ബിജെപി നേതാവ് പരാതി നല്‍കിയതിന്റെ പേരില്‍ കാസര്‍ക്കോട്ട് ഒരു കൂലിപ്പണിക്കാരന് സ്വന്തം പൗരത്വം തെളിയിക്കേണ്ടിവന്നിരിക്കുന്നു.
മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടറാണ് പൈവളികെ സ്വദേശിയായ കയ്യാർ കണ്ണാങ്കളി മുഹമ്മദ്. 55 വയസ്സുകാരനായ കൂലിപ്പണിക്കാരൻ. 1970ൽ ജനിച്ചതും പത്തുവരെ പഠിച്ചതും ഇതുവരെ വോട്ട് ചെയ്തതും ഇന്നും ജീവിക്കുന്നതും ഇന്ത്യയിൽ, കേരളത്തിലാണ്. അയാൾക്ക് ഇനിയും കേരളത്തിൽ ജീവിച്ചുകൊണ്ട് വോട്ട് ചെയ്യാമെന്ന ഉറപ്പ് ഭരണകൂടം നൽകിയിരിക്കുകയാണ്. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും സ്ഥിരതാമസം മാറിപ്പോയെന്നും പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി നേരിടേണ്ടി വരും.
മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ വെച്ച് നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കെ. മുഹമ്മദിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിൽ നിന്ന് നോട്ടീസ് ലഭിച്ചത്. തന്റെ പൗരത്വം തന്നെ ചോദ്യം ചെയ്യുന്നതാണ് പരാതി. തൻറെ ദേശീയതയ്ക്ക് തെളിവ് നൽകേണ്ടിവരും. ആശങ്കയുടെ നടുക്കടലിലായിരുന്നു മുഹമ്മദ്. സ്വന്തം പേരിലുള്ള ആധാർ കാർഡും റേഷൻ കാർഡും തിരിച്ചറിയൽ കാർഡും ഹാജരാക്കി അയാൾ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്; തെരഞ്ഞെടുപ്പ് കുടിലതയും വിദ്വേഷവും ഭീതിയും പരത്തുന്നവരുടെ ആസൂത്രിത നീക്കങ്ങളില്‍ നിന്ന്.
അനധികൃതമായി ചേർത്തുവെച്ചിട്ടുള്ള പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടാനുപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയാണ് ഫോം 7. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം നടന്ന സമഗ്രവോട്ടര്പ്പട്ടികാ പരിഷ്കരണത്തിൻ്റെ കാലത്ത് വേണ്ടിടത്തും വേണ്ടാത്തിടത്തും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട രേഖ. പ്രമുഖരടക്കം ആയിരക്കണക്കിനാളുകളുടെ വോട്ടവകാശം വെട്ടിമാറ്റിയ രേഖ.
തെരഞ്ഞെടുപ്പ് കാലത്തിന് വിളംബരമായി മാറുന്ന മുന്നണിജാഥകൾ തുടങ്ങാനോ ഒടുങ്ങാനോ ഉള്ള ഒരു മണ്ഡലമാണ് സാധാരണമലയാളിക്ക് മഞ്ചേശ്വരം. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റം. അതിർത്തിക്കപ്പുറം കർണാടകയിൽ ദക്ഷിണ കന്നഡ ജില്ലയാണ്. ഒരുകാലത്ത് ഇഎംഎസും എകെജിയും നിരന്തരം പൊതുയോഗങ്ങളിൽ പ്രസംഗിച്ചിരുന്ന മണ്ണ്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ ബി വി കക്കിലയയും എ കൃഷ്ണ ഷെട്ടിയും എംഎൽഎമാരായി പ്രവർത്തിച്ചിട്ടുള്ള ജില്ല. പക്ഷേ, 2023ലെ കർണാടക പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉടുപ്പി മണ്ഡലങ്ങളിൽ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത്സരിക്കാതെ പോരാട്ടം അവസാനിപ്പിച്ചത് വാർത്തയായി. ഇപ്പോൾ കർണാടകയിലെ ബിജെപി നേതാക്കൾ അതിർത്തികടന്ന് മഞ്ചേശ്വരത്ത് വന്ന് ഹിന്ദുത്വ സംഘാടനത്തിന് ചുക്കാൻ പിടിക്കുകയാണ്.
പതിറ്റാണ്ടുകളായി വർഗീയ കൊലപാതകങ്ങൾ അരങ്ങേറുന്നയിടം കൂടിയാണ് ദക്ഷിണ കന്നഡ. കഴിഞ്ഞവർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള അഷ്റഫ് എന്ന തൊഴിലാളി, ബജ്രംഗ്ദൾ നേതാവായ സുഹാസ് ഷെട്ടി, പിക്കപ്പ് ട്രക്കുടമയായ അബ്ദുൽ റഹ്മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനുമുമ്പ് 2022 ജൂലൈയിൽ മൂന്ന് പേരും 2017ൽ ആറു പേരും വർഗീയ രാഷ്ട്രീയത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞാഴ്ച മഞ്ചേശ്വരത്ത് ചന്തയിൽ വിൽക്കാനായി കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് മർദ്ദനമേറ്റിരുന്നു.
2006-ലെ സംസ്ഥാന പൊതുതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി ജയിച്ചുകയറിയത്
സിപിഐഎം നേതാവായ സി എച്ച് കുഞ്ഞമ്പുവായിരുന്നു. 2011ൽ സ്ഥിതി വ്യത്യസ്തമായി. മുസ്ലിംലീഗിന്റെ അബ്ദുൾ റസാഖ് 5828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ രണ്ടാമത് ബിജെപി നേതാവായ കെ സുരേന്ദ്രനായിരുന്നു. 2016-ലെ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വോട്ടെണ്ണം കൂട്ടി 89 വോട്ടുകളുടെ മാത്രം വ്യത്യാസം തീർത്തു. 2019-ൽ പി വി അബ്ദുൾ റസാക്കിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എം സി കമറുദ്ദീനാണ് ജയിച്ചത്. 2021ൽ ഒന്നാമതെത്തിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെക്കാൾ 855 വോട്ടുകൾ മാത്രമാണ് സുരേന്ദ്രന് കുറവുള്ളത്.
തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വീടുകയറിയപ്പോൾ, വോട്ട് വെട്ടിക്കളയാനും പഴുതുണ്ടോ എന്ന് തപ്പി നടക്കുന്ന രാഷ്ട്രീയപാർട്ടികളുണ്ടാകുന്നത് വെറുതെയല്ല.
അതുകൊണ്ട് ഓരോ വോട്ടും വെട്ടുന്നതും കൂട്ടുന്നതും രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ച് നിർണായകമായി മാറുകയാണ്. കേരളത്തിലെ വരുന്ന പൊതുതെരഞ്ഞെടുപ്പിലേക്കായി ഓരോ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വെട്ടി-കൂട്ടിയ വോട്ടുകളും തെരഞ്ഞെടുപ്പ് വിജയവും മഞ്ചേശ്വരം മുതൽ നെയ്യാറ്റിൻകര വരെ എങ്ങനെ വന്നുഭവിക്കുമെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് മനുഷ്യാരം.
