അമേരിക്കന് ഡോളറിന്റെ സമഗ്രാധിപത്യത്തെ ഹോര്മൂസ്കടലിടുക്കില് മുക്കിത്താഴ്ത്തുകയാണ് ഇറാന്
ആയുധം വിറ്റ് യുദ്ധം കയറ്റുമതി ചെയ്യുന്ന അമേരിക്ക. കറൻസി കൊണ്ട് ലോകകച്ചവടം കൈപ്പടിയിലാക്കിയ അമേരിക്ക. ആ അമേരിക്കയെ തോൽവിയുടെ കടവിൽ കെട്ടിയിടുന്നത് ഇറാന്റെ
യുദ്ധ തന്ത്രം. ഹോർമുസ് കടന്ന് എണ്ണക്കപ്പലുകൾ മഹാസമുദ്രം തൊടാൻ അനുവദിക്കാം, പക്ഷേ കച്ചവടം മുഴുവൻ ചൈനീസ് യുവാനിൽ വേണമെന്നാണ് ഇറാൻ്റെ പുതിയ നിർദേശം. ലോകം മുഴുവനും വണ്ടിയോടണമെങ്കിൽ, അടുപ്പു പുകയണമെങ്കിൽ അമേരിക്ക ഇവിടെ തോറ്റുകൊടുത്തേ മതിയാകൂ. ഇറാന്റെ പുതിയ പോരാട്ടനീക്കത്തിലൂടെ, അറബ് ലോകത്ത് നിന്ന് കച്ചവടം ചെയ്യപ്പെടുന്ന എണ്ണ യുഎസ് ഡോളറിൽ നിന്ന് മോചിതമാകും. യുവാനിലും റൂബിളിലും യൂറോയിലും രൂപയിലുമടക്കം ലോകകച്ചവടം സാധ്യമാക്കും.
രണ്ടാം ലോക യുദ്ധകാലത്തെ ജർമ്മനിയെയും ഇറ്റലിയെയും പോലെ ലോകസമാധാനം തകർത്തുകൊണ്ട് മുന്നേറുകയായിരുന്നു അമേരിക്ക-ഇസ്രായേൽ യുദ്ധമുന്നണി. ലോകത്തിലെ പകുതിയോളം ആയുധവ്യാപാരവും കൈപ്പിടിയിലാക്കി, ലോകകച്ചവടത്തിന്റെ മുക്കാൽ ഭാഗവും അമേരിക്കൻ ഡോളറിന്റെ നിയന്ത്രണത്തിലാക്കി മുന്നോട്ടുപോയ സമഗ്രാധിപത്യത്തിന്റെ പടക്കപ്പലിനെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉപയോഗിച്ച് പരാജയത്തിന്റെ കടവിൽ കെട്ടിയിടുകയാണ് ഈ സംഘർഷകാലത്ത് ഇറാൻ ചെയ്യുന്നത്.

കണ്ടുനില്ക്കുന്ന സത്രീ (കടപ്പാട് )
1960കളുടെ തുടക്കത്തിലാണ് മിക്കവാറും അറബ് രാഷ്ട്രങ്ങളിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തുന്നത്. അതിനുശേഷം മുഴുവൻ പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾക്കും രണ്ടു വഴികൾ മാത്രമാണ് മുന്നിലുള്ളത്: ഒന്നുകിൽ, സ്വന്തം എണ്ണക്കുഴികൾ പാശ്ചാത്യ ലോകത്തിനു മുന്നിൽ കാഴ്ചവയ്ക്കാം, സ്വന്തം രാഷ്ട്രീയത്തെ സിഐഎയുടെയും മൊസാദിന്റെയും കളിസ്ഥലങ്ങളായി പരിവർത്തിപ്പിക്കാം; അല്ലെങ്കിൽ, അണമുറിയാത്ത സംഘർഷകാലത്തെ അനുഭവിക്കാം, ലോകം മുഴുവനും ഉയരുന്ന അവസാനിക്കാത്ത ഐക്യദാർഢ്യങ്ങളെ ഏറ്റുവാങ്ങാം. ഈ രണ്ടു വഴികൾ അല്ലാതെ ഇടനിലയുടെ ഒരു വഴി, അവർക്ക് മുന്നിൽ, നമുക്കു മുന്നിലും, ഇല്ലെന്നുതന്നെയാണ് ഈ യുദ്ധകാലവും നമ്മളെ ബോധ്യപ്പെടുത്തുന്നത്.
1974ൽ അമേരിക്കയും സൗദി അറേബ്യയുമായി ഒപ്പിട്ടതാണ് പെട്രോ-ഡോളർ കരാർ. 50 കൊല്ലത്തേക്ക് എവിടെ എണ്ണവിറ്റാലും അമേരിക്കൻ ഡോളറിൽ വിൽക്കണം എന്നതായിരുന്നു അമേരിക്കൻ തീട്ടൂരം. ഇത് പശ്ചിമേഷ്യയിലേക്ക് മുഴുക്കെ പടർന്നു. പിന്നീട് ലോക കറൻസികൾക്ക് മുകളിലും അമേരിക്ക വിലയിട്ടു. നൂറുകണക്കിന് സൈനിക കരാറുകൾ ഒപ്പിട്ട്, ആയുധം വാങ്ങാൻ നിർബന്ധിതമാക്കി. ലോകം സൈനികതാവളങ്ങൾ പടുത്തുയർത്തി ഭാവിസാധ്യതകളും കൊട്ടിയടച്ചു. അമേരിക്കയുടെ നീരാളിപ്പിടിത്തത്തിൽ കുടുങ്ങി പാവകളി തുടരാൻ വിധിക്കപ്പെട്ടിരിക്കുകയായിരുന്നു പശ്ചിമേഷ്യ മുഴുവനും. വേട്ടയാടി തിന്നുചീർക്കുന്നതിൻ്റെ ഉത്സാഹത്തിൽ അടുത്ത ഇരയെ തേടുകയായിരുന്നു അമേരിക്കയും. ആ ഘട്ടത്തിലാണ് ഇസ്രായേലിനെയും കൂട്ടി ഇറാനിലേക്ക് വേട്ടയ്ക്കിറങ്ങിയത്.
പക്ഷേ ഈ യുദ്ധത്തിൽ, വിയറ്റ്നാമിലെയും ക്യൂബയിലെയും പോലെ, അമേരിക്കയുടെ കൈ പൊള്ളിത്തുടങ്ങുകയാണ്.

പശ്ചിമേഷ്യയിൽ പിടിമുറുക്കിയ പെട്രോഡോളർ വ്യവഹാരത്തെ പ്രതിരോധിക്കാൻ പരിശ്രമിച്ച നിരവധി രാജ്യങ്ങളുണ്ട്. ശത്രുവിന്റെ കറൻസിയായി ഡോളറിനെ കണ്ട ഇറാഖിന്റെ സദാം ഹുസൈൻ സ്വന്തം രാജ്യത്തെ എണ്ണ വ്യാപാരം മുഴുവൻ യൂറോയിലേക്ക് മാറ്റി. മറ്റു രാജ്യങ്ങളും ഇതേ വഴി പിന്തുടരും എന്ന പേടികൊണ്ട് അമേരിക്ക ഇറാഖിനെ കടന്നാക്രമിച്ച് സദ്ദാമിനെ തൂക്കിക്കൊന്നു. ലിബിയയിലെ മുഴുവൻ എണ്ണപ്പാടങ്ങളും ദേശസാൽക്കരിച്ച്, ആഫ്രിക്കൻ രാജ്യങ്ങളുമായി കൂടിച്ചേർന്ന് ഗോൾഡ് ദിനാർ രൂപപ്പെടുത്തി എണ്ണക്കച്ചവടത്തിന് മുതിർന്ന മു അമർ ഗദ്ദാഫിയെ ആഭ്യന്തര സംഘർഷം പണം കൊടുത്ത് രൂപപ്പെടുത്തി ആൾക്കൂട്ടത്താൽ കൊന്നുകളഞ്ഞു. വെനസ്വേലയിലും സിറിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ഇതേ അമേരിക്കയാണ് ഇസ്രായേലിൻ്റെ ഗ്രാൻഡ് പ്ലാനിനൊപ്പം സന്ധിചെയ്ത് ഇറാനെ കടന്നാക്രമിക്കുന്നത്. ആരെയും ആക്രമിച്ച് ഡോളറിന്റെ മേധാവിത്വത്തെ പിടിച്ചുനിർത്താൻ പരിശ്രമിക്കുന്ന അമേരിക്കൻ സൈനികനീക്കത്തെ വില്യം ആർ ക്ലാർക്കിന്റെ ‘പെട്രോഡോളർ വാർഫെയർ’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന്, ഇറാൻ ആണവായുധം കൊണ്ട് തങ്ങളെ ആക്രമിച്ചാലോ എന്ന കപടഭയം ഉയർത്തി, ഒരു പ്രീ-എംപ്ടീവ് കടന്നാക്രമണത്തിന്റെ പേരാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി. ഇറാന്റെ രണ്ടാം ആയത്തൊള്ളയായ അലി ഖമനേയി അടക്കം നിരവധി പ്രധാന നേതാക്കൾ കൊല്ലപ്പെട്ടത് ഈ ആക്രമണത്തിനിടെയാണ്. ഇറാന്റെ ലോകനേതാക്കളിൽ എത്ര പേരെ കൊന്നുതള്ളിയാലും, ഇറാൻ ഭരണകൂടത്തോട് അവിടത്തെ സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ വളച്ചൊടിച്ചാലും ഇറാൻ വിജയിക്കുമെന്ന് ഉറപ്പ് വെച്ചിട്ടുള്ള യുദ്ധത്തിനാണ് മുതിർന്നിരിക്കുന്നത്.
ഇറാനിലെ മുഴുവൻ മനുഷ്യരെയും കൊന്നുകളഞ്ഞ് അമേരിക്ക ഞങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തരേണ്ട എന്ന പ്രഖ്യാപനമാണ് ഇറാനിലെ സ്ത്രീകളും നടത്തിയത്.

തോളിൽ കയ്യിടുമ്പോൾ തന്നെ, തോക്കുകൊണ്ട് കഴുത്തിന് ഉന്നം പിടിക്കുന്ന തെമ്മാടികളായ ഒറ്റുകാരെ നമ്മളിൽ പലരും വ്യക്തിപരമായ അനുഭവങ്ങൾക്കിടയിൽ കണ്ടിട്ടുണ്ടാകും. ചരിത്രത്തിൽ ഇതിനുമുമ്പും ഒറ്റുകാരെന്ന് വിളികേൾപ്പിച്ചിട്ടുള്ളവരോട് ചങ്ങാത്തം പോയിട്ട് ചർച്ച പോലും നടത്താതിരിക്കുക എന്നതാണ് ഇന്നിന്റെ കാലത്ത് മനുഷ്യരും രാഷ്ട്രങ്ങളും ഏറ്റെടുക്കേണ്ട രാഷ്ട്രീയ നിലപാട്. ലോകത്തെന്ത് വാങ്ങിയാലും അമേരിക്കയുടെ പോക്കറ്റിൽ കാശുവീഴണം, ലോകത്തെന്ത് നടക്കണമെങ്കിലും അമേരിക്ക തീരുമാനിക്കണം എന്ന അധികാരക്കൊതി അവസാനിക്കുന്നതിന്റെ തുടക്കമാണിത്. തോളിൽ കയ്യിടുകയും തോക്ക് കൊണ്ട് കഴുത്തിന് ഉന്നം പിടിക്കുകയും ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വം ബദൽ രാഷ്ട്രീയ പോരാട്ടങ്ങളിൽ മുട്ടുമടക്കേണ്ടി വരുമെന്ന് തെളിയുകയാണ്.

