തിരസ്കാരങ്ങളുടെ പദയാത്രകൾ - 1
അടൂരിന്റെ ‘പദയാത്ര’ തഴയപ്പെട്ടത് കേന്ദ്ര ഇടപെടല്‍ കൊണ്ടോ; കേന്ദ്രം എന്ന ദൈവത്തെ സന്തോഷിപ്പിക്കാനുള്ള പനോരമ ജൂറിയുടെ പണിയോ? എന്തായാലും, ഗോവ ഐഎഫ്എഫ്ഐയില്‍ തിരസ്കരിക്കപ്പെട്ട പദയാത്ര തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ട്. രണ്ടും രണ്ടു തരം വിധിനിർണ്ണയങ്ങൾ. നിലപാട് മാറിയാൽ, ജൂറി മാറിയാൽ സിനിമയും ചരിത്രവും മാറും എന്നത് ചലച്ചിത്ര ചരിത്രത്തിൽ മുഖം നോക്കിയാൽ കാണാം. ഓരോ തിരഞ്ഞെടുപ്പുകളും അവിടെ ചരിത്രം പറയുന്നു. രാജ്യത്തിന്റെ 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) ഗോവയില്‍ തിരിതെളിഞ്ഞപ്പോള്‍ മേളകളുടെ ഉള്ളടക്കത്തെ തന്നെ മാറ്റിമറിക്കുന്ന സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് പ്രമുഖ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ പ്രേംചന്ദ് എഴുതുന്നത്.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയം സങ്കീർണ്ണമാണ്. അതിന് ലളിതമായ വിശദീകരണങ്ങൾ അസാദ്ധ്യമാണ് . ബോധത്തിന്റെ മാത്രം പണിയല്ല അത്. അബോധത്തിന്റെയും സാധ്യതകളുടെയും കൂടി കളിയാണ്. പോളിഷ് മാസ്റ്റർ ഡയറക്ടർ കീസ്ലോവ്സ്കി ചെയ്ത Blind Chance (അന്ധസാധ്യത) ഈ വിഷയത്തിൽ എന്നും ഉദാഹരിക്കാവുന്ന സിനിമയാണ്.
അടൂർ ഗോപാലകൃഷ്ണനെ തിരസ്കരിച്ച ഇത്തവണത്തെ ഇഫി ഗോവ ജൂറിയും അവരെ തിരഞ്ഞെടുത്ത ഫിലിം ഫെസ്റ്റിവൽ അധികാരികളും ആരെന്നു ചികഞ്ഞാൽ അടൂർ തിരസ്കരിക്കപ്പെട്ടത് എങ്ങിനെ എന്ന് എളുപ്പം മനസ്സിലാകും. തിരഞ്ഞെടുപ്പുകൾ മാറുകയാണ്. ഗോവയിൽ പനോരമ ഉൽഘാടന ചിത്രം തന്നെ ആദിത്യ ദർ സംവിധാനം ചെയ്ത ‘ദുരന്തർ’ ആണ് . സ്വാഭാവികമായും അത്തരം ഒരു ജൂറിയിൽ നിന്നും ഒരു അടൂർ ഗോപാലകൃഷ്ണൻ സിനിമക്ക് ഒരു കാരണവശാലും നീതി കിട്ടുമെന്ന് സങ്കല്പിക്കാൻ പോലും കഴിയില്ല.

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ സംവിധായകരെ ഓർത്തെടുത്താൽ അതിൽ നിശ്ചയമായും അടൂരിൻ്റെ പേരുണ്ടാകും. ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ എലിപ്പത്തായം (1982 ), മുഖാമുഖം (1984 ), അനന്തരം (1987 ) എന്നീ സിനിമകൾ എന്തായാലും ഉൾപ്പെടും. എണ്‍പത്തിയഞ്ചാം വയസ്സിൽ അദ്ദേഹത്തെപ്പോലൊരു സംവിധായകൻ ഒരു പുതിയ സിനിമയുമായി വരുമ്പോൾ അത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു ജൂറി. അടൂർ ഗോപാലകൃഷ്ണനെപ്പോലൊരു വിഖ്യാത സംവിധായകൻ ഇപ്പോൾ എന്താണ് ചിന്തിക്കുന്നതെന്നും എന്താണ് അദ്ദേഹത്തിന് പറയാനും കാണിയ്ക്കാനുമൊക്കെ ഉള്ളതെന്നും മനസ്സിലാക്കുകയെന്നത് പ്രധാനമായിരുന്നു . എന്നാൽ ഗോവ ജൂറി അത് പരിഗണിച്ചില്ല.
വിഖ്യാത സംവിധായകനായ ഗൊർദാദ് അവസാന കാലത്ത് എടുത്ത പരീക്ഷണ ചിത്രങ്ങൾ ലോകത്തെ പല പ്രധാന ഫെസ്റ്റിവലുകളും തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് ഓർക്കുന്നു. അവ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളോ, ആ വർഷം ലോകത്തുണ്ടായി മികച്ച സിനിമയോ ആയത് കൊണ്ട് ആകണം എന്നില്ല. സിനിമയുടെ ചരിത്രമായ ഗൊദാർദ് എന്തു പറയുന്നു എന്നറിയുക എന്നത് സിനിമക്ക് അത്രമേൽ പ്രധാനമാണ് . ചിലപ്പോൾ അതൊരു മോശം അനുഭവമാകാം , എന്നാലും അത് പ്രധാനമാണ് . അതുപോലെ ഒരു ഇതിഹാസമാണ് അടൂർ ഗോപാലകൃഷ്ണനും

ഇനി അടൂരിന്റെ ‘പദയാത്ര’ അദ്ദേഹത്തിന്റെ ‘പിന്നെയും’ (2016 ) പോലെ ശരാശരിയിലും താഴെ പോയ ഒരു സിനിമയാണെങ്കിലോ എന്ന ചോദ്യം അവിടെ ബാക്കിനില്പുണ്ട്. എങ്കിൽ ഗോവ ജൂറി ന്യായീകരിക്കപ്പെടുമോ? അപ്പോഴും ‘ദുരന്തർ’ എന്ന ഇന്ത്യ പാക് അധികാര രാഷ്ട്രീയ പാഠം ഉൽഘാടന ചിത്രമായി കണ്ടെടുക്കുന്ന തിരഞ്ഞെടുപ്പ് പനോരമയുടെ വിധി നിർണ്ണയിക്കുമ്പോൾ ഈ തഴയൽ ഒരു യാദൃശ്ചികത അല്ല. അതിന് മുകളിൽ നിന്നുള്ള ഒരിടപെടലും ആവശ്യമില്ല. അതില്ലാതെ തന്നെ സിനിമകൾ തിരഞ്ഞെടുക്കുന്നതാണ് ജൂറി യോഗ്യതയുടെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം.

1977 ലാണ് കോഴിക്കോട്ട് ചെലവൂർ വേണു ഏട്ടൻ്റെ അശ്വിനി ഫിലിം സൊസൈറ്റിയിലൂടെ ഞാനൊക്കെ ലോക സിനിമ കണ്ടു തുടങ്ങുന്നത്. ‘പ്രാതിനിധ്യം’ അന്നും ഒരു പ്രശ്നമായിരുന്നു . തർക്ക വിഷയമായിരുന്നു. 1980ല്‍ അശ്വിനി 14 ദിവസം ഫിലിം ഫെസ്റ്റിവൽ കോഴിക്കോട്ട് സംഘടിപ്പിച്ചപ്പോൾ കാണിയായും സംഘാടകനായും അതിനൊപ്പമുണ്ടായിരുന്നു . വജ്റ, ഡയലഗോ ഫിലിം സൊസൈറ്റികളുടെ സിക്രട്ടറിയായിരിരുന്നിട്ടുണ്ട്. സിനിമകളുടെ തിരഞ്ഞെടുപ്പ് അവിടെയും ഒരു പ്രശ്നം തന്നെയായിരുന്നു. റേയോ ഘട്ടക്കോ എന്നത് വെറുമൊരു സൈദ്ധാന്തിക പ്രശ്നം മാത്രമായിരുന്നില്ല .
പഴയ സാംസ്കാരിക വേദിയുടെ തകർച്ചയിൽ രൂപം കൊണ്ട അൻ്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റൂട്ടിന്റെയും ‘ഉത്തര’ മാഗസിന്റെ സിനിമാ വിഭാഗത്തിന്റെയും ഒരു കൂടിച്ചേരലിൽ സിനിമ എടുക്കുന്നതിനെക്കുറിച്ചും അത് ആര് സംവിധാനം ചെയ്യണം എന്നും ചർച്ച വന്നപ്പോൾ മൂന്നു പേരുകൾ നിർദ്ദേശിക്കപ്പെട്ടു: കെ പി കുമാരൻ , ജോൺ എബ്രഹാം , സേതു എന്നീ മൂന്നു പേരുകൾ! ജനകീയ സാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മറ്റി അംഗവും അതിനു മുമ്പേ തന്നെ മലയാളസിനിമയിൽ ഒരു അഭിനേതാവുമായിരുന്ന സേതു ചെയ്യട്ടെ എന്നായിരുന്നു ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ചത്. എന്നാൽ സേതു ഏട്ടൻ കുമാരേട്ടനോ ജോണോ ചെയ്യട്ടെ എന്ന് പറഞ്ഞു പിൻവാങ്ങിയപ്പോഴാണ് സേതുവിന്റെ തന്നെ മുൻകൈയ്യിൽ കോഴിക്കോട്ട് ഫറൂഖിൽ സഖാവ് ഫറൂഖ് സോമന്റെ ഫറൂഖ് ആട്സ് കോളേജിൽ വച്ച് ഒഡേസ്സയൊക്കെ പിറക്കുന്നതിന് മുമ്പുള്ള ആദ്യത്തെ കുടിച്ചേരൽ നടക്കുന്നത് .

ടെലിഫോൺസിൽ സേതു ഏട്ടന്റെ സഹപ്രവർത്തകൻ കൂടിയായിരുന്ന അമ്മത് ആ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിയ്ക്കാനിട വന്നത് ഒരു ചട്ടക്കൂട്ടിലും ഒതുങ്ങി നിൽക്കാത്ത മൊത്തം അനാർക്കിസ്റ്റുകൾക്കിടയിൽ ജീവിതം കൊണ്ട് ചിട്ടകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറുള്ള മനുഷ്യൻ അക്കൂട്ടത്തിൽ മിക്കവാറും അമ്മത് മാത്രമായത് കൊണ്ടാണ് . അതൊരു തീരുമാനമായിരുന്നു- ഒഡേസ്സ എന്ന പ്രസ്ഥാനത്തിന്റെ ഭാവി നിർണ്ണയിച്ച തീരുമാനം.
‘ഉത്തരം’ മാഗസിനിലേക്ക് ജോൺ എബ്രഹാമിനെ കൊണ്ടുവരുന്നത് സേതു ഏട്ടനായിരുന്നു . ഒരു പക്ഷേ അന്ന് സിനിമ ചെയ്യാൻ സേതു ഏട്ടൻ സ്വയം സന്നദ്ധനായി മുന്നോട്ടു വന്നിരുന്നെങ്കിൽ ആ പ്രസ്ഥാനം ഒന്നടങ്കം ആ ആലോചനയ്ക്ക് പിന്നിൽ അണിനിരക്കുമായിരുന്നു . ജോൺ എബ്രഹാം ആയിരിക്കില്ലായിരുന്നു ആദ്യത്തെ ജനകീയ സിനിമ ചെയ്യുന്നത്, സേതു ആകുമായിരുന്നു. നടക്കാതെ പോയ ‘കയ്യൂരോ’, ‘അമ്മ അറിയാനോ’ ആകുമായിരുന്നില്ല ഉണ്ടാവുക, മറ്റൊന്നാകുമായിരുന്നു! ഓരോ തിരഞ്ഞെടുപ്പിലും മാറിമറയുന്നതാണ് ചരിത്രത്തിലെ അന്ധസാധ്യതകളുടെ കളി .

‘പ്രാതിനിധ്യം’ ഫിലിം സൊസൈറ്റി കാലത്ത് മാത്രമല്ല ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിൻ്റെ തുടക്കം മുതൽക്ക് തന്നെ ഒരു പ്രശ്നമായി മുന്നിൽ വന്നിരുന്നു. 1988-ലാണ് ഞാനാദ്യമായി ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുന്നത് . ഐ.എഫ്.എഫ്.ഐ. തിരുവനന്തപുരത്ത് എത്തിയപ്പോൾ. തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട സിനിമകളുടെ സംവിധായകരായിരുന്നു അന്നത്തെ കലാപകാരികൾ. വിവാദങ്ങൾ ഓരോ ഫെസ്റ്റിവലിനെയും അതിന്റെ തിരഞ്ഞെടുപ്പുകളെയും ചൂഴ്ന്നു നിന്നു . അപ്പോൾ മുതൽ തുടങ്ങിയ ചിന്തയാണ് ഫെസ്റ്റിവലുകളിൽ നമ്മൾ കാണുന്ന സിനിമകൾ തന്നെയാണോ അതത് രാജ്യങ്ങളിൽ നിന്നും വരുന്ന ഏറ്റവും മികച്ച സിനിമകൾ. അല്ല, എന്ന് ഇന്ത്യൻ പനോരമ തിരഞ്ഞെടുപ്പ് മാത്രം നോക്കിയാൽ അറിയാം.
എല്ലാ വർഷവും അതിലേക്ക് ജൂറി തിരഞ്ഞെടുക്കാത്ത സിനിമകളുടെ സംവിധായകരുടെ പ്രതിഷേധം ഉയരാറുണ്ട് . അത് എന്നും ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിൻ്റെ ഒരു പ്രധാന ഇനവുമാണ് . അതൊരിക്കലും അവസാനിച്ചിട്ടില്ല . അവസാനിക്കും എന്ന് വിചാരിക്കാനുമാകില്ല . എല്ലാ ഫെസ്റ്റിവലുകളും ഫെസ്റ്റിവൽ അധികാരികൾ തിരഞ്ഞെടുത്ത ‘അഞ്ചംഗ / പത്തംഗ’ ജൂറിയുടെ തിരഞ്ഞെടുപ്പ് മാത്രമാണ്. അത് ന്യായം എന്നു തോന്നും നമുക്ക്, കാണുന്ന സിനിമകൾ മികച്ചതാണെങ്കിൽ. അന്യായം എന്നു തോന്നും മികച്ചതല്ലെങ്കിൽ.

2004 ലാണ് ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ പോയത്- സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ. ലോക പ്രശസ്ത എഴുത്തുകാരൻ മരിയോ വർഗാസ് യോസ ആയിരുന്നു അവിടെ ജൂറി ചെയർമാൻ. ഒരൊറ്റ ഇന്ത്യൻ സിനിമ പോലും അവിടെ മത്സര വിഭാഗത്തിൽ എന്നു മാത്രമല്ല, അന്താരാഷ്ട്ര സിനിമാ വിഭാഗത്തിൽ പോലും ഇല്ലായിരുന്നു. ‘ഇന്ത്യയേ ഇല്ല’ എന്നു തോന്നും മട്ടിലായിരുന്നു ഫെസ്റ്റിവൽ.
സി ഡി കളിൽ നിന്നും സിനിമ ഡി വി ഡി കളിലേക്ക് എത്തിയ കാലമായിരുന്നു അത്. സാൻ സെബാസ്റ്റ്യൻ നഗരത്തിലെ ഒരു ആഗോള സിഡി- ഡിവിഡി ഷോപ്പിങ്ങ് മാളിൽ മണിക്കൂറുകൾ ചികഞ്ഞിട്ടും ആകെ രണ്ട് ഇന്ത്യൻ സംവിധായകരുടെ ഡിവിഡി മാത്രമാണ് കണ്ടെത്താനായത്; സത്യജിത്ത് റേയുടെയും മീര നയ്യാറുടെയും മാത്രം. ഓരോരോ രാജ്യങ്ങളിൽ നിന്നുള്ള , ഒരിയ്ക്കലും കേൾക്കുക പോലും ചെയ്യാത്ത നിരവധി ചലച്ചിത്ര പ്രതിഭകളുടെ സിനിമകൾ കൊണ്ട് അവിടം നിറഞ്ഞിരുന്നു. നാം കാണുന്നത് ലോകസിനിമയുടെ എത്രയോ ചെറിയ പരിച്ഛേദം മാത്രമാണ് എന്ന ബോദ്ധ്യമാണ് സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ പകർന്നു തന്ന ഏറ്റവും വലിയ അനുഭവം .
2019 ൽ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഫിലിം ക്രിട്ടിക്സ് ജൂറിയായി പങ്കെടുക്കാനിട വന്നപ്പോൾ ശ്രദ്ധിച്ചതും മേളയ്ക്ക് മുമ്പാകെ ലഭ്യമാകുന്ന സിനിമകളുടെ പ്രാതിനിധ്യ സ്വഭാവമാണ് . ബുസാനിൽ ഇന്ത്യൻ സാന്നിദ്ധ്യം കാണാനുണ്ടായിരുന്നു.

ബുസാനില്‍ നവതരംഗ വിഭാഗത്തിൽ പത്ത് രാജ്യങ്ങളിൽ നിന്നുള്ള പതിനാല് സിനിമകളാണ് മത്സരത്തിനായി ഫിപ്രസി (അന്താരാഷ്ട ഫിലീം ക്രിട്ടിക്സ് ഫെഡറേഷൻ ) ജൂറിക്ക് മുമ്പാകെ ഉണ്ടായിരുന്നത്. മത്സര ചിത്രങ്ങളുടെ പ്രദർശനത്തിന് ശേഷം ഏറ്റവും മികച്ച രണ്ടു സിനിമകൾ മാത്രം ഷോർട്ട്ലിസ്റ്റ് ചെയ്യാൻ ജൂറി ധാരണയിലായി. ഒന്നിനൊന്ന് മികച്ച സിനിമകളിൽ നിന്നും ഒരൊറ്റ സമ്മാനത്തിനായി ഒരു സിനിമ കണ്ടെത്തുക എന്നത് ദുഷ്ക്കരമായിരുന്നു . ഇന്ത്യയിൽ നിന്നുള്ള കിസ്ലെ കിസ്ലെയുടെ ‘ജസ്റ്റ് ലൈക്ക് ദാറ്റ്’, കിർഗിസ്ഥാനിൽ നിന്നുള്ള മിർലാൻ അബ്ദയാക്കാൽക്കോവിന്റെ ‘റണ്ണിങ്ങ് ടു ദ സ്കൈ’ എന്നിവ എന്റെ പ്രിയപ്പെട്ട ഒന്നും രണ്ടും ചിത്രങ്ങളായി. സഹജൂറി അംഗങ്ങളായ ബ്രസീലിൽ നിന്നുള്ള എലൈൻ ഗൊറീനിയും ദക്ഷിണ കൊറിയയിൽ നിന്നുള്ള സിയോ കോക്സുഖും ഐക്യകണ്ഠേന തിരഞ്ഞെടുത്തത് ‘റണ്ണിങ് ടു ദ സ്കൈ’, രണ്ടാം സ്ഥാനത്ത് രണ്ടു പേരും ഇന്ത്യൻ ചിത്രവും.
ഇന്ത്യൻ സിനിമ മനസ്സിലാക്കാനാവണമെങ്കിൽ ഇന്ത്യയുടെ സൂക്ഷ്മ രാഷ്ട്രീയം കൂടി മനസ്സിലാക്കണം എന്ന വാദം മുന്നോട്ടു വച്ച് ഞാൻ അതിനൊപ്പം നിന്നു. എന്നാൽ മറുവാദങ്ങൾ അതിലും ശക്തമായിരുന്നു. ഭാഷയുടെ പരിമിതികൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അർത്ഥങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് പ്രസരിപ്പിക്കാനാവാതെ പോകുന്നത് സിനിമയുടെ പരിമിതിയാണെന്ന ചലച്ചിത്രവിചാരം സഹജൂറി അംഗങ്ങൾ ശക്തമായി ഉന്നയിച്ചു . അതംഗീകരിച്ചതോടെ മൂന്നു പേരും മികച്ച രണ്ട് സിനിമകളിൽ ഉൾപ്പെടുത്തിയ സിനിമയായ കിർഗിസ് സിനിമ ‘റണ്ണിങ്ങ് ടു ദ സ്കൈ’ക്ക് തീരുമാനം അനുകൂലമാവുകയും ചെയ്തു.
സോവിയറ്റ് പതനത്തിന് ശേഷം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ജീവിതങ്ങളുടെ അതിജീവനപ്പൊരാട്ടം ഒരു ബാലന്റ കഥയിലൂടെ പറയുന്ന സിനിമയാണ് ‘റണ്ണിങ് ടു ദ സ്കൈ’. ‘ജസ്റ്റ് ലൈക്ക് ദാറ്റ് ‘ ആകട്ടെ ഭർത്താവിന്റെ മരണാനന്തരം സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിപ്പോകുന്ന ഒരു വീട്ടമ്മയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖം അടയാളപ്പെടുത്തുന്ന സിനിമയും.

ജൂറി മാറുമ്പോൾ തീരുമാനങ്ങൾ എത്ര വലിയ തോതിൽ മാറും എന്നതിന്റെ തെളിവായിരുന്നു ഇതേ നവതരംഗ സിനിമകൾ തന്നെ ഇതേ ഫെസ്റ്റിവലിലെ ബ്രിട്ടീഷ് സംവിധായകൻ മൈക്ക് ഫിഗ്ഗിസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ജൂറി വിലയിരുത്തിയപ്പോൾ കണ്ടത്. മികച്ച ചിത്രങ്ങളായി അവർ തിരഞ്ഞെടുത്തത് വിയറ്റ്നാമിൽ നിന്നുള്ള ട്രാൻ താൻ ഹൂയിയുടെ ‘റോം’ , ഇറാഖിൽ നിന്നുള്ള മൊഹനാദ് ഹയാലിന്റെ ‘ഹൈഫ സ്ട്രീറ്റ്’ എന്നീ ചിത്രങളായിരുന്നു. ഇന്ത്യൻ ചിത്രമായ ‘ജസ്റ്റ് ലൈക്ക് ദാറ്റ്’ പ്രത്യേക പരാമർശത്തിന് അർഹമാവുകയും ചെയ്തു. ‘റോം’ കമ്മ്യൂണിസ്റ്റ് വിയറ്റ്നാമിലെ ചേരികളിൽ ജീവിക്കുന്ന മനുഷ്യർ ലോട്ടറി ടിക്കറ്റിൽ പ്രതീക്ഷയർപ്പിച്ച് നെയ്യുന്ന സ്വപ്നങ്ങളും ദുരിതങ്ങളും പറയുന്നു. ‘ഹൈഫ സ്ട്രീറ്റ് ‘ മനുഷ്യപ്പററില്ലാതായി മാറിയ ഇറാഖിലെ മത രാഷ്ട്രീയത്തിന്റെ ഭീകരമുഖം വരച്ചുകാട്ടുന്നു.
നാലു ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. പുരസ്കാരങ്ങൾക്കായി അതിലൊന്ന് തിരഞ്ഞെടുക്കുമ്പോൾ ചലച്ചിത്രോത്സവത്തോടും സിനിമയോടും ഒരു പോലെ പാലിക്കേണ്ട ഒരു ഉത്തരവാദിത്വമാണ് നിർവ്വഹിക്കപ്പെടുന്നത്; നവാഗതരിലെ പ്രതീക്ഷയാണ് അടയാളപ്പെടുത്തപ്പെടുന്നത്. ബുസാൻ ചലച്ചിത്രോത്സത്തിലെ ഏറ്റവും പ്രധാന പുരസ്കാരവും ലോകസിനിമയിലെ ഏറ്റവും പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ഈ നവതരഗ മത്സര വിഭാഗം തന്നെയായിരുന്നു.

മക്മൽബഫ് ചെയർമാനായ ജൂറി നൽകിയ കിം ജിസോക്ക് പുരസ്കാരത്തിന് പ്രദീപ് കുർബാ സംവിധാനം ചെയ്ത ‘മാർക്കറ്റ്’ അർഹമായി. അലംകൃത ശ്രീവാസ്തവയുടെ ‘ഡോളി കിറ്റി ആൻറ് ദോസ് ട്വിങ്ക്ളിങ്ങ് സ്റ്റാർസി’ലെ താരമായ ഭൂമി പെഡ്നേക്കർ ഫെയ്സ് ഓഫ് ഏഷ്യ പുരസ്കാരവും തനിഷ്ത ചാറ്റർജിയുടെ ‘റോം റോം മെയിന്‍’ ഏഷ്യൻ സ്റ്റാർ പുരസ്കാരവും നേടി. വിജയ് ജയ്പാലിന്റെ നിർവാണ ഇൻ ബുസാൻ മാർക്കറ്റ് ഫണ്ട് ലഭിച്ച ചിത്രമാണ് ഫെസ്റ്റിവലിൽ ഇടം കണ്ടെത്തിയത്. തല മുതിർന്ന ബംഗാളി സംവിധായകനായ ഗൗതം ഘോഷിന്റ ‘ദ വെഫെറേഴ്സ്’,
ലിജോയുടെ ‘ജെല്ലിക്കട്ട്’ , ലീന മണിമേഖലയുടെ ‘മാടത്തി’, ഗീതാജ്ഞലി റാവുവിന്റെ ‘ബോംബെ റോസ്’ , ദീപ മേത്തയുടെ ‘ഫയർ എർത്ത് വാട്ടർ’ , പ്രിയങ്ക ചോപ്ര അഭിനയിച്ച സോണാലി ബോസിന്റ ‘സ്കൈ ഈസ് പിങ്ക്’, എ.ആർ.റഹ്മാൻ നിർമ്മിച്ച വിശ്വേഷ് കൃഷ്ണമൂർത്തിയുടെ ’99 സോങ്ങ്സ്’ , സുമൻഘോഷിന്റെ ‘ആധാർ’ , ഹൃസ്വചിത്രവിഭാഗത്തിൽ സുധാൻസു സറിയയുടെ ‘നോക്ക് നോക്ക് നോക്ക്’ എന്നിവയും ഇന്ത്യൻ സാന്നിധ്യം ഉയർത്തിപ്പിടിച്ചു.
3500 വരെ സിനിമകളാണ് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഓരോവർഷവും ഇപ്പോൾ ബുസാനിൽ ഭാഗ്യപരീക്ഷണം തേടിയെത്തുന്നത്. പത്തോളം മത്സര വിഭാഗങ്ങൾക്കായി 30 -ഓളം ജൂറിമാർ തിരഞ്ഞെടുക്കപ്പെട്ട പത്തു മുതൽ പതിനഞ്ച് സിനിമകൾ വരെ കാണുന്നു. എന്നാൽ അയച്ചു കിട്ടുന്ന 3500 സിനിമകളെ ഇങ്ങിനെ 150 -200 സിനിമകളിലേക്ക് ചുരുക്കുന്ന പണി ചെയ്യുന്നത് ബുസാനിലെ പേരറിയാത്ത പ്രി സിലക്ഷൻ ജൂറിയാണ് . സൺ ഡാൻസ് ഫിലിം ഫെസ്റ്റിവലിൽ അയച്ചു കിട്ടുന്ന സിനിമകൾ 10,000 വരും.

അപ്പോൾ ഓരോ ഫിലിം ഫെസ്റ്റിവലുകൾക്കും അവരവരുടെതായ ഒരു ഉന്മൂലന രീതി ഉണ്ട് സിനിമകളെ ഒഴിവാക്കാൻ; പ്രി സിലക്ഷൻ ജൂറി എന്നാൽ എലിമിനേറ്റർമാർ കൂടിയാണ്. അതിൽ രക്ഷപ്പെട്ടു പിടിച്ചു കയറുന്നത് ഒരു അത്ഭുത പ്രവൃത്തി തന്നെയാണ് . സർക്കാർ / ഫിലിം ഫെസ്റ്റിവൽ നടത്തിപ്പിന്റെ അധികാരികൾ ആണ് പേരില്ലാത്ത, മുഖമില്ലാത്ത ഈ പ്രി സിലക്ഷൻ ജൂറിമാരെ കണ്ടെത്തുന്നത്. പല മാനദണ്ഡങ്ങൾ ഇതിനുണ്ടാകും. ഓരോരുത്തരുടെയും രീതികൾ ഓരോന്നായിരിക്കും. ഇന്നത്തെ കാലത്ത് അത് പ്രളയത്തിൽ നിന്നും പിടിച്ചു കയറുന്നത് പോലെയാണ് .
അടൂരിൻ്റെ ‘പദയാത്ര’ യിലേക്ക് തിരിച്ചു വരാം. ഐഎഫ്എഫ്ഐ. ജൂറിയാൽ അടൂർ ശിക്ഷിക്കപ്പെട്ടു എന്നു തന്നെ വേണം വിചാരിക്കാൻ. അത് കേന്ദ്രസർക്കാറിന്റെ ഇടപെടൽ കൊണ്ടാവണം എന്നൊന്നുമില്ല. കേന്ദ്ര വിമർശനം ഏതൊക്കെയോ അളവിൽ അടൂരിൻ്റെ പേരിനൊപ്പം പ്രസരിക്കുന്നുണ്ടെങ്കിൽ കേന്ദ്രം എന്ന ദൈവത്തെ സന്തോഷിപ്പിക്കാൻ പനോരമ ജൂറി പണിയെടുത്തതാവാം. ഏതായാലും ഐ.എഫ്.എഫ്.കെ. യിൽ ‘പദയാത്ര’ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. മമ്മുട്ടി ഒരു അടൂർ സിനിമയുടെ പിറവിക്ക് നിമിത്തമായി നിന്നതിലും സന്തോഷം. ഒരായുസ്സ് സിനിമയ്ക്കായി സമർപ്പിച്ച അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാനായ സംവിധായകൻ ആദരിക്കപ്പെടേണ്ടത് ഇങ്ങനെയാണ് എന്നു ഞാൻ കരുതുന്നു. തിരഞ്ഞെടുപ്പുകൾ ചരിത്രം മെനയുന്നു.

പ്രേംചന്ദ് – മൂന്നരപ്പതിറ്റാണ്ട് കാലം മാതൃഭൂമി ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണമായ ചിത്രഭൂമിയുടെയും താരാപഥം സിനിമാ പേജിന്റെയും എഡിറ്റ് പേജിന്റെയും എഡിറ്ററായിരുന്നു. എട്ട് പുസ്തകങ്ങളുടെ രചയിതാവാണ്. ‘ജോണ്‍’ സിനിമയുടെ സംവിധായകന്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ജൂറിയായും റിപ്പോര്‍ട്ടറായും പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
