുഷ്യക്ഷേമത്തെയും നീതിയെയും സൃഷ്ടിക്കുന്നതിൽ നിന്ന് വളരെ അകലെയാണ്, മുതലാളിത്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഈ ‘സന്തോഷം’. ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഹാപ്പിനെസ് സൂചിക സാംസ്കാരിക സ്വാംശീകരണത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചുവരുന്നത്. മനുഷ്യർക്കിടയിലെ വിവിധ സാംസ്കാരികസ്വത്വങ്ങളെ ഇല്ലാതാക്കി, ഭൂരിപക്ഷസ്വത്വത്തിലേക്ക് വൈവിധ്യങ്ങളുടെ കൈകളെ വെട്ടിയൊതുക്കി, നിലനിൽക്കുന്ന ചൂഷണവ്യവസ്ഥയെ സംരക്ഷിച്ചുനിർത്താനുള്ള മുതലാളിത്ത തന്ത്രമായാണ് മാർക്സിസ്റ്റുകൾ സാംസ്കാരിക സ്വാംശീകരണത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഇത്തരം സന്തോഷസൂചികകളെ കൃത്യമായ സാമൂഹ്യവിശകലനത്തിൽ നിന്ന് വേർപെടുത്തിയാൽ, മുതലാളിത്തം തീർക്കുന്ന നോർമാലിറ്റിയിലേക്ക് എല്ലാ മനുഷ്യർക്കും അതിവേഗം നടന്നുതീർക്കേണ്ടിവരുന്ന തരം സ്വാംശീകരണത്തിന് അത് കാരണമാകും. ഇന്ന് നിലനിൽക്കുന്ന ഹാപ്പിനസിന് മൂന്നാം ഇടതുപക്ഷ സർക്കാർ അതിന് ബദൽ തീർക്കുമോ എന്ന കാര്യത്തിൽ ഗോവിന്ദൻ മാസ്റ്ററുടെ പ്രഖ്യാപനത്തിനുള്ളിൽ കൂടുതൽ വ്യക്തതയില്ല.
മഹാനായ ലെനിൻ 1913ൽ ‘ക്രിട്ടിക്കൽ റിമാർക്ക്സ് ഓൺ നാഷണൽ ക്വസ്റ്റ്യ’നിൽ, മുതലാളിത്തം ദേശീയതയെയും സ്വാംശീകരണത്തെയും സംബന്ധിച്ച് പ്രദർശിപ്പിക്കുന്ന രണ്ട് വൈരുദ്ധ്യ പ്രവണതകളെ വിശദീകരിക്കുന്നുണ്ട്. മുതലാളിത്തവളർച്ചയുടെ ആദ്യഘട്ടത്തിൽ ദേശീയതയുടെ രൂപങ്ങളെ ഉയർത്തിവിട്ട് പ്രാദേശികമായ ഏകീകൃത ചന്തകളെ സൃഷ്ടിക്കുന്നതാണ് ലക്ഷ്യം. എന്നാൽ വികസിത മുതലാളിത്തത്തിന്റെ കാലത്ത് അന്താരാഷ്ട്ര ഐക്യത്തിന് ചതുരവടിവ് ബോധ്യങ്ങളെ പടച്ചുവിട്ട് ലോകമാർക്കറ്റ് എന്ന ഒറ്റക്കിളിക്കൂട് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ രണ്ട് പ്രവണതകളെയും മുതലാളിത്തത്തിന്റെ സാർവത്രികമായ സ്വഭാവമായിക്കണ്ട് ശരിയായി അഭിസംബോധന ചെയ്യണമെന്നാണ് ലോകമാർക്സിസ്റ്റുകളോട് ലെനിൻ്റെ ആഹ്വാനം.
ചുരുക്കത്തിൽ, ഒരൊറ്റ മാർക്കറ്റിലേക്ക് ഉപഭോക്താവായി കയറ്റി, ലക്ഷ്യമില്ലാതെ നിലകൾതോറും ഷോപ്പിംഗ് കാർട്ടുകൾ തള്ളാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. അതിനായി സാംസ്കാരികഫാസിസ്റ്റുകളുടെ കൂടെക്കൂടിയാകണം അവർ സ്വാംശീകരണം നടപ്പാക്കുന്നത്. പ്രമുഖ ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകനായ ഹെർബർട്ട് മാർക്കസ് തൻ്റെ ‘വൺ-ഡൈമൻഷണൽ മാൻ’ എന്ന കൃതിയിൽ, ഉപഭോക്തൃത്വരയോ അനുവർത്തനത്വരയോ എങ്ങനെയാണ് തീർത്തും പരാജയപ്പെട്ട ഒരു വ്യാജപ്രജ്ഞയെ സൃഷ്ടിക്കുന്നത് എന്ന് വിശദമാക്കുന്നുണ്ട്. ഭൂരിപക്ഷ സ്വാധീനമില്ലാത്ത സാംസ്കാരിക അനുഭവങ്ങളെല്ലാം കൺസ്യൂമറിസത്തിന്റെ പിടിമുറുക്കലോടെയാണ് നിർവീര്യമാക്കപ്പെടുന്നത്. സാംസ്കാരിക സ്വാംശീകരണം എങ്ങനെയാണ് മിഥ്യാധാരണയുള്ള സാമൂഹികഐക്യം സൃഷ്ടിക്കുകയെന്ന് ലൂയിസ് അൽത്തൂസറും വിശദമാക്കിയിട്ടുണ്ട്.
ഏതായാലും, 1990കളിൽ ‘ഒരൊറ്റ രാജ്യം ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യമുയർത്തി നേപ്പാളി ഭാഷ സംസാരിക്കുന്ന ലോത്ഷമ്പ എന്ന തദ്ദേശീയ ഗോത്രത്തെ പടിയടച്ച് പുറത്താക്കിയ ഭൂട്ടാൻ ഭരണകൂടം തയ്യാറാക്കിയ സന്തോഷസൂചിക മുദ്രാവാക്യമായി ഏറ്റെടുക്കുന്നതിൽ മാർക്സിയൻ പ്രത്യയശാസ്ത്രവുമായി ചേർച്ചക്കുറവ് വ്യക്തമാണ്. പ്രധാനപ്പെട്ട എല്ലാ വികസനസൂചികകളിലും മുന്നിട്ടുനിൽക്കുന്ന നോർഡിക് രാജ്യങ്ങളെ കണ്ടുകൊണ്ടാണ് സന്തോഷസൂചികയുടെ മാതൃകയെങ്കിൽ, മെയിൻസ്ട്രീം മാർക്സിസത്തിന് സാമി വിഭാഗത്തിൽപ്പെടുന്ന സ്വീഡിഷ് എഴുത്തുകാരിയായ ആൻ ഹെലൻ ലെസ്റ്റേഡിയസ് എഴുതിയ 2021ൽ പുറത്തിറങ്ങിയ സ്റ്റോളൻ എന്ന നോവൽ വായിക്കുകയോ, അതേ നോവലിൻ്റെ 2024ലെ നെറ്റ്ഫ്ലിക്സ് ആവിഷ്കാരം കാണുകയോ ചെയ്യാം.
കേരളമെന്ന ‘മലയാളികളുടെ മാതൃഭൂമി’യിൽ 124 ഭാഷകൾ മനുഷ്യരുടെ മാതൃഭാഷകളായി നിലനിൽക്കുന്നുണ്ട്. ബാക്കി 123 ഭാഷകളും അത് സംസാരിക്കുന്ന മനുഷ്യരുടെ അസ്തിത്വങ്ങളും സംരക്ഷിക്കാനുള്ള കടമ കേരളത്തിനുണ്ട്. 30 ലക്ഷത്തിലധികം അന്തർസംസ്ഥാന തൊഴിലാളികളും കേരളത്തിൽ ജീവിച്ചു തൊഴിലെടുക്കുന്നുണ്ട്. കേരളത്തിന്റെ ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകളെയും, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരെയും അംഗവൈകല്യമുള്ളവരെയും അന്തസ്സുള്ളവരായി ജീവിക്കാൻ അനുവദിക്കേണ്ടതുണ്ട്. ജാതി, മത, ജൻഡർ ഭേദങ്ങളില്ലാതെ എല്ലാ മനുഷ്യർക്കും നീതി സാധ്യമാക്കുന്നതിനൊപ്പം, എല്ലാവരിലും നീതിയുടെ തോന്നലുകളെ സഹജാവബോധമാക്കി മാറ്റുക എന്നതിലും കേരളീയ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാകണം. അടുത്തഘട്ടത്തിൽ ഭരണച്ചുമതല ഉണ്ടായാലും ഇല്ലെങ്കിലും, ഇപ്പോഴും കേരളത്തെ എങ്ങനെയും മാറ്റിത്തീർക്കാൻ ശേഷിയുള്ള രാഷ്ട്രീയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം തന്നെയാണ്.
സന്തോഷത്തെപോലും നെറികെട്ട വ്യാഖ്യാനസാധ്യതയായി മാറ്റിത്തീർക്കുന്ന മുതലാളിത്തത്തിന്റെ രോഗാതുരതയ്ക്ക്, മികച്ച ജനകീയബദലിൻ്റെ ചികിത്സാപദ്ധതികൾ സൃഷ്ടിക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ, പ്രത്യേകിച്ച് ബൂർഷ്വാ ജനാധിപത്യത്തിൽ ഇടപെടുന്ന പാർട്ടികൾ ചെയ്യേണ്ടത്. അതിലേക്കായി, ഒക്ടോബർ വിപ്ലവകാലത്ത് ബോൾഷെവിക്കുകൾ വിളിച്ചുതന്ന ‘സമാധാനം, ഭൂമി, ഭക്ഷണം’ എന്ന മുദ്രാവാക്യത്തോളം ശക്തി ഈ ഇരുപതാം നൂറ്റാണ്ടിലും മറ്റൊന്നിനുമില്ല. പ്രഖ്യാപനങ്ങൾ തിരുത്തിയും തെളിമയുള്ള വഴികളിൽ തുടർന്നും, ഈ ‘ബൂർഷ്വാ’ പാർട്ടി, മാർക്സിസത്തിന്റെ പുതുസാധ്യതകളുടെ അന്വേഷണം തുടരട്ടെ. വിഭവപുനർവിതരണം ശക്തമായി തുടർന്നുകൊണ്ടും മനുഷ്യധ്വാനത്തിനെ ശരിയായി പുരസ്കരിച്ചുകൊണ്ടും യഥാർത്ഥ ജനാധിപത്യത്തിന് കോപ്പുകൂട്ടിക്കൊണ്ടും നീതിയുടെ പുതുകേരളം പുലരട്ടെ.
