അടിയന്തരാവസ്ഥക്കാലത്ത് അർദ്ധ ഫാസിസ്റ്റുകളെ താഴെയിറക്കാൻ ഇന്ത്യയ്ക്ക് മുദ്രാവാക്യം വിളിച്ചു തന്നവരാണ് ബീഹാര്‍ ജനത. നരേന്ദ്ര മോദിയുടെ നവഫാസിസ്റ്റ് ഭരണത്തിനെതിരെ ബാങ്കിപ്പൂരില്‍ നിന്നുയരുന്ന മുദ്രാവാക്യവും രാജ്യം ഏറ്റുവിളിക്കുമോ?
ഇന്ദിരയുടെ അർദ്ധ ഫാസിസത്തിന് നേരെ സമ്പൂർണ്ണ വിപ്ലവത്തിന് ഉറച്ച പ്രതലം ഒരുങ്ങിയത് ജയപ്രകാശ് നാരായണന്റെ ബിഹാറിലാണ്. ഇന്ത്യൻ മതനിരപേക്ഷതയുടെ വാരിയല്ലുകൾ തകർക്കാനുള്ള പോർവിളികളുമായി ഉരുണ്ടുകൊണ്ടിരുന്ന അദ്വാനിയുടെ വർഗീയ രഥത്തെ കരുത്തിന്റെ കശേരുക്കളാൽ കെട്ടിയിട്ടത് ലാലുപ്രസാദിന്റെ ബിഹാറിലാണ്. ഇതേ ബിഹാറിൽ ഇന്ത്യൻ നവഫാസിസത്തിന് മരണം കാത്തുകിടക്കാനുള്ള ശരശയ്യ ഒരുങ്ങി തുടങ്ങുകയാണ്.
ബിജെപിയുടെ സ്വന്തം പ്രസിഡണ്ടിനെ വിജയിപ്പിച്ചു കയറ്റിയ, പകരം ആരെ കൊണ്ടുവന്നു നിർത്തിയാലും വിജയിക്കുമെന്ന് ഉറപ്പിച്ച് ശക്തി ദുർഗ്ഗം പോലെ കൊണ്ടു നടക്കുന്ന മണ്ണ് അവരുടെ കാലുകൾക്കിടയിലൂടെ ഒലിച്ചു പോവുകയാണ്. ഏതു തെരഞ്ഞെടുപ്പിലും മൂന്നിൽ രണ്ട് വോട്ടുകള്‍ താമരയിൽ വീഴുന്ന ബിഹാറിന്റെ ഹൃദയത്തിലുള്ള ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വിജയിച്ചുകയറുകയാണ്.

ഇരുപത് വര്‍ഷമായി ബാങ്കിപ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിതിൻ നബീൻ ബിജെപി ദേശീയ പ്രസിഡണ്ടായി മാറുകയും പിന്നീട് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് അവിടം രാജിവെച്ച് മറ്റൊരു സ്ഥാനാർത്ഥിയെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബി ജെ പി തീരുമാനിച്ചത്. രൂപം കൊണ്ടത് മുതലേ ബിജെപിയുടെ കൈകളിൽ സുഭദ്രമായ മണ്ഡലമാണ് ബാങ്കിപ്പൂർ. 1990 മുതല്‍ ബിജെപി സ്ഥാനാർത്ഥികൾ മാത്രമാണ് അവിടെനിന്ന് ജയിച്ചുവന്നിട്ടുള്ളത്.
പടിഞ്ഞാറൻ പട്ന (ബാങ്കിപ്പൂര്‍ മണ്ഡലത്തിന്റെ പഴയ പേര്) യെ 10 വർഷത്തോളം ബീഹാർ നിയമസഭയിൽ പ്രതിനിധീകരിച്ച് നവീൻ കിഷോർ പ്രസാദ് സിൻഹ നിതിൻ നബീന്റെ അച്ഛനാണ്. മൂന്നു പതിറ്റാണ്ടായി അക്ഷരാർത്ഥത്തിൽ ബിജെപിയൻ കുടുംബാധിപത്യത്തെ ചുമലിലേറ്റിയ നാട്. ബങ്കിപ്പൂർ നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന പട്ന സാഹിബ് ലോക്സഭാ മണ്ഡലവും 2009ൽ രൂപപ്പെട്ടത് മുതൽ ബിജെപി എംപിമാരുടെ പ്രാതിനിധ്യത്തിലാണ് തുടരുന്നത്. അങ്ങനെയൊരു നാട്ടിലെ പകുതിയോളം വരുന്ന ജനതയുടെ വോട്ടുകൾ നേടിയെടുത്താണ് പഴയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ബിഹാർ നിയമസഭയിലേക്ക് വിജയിച്ചു കയറുന്നത്.

ബീഹാറിലെ സർക്കാരിനെ മാറ്റാനുള്ള ജനവിധിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് എന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. പ്രശാന്ത് കിഷോർ ഒരുപക്ഷേ പ്രതിപക്ഷത്തിരിക്കുന്ന ആർ ജെ ഡിയെയും ഭരണം കയ്യാളുന്ന ബിജെപി ജെഡിയു കൂട്ടുകെട്ടിനെയും ഇളക്കി പ്രതിഷ്ഠിച്ച് ബിഹാറിലെ ഭരണ നിയന്ത്രണ സാധ്യതയെപ്പറ്റി മാത്രമാകണം അന്വേഷിക്കുന്നത്. പക്ഷേ അതിനുമപ്പുറം ശക്തമായ മനുഷ്യപ്രതിരോധത്തിന്റെ പ്രവചനാതീതമായ നിലപാടെടുപ്പാണ് ബീഹാറും ഇന്ത്യ മുഴുവനും അന്വേഷിക്കുന്നത്.
ആയിരക്കണക്കിന് ഐഎഎസ് ഉദ്യോഗസ്ഥരെ സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനം, എല്ലാ കേന്ദ്രസർക്കാർ പരീക്ഷകളിലും കൂടുതൽ ആവേശത്തോടെ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികളും തൊഴിലന്വേഷകരുമുൾപ്പെട്ട ജനത ഇനിമേൽ എങ്ങനെയായിരിക്കും പ്രതികരണം രൂപപ്പെടുത്തുക എന്നുള്ളതിന്റെ സൂചന കൂടിയാണിത്. സത്യം പറഞ്ഞാൽ, ആ സൂചന അവർ കഴിഞ്ഞയാഴ്ചകളിൽ തെരുവിൽ കാണിച്ചുതന്നുകൊണ്ടിരുന്നിട്ടുമുണ്ട്.

നീറ്റ്, യുജിസി നെറ്റ് അടക്കമുള്ള പരീക്ഷകളിലെ അഴിമതിയിൽ ഭരണകൂടത്തിന് നേരെ അതിഭയങ്കരമാം വിധം തെരുവുകളിലായിരുന്നു പാറ്റകളെന്ന പേരില്‍ രാജ്യത്തിന്റെ യുവജനനിര. ബിജെപി പ്രതിഷേധങ്ങളിൽ ഐക്യപ്പെടാൻ നിർബന്ധിതരായ ഇൻസ്റ്റഗ്രാമർമാർ പോലും അവരെ സിവിക് സെൻസ് ഇല്ലാത്തവരെന്ന് പരിഹസിച്ചത് കണ്ടതാണ്. പക്ഷേ ഭരണകൂടത്തെ അക്കൗണ്ടബിൾ ആക്കണമെന്ന അതേ സിവിക് സെൻസിന്റെ മൗലിക സാധ്യത ജൻ സുൻവായ് സമരങ്ങളിലൂടെ ആവശ്യപ്പെട്ടതും നേടിയെടുത്തതും ഇതേ ബിഹാർ ജനത തന്നെയാണ് എന്നോർമ്മ വേണം. അർദ്ധ ഫാസിസ്റ്റുകളെ താഴെയിറക്കാൻ ഇന്ത്യയ്ക്ക് മുദ്രാവാക്യം വിളിച്ചു തന്നവര്‍ നവ ഫാസിസ്റ്റുകളെ താഴെയിറക്കാനുള്ള പരിശ്രമം അവരുടെ മണ്ണിൽ നിന്നേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, ഇനി ബാക്കിയാകുന്ന നമ്മൾ ഇന്ത്യക്കാരാണ് അത് ഏറ്റെടുക്കുക കൂടി വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ബങ്കിപ്പൂർ ഫലം.
ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം മുമ്പൊരിക്കലും നേരിടാത്ത നിലയിലുള്ള വിമർശനം കേൾക്കുകയാണ്. ഓരോ നാട്ടിലും നൂറായിരം പ്രശ്നങ്ങൾ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യങ്ങളാക്കി മാറ്റാനുള്ള കാരണം മനുഷ്യർ കണ്ടെത്തിയിട്ടുണ്ട്. ബിജെപിയുടെ വർഗീയ എക്കോസിസ്റ്റത്തിൽ സുഖിച്ചുജീവിക്കാൻ തീരുമാനിച്ചവർ പോലും തെരുവിലിറങ്ങി കൊടി പിടിക്കേണ്ട ഗതികേടനുഭവിക്കുകയാണ്.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും അയോധ്യയിലെ അമ്പലക്കൊള്ളയും എഥനോൾ ചേർത്തുകൊണ്ടുള്ള പെട്രോൾ തട്ടിപ്പും അവയിൽ ചിലത് മാത്രമാണ്. യുപിയിൽ അഖിലേഷ് യാദവ് കറുത്ത ശ്രീരാമനും ചുവന്ന ഹനുമാനും ഉയർത്തിപ്പിടിച്ച് സമരം ചെയ്യാൻ തുടങ്ങുകയാണെങ്കിൽ, ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ E20 തട്ടിപ്പിനെതിരെയാണ് സമരമുഖം തുറക്കുന്നതെങ്കിൽ, പഞ്ചാബിൽ നിന്നും ഹിമാചലിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകർ സമരാവേശത്തിന്റെ സടകുടഞ്ഞ് വീണ്ടും ഉയർത്തെഴുന്നേറ്റു വരികയാണെങ്കിൽ, വരുംകാല സമരങ്ങൾക്ക് ശക്തമായ പുത്തൻ പ്രതീക്ഷയാണ് ഉടലെടുക്കുക.
അടുത്തവർഷം നടക്കുന്ന പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷസഖ്യം വിജയിച്ചു കയറാനുള്ള വഴികളാണ് ഈ സമരങ്ങൾ മുഴുവൻ തെളിയിച്ചുതരുന്നത്. ഏകാധിപതികൾ ദന്തഗോപുരങ്ങളിൽ ഇരിപ്പുറപ്പിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയെന്ന ജന്തർ മന്ദിറിലേക്ക് അവകാശ പോരാട്ടങ്ങളുമായി മാർച്ച് തുടരും. പടപ്പുറപ്പാടുകളുടെ പടയണിക്കാലത്ത് ഒന്നിച്ചു നിൽക്കേണ്ട ഇന്ത്യ ബ്ലോക്കാണ് ഇനി വേണ്ടത്. പ്രകടന പ്രതീക്ഷയുടെ കൂടുകൂട്ടാനും ജയിച്ചു കയറാനും സമരനിർഭരമായ ഇന്ത്യ പ്രതിപക്ഷ പാർട്ടികളെ ആകെയും മാടിവിളിക്കുകയാണ്.
ഞങ്ങൾ നീട്ടുന്ന ഊന്നുവടികളിൽ പിടിച്ചെങ്കിലും കുഴിമാടങ്ങളിൽ നിന്ന് ഉണർത്തെഴുന്നേറ്റ് വരാനായി സമ്മർദ്ദം ചെലുത്തുകയാണ് രാജ്യത്തെ യുവജനത. ജനങ്ങളും സമരങ്ങളും തെളിക്കുന്ന വഴികളിലൂടെ ഒരു പുത്തൻ ജനാധിപത്യവിപ്ലവം രൂപപ്പെടുമെന്നതില്‍ സംശയമില്ല; അതിലൂടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ വീണ്ടെടുക്കപ്പെടുക തന്നെ ചെയ്യും.
