വി ഡി സതീശന് കോണ്‍ഗ്രസിന് ഒരു വിസ്മയ പ്രതീക്ഷയോ? ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തില്‍, പുരോഗമനവാദിയും ഉറച്ച നെഹ്രൂവിയന് മതേതര ജനാധിപത്യവിശ്വാസിയുമായ സതീശന് മുഖ്യമന്ത്രിയാകുന്നത് ആ പാര്‍ട്ടിയുടെ ആത്മബലം വര്‍ദ്ധിപ്പിക്കുമോ?
പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി ഭരിച്ച ഇടതുമുന്നണിയുടെ ഏകപക്ഷീയമായ പല നയങ്ങളോടും നിലപാടുകളോടും അവരുടെ അഹങ്കാരം നിറഞ്ഞ അധികാരഭാവത്തോടുമുള്ള സാധാരണ മനുഷ്യരുടെ രോഷമാണ് ഇക്കുറി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നാണ് കോണ്‍ഗ്രസ് മുന്നണിയും മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇടതുപക്ഷ ബുദ്ധിജീവികള്‍പോലും വിലയിരുത്തുന്നത്. അതെന്തായാലും, ഇടതുപക്ഷത്തിന്റെ പരാജയകാരണമായി എടുത്തുകാണിക്കപ്പെട്ട സംഗതികളെ മുന്‍നിര്‍ത്തിയാണ് ഐക്യജനാധിപത്യമുന്നണിയെ നയിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശന് തെരഞ്ഞെടുപ്പുപ്രചരണത്തില്‍ മുന്നേറിയതെന്നത് വാസ്തവമാണ്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച മുദ്രാവാക്യങ്ങളോട് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇടത്-വലത് വ്യത്യാസമില്ലാതെ അനുകൂലമായി പ്രതികരിച്ചതിന്റെ ഫലമായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ വന്വിജയമെന്നാണല്ലോ ഇത് കാണിക്കുന്നത്. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍, ജനവികാരം ശരിക്കും മനസ്സിലാക്കിയ ഒരു നേതാവിന്റെ സമര്‍ത്ഥമായ കാമ്പെയിനാണ് ഭരണവിരുദ്ധവികാരമായി ആഞ്ഞടിച്ചത്. ജനവികാരം മനസ്സിലാക്കാന്‍ മനസ്സില്ലാത്ത, മനസ്സിലാവാത്തവിധം ഇന്‍സെന്‍സിറ്റിവ് ആയിത്തീര്‍ന്ന ഒരു മുന്നണിയെ ജനങ്ങള്‍ തിരസ്കരിക്കുകയായിരുന്നുവെന്നുകൂടിയാണല്ലോ അതിനര്‍ത്ഥം.
കൂടുതലൊന്നും വേണ്ട; കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ജനവികാരമെങ്കിലും ആഴത്തില്‍ മനസ്സിലാക്കിയ ഒരാളാണ് വി.ഡി. സതീശനെങ്കില്‍, പുതിയ കേരള മുഖ്യമന്ത്രിക്ക് വേണ്ട അടിസ്ഥാനയോഗ്യതയായി എന്ന് കരുതുന്നവരിലൊരാളാണ് ഞാനും. അധികാരത്തിലേറ്റിയ ജനങ്ങളുടെ യജമാനന്മാരാണെന്ന ഭാവത്തില്‍ അധികാര ഗര്‍വ്വോടെ നാടുവാഴുന്ന മാടമ്പിസംസ്കാരത്തിന്റെ ജനാധിപത്യവിരുദ്ധതയും അശ്ലീലവും തിരിച്ചറിയാന്‍ മാനസികവളര്‍ച്ച നേടിയ ഒരാള്‍ക്കും റോബോട്ടിക് ഭരണാധികാരിയാവാന്‍ കഴിയില്ല. വി.ഡി. സതീശനില്‍നിന്ന് എന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത് ഈ വിവേകമാണ്.

നാടിന്റെ ഭൗതിക വികസനം മാത്രമല്ല; ഭരണാധികാരിയുടെ മാനസികവികാസവും പ്രധാനമാണെന്ന തിരിച്ചറിവുള്ളയാളായിരിക്കണം പുതിയ മുഖ്യമന്ത്രിയെന്ന പൗരബോധംകൂടിയാണ് വി.ഡി. സതീശനെന്ന നെഹ്രുവിയന്‍ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചതെന്നാണ് എന്റെ തോന്നല്‍. മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശമുന്നയിച്ച പ്രമാണികളെയെല്ലാം തിരസ്കരിച്ച് താരതമ്യേന പുതിയ തലമുറക്കാരനായ സതീശനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നതിലെ ആശയക്കുഴപ്പവും അനാവശ്യപരിഗണനകളും നിലപാടുകളും കോണ്‍ഗ്രസിന്റെ ചില ആന്തരിക വൈരുദ്ധ്യങ്ങളിലേക്കാണ് ചൂണ്ടുന്നതെങ്കിലും ജനവികാരത്തിനൊപ്പം നില്ക്കാന് അവര്‍ നിര്‍ബ്ബന്ധിതരായി. ഒരുപക്ഷെ, രാജ്യത്താകെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തില്‍, പുരോഗമനവാദിയായ ഒരു ഉറച്ച ഒരു നെഹ്രുവിയന്‍ മതേതര ജനാധിപത്യവിശ്വാസിയെ മുഖ്യമന്ത്രിയാക്കുവാന്‍ കഴിഞ്ഞുവെന്നത് ആ പാര്‍ട്ടിയുടെ വിജയമായി കണക്കാക്കാം.
ഭരണത്തിലുള്ള ഇടതുപക്ഷത്തിന്റെ വീഴ്ച്ചകളെ തുറന്ന് കാണിക്കുകമാത്രമല്ല അവര്‍ കൂടുതല്‍ക്കൂടുതല്‍ വലതുപക്ഷവല്ക്കരിക്കപ്പെട്ടുകഴിഞ്ഞുവെന്നു സ്ഥാപിക്കാനും കഴിഞ്ഞതാണ് വി.ഡി. സതീശനെന്ന പ്രതിപക്ഷ നേതാവിന്റെയും മുന്നണിയുടെയും വിജയം. ഒരു പതിറ്റാണ്ടുകാലം തുടര്‍ച്ചയായി ഭരിച്ച ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ മുന്‍നിരയില്‍ നിന്നയാള്‍ക്ക് വിജയാനന്തരം സ്വന്തം പാര്‍ട്ടിയിലെതന്നെ ശക്തമായ ഒരു വിഭാഗവുമായിക്കൂടി പൊരുതി ജയിക്കേണ്ടിവന്നുവെന്നതാണ് ആ വിജയത്തിന്റെ അപൂര്‍വ്വത.

ഖദറിനുള്ളില്‍ സാത്വികരായി ഭാവിച്ചുകൊണ്ടുതന്നെ കാവിരാഷ്ടീയത്തിന്റെ പ്രത്യയശാസ്ത്രത്തോട്, (ശബരിമല സമരകാലത്തെന്നപോലെ) വിധേയത്വം പുലര്‍ത്തുന്ന മാടമ്പികളുടെ മത്സരത്തെ അതിജീവിച്ചുകൊണ്ടാണ് വി.ഡി. സതീശന് മുഖ്യമന്ത്രിപദത്തിലെത്തിയത് എന്നതും നിസ്സാരമല്ല. ചരിത്രത്തിലാദ്യമായി ജാതിമത സംഘടനകളുടെയും സമുദായ മാടമ്പിമാരുടെയും അപ്രീതി സമ്പാദിച്ചുകൊണ്ട് മത്സരരംഗത്തിറങ്ങുകയും മുഖ്യമന്ത്രിപദത്തിലേറുകയുംചെയ്ത ഒരേയൊരു കോണ്‍ഗ്രസുകാരനും എന്റെ പരിമിതമായ അറിവില്‍ വി.ഡി. സതീശനായിരിക്കും. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചയുടനെ നായര്‍ മാടമ്പികളിലൊരാള് സതീശനെതിരെ രംഗത്തുവന്നതും തികച്ചും സ്വാഭാവികം. കഷ്ടമായിപ്പോയി എന്നാണയാള്‍ പറഞ്ഞത്. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടശേഷം വി.ഡി. സതീശനു ലഭിച്ച ആദ്യബഹുമതിയായിരുന്നു അത്. സ്വന്തം സമുദായക്കാരെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ പാര്‍ട്ടികളോടും മുന്നണികളോടും സര്‍ക്കാരുകളോടും ആജ്ഞാപിക്കാറുള്ള ഈ സമുദായ മാടമ്പികളെ പ്രീണിപ്പിക്കുന്നതില്‍ ഇടതുപക്ഷവും ജാഗരൂകമാണെന്നതാണ് വൈപരീത്യം.
ഒരു കാല് ബി.ജെ.പിയിലും മറുകാല് ഇടതുപക്ഷത്തിന്റെ നെഞ്ചിലും ചവിട്ടിനില്ക്കുന്ന അഭിനവ അബ്കാരി നവോത്ഥാന നായകരാണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ ആള്ദൈവങ്ങളെന്നോര്ക്കുമ്പോഴാണ് വി.ഡി. സതീശനെപ്പോലൊരു നേതാവിന്റെ പരസ്യനിലപാടുകള്‍ പുരോഗമനകേരളത്തിന് സ്വീകാര്യമാവുന്നത്. ഖദറില്നിന്ന് കാവിയിലേക്ക് മാറാന്‍ തക്കം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസുകാര്‍ പെരുകുന്ന കാലത്ത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മതേതരജനാധിപത്യനിഷ്ഠയുടെ രാഷ്ട്രീയ സംസ്കാരമാര്ജ്ജിച്ച ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്ക്കുന്നുവെന്നത് നിസ്സാരമല്ല.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെതന്നെ അടിസ്ഥാനാദര്ശങ്ങളുടെ ഒരു പുനരുജ്ജീവനത്തിന് വി.ഡി.സതീശനെപ്പോലുള്ളവര്‍ അധികാരസ്ഥാനങ്ങളിലെത്തുന്നത് സഹായകമായേക്കാമെന്നാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ. അധികാരം എല്ലാവരെയും ഒരുപോലെ ദുഷിപ്പിക്കാനിടയില്ലെന്ന പ്രതീക്ഷയോടെയാണ് നെഹ്രുവിയന്‍ മതേതര ജനാധിപത്യവാദിയായി ഞാന്‍ മനസ്സിലാക്കിയ സഹൃദയനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വി.ഡി. സതീശന് എന്ന പുതിയ മുഖ്യമന്ത്രിക്ക് ഞാന്‍ വിജയാശംസകളും അഭിവാദ്യവും അര്‍പ്പിക്കുന്നത്.
സര്‍ക്കാരുകളും വികസനവുമെല്ലാം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അനുക്രമം മുന്നോട്ടുപോകുന്ന ഒരു തുടര്‍ച്ചയാണ്. ഓരോരുത്തരും പുതിയ കേരളം ഉണ്ടാക്കും എന്നൊന്നും വീമ്പുപറയേണ്ടതില്ല. മോദിയുടെ അവകാശവാദംപോലെ പരിഹാസ്യമായ വ്യാജമാണത്. പുതിയ മുഖ്യമന്ത്രി നിലവിലുള്ള കേരളവും അതിന്റെ അവശേഷിക്കുന്ന പ്രകൃതിയും പ്രകൃതിവിഭവങ്ങളും സ്വച്ഛതയും നശിക്കാതെ നോക്കിയാല്‍ത്തന്നെ ധാരാളമായി. വികസനത്തിന്റെ മറവില്‍ നാട്ടിലെ മനുഷ്യരെയും പ്രകൃതിയെയും കൊള്ളയടിക്കാന്‍ മുതിരാതിരിക്കുകയെന്നതാണ് പ്രധാനം. ഇതിനേക്കാളൊക്കെ പ്രധാനമാണ് പ്രതിപക്ഷ ബഹുമാനം. പകുതിയോളമെങ്കിലും ജനങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും അവരുമായി ചര്‍ച്ചചെയ്യുകയും വേണ്ടതിനുപകരം അവരെ ശത്രുക്കളായി മുദ്രകുത്തുന്ന ബിജെപിയുടെ ഫാസിസ്റ്റ് രീതിയെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്ത് അതാവര്ത്തിക്കുന്നതിലെ വൈരുദ്ധ്യമെങ്കിലും തിരിച്ചറിയണം.
പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഇക്കാര്യത്തില്‍ ഗുണപരമായൊരു മാറ്റംകൊണ്ടുവരുമെങ്കില് അത് ജനാധിപത്യത്തിലെ ഒരു മികച്ച മാതൃകയായിരിക്കും.

പ്രതിപക്ഷമുക്ത രാജ്യം സ്വപ്നം കാണുന്ന ബിജെപിയുടെ രീതിയിലാണോ പ്രതിപക്ഷപ്പാര്ട്ടികളോട് പെരുമാറേണ്ടത്? ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ചെടിച്ചട്ടികൊണ്ടെന്നല്ല, ചെടിക്കമ്പുകൊണ്ടുപോലും ഓടിച്ചിട്ട് തല്ലരുത്. ആശാ വര്‍ക്കമാരെ ഭീകരസംഘടനാപ്രവര്ത്തകരെന്ന് മുദ്രകുത്തരുത്. വ്യക്തികളുടെ വീടിനുള്ളില്‍ പൊലീസ് സേനയുമായിവന്ന് മഞ്ഞക്കല്ല് നാട്ടരുത്. സ്വകാര്യ രക്ഷാപ്രവര്‍ത്തകരുടെയും പൊലീസ് സേനയുടെയും അകമ്പടിയില്ലാതെ പൗരന്മാര്ക്കിടയിലേക്കിറങ്ങുന്നത് അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുമെന്ന് കരുതരുത്. അധികാരത്തിന്റെ ഉന്മാദം സൃഷ്ടിക്കുന്ന ഇത്തരം സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പറയാനേറെയുണ്ട്. ഇതിനൊക്കെ എതിര്‍നിന്ന പഴയ പ്രതിപക്ഷനേതാവായിരുന്ന പുതിയ മുഖ്യമന്ത്രിയോട് ഇതൊക്കെ ഓരോന്നായി എടുത്തുപറയുന്നില്ല. മനസ്സിലുണ്ടായാല്‍ മതി.
പൊലീസ് സേനയിലെ കാവിവല്‍ക്കരണം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലും ഊര്‍ജ്ജിതമായിരുന്നു എന്നതുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞുമറിയാതെയുമെല്ലാം പൊലീസതിക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പ്. കാവിവല്‍ക്കരണം പൊലീസിലും ബ്യൂറോക്രസിയിലും ഇടത്-വലത് പാര്‍ട്ടികളിലുമെല്ലാം സംഭവിക്കുന്ന കാലത്ത് പൊലീസിനെ ജനസേവകരായ നിയമപാലകരാക്കാനാവുമോ എന്നത് വി.ഡി. സതീശനൊരു വെല്ലുവിളിയായിരിക്കും. ഏത് ഭരണത്തിലും ജനങ്ങളെ തല്ലിച്ചതയ്ക്കുകയും ലോക്കപ്പില്‍ തല്ലിക്കൊല്ലുകയുംചെയ്യുന്ന പൊലീസ് പ്രതിപക്ഷത്തെയും വെറുതെവിടാറില്ലല്ലോ. അതിനുപിന്നിലെ അജ്ഞാതശക്തിയെ കണ്ടാലും കണ്ടില്ലെന്ന് നടിക്കാന്‍ ഭരണാധികാരികള്ക്കറിയാമെന്നും സമീപകാലത്ത് നമ്മള് കണ്ടതാണ്. റിട്ടയര്‍മെന്റിനുശേഷം ആര്.എസ്. എസ്സിലും ബിജെപിയിലും പോകാനിരിക്കുന്ന ഐ.ഐ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെത്തന്നെ തിരഞ്ഞുപിടിച്ച് സുപ്രധാന തസ്തികകളില്‍ വെക്കാനുള്ള ജാഗ്രത കൂടിയാണ് ഇടതുപക്ഷത്തിന്റെ പരാജയകാരണമെന്ന് പുതിയ മുഖ്യമന്ത്രി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാനേ നമുക്ക് കഴിയൂ.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറിക്കൊണ്ടിരുന്ന കേരളത്തിലെ ഭരണം ഇക്കഴിഞ്ഞ തവണമാത്രം ഒരു ദശകക്കാലം കഴിഞ്ഞാണ് വിട്ടുപോയത്. നല്ലതായാലും ചീത്തയായാലും അഞ്ചുവര്‍ഷത്തില്‍ക്കൂടുതല്‍ ഒരു മുന്നണി ഭരിക്കുന്നത് നാടിനും ആ മുന്നണിക്കും ജനാധിപത്യത്തിനുതന്നെയും നല്ലതല്ലെന്നതാണ് വാസ്തവം. ബംഗാള്തന്നെയാണ് ഏറ്റവും മികച്ച മാതൃക. പാതി ജനങ്ങളും വിശ്വാസമര്‍പ്പിക്കുന്ന മറുപക്ഷത്തെ എന്നേക്കുമായി അകറ്റിനിര്ത്തുകവഴി ഒരു മുന്നണിയുടെ ഇംഗിതം മാത്രം നടപ്പാക്കപ്പെടുന്നത് ഒരു സാമൂഹികവിരുദ്ധപ്രവര്ത്തനംപോലുമാണ്. കേരളത്തിലും അധികാരമാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിച്ചത് അതുകൊണ്ടുകൂടിയായിരിക്കണം.
ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയെന്നതില്ക്കവിഞ്ഞൊന്നും സംഭവിക്കില്ലെന്ന് കരുതുന്ന ദോഷൈകദൃക്കുകളായ അരാഷ്ട്രീയവാദികളോടൊപ്പമല്ല ഞാന്‍. ഈ അധികാരമാറ്റത്തിന്റെ രാഷ്ട്രീയം വളരെ പ്രധാനമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനതിരെ ഉയര്‍ന്നുവരേണ്ട ദേശീയ പ്രതിപക്ഷനിരയ്ക്ക് നേതൃത്വം നല്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ആത്മബലം പകരാന്‍ ഉപകരിക്കുമെന്നതാണ് ഈ രാഷ്ട്രീയവിജയംകൊണ്ടുണ്ടായ നേട്ടമായി ഞാന്‍ കരുതുന്നത്. മോദിയുടെ വികസനത്തോട് മത്സരിക്കുന്ന വികസനമല്ല കേരളത്തിനാവശ്യം. മോദിയുടെ വര്‍ഗ്ഗീയ ഫാസിസത്തെ പ്രതിരോധിക്കുന്ന ഒരു ജനാധിപത്യ സമൂഹമായി കേരളത്തെ നിലനിര്‍ത്തുകയെന്നതാണ് അടിയന്തരകര്ത്തവ്യം. ഈവക കാര്യങ്ങള്‍ പറയുന്ന നാട്ടുകാരെ പേടിപ്പിക്കാതെ അതിന് ചെവികൊടുക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍പോന്ന ലോകവിവരവും വിവേകവും ജനാധിപത്യബോധവും മനുഷ്യപ്പറ്റും ഉള്ളയാളാണ് പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന വി.ഡി. സതീശനെന്നാണ് മഹാഭൂരിപക്ഷം മലയാളികളെയുംപോലെ ഞാനും കരുതുന്നത്.
ഒരു നഗ്നപാദ മുഖ്യമന്ത്രിയൊന്നുമായില്ലെങ്കിലും ആള്‍ദൈവമായി അഭിനയിക്കുന്നതിലെ അശ്ലീലം തിരിച്ചറിയാനുള്ള വിവേകം വിപുലമായ വായനാശീലവും മനുഷ്യബന്ധങ്ങളുമുള്ള സഹൃദയനായ വി.ഡി. സതീശനുണ്ടെന്നതില്, അധികാരകേന്ദ്രങ്ങളെ ദൂരെനിന്നുപോലും കാണാന്‍ പേടിക്കുന്ന എനിക്കുപോലും തീര്‍ച്ചയുണ്ട്.

ഒ കെ ജോണി- എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ്. മികച്ച ഡോക്യുമെന്ററിക്ക് രണ്ട് തവണ രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സിന്റെ എഡിറ്റോറിയല്‍ മേധാവിയായിരുന്നു.
