കേരളത്തില്‍ ജില്ലകളും താലൂക്കുകളും ശാസ്ത്രീയമയി വിഭജിക്കാനുള്ള സമയമായില്ലേ? ഇന്ത്യയിലെ നിലവിലെ
കണക്കുകളുമായി ഒത്തുപോകണമെങ്കിൽ കേരളത്തിലെ പകുതിയോളം ജില്ലകള്‍ വിഭജിക്കേണ്ടതുണ്ട്. കുംഭമേള കാരണം മാത്രം യു പിയില്‍ പുതുതായി ഒരു ജില്ലയുണ്ടായി. എന്നാല്‍ കേരളത്തില്‍ ഉയരുന്നത് ജനസംഖ്യാനുപാതത്തില്‍ തന്നെ ന്യായമായ ആവശ്യമാണ്. മലപ്പുറത്തെ മാത്രം മൂന്ന് ജില്ലകളായി വിഭജിക്കേണ്ടിവരും. വിഭവവിതരണത്തിനും ക്രമസമാധാനപാലനത്തിനും ഭരണ നിര്‍വ്വഹണത്തിനും ഇന്നത് അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിായാന് താല്‍പ്പര്യമുണ്ട്.
സംസ്ഥാന ജനസംഖ്യയുടെ 14% മനുഷ്യർ ജീവിക്കുന്നത് മലപ്പുറം എന്ന ഒരൊറ്റ ജില്ലയിലാണ്. 45 ലക്ഷത്തിലധികം മനുഷ്യർ ചേർന്ന് ഒരു ജില്ലയിലെ ഭരണസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ജനങ്ങൾക്കിടയിലെ വിഭവ വിതരണം അർഹമായ നിലയിൽ നടത്തിയെടുക്കാൻ മലപ്പുറം ജില്ലയുടെ വിഭജനം അനിവാര്യമാണ് എന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, അത്തരമൊരു ആവശ്യം വർഗീയമാണെന്നും രാജ്യവിരുദ്ധമാണെന്നും വരെ വ്യാഖ്യാനിച്ചിരിക്കുകയാണ് മറ്റൊരുകൂട്ടർ. എറണാകുളം, തിരുവനന്തപുരം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഉയരുന്ന ജില്ലാ വിഭജന ആവശ്യം, മറ്റു ജില്ലാ വിഭജനങ്ങളെ ബാലൻസ് ചെയ്യാനാണ് എന്ന വ്യാഖ്യാനവും കേരളീയ ചർച്ചാവേദിയിൽ ഉറച്ചുതുടങ്ങുന്നുണ്ട്. കേരളമാകെ നിർബന്ധമായും ചർച്ച ചെയ്യേണ്ട ജില്ലാ വിഭജനമെന്ന വിഷയത്തിന് ഏറ്റവും അനിവാര്യമായ ഉപകരണം, ചരിത്രപരവും നിലവിലുള്ളതുമായ കണക്കുകളാണ്.
പാരതന്ത്ര്യകാലത്ത് ബ്രിട്ടന്റെ കൊളോണിയൽ നുകം വെച്ച ആശയമാണ് ജില്ല എന്ന അഡ്മിനിസ്ട്രേറ്റീവ് ഭൂവിഭാഗം. പ്രധാനമായും നികുതി പിരിക്കുന്നതിനും, കൂട്ടത്തിൽ ഭരണം കൈകാര്യം ചെയ്യുന്നതിനും ജില്ലാ കളക്ടർ, ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കമ്മീഷണർ എന്നീ പേരുകളിൽ അറിയപ്പെടുന്നതോ അറിയപ്പെട്ടിരുന്നതോ ആയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെട്ടതും ജില്ലാ എന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവിഷന്റെ ഭാഗമായാണ്.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യമനസ്സുകളെയും സ്വാതന്ത്ര്യദാഹത്തെയും വിഭജിക്കാൻ വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യയിൽ പണിയെടുത്തതിന്റെ ഉദാഹരണമാണ് 1905ലെ ബംഗാൾ സംസ്ഥാന വിഭജനം. ഇതേ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് തെരഞ്ഞെടുപ്പിനുള്ള മണ്ഡലങ്ങളും മാനദണ്ഡങ്ങളും ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയത് എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ജാതി,മതവിഭജനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാനങ്ങളെയും തെരഞ്ഞെടുപ്പിനെയും വിഭജിച്ച ബ്രിട്ടൻ, പക്ഷേ, ജില്ലകളെ അങ്ങനെ വിഭജിച്ചതിന്റെ ഉദാഹരണങ്ങൾ കൊളോണിയൽ ഇന്ത്യയുടെ ചരിത്രത്തിൽ അധികം കാണാൻ കഴിയില്ല. ജില്ല എന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവിഷൻ രൂപപ്പെട്ടത് ചൂഷണം എന്ന ഒരൊറ്റ ലക്ഷ്യം മുൻനിർത്തിയായത് കൊണ്ടാകാമത്.
കൊളോണിയൽക്കാലത്തെ ചൂഷണത്തിൽ നിന്നും അടിമത്തത്തിൽ നിന്നും സ്വതന്ത്ര ഇന്ത്യയുടെ ഭരണവ്യവസ്ഥയും അധികം മെച്ചപ്പെട്ടിട്ടില്ല. പുതിയ ഇന്ത്യയിലെ ഭരണകൂടം, ഭരണസൗകര്യത്തിന് വേണ്ടി വിഭജിക്കേണ്ട ജില്ലകളെ, ജനമനസ്സുകളുടെ വിഭജനത്തിനു വേണ്ടിയും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാകും. കൂടെ, പ്രതിപക്ഷ ആഗ്രഹങ്ങളെയും വിഭജനച്ചുവയിൽ നിലനിർത്തുക എന്നത് കൂടി ഭരണകൂട താല്പര്യമാണ്. വർഗ്ഗശത്രുവിന്റെ മുദ്രാവാക്യങ്ങളിൽ തങ്ങൾ ഒളിച്ചുകടത്തിയ ഇംഗിതങ്ങളും ഉൾപ്പെടുന്നുവെന്നതിൽ സന്തോഷിക്കുന്നതും അവരാകും. പക്ഷേ, ശാസ്ത്രീയമായി ജില്ലാവിഭജനം നടക്കേണ്ടത്,
വിഭവവിതരണത്തിനും ക്രമസമാധാനപാലനത്തിനും ഭരണ നിര്‍വ്വഹണത്തിനുമുള്ള സൗകര്യത്തിന്റെ പേരിലാണ്. അതില്‍ ജനസംഖ്യയും ജില്ലയുടെ വലിപ്പവും പ്രധാനഘടകവുമാണ്.
ജില്ലാ വിഭജനത്തെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടന പ്രത്യേകിച്ച് ഒന്നും വിശദമാക്കുന്നില്ല. ആർട്ടിക്കിൾ 162 പ്രകാരം സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ജില്ലാ ഭരണ നിർവഹണം, റവന്യൂ, ഭൂമി, നിയമ പരിപാലനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വിഷയങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. അതുകൊണ്ട് ജില്ലാ രൂപീകരണം, ജില്ലാ വിഭജനം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയും. യൂണിയൻ സർക്കാരുകളെ ഇത് സംബന്ധിച്ച് ഇടപെടീക്കേണ്ട ആവശ്യം വരുന്നേയില്ല.
നിലവിലുള്ള ജില്ല ഇല്ലാതാകാനും പുതിയൊരു ജില്ല രൂപപ്പെടാനും പല സാധ്യതകളാണുള്ളത്. ഒരു ജില്ലയെ രണ്ടോ അതിലധികമോ ഭാഗങ്ങളായി വേർതിരിക്കുന്നതാണ് ഒരു സാധ്യത. 1974ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്ന ഒരൊറ്റ ജില്ലയെ ആൻഡമാൻ, നിക്കോബാർ എന്നീ ജില്ലകളായി മുറിച്ചതും, 1978ൽ ഹൈദരാബാദ് ജില്ലയെ രണ്ടായി മുറിച്ച് ഹൈദരാബാദ് രംഗറെഡ്ഡി ജില്ലകൾ നിർമ്മിച്ചതും മേൽപ്പറഞ്ഞതിന് ഉദാഹരണമാണ്. രണ്ടോ അതിലധികമോ ജില്ലകളിൽ നിന്ന് പുതിയൊരു ജില്ലയെ രൂപപ്പെടുത്തുന്നതും ഒരു സാധ്യതയാണ്. 1957ൽ കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുണ്ടായ ആലപ്പുഴയും, 1972ൽ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുണ്ടായ ഇടുക്കി ജില്ലയും അങ്ങനെ രൂപപ്പെട്ടതാണ്. മൂന്നാമതൊരു സാധ്യത, രണ്ടോ അതിലധികമോ ജില്ലകൾ കൂട്ടിച്ചേർത്ത് ഒരൊറ്റ ജില്ലയുണ്ടാക്കുന്നതോ, മറ്റൊരു ജില്ലയിലെ ഭാഗങ്ങളെ കൂട്ടിച്ചേർത്ത് ഒരു ജില്ലയെ വലുതാക്കുന്നതോ ആണ്. 1948ൽ പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (PEPSU) എന്ന സംസ്ഥാനത്തുണ്ടായിരുന്ന ബർണാല ജില്ലക്ക് അങ്ങനെയൊരു ചരിത്രമുണ്ട്. 1953ൽ ബർണാലയെ സംഗ്രൂർ എന്ന ജില്ലയിലേക്ക് ലയിപ്പിച്ചു. 1956ൽ PEPSU പഞ്ചാബായി മാറി. 1966ൽ ഹരിയാന രൂപപ്പെട്ടപ്പോൾ സംഗ്രൂര്‍ മുറിച്ച് ജിന്ദ് എന്ന പുതിയ ജില്ല ഹരിയാനയുടെ ഭാഗമായപ്പോഴും, ബർണാല സംഗ്രൂരിനുള്ളിൽ തുടർന്നു. പിന്നീട് 2006ൽ പഞ്ചാബ് സർക്കാർ സംഗ്രൂർ വിഭജിച്ച് വീണ്ടും ബർണാല നിർമ്മിച്ചു. ഇവിടെ വിശദീകരിച്ച എല്ലാ സാധ്യതകളും കേരളത്തിന്റെ മികച്ച ഗവേണൻസിനും ഭാവിവളർച്ചയ്ക്കും അനിവാര്യമാകും.
ജാതീയമോ മതകീയമോ ആയ വിഭജനങ്ങളുടെ ഗുണദോഷങ്ങളുടെ നുകത്തിൽക്കെട്ടി ജില്ലാവിഭജനം നീട്ടിക്കൊണ്ടുപോവുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ, നീതിയുടെ വിതരണമാകും തടസ്സപ്പെടുക.
ഏറ്റവും ഒടുവിൽ നടന്ന 2011ലെ സെൻസസ് കണക്കുകൾ പ്രകാരം എട്ടുലക്ഷത്തിൽപരം മനുഷ്യരുള്ള വയനാട് ജില്ല മുതൽ 41 ലക്ഷം മനുഷ്യരുള്ള മലപ്പുറം ജില്ല വരെ വ്യാഖ്യാന വിസ്തൃതിയിൽ പരന്നുകിടക്കുകയാണ് കേരളത്തിന്റെ ജില്ലകൾ. നിലവിലുള്ള ജില്ലകൾ വിഭജിക്കപ്പെടണമെന്നും, പുതിയ ജില്ലകൾ ഉണ്ടായിവരണമെന്നും, പലകോണുകളിൽ നിന്ന് പലനിലകളിലുള്ള ആവശ്യങ്ങൾ ഉയരുന്നതിന്റെ യുക്തി പരിശോധിക്കണമെങ്കിൽ, ജില്ല എന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവിഷന്റെ താഴെത്തട്ടിലേക്ക് പോകണം. ജില്ലയ്ക്ക് തൊട്ടു താഴെയുള്ള സബ്ഡിവിഷൻ, റവന്യൂ ഡിവിഷൻ എന്ന സംവിധാനമാണ്. 14 ജില്ലകളിൽ ആകെ 27 റവന്യൂ ഡിവിഷനുകളാണ് ഉള്ളത്. വയനാട് ജില്ലയിൽ ഒന്നും, മറ്റുള്ള 13 ജില്ലകളിൽ രണ്ടും വീതം റവന്യൂ ഡിവിഷനുകൾ. ഡിവിഷനുകൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യരുടെ എണ്ണക്കണക്കിൽ വൈവിധ്യമുണ്ടെങ്കിലും ജില്ലകളുടെ ഡിവിഷൻ കണക്ക് വ്യാഖ്യാനിക്കുന്നതിന് വൈവിധ്യം പര്യാപ്തമല്ല. തൊട്ടുതാഴേക്ക് പരിശോധിച്ചാൽ താലൂക്ക് കണക്കുകൾ ലഭ്യമാകും. കേരളം രൂപീകൃതമാകുമ്പോൾ 55 താലൂക്കുകളാണ് നിലവിലുണ്ടായിരുന്നത്. 2011ലെ സെൻസസ് കണക്കുകൾ എടുക്കുന്ന ഘട്ടത്തിൽ കേരളത്തിൽ 63 താലൂക്കുകളും. ഇവിടെ നിന്ന് വ്യക്തമായ കണക്കുകളുടെ ശക്തമായ അസാംഗത്യം മനസ്സിലാകും.
പുതുതായി കൂടുതൽ താലൂക്കുകൾ രൂപപ്പെടണമെന്ന് ആവശ്യം പരിഗണിച്ചത് 2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായ കെഎം മാണിയാണ്. അന്ന് മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, കാട്ടാക്കട, വർക്കല എന്നീ പുതിയ താലൂക്കുകളും പത്തനാപുരം വിഭജിച്ച് പുനലൂർ താലൂക്കും നിലവിൽ വന്നു. ഇടതുപക്ഷ സർക്കാറിൻ്റെ കാലത്ത് വീണ്ടും മൂന്ന് താലൂക്കുകൾ കൂടി രൂപപ്പെടുത്തി. 2017ൽ സംസ്ഥാന സർക്കാർ ബജറ്റിൽ അവതരിപ്പിച്ച് 2018ൽ നിലവിൽ വന്ന കുന്നംകുളം താലൂക്ക് തലപ്പിള്ളി താലൂക്കിൽ നിന്ന് പുതുതായി രൂപപ്പെട്ടതാണ്. തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ നിന്ന് രൂപപ്പെടുത്തിയ പയ്യന്നൂർ താലൂക്ക് 2018ലാണ് നിലവിൽ വന്നത്. മണ്ണാർക്കാട് താലൂക്കിൽ നിന്ന് 2021ൽ രൂപപ്പെടുത്തിയ, കേരളത്തിലെ ആദ്യ പട്ടികവർഗ താലൂക്കാണ് അട്ടപ്പാടി താലൂക്ക്.
നിലവിൽ കേരളത്തിൽ ആകെ 78 താലൂക്കുകളാണ് ഉള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ താലൂക്കുകൾ (ഏഴു വീതം). ഏറ്റവും കുറവ് ജനസംഖ്യയുള്ള വയനാട്ടിൽ മൂന്ന് താലൂക്കുകൾ മാത്രമാണ് ഉള്ളത്. എന്നാൽ ഓരോ താലൂക്കുകളിലെയും ശരാശരി ജനസംഖ്യ പരിശോധിച്ചാലാണ് വലിയ അന്തരം വ്യക്തമാകുക. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ താലൂക്കുകളിലും രണ്ട്-രണ്ടരലക്ഷം മനുഷ്യരാണ് ജീവിക്കുന്നത്. ഈ ജില്ലകളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന മനുഷ്യരുടെ പ്രാതിനിധ്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രത്യേകമായി പരിഗണിക്കണം.
ആലപ്പുഴ, കോട്ടയം, കാസർഗോഡ് ജില്ലകളിൽ മൂന്നര-നാലുലക്ഷം മനുഷ്യരുണ്ട്. എന്നാൽ നാലു താലൂക്കുകൾ മാത്രമുള്ള കോഴിക്കോട് ജില്ലയിൽ ഒരു താലൂക്കിൽ ശരാശരി ഏഴര ലക്ഷം മനുഷ്യർ അധിവസിക്കുന്നു. പിന്നാലെ, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ശരാശരി ഒരു താലൂക്കിൽ അഞ്ചു മുതൽ ആറുലക്ഷം മനുഷ്യർ വരെ ജീവിക്കുന്നു. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാലു മുതൽ നാലര ലക്ഷം വരെ മനുഷ്യർ അധിവസിക്കുന്നു. കണക്കുകളിൽ തന്നെ വൈവിധ്യപൂർണ്ണമാണ് ജില്ലകളിലെ താലൂക്കുകളിലെയും ശരാശരി ജനസംഖ്യാനുപാതം. 2026 വർഷത്തെ ജനസംഖ്യ പ്രൊജക്ഷനുകൾ പരിഗണിക്കാതെ, 2011ലെ മാത്രം കണക്കുകൾ പരിഗണിക്കുമ്പോൾ പോലും ഭരണനിർവഹണ കാര്യശേഷിയുടെ പിശകുകൾ വെളിച്ചത്തുവരുന്നുണ്ട്. ഏറ്റവും അനിവാര്യമായി പുതുതായി, കോഴിക്കോട് ആറ് താലൂക്കുകളെങ്കിലും, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാലു താലൂക്കുകളെങ്കിലും, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മൂന്നു താലൂക്കുകളെങ്കിലും രൂപപ്പെടേണ്ടിയിരിക്കുന്നു. പട്ടികവർഗ്ഗ ജനസംഖ്യയുടെ പ്രാതിനിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ പരിഗണിച്ച് വീണ്ടും താലൂക്ക് രൂപീകരണം മുന്നോട്ട് കൊണ്ടുപോകേണ്ടിയും വരും.
കേരളത്തിന്റെ ആദ്യ നിയമസഭ മുതൽ ഇപ്പോഴത്തെ പതിനഞ്ചാം കേരള നിയമസഭ വരെ വിവിധ ജില്ലകളിൽ പുതിയ താലൂക്കുകൾക്കായി നിരന്തരം ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. അതിൽ പുതിയ താലൂക്ക് രൂപീകരണത്തിനായി ഏറ്റവും അധികം ആവശ്യം ഉയർന്നിട്ടുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഏറ്റവും ഔട്ട്ഡേറ്റഡായ 2011ലെ കണക്കുകൾ പ്രകാരം തന്നെ 41 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് നിലവിൽ രണ്ട് റവന്യൂ ഡിവിഷനും 7 താലൂക്കുകളുമാണ് ഉള്ളത്. കൂടുതൽ താലൂക്കുകൾ ഉണ്ടാകേണ്ടത് മലപ്പുറം ജില്ലയിലെ മുഴുവൻ മനുഷ്യരുടെയും വിഭവവിതരണത്തിനും സർക്കാരിന്റെ ഭരണനിർവഹണത്തിനും അനിവാര്യമാണ്.
1957 മുതലേയുള്ള നീലേശ്വരം താലൂക്ക് എന്ന ആവശ്യം നീലേശ്വരം നഗരസഭ കൗൺസിൽ ചേർന്ന് ഐകകണ്ഠ്യേന പാസാക്കിയത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് ജില്ലയിൽ നിലവിലുള്ള കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളെ വിഭജിച്ച് കുന്നമംഗലം, പേരാമ്പ്ര താലൂക്കുകൾ രൂപീകരിക്കണമെന്ന ആവശ്യവും ദീർഘകാലമായി സർക്കാരിനു മുന്നിലുണ്ട്. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലാകേന്ദ്രമടക്കം ഉൾപ്പെടുത്തി പുതിയ താലൂക്ക് വേണമെന്ന ആവശ്യവും ശക്തമാണ്. ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നീ താലൂക്കുകൾ വേണമെന്ന ആവശ്യവും ദീർഘകാലമായി ഉള്ളതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസാഹചര്യം പര്യാപ്തമാകുമ്പോൾ ആദ്യം പരിഗണിക്കും എന്ന് റവന്യൂ മന്ത്രി കെ രാജൻ ഉറപ്പുനൽകിയിട്ടുള്ള കഴക്കൂട്ടം താലൂക്കും വരാനിരിക്കുന്ന താലൂക്കുകളുടെ ലിസ്റ്റിലുണ്ട്.
ആവശ്യമായ നിലയിൽ താലൂക്കുകളെ വിഭജിച്ചാൽ, കേരളത്തിലെ ഓരോ താലൂക്കുകളിലും ശരാശരി മൂന്ന്-മൂന്നര ലക്ഷം ജനസംഖ്യ ഉണ്ടാകും എന്ന് കരുതാം. ഇവിടെനിന്ന് ജില്ലകളുടെ വിഭജനത്തിലേക്ക് കടന്നാൽ 14 എന്ന നിലവിലെ ജില്ലകളുടെ എണ്ണക്കണക്കിൽ 20 ജില്ലകളായെങ്കിലും എണ്ണമുയർത്തേണ്ടി വരും.
അതിലേക്ക് ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും ജനസംഖ്യാപരവുമായ പ്രത്യേകതകളെ ഉൾക്കൊള്ളിക്കേണ്ടിവരും. സ്വാതന്ത്ര്യലബ്ധിയിൽ ബ്രിട്ടീഷ് ഇന്ത്യയും 600 നാട്ടുരാജ്യങ്ങളുമായി വിഘടിച്ച് നിന്നിരുന്ന ഇന്ത്യൻ റിപ്പബ്ലിക്കിനെ നമ്മൾ പണിതൊരുക്കിയത് 300ഓളം ജില്ലകളായാണ്. ഇന്ന് 800ലധികം ജില്ലകൾ ഇന്ത്യാമഹാരാജ്യത്തുണ്ട്. 2023ൽ 17 പുതിയ ജില്ലകൾ രാജസ്ഥാനിൽ പിറവിയെടുത്തിരുന്നു. ലഡാക്കിൽ 2024ൽ അഞ്ച് ജില്ലകൾ രൂപപ്പെട്ടു. നാനൂറിൽപരം ജില്ലകളുള്ള ഉത്തർപ്രദേശിൽ 2025ൽ കുംഭമേള സംഘടിപ്പിക്കാനായി മാത്രം പുതുതായി ഒരു ജില്ല രൂപപ്പെടുത്തിയിരുന്നു. കേരളവും 1957ലെ 9 ജില്ലകളിൽ നിന്ന് 14 എണ്ണമായി ജില്ലകളെ വർദ്ധിപ്പിച്ചിരിക്കുന്നു. പക്ഷേ 1984ൽ കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപീകരിച്ച കാസർഗോഡിന് ശേഷം നാല് പതിറ്റാണ്ടുകൾക്കിടയിൽ പുതുതായി ഒരു ജില്ലയും രൂപപ്പെട്ടിട്ടില്ല. ഇന്ത്യയിൽ നിലവിലെ ജനസംഖ്യാ പ്രൊജക്ഷൻ പ്രകാരം കണക്കുകൂട്ടിയാൽ ശരാശരി ഒരു ജില്ലയിൽ 17 ലക്ഷം മനുഷ്യർ ഉണ്ടാകും. എന്നാൽ കേരളത്തിൻറെ ശരാശരി 25 ലക്ഷത്തോളമാകും.
ഈ കണക്കുകൾക്കിടയിലേക്കാണ് മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വർഗീയമാണെന്ന ആക്ഷേപവും ഉയരുന്നത്. ഇന്ത്യയുടെ നിലവിലെ കണക്കുകളുമായി ഒത്തുപോകണമെങ്കിൽ തന്നെ മലപ്പുറത്തെ മൂന്ന് ജില്ലകളായി വിഭജിക്കേണ്ടിവരും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രണ്ടായി കീറിമുറിക്കേണ്ടി വരും. എട്ടുലക്ഷവും പത്തുലക്ഷവും പന്ത്രണ്ട് ലക്ഷവും മാത്രം ജനസംഖ്യയുള്ള കേരളീയ ജില്ലകൾ നിലനിൽക്കുമ്പോൾ, മുപ്പതുലക്ഷത്തിനും നാൽപ്പതുലക്ഷത്തിനുമായി ഒരു ജില്ലാ കളക്ടറും ഒരു മെഡിക്കൽ ഓഫീസറും കൃഷി ഓഫീസറും വിദ്യാഭ്യാസ ഓഫീസറും ജില്ലാ പോലീസ് മേധാവിയും മതിയാകില്ല. നെയ്യാറ്റിൻകരയിലും മൂവാറ്റുപുഴയിലും തിരൂരിലും നിലമ്പൂരിലും വടകരയിലും പയ്യന്നൂരിലും ജില്ലാ രൂപീകരണത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഇനിയും അണിനിരക്കും. നമ്മൾ അടിച്ചുകൊടുക്കുന്ന വർഗീയച്ചാപ്പകൾ നമ്മുടെ നെറ്റികളിലും പതിയെ തെളിഞ്ഞുതുടങ്ങും. അതുകൊണ്ട്, ജാതിമത വ്യത്യാസങ്ങൾക്കതീതമായി ചർച്ചകളെ രൂപപ്പെടുത്തുകയും മുദ്രാവാക്യങ്ങളെ ഉരുത്തിരിക്കുകയുകയും അവയെ ജനകീയമായി തന്നെ സാർത്ഥകമാക്കുകയും ചെയ്യുക എന്നത് മാത്രമാണ് മതനിരപേക്ഷ കേരളത്തിന് മുന്നിലുള്ള ഒരേയൊരു പോംവഴി.
