ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗങ്ങളില്‍ ഒരാളായി ചരിത്രത്തില്‍ പേരുള്ള പിണറായി വിജയന് ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗങ്ങളായി കേരള നിയമസഭയിലേക്ക് വിജയിച്ചുകയറിയ മൂന്നുപേർ, പിണറായി വിജയനും രമേശ് ചെന്നിത്തലയും മാത്യു ടി തോമസും, ഇത്തവണയും കേരള നിയമസഭയിലേക്ക് മത്സരിക്കുകയാണ്. ലഭ്യമായ ഔദ്യോഗിക രേഖകളും അനൗദ്യോഗിക വിവരങ്ങളും പരിശോധിച്ചാൽ, ജനിച്ച് കാൽനൂറ്റാണ്ട് പൂർത്തിയായപ്പോൾ തന്നെ എംഎൽഎമാരായി ജനഹിതം നേടിയവരാണ് മൂവരും.
മുഖ്യമന്ത്രിയായി രണ്ട് ടേം പൂർത്തിയാക്കിയ പിണറായി വിജയൻ ആദ്യ മണ്ഡലമായ കൂത്തുപറമ്പിൽ നിന്ന് പയ്യന്നൂരിലേക്കും ഇപ്പോൾ മൂന്നാം തവണ ധർമ്മടത്തും മത്സരിക്കുമ്പോൾ, കേരള നിയമസഭാംഗത്വത്തിനായി രമേശ് ചെന്നിത്തല ഹരിപ്പാടും മാത്യു ടി തോമസ് തിരുവല്ലയും വിട്ട് മത്സരിച്ചിട്ടില്ല. ഇരുവരും ആറാം തവണയാണ് സ്വന്തം മണ്ഡലങ്ങളിൽ എംഎൽഎമാരായി ജയിക്കാൻ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ 1944 മാർച്ച് 21ന് കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിൽ ജനിച്ചു എന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ 2016 മെയ് 24ന് നിയുക്ത മുഖ്യമന്ത്രിയായി ആദ്യ വാർത്താസമ്മേളനം സംഘടിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അവിടെ കൂടിയ മാധ്യമപ്രവർത്തകർക്കെല്ലാം മധുരം വിതരണം ചെയ്തുകൊണ്ട് പിണറായി വിജയൻ തന്നെ തൻ്റെ പിറന്നാൾ അന്നേ ദിവസമാണെന്ന് വെളിപ്പെടുത്തി. “യഥാർത്ഥത്തിൽ 1120 ഇടവം 10നാണ് ജനനം; അതായത് 1945 മെയ് 24” എന്നായിരുന്നു വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ്റെ പ്രതികരണം.

1970 ഒക്ടോബർ നാലിന് രൂപീകരിച്ച, പിന്നീട് ഒക്ടോബർ 22ന് സത്യപ്രതിജ്ഞ ചെയ്യപ്പെട്ട നാലാം കേരള നിയമസഭയിലാണ് കൂത്തുപറമ്പിൽ നിന്നുള്ള എംഎൽഎയായി ആദ്യമായി പിണറായി വിജയൻ വിജയിച്ചുകയറുന്നത്. അടിയന്തരാവസ്ഥക്കാലം കടന്നുതീർത്ത ആറര വർഷം നീണ്ട ആ നിയമസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ അദ്ദേഹമായിരുന്നു. ഔദ്യോഗിക രേഖകൾ ഉപേക്ഷിച്ച് യഥാർത്ഥ ജനനതീയതി ഉപയോഗപ്പെടുത്തിയാൽ, ജനിച്ച 25 വർഷവും നാലുമാസവും (9282 ദിവസങ്ങൾ) പൂർത്തിയായപ്പോൾ അദ്ദേഹം കേരള നിയമസഭാംഗമായി മാറി.
ഔദ്യോഗിക രേഖകൾ പ്രകാരം 1956 മെയ് 25ന് ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ ജനിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 1982 മെയ് 24ന് രൂപീകൃതമായ ഏഴാം കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത് 1982 ജൂൺ 24ന്. അതായത്, ഏഴാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ രമേശ് ചെന്നിത്തല 26 വയസ്സ് പൂർത്തിയായപ്പോൾ (9526 ദിവസങ്ങൾ) നിയമസഭാംഗമായി മാറി. പിന്നീട് 1986ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് ഏറ്റെടുത്തുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി മാറി.

1987ൽ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന എട്ടാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗം തിരുവല്ലയിൽ നിന്ന് ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മാത്യു ടി തോമസായിരുന്നു. 1961 സെപ്റ്റംബർ 27ന് തിരുവല്ലയിൽ ജനിച്ച മാത്യു ടി തോമസ്, നിയമസഭാംഗമായി മാറുമ്പോൾ കേരള വിദ്യാർത്ഥി ജനതയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. ഈ 1987 മാർച്ച് 25ന് രൂപീകരിച്ച നിയമസഭയിൽ അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്തത് 1987 മാർച്ച് 30നായിരുന്നു. അങ്ങനെ പരിഗണിച്ചാൽ ജനിച്ച് 25 വർഷവും ആറുമാസവും പൂർത്തിയായപ്പോൾ (9315 ദിവസങ്ങൾ) മാത്യു ടി തോമസ് കേരള നിയമസഭാംഗമായി മാറി.

1957ൽ ഒന്നാം നിയമസഭയിൽ പ്രായം കുറഞ്ഞ എംഎൽഎയായി മാറിയതിൽ ഒരാൾ താനൂരിൽ നിന്ന് മുസ്ലിം ലീഗ് പ്രതിനിധിയായി നിയമസഭയിലേക്ക് വിജയിച്ചു കയറിയ സി എച്ച് മുഹമ്മദ് കോയയായിരുന്നു. പിന്നീട് സിഎച്ച് ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കറായി 33 ആം വയസ്സിൽ മാറി. ദീർഘകാലം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായും 54 ദിവസം മാത്രമെങ്കിലും മുഖ്യമന്ത്രിയായും സിഎച്ച് തിളങ്ങി. ആറ്റിങ്ങൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ആർ പ്രകാശമായിരുന്നു 30 വയസ്സ് മാത്രമുള്ള മറ്റൊരു ഒന്നാം നിയമസഭാംഗം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച് ഒന്നാം നിയമസഭയുടെ ഭാഗമാകുമ്പോൾ 1927ൽ ജനിച്ച പ്രകാശത്തിന് 30 വയസ്സായിരുന്നു. അദ്ദേഹം 1953ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായി ആറ്റിങ്ങൽ നഗരസഭയുടെ അധ്യക്ഷപദവി ഏറ്റെടുത്തിരുന്നു. 1954ൽ തിരുകൊച്ചി നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോവളം എംഎൽഎ ആയിരുന്ന ജമീല പ്രകാശം മകളും, മുൻമന്ത്രിയായ നീലലോഹിതദാസൻ നാടാർ മരുമകനുമായിരുന്നു.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഏറ്റവും മുമ്പനായിരുന്നു പിണറായി വിജയൻ. പക്ഷേ ഇത്തവണ ധർമ്മടത്ത് മത്സരിക്കുമ്പോൾ, കേരളത്തിലെ പ്രധാന മുന്നണികളിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ഥാനാർത്ഥി കൂടിയാണ് ഈ എൺപത് വയസ്സുകാരൻ. ഇത്തവണത്തെ സ്ഥാനാർത്ഥികളിൽ പ്രായത്തിൽ മുമ്പൻ മുൻമന്ത്രിയും കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ് എസ് സ്ഥാനാർത്ഥിയുമായ കടന്നപ്പള്ളി രാമചന്ദ്രനാണ്. ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന ട്വന്റി 20 സ്ഥാനാർത്ഥി ആതിര ഡി നായരാണ് കേരളത്തിലെ പ്രധാന മുന്നണികളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. നേരത്തെ ഏറ്റുമാനൂരിൽ നിശ്ചയിച്ചിരുന്ന എൻഡിഎ സ്ഥാനാർത്ഥിയും ടെലിവിഷൻ പ്രവർത്തകയുമായ വീണ നായർക്ക് വോട്ടില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് 25കാരിയായ ആതിര ഡി നായർക്ക് അവസരമൊരുങ്ങിയത്. കേരളത്തിൽ ഇതുവരെ നിയമസഭാംഗമായി ജയിച്ചുകയറിയ ഏറ്റവും പ്രായം കൂടിയ വ്യക്തി മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്. 2016ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിക്കുമ്പോൾ 92 വയസ്സും ഏഴുമാസവുമായിരുന്നു വിഎസിൻ്റെ പ്രായം.
