എല്ലാ കല്ലിലും ഒരു ശില്‍പ്പം ഉറങ്ങിക്കിടക്കുന്നുവെന്നാണല്ലോ പറയുന്നത്. ശില്പ്പമല്ലാത്തതെല്ലാം ചീന്തിമാറ്റിയാല് ശില ശില്പ്പമായി. ഭാവനയ്ക്കപ്പുറം ഭക്തികൂടി അഭിഷേകം ചെയ്താല്‍ ശില്‍പ്പം ദൈവവുമായി. കലാക്ഷേത്രങ്ങള്‍ ക്ഷേത്രമായി!
തെക്കന്‍ കര്‍ണ്ണാടകയിലെ ചില ഗ്രാമങ്ങളില്‍ ശില്പ്പങ്ങളല്ലാത്ത കല്ലുകളില്ലെന്നുതന്നെ തോന്നും. കല്ലില്‍ കൊത്തിയ ശില്പ്പങ്ങള് കണ്ട് കണ്ട് കാണുന്ന കല്ലുകളിലെല്ലാം ശില്പ്പങ്ങള് കാണുന്ന തരത്തിലേക്ക് കണ്ണുകള്‍ വിസ്മയത്തോടെ പാകപ്പെടുന്നു.
ഭൂമിയില്‍ ഇതുപോലൊരു ശിലോദ്യാനം വേറെയുണ്ടോ എന്നറിയില്ല.
തെക്കന്‍ കര്‍ണ്ണാടകയിലെ തനിക്കാര്‍ഷിക ഗ്രാമമായ ബേലൂര്‍ പോലെ,
അവിടെ നിന്ന് പതിനാറ് കിലോമീറ്റര്‍ അപ്പുറത്ത് നില കൊള്ളുന്ന ഹലേബിഡ് പോലെ!
തൊള്ളായിരം വര്‍ഷം മുമ്പേ ഒരു അദ്ഭുത കലാനാഗരികതയായിരുന്നെന്ന് ലോകത്തോട് വിളിച്ചു പറയുന്ന രണ്ട് ക്ഷേത്ര ഗ്രാമങ്ങള്‍. ആയിരക്കണക്കിന് തച്ചന്മാരുടെയും അവരുടെ കല്ലുളികള്‍ ശബ്ദിച്ച സംഗീതത്തിന്റെയും ഉറഞ്ഞു പോയ സ്മാരകങ്ങള്‍. ഇപ്പോഴും ചരിത്രത്തിലെ പകരങ്ങളില്ലാത്ത കൊത്തു വേലകളുമായി വിസ്മയം വിരിയിക്കുകയാണ്. എത്ര കാലങ്ങള്‍ കണ്ടാലും കണ്ട് കൊതി തീരാത്തത്രയും അതിശയക്കല്വേലകള്.
ശില്പങ്ങള് അല്ലാത്തതായി ഒരു കരിങ്കല്ലു പോലും എടുത്തു കാണിക്കാനില്ലാത്ത ഈ രണ്ട് ക്ഷേത്രത്തെയും പോലെ ക്ഷേത്രങ്ങള്‍ ലോകത്തെവിടെയെങ്കിലുമുണ്ടോ? ‘ഉണ്ട്, മൈസൂര്‍ നഗരത്തിനടുത്തുള്ള സോമനാഥപുര. അത് ഹലേബിഡില് നിന്ന് 170 കിലോമീറ്ററെങ്കിലും വരും ‘ മാംഗ്ലൂര്കാരനായ മഹേഷ് മഞ്ചുനാഥ് പറഞ്ഞു. സൂഷ്മദൃക്കുകള്ക്കല്ലാതെ ഈ ശില്പ്പങ്ങളൊന്നും വ്യവച്ഛേദിച്ച് പറയാനാവില്ല. അതുകൊണ്ട് ബേലൂര്‍ ഹലേബിഡ് കണ്ടാലും സോമനാഥപുര കണ്ടപോലെ തന്നെയെന്ന് മഹേഷ് ആശ്വസിപ്പിച്ചു.
ഇനി എന്നെങ്കിലും മൈസൂര്‍ വഴി പോകുമ്പോഴാകട്ടെ സോമനാഥപുര സന്ദര്‍ശനം.
1117 ല്‍ ചോളര്‍ക്കെതിരായ തലക്കാട്ട് യുദ്ധം വിജയിച്ചതിന്റെ ഓര്‍മ്മയക്ക് ഹൊയ്സാല രാജാവ് വിഷ്ണുവര്‍ദ്ധനനും ഭാര്യ ശാന്തള ദേവിയുമാണ് ബേലൂരിലെ ഈ ചെന്നകേശവ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതെന്നാണ് പറയുന്നത് . 103 വര്‍ഷമെടുത്തു
സൂക്ഷ്മ ശില്പാലങ്കരങ്ങളോടെ ഈ കലാക്ഷേത്രം പൂര്‍ത്തിയാവാന്‍. നിര്‍മ്മാതാക്കള്‍ക്ക് ശില്പ്പക്ഷേത്രം പൂര്‍ണ്ണതയോടെ കണ്ട് കണ്ണടയാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല.
മൂന്ന് കലാതലമുറകള് കല്ലുകളിലൂടെ മത്സരിച്ച ഈ കലാവൈഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കാലത്തെ നിശ്ചലമാക്കി നിര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. ശാസ്ത്രത്തെപ്പോലും തൊഴുകൈകളോടെ നിര്‍ത്തുന്നു!
ആനയും കുതിരയും പക്ഷിമൃഗാദികളും യുദ്ധവും രതിയും വേട്ടയും നൃത്തവും സംഗീതവും അവതാരങ്ങളുമെല്ലാമായി സൂക്ഷ്മത്തിലും സൂക്ഷ്മമാണ് ഓരോ ശില്പവും. ഒരു ദിവസം കൊണ്ട് ഒരു നോട്ട പ്രദക്ഷിണമേ നടക്കൂ. ഒരോന്നും വിശദമായി കാണാന്‍ ദിവസങ്ങള്‍ വേണം. കണ്ണേ മടങ്ങുകയെന്ന് എത്രയാവര്‍ത്തി പറഞ്ഞാലും മടങ്ങിവരാനാവാത്ത ക്ലേശകരമായ കാന്തികത.
കണ്ണടച്ചാലും കണ്ണില്‍ ആ ശില്പങ്ങള് തന്നെ വീണ്ടും വീണ്ടും തെളിയും. പുരാവസ്തു വകുപ്പിന്റെ പരിചരണത്തിലാണ് ക്ഷേത്രം. പറയത്തക്ക പൂജകളോ വഴിപാടുകളോ ഭക്തിപ്രകടനങ്ങളോ ഇല്ല. ആരാധിക്കേണ്ടവര്‍ക്ക് ആരാധിക്കാം . തൊഴേണ്ടവര്‍ക്ക് തൊഴാം എന്നു മാത്രം. അതു കൊണ്ട് വിശ്വാസികളുടെ പ്രവാഹമില്ല. അതു കൊണ്ടുതന്നെ ഈ കലാഗോപുരങ്ങള്‍ രക്ഷപ്പെട്ടുവെന്നും പറയാം.
ഹലേബിഡിലെ ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ദ്വാരപാല ശില്പങ്ങള്ക്കൊന്നിനും കൈകളില്ല. കരിങ്കല്‍ ശില്‍പ്പങ്ങളുടെ കൈകളെപ്പോലും ഭയന്നിരുന്ന ആ ശത്രുരാജാവ് ആരാണ്?. പതിനാലാം നൂറ്റാണ്ടില്‍ ഹൊയ്സാലന്മാരെ ആക്രമിച്ച മാലിക്ക് കഫൂറാണ് ഈ ശില്പങ്ങളുടെ കൈകള്‍ അറുത്ത് മാറ്റിയതെന്നാണ് ചരിത്രം പറയുന്ന ഒരു ഉത്തരം. എന്തോ നിശ്ചയമില്ല. കൈകള്‍ പോയാലെന്ത്, ശില്പങ്ങളുടെ മുഖവും ശരീരവും അതി സൂക്ഷ്മങ്ങളായ അതിലെ ഞൊറിവുകളും ആഭരണങ്ങളും മാത്രം മതി ഈ ശില്പങ്ങളെ ലോകത്തെ തന്നെ ഒന്നാംനിര കരിങ്കല്‍ കലാശില്‍പ്പങ്ങളായി മുന്നില്‍ നിര്‍ത്താന്‍. ശില്പകലയുടെ അനുഗ്രഹങ്ങളെ സ്ഥൂലത്തിലും സൂക്ഷ്മത്തിലും അമ്പരപ്പിച്ച ഹലേബിഡ് ശില്പ്പികളുടെ കൈകളും കൈയ്യുളികളും അനന്തകാലം നമിക്കപ്പെടുമെന്നതില് സംശയമില്ല.
നമ്മുടെ പെരുന്തച്ചനും മകനും പോലെ ബേലൂരിലും ഹലേബിഡിലും ഒരു പെരുന്തച്ചന്റെ നാടോടിക്കഥ പാറിപ്പറക്കുന്നുണ്ട്. ക്ഷേത്രങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ അതിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താന്‍ ബേലൂരിലെ പെരുന്തച്ചന് വെല്ലുവിളിച്ചത്രേ. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തന്റെ രണ്ട് കൈകളും അറുത്തുമാറ്റാമെന്നായിരുന്നു വാഗ്ദാനം. വഴി പോക്കനായ ഒരു യുവാവ് വിഗ്രഹത്തില്‍ ചിലതിന്റെ വീഴ്ച്ച കണ്ടെത്തി. ഉളികൊണ്ടുള്ള ഒറ്റ വെട്ടിന് ഒരു ഗണപതി വിഗ്രഹം ഉടച്ചു!
ശില്പത്തെപ്പോലെ തന്നെ പെരുന്തച്ചന്റെ ഹൃദയവും തകര്‍ന്നു. വാഗ്ദാനം നിറവേറ്റാന്‍ തച്ചന് തന്റെ കൈവെട്ടാനാഞ്ഞപ്പോള് യുവാവ് തടഞ്ഞു. അവന്റെ നാടും വീടും അമ്മയെയും അന്വേഷിച്ചപ്പോഴാണ് പെരുന്തച്ചന് ശരിക്കും ഞെട്ടിയത്. അത് തന്റെ തന്നെ മകനാണെന്നും ആ ഉളി പിടിച്ച കൈകളിലോടുന്നത് തന്റെ തന്നെ രക്തമാണെന്നും അയാള്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
അരിയപ്പെടാതെ തന്നെ അവസാനിച്ച ഒരു പെരുന്തച്ഛന് കോംപ്ലക്സിന്റെ കഥയാണതെന്ന് പറയാം. ആ കൈകള്‍ അതിനുശേഷവം ബേലൂര്ക്കല്ലുകളില് അനവധി അദ്ഭുതങ്ങള്‍ കൊത്തിയെടുത്തിരിക്കണം.
ബേലൂര്‍ പെരുന്തച്ചന്റെയും മകന്റെയും പിന്‍ഗാമികളെന്ന് തോന്നിക്കുന്ന മുഷിഞ്ഞ വേഷധാരികളായ സ്ത്രീകള്‍ ഈ സ്ഥലങ്ങളില്‍ ഇപ്പോഴും ശില്പ്പങ്ങള് കൊത്തി വില്‍ക്കുന്നുണ്ട്. ഇവരുടെ മുഖങ്ങളെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലിട്ട് തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിച്ചാല്‍ ഹൊയ്സാല ശില്പ്പികളുടെ രൂപം കിട്ടുമായിരിക്കും.
ഒരു സ്ത്രീ ആയിരം രൂപ വില പറഞ്ഞ ഒരു ബുദ്ധശില്പത്തിന് വിലപേശി ഞാന്‍ ഇരുന്നൂറ്റമ്പത് രൂപയ്ക്ക് വാങ്ങി. അതിന് ആയിരം കൊടുത്താല്പ്പോരെന്ന് ഉള്ളില്‍ തോന്നിയെങ്കിലും വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും ഇല്ലായ്മയ്ക്ക മുന്നില്‍ ബുദ്ധന് ഇരുന്നൂറ്റമ്പത് രൂപയ്ക്ക് ശാന്തമായി മന്ദഹസിച്ചു. ചോദ്യം അതല്ല, ലോകത്തെ ഏറ്റവും സുന്ദരവും സമ്പന്നവുമായ ഈ ശില്പപാരമ്പര്യത്തിന്റെ പിന്മുറക്കാര് എങ്ങനെ ഇത്രമാത്രം ദരിദ്രരും പാര്‍ശ്വവത്കൃതരുമായി എന്നതാണ്.
ലോകം ബേലൂരിനെയും ഹലേബിഡിനെയും വാഴ്ത്തുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട ശില്പ്പങ്ങളെപ്പോലുള്ള ഈ മനുഷ്യരെ വെറും വഴിവാണിഭക്കാരാക്കിയ ആ വ്യവസ്ഥയേതെന്നാണ്?. ഹലേബിഡ് എന്നാല്‍ പഴയ നഗരം എന്നാണ് അര്‍ത്ഥം. വളരെ പഴയ നഗരം തന്നെയാണ് ഇപ്പോഴും ഹലേബിഡ്. പുതിയത് പലതും വന്നിട്ടുണ്ടെങ്കിലും പഴമ കൊണ്ടാണ് എല്ലാം പൊതിഞ്ഞു കെട്ടിയിരിക്കുന്നത്. പഴമയുടെ കല്ലില്‍ കൊത്തിയ പ്രൗഡി തലയുയര്‍ത്തി നില്ക്കുമ്പോള് ചുറ്റിലും മനുഷ്യമുഖങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നത് അന്തമില്ലാത്ത ദൈന്യതയാണ്.
ബേലൂരിലും ഹലേബിഡിലും
ക്ഷേത്രച്ചുവരുകളില്‍ ശില്പനിരകളുടെ ഇടയില്‍ ചില വിട്ട ഭാഗങ്ങള്‍ കാണാമായിരുന്നു. ഞാന്‍ ഒന്നുകൂടി ബറോഡയില്‍ കലാ അധ്യാപകനായ മംഗ്ലൂരുകാരന് മഹേഷ് മഞ്ചുനാഥിനെ വിളിച്ചു. ‘ഓ, അതോ, അത് വരും തലമുറക്ക് ശില്പങ്ങള് ചെയ്യാന്‍ ബേലൂരിലെ പഴയ പെരുന്തച്ചന്മാര് ബോധപൂര്‍വം ഒഴിച്ചിട്ടതാണെന്നാണ് കരുതുന്നത്!’ മഹേഷ് പറഞ്ഞു.
അതിനുശേഷം എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടു. നൂറായിരം ശില്പികളും പിറന്നു. ഒരാള്‍ക്കും ആ വെല്ലുവിളി ഏറ്റെടുക്കാനായില്ലല്ലോ. എത്ര നിസ്സാരമാണ് നമ്മുടെ ഈ കാലമെന്ന് കാണാന്‍ ആ ഒഴിഞ്ഞ ഇടങ്ങള്‍തന്നെ ധാരാളം!
