ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലോഹങ്ങളിൽ ഒന്നാണ് സ്വർണം. സാങ്കേതിക പ്രത്യേകതകളും സൗന്ദര്യത്മകമായ ആകർഷണവും അപൂർവ്വതയും ചേർത്തുവച്ച്, സഹസ്രാബ്ദങ്ങളായി മനുഷ്യൻ അതിനെ മികച്ച മൂല്യശേഖരമായി കണക്കാക്കുന്നു. ആധുനികകാലത്തിൻറെ ദേശരാഷ്ട്രങ്ങൾ അവരുടെ കേന്ദ്രബാങ്കുകളിൽ കരുതൽ സമ്പത്തായി സൂക്ഷിക്കുന്നതും മിക്കവാറും സ്വർണം തന്നെയാണ്. ലോകത്ത് ഇതുവരെ കുഴിച്ചെടുത്ത സ്വർണ്ണത്തിന്റെ 20 ശതമാനവും ഇതുപോലെ വികസിത വൻരാഷ്ട്രങ്ങളുടെ അധികാരപ്രയോഗത്തിൻ്റെ തുടർച്ചയ്ക്കായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ്ണം ഉള്ളത് അമേരിക്കയ്ക്കാണ്. ന്യൂയോർക്കിലും കെൻ്റക്കിയിലും ഡെൻവറിലുമായി അമേരിക്ക സൂക്ഷിച്ചിരിക്കുന്നത് 8000 ടൺ സ്വർണ്ണമാണ്. സ്വർണ്ണ സമ്പത്തിൽ രണ്ടാമതും മൂന്നാമതും സ്ഥാനം ജർമ്മനിക്കും ഇറ്റലിക്കുമാണ്. സജീവമായ ഒരു സ്വർണ്ണഖനി പോലും സ്വന്തമായി ഇല്ലാത്ത ഫ്രാൻസാണ് നാലാമത്. അവരുടെ കരുതൽ സമ്പത്തിന്റെ മുക്കാൽ ഭാഗവും, പാരീസിലെ ബാങ്ക് ഡി ഫ്രാൻസ് ആസ്ഥാനത്തിന് 27 മീറ്റർ ഭൂമിക്കടിയിലായി ‘ലാ സൂട്ടറൈൻ’ എന്ന നിലവറയിൽ, 99.99 ശതമാനം ശുദ്ധീകരിച്ച 2500 ടൺ സ്വർണമായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
സ്വന്തമായി ഒരു സജീവ സ്വർണ്ണഖനി പോലുമില്ലാത്ത ഒരു രാജ്യത്തിന് സ്വർണ്ണസമ്പത്തിന്റെ നാലാം സ്ഥാനം കൈവന്നത് എങ്ങനെയാണ്? ഇതിന്റെ ചരിത്രത്തെപ്പറ്റി പറയണമെങ്കിൽ ചില ആഫ്രിക്കൻ രാജ്യങ്ങളുടെ ചരിത്രം പറയേണ്ടിവരും. ദീർഘകാലം ആഫ്രിക്കൻ ഭൂഖണ്ഡം പ്രധാനമായും പടിഞ്ഞാറൻ ഫ്രഞ്ച് ആഫ്രിക്കയായും ഇക്വറ്റോറിയൽ ഫ്രഞ്ച് ആഫ്രിക്കയായും ഫ്രഞ്ച് വടക്കൻ ആഫ്രിക്കയായും അറിയപ്പെട്ടിരുന്നതിൻ്റെ ചരിത്രം. ഇന്ന് അവിടത്തെ മുഴുവൻ രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയെങ്കിലും, ആഫ്രിക്കയുടെ മധ്യഭാഗത്തെ സഹേൽ പ്രദേശത്തുള്ള ബുർക്കിനാ ഫാസോ പോലെയുള്ള രാജ്യങ്ങളുടെ കഥ അതിൽ പ്രധാനമാണ്.
പടിഞ്ഞാറൻ ആഫ്രിക്കയിൽ കടൽത്തീരമില്ലാതെ കരകളാൽ ചുറ്റപ്പെട്ട, മാലി, നൈഗർ, ബെനിൻ, ടോഗോ, ഘാന, ഐവറി കോസ്റ്റ് എന്നിവരുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ബുർക്കിനാ ഫാസോ. 1960ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഈ രാഷ്ട്രം, 1983ൽ പട്ടാള അട്ടിമറിയിലൂടെ തോമസ് സങ്കാറ എന്ന വിപ്ലവകാരി അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് വരെ, അറിയപ്പെട്ടിരുന്നത് അപ്പർ വോൾട്ട എന്നാണ്. വോൾട്ടാനദിയുടെ തീരത്തുള്ള, ഫ്രഞ്ച് ഭാഷ ഔദ്യോഗിക ഭാഷയായ രാജ്യം.
ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ സ്വർണ്ണ ഉത്പാദകരായ ബുർക്കിനാ ഫാസോ സ്വന്തമായി സ്വര്ണ്ണ റിസർവ് പണിതത് കഴിഞ്ഞവർഷമാണ്. നൂറ്റാണ്ടുകളായി ദാരിദ്ര്യത്തോട് പട പൊരുതുന്നവരുടെ നാട്ടിൽ, സ്വാതന്ത്ര്യം കിട്ടിയിട്ടും ദീർഘകാലം സ്വർണം കുഴിച്ചെടുത്ത് വിറ്റിരുന്നത് വിദേശ കമ്പനികൾ മാത്രമാണ്. എന്റവർ മൈനിങ്, നോർഡ്ഗോൾഡ്, വെസ്റ്റ് ആഫ്രിക്കൻ റിസോഴ്സസ് എന്നിവ അവയിൽ ചിലത് മാത്രം. ഫ്രഞ്ച് ഖജനാവ് ഗ്യാരണ്ടി നൽകുന്ന സിഎഫ്എ ഫ്രാങ്ക് കറൻസിയായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ കടത്തുന്ന ചരക്കുകളുടെ വില അവർക്ക് തന്നെ തീരുമാനിക്കാം, ആവോളം കൊള്ളയടിക്കാം.

1983ല് ക്യാപ്റ്റൻ തോമസ് സങ്കാറ എന്ന 33കാരനായ മാർക്സിസ്റ്റ് നേതാവ് അട്ടിമറിയിലൂടെ ഭരണ ചുമതലയിലെത്തി. ലെനിന്റെയും
കാസ്ട്രോയുടെയും ഹോചിമിൻ്റെയും പാത സ്വീകരിച്ച സങ്കാറ രാജ്യത്ത് വൻതോതിൽ വാക്സിനേഷൻ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ അവകാശ വിപുലീകരണം തുടങ്ങിയ വിപ്ലവകരമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ബജറ്റ് ചെലവ് വൻതോതിൽ വർദ്ധിപ്പിച്ചു. ശക്തമായ സാമ്രാജ്യത്വ നിലപാടുകളും സരളമായ ജീവിതശൈലിയും മുറുകെപ്പിടിച്ച സങ്കാറ, അഴിമതിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച്, ഉന്നത ഉദ്യോഗസ്ഥരുടെയും സ്വന്തം പദവിയുടെയും ശമ്പളം വെട്ടിക്കുറച്ച്, സർക്കാർ ഉപയോഗത്തിലുള്ള ആഡംബര കാറുകൾ വിറ്റൊഴിവാക്കി ആഫ്രിക്കയുടെ ചെഗുവേരയായി മാറി.

ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ഐക്യം കെട്ടിപ്പടുക്കാനും സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട് അദ്ദേഹം. 2019-ൽ, ബുർക്കിന ഫാസോയുടെ തലസ്ഥാനമായ വാഗദുഗുവിൽ 16 അടി ഉയരത്തിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ആഫ്രിക്കയിൽ ഉടനീളം വിമോചന പോരാട്ടങ്ങളുടെ നായകസ്ഥാനത്താണ് സങ്കാറ ഇന്നും ഇരിപ്പുറപ്പിച്ചിട്ടുള്ളത്.
പാരതന്ത്ര്യത്തിന്റെ കാലത്തും പാവ സർക്കാരുകളുടെ കാലത്തും പിന്തുടർന്നിരുന്ന അപ്പർ വോൾട്ട എന്ന കൊളോണിയൽ നുകത്തെ തകർത്തെറിഞ്ഞ് ഈ രാജ്യം ബുർക്കിനാ ഫാസോയായി മാറിയത് സങ്കാറയുടെ കാലത്താണ്. സാമ്രാജ്യത്വം നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ഭാഷാവേരുകളിലേക്കുള്ള ഒരു തിരിച്ചുനടത്തം. പ്രാദേശികമായ മോറേ ഭാഷയിൽ ‘ബുർക്കിന’ എന്ന വാക്കിന്റെ അർത്ഥം ‘തലയുയർത്തിപ്പിടിച്ച’ എന്നാണ്. ഡിയൂള ഭാഷയിലെ ‘ഫാസോ’ എന്ന പദം ‘ജന്മനാട്’ എന്ന് അർത്ഥം വരുന്നതാണ്. ബുർക്കിനാ ഫാസോ – തലയുയർത്തിപ്പിടിച്ചവരുടെ ജന്മനാട്. ബുർക്കിനാബേ എന്നറിയപ്പെടുന്ന ജനത അങ്ങനെ തലയുയർത്തിപ്പിടിക്കുന്ന മനുഷ്യരായി മാറി.

ഭരണത്തിലേറി നാലു വർഷങ്ങൾക്കിപ്പുറം 37ാം വയസ്സിൽ തോമസ് സങ്കാറ ഒരു ചതിയിൽപ്പെട്ടാണ് കൊല്ലപ്പെടുന്നത്. നേരത്തെ ശക്തമായ വിമോചന പോരാട്ടത്തിൽ സങ്കാറയോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചരാൽത്തന്നെ. സാമ്രാജ്യത്വമോഹികളുടെയും അധികാരദുഷ്പ്രഭുത്വത്തിന്റെയും ശക്തമായ ഗൂഢാലോചനയും ഉറപ്പിക്കണം. സാമ്രാജ്യത്വത്തിന്റെ
കൂടെ നിൽക്കുന്നവർക്ക് പാരീസിൽ കൊട്ടാരങ്ങളും ആഡംബരസൗധങ്ങളും സ്വന്തമാക്കാം, സ്വന്തം ജനതയെ നവകോളനികളിൽ നിന്ന് വിമോചിപ്പിക്കുന്ന നായകർക്ക് ഫ്രഞ്ച് വെടിയുണ്ടകളാൽ രക്തസാക്ഷികളാകാം.
തോമസ് സങ്കാറ കൊല്ലപ്പെട്ടതിനു ശേഷം ബുർക്കിനാ ഫാസോ അമേരിക്കൻ-യൂറോപ്യൻ സാമ്രാജ്യത്വ യുക്തിതാത്പര്യങ്ങളുടെ വിളനിലമായി മാറുകയാണുണ്ടായത്. സാമൂഹ്യ വിമോചനത്തിനും വിപ്ലവമുന്നേറ്റത്തിനും പിന്നീട് ബുർക്കിനാബേയ്ക്ക് അവസരം ഒരുങ്ങിയത് 2022ൽ മറ്റൊരു സൈനിക അട്ടിമറിയിലൂടെ ഇബ്രാഹിം ട്രോറെ ഭരണ ചുമതലയിൽ എത്തിയപ്പോഴാണ്. “സങ്കാറ ആരംഭിച്ചത് ഞങ്ങൾ തുടരും, സ്വപ്നങ്ങളെ സാർത്ഥകമാക്കും” എന്നതാണ്, സങ്കാറയുടെ അതേ പ്രായത്തിൽ തന്നെ ഭരണത്തലപ്പത്ത് എത്തിയ ഇബ്രാഹിം ട്രോറെയുടെ പ്രഖ്യാപനം. രണ്ടാം ആഫ്രിക്കൻ ചെഗുവേരയായ ട്രോറെയും, 18 വധശ്രമങ്ങളും നിരവധിയായ അട്ടിമറി നീക്കങ്ങളും എതിരിട്ടുകൊണ്ടാണ് ഭരണവും സമരവും തുടരുന്നത്. ട്രോറെയെ അധികാരഭ്രഷ്ടനാക്കാനുള്ള നീക്കങ്ങളിൽ പ്രധാനികൾ, സങ്കാറയെ പേടിച്ചിരുന്ന, ആഗോള ഇടതുചേരിയെ ഭയന്നുകൊണ്ടേയിരിക്കുന്ന നാറ്റോ സേനതന്നെ. അവർക്ക് പിണിയാളായി പ്രവർത്തിച്ച് ഗൂഢാലോചനാപദ്ധതികൾ നിറവേറ്റാൻ, അവർ തന്നെ നേരത്തെ മധ്യേഷ്യയിലും മറ്റുള്ളയിടങ്ങളിലും സംഘർഷം സൃഷ്ടിക്കാൻ രൂപീകരിച്ച ഇസ്ലാമിസ്റ്റ് ഭീകരരുടെ പിന്തുടർച്ചക്കാരുമുണ്ട്.

പടിഞ്ഞാറൻ ലോകം കൊള്ളയടിച്ച് തകർത്തുകൊണ്ടിരുന്ന സ്വന്തം രാജ്യത്തെ ജനകീയമായി പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഇബ്രാഹിം ട്രോറെയുടെ ഭരണനേതൃത്വം. മികച്ച റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട്, ഭക്ഷ്യക്ഷാമമകറ്റിക്കൊണ്ട്, ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടുള്ള ബദലാണിത്. ഫ്രഞ്ച് സൈന്യത്തെ നാട്ടിൽ നിന്ന് പുറത്താക്കി, സ്വർണ്ണഖനികൾ ദേശസാൽക്കരിച്ച്, പ്രാദേശിക ഭാഷകളെ ഔദ്യോഗിക ഭാഷകളായി വീണ്ടെടുത്ത്, ക്യൂബയും വെനസ്വേലയുമായി കൂട്ടുകൂടി, ചുറ്റുമുള്ള മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ ഭാവിപോരാട്ടങ്ങളിലേക്ക് സംഘടിപ്പിച്ചുകൊണ്ടുള്ള ബദൽ.

സോവിയറ്റ് ചെമ്പട നാസിപ്പട്ടാളത്തെ തോൽപ്പിച്ചതിന്റെ
എൺപതാം വാർഷികം കഴിഞ്ഞവർഷം മോസ്കോയിൽ വെച്ച് ആചരിച്ചപ്പോൾ യോഗത്തെ അഭിസംബോധന ചെയ്ത് ഇബ്രാഹിം ട്രോറേ ഇങ്ങനെ പറഞ്ഞു – “കഴിഞ്ഞ നൂറ്റാണ്ടിൽ സോവിയറ്റ് പട ഫാസിസ്റ്റുകളെ തോൽപ്പിച്ചു, ഈ നൂറ്റാണ്ടിൽ നമ്മൾ ഒന്നിച്ച് സാമ്രാജ്യത്വത്തെ തോൽപ്പിക്കും.” നവ കൊളോണിയൽ അടിമത്തത്തിൽ നിന്ന് ആഫ്രിക്ക എത്രയും വേഗം വിമോചിതമാകും, അന്ന് സംഘടിത ആഫ്രിക്കൻ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നത് ട്രോറെയുടെ കൂടി നേതൃത്വത്തിലാകും. ബുർക്കിനാ ഫാസോയെ പോലെ മുഴുവൻ മനുഷ്യരും അന്ന് അന്തസ്സോടെ തലയുയർത്തിപ്പിടിച്ച് നിൽക്കും.
