ശ്രീരാമകൃഷ്ണരും വിവേകനന്ദനും പോലെ പരസ്പരം വെളിച്ചമായ ഗുരുശിഷ്യരായിരുന്നു നാരായണഗുരുവും നടരാജ ഗുരുവും. മാര്‍ച്ച് 19 നടരാജഗുരുവിന്റെ ഓര്‍മ്മദിനമാണ്.

ഡോ. പല്‍പ്പുവിന്റെ രണ്ടാമത്തെ മകനായ ഡോ. പി നടരാജനാണ് നടരാജഗുരു. നാരായണഗുരുവിന്റെ മറ്റെല്ലാ ശിഷ്യരും ഗുരുവിലേക്ക് അങ്ങോട്ട് വന്നുചേര്ന്നവരാണെങ്കില് ഇങ്ങോട്ട് ഗുരു ചോദിച്ചു വാങ്ങിയ ശിഷ്യനാണ് നടരാജന്. ‘ തമ്പിയെ എനിക്ക് തന്നേക്കുമോ?’ എന്നാണ് ഡോ. പല്‍പ്പുവിനോട് ഗുരു ചോദിച്ചത്. ഒരായുഷ്കാലം മുഴുവന്‍ നാരയാണഗുരുവിനായി സമര്പ്പിച്ചാതായി പിന്നീട് നടരാജന്റെ ജീവിതം. നാരായണഗുരുവിനെ ഇത്തിരിപ്പോന്ന മലയാളത്തിന്റെ ആത്മീയ പരിസരത്തു നിന്നും സാമുദായിക ചുറ്റളവില്‍ നിന്നും മോചിപ്പിച്ച് മാനവകുലത്തിന്റെ മുഴുവന്‍ ഗുരുവായി ലോകത്തിന് പരിചയപ്പെടുത്തിയത് ഡോ. പി. നടരാജന് എന്ന നടരാജഗുരുവാണ്.
1926-ല്‍ സിലോണ്‍ സന്ദര്‍ശനവേളയിലാണ് തന്നോടൊപ്പമുണ്ടായിരുന്ന നടരാജന് ഗുരു സന്യാസദീക്ഷ നല്‍കുന്നതിന്റെ പ്രതീകമായി ഒരു മഞ്ഞ ഷാള്‍ നല്‍കിയത്.
ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമിവിവേകാനന്ദനും പോലെയായിരുന്നു നാരായണഗുരുവും നാടരാജഗുരുവും തമ്മിലുള്ള ആത്മബന്ധം. നാരായണഗുരുവില്‍ നിന്നുള്ള ദാര്‍ശനികമായ തുടര്‍ച്ച മാത്രമാല്ല ഇടര്‍ച്ച കൂടിയുമായിരുന്നു നടരാജഗുരു. ഗുരുവിന്റെ പല ആലോചനകളും തിരുമാനങ്ങളും കണ്ടെത്തലുകളും നടരാജഗുരു വഴി തിരുത്തപ്പെട്ടിട്ടുണ്ട്. നാരായണഗുരു പോലും ഒരു പൂര്‍ണ്ണനായ ഗുരുവായത് നടരാജഗുരു എന്ന ശിഷ്യനറെ സാമീപ്യത്തിലൂടെയാണ്; നടരാജ ഗുരു അത് സമ്മതിച്ചിട്ടില്ലെങ്കിലും.
ഭാരതീയ ഗുരുപാരമ്പര്യത്തിന്റെ ഏറ്റവും ആധുനികമായ മുഖമായിരുന്നു ശ്രീനാരായണ ഗുരുവെങ്കില്‍ അതിലും ആധുനികനോ അത്യാധുനികനോ ആയിരുന്നു അദ്ദേഹത്തിന്റെ ശിഷ്യന് നടരാജഗുരു. പാശ്ചാത്യവിദ്യാഭ്യാസവും പാശ്ചാത്യ വൈജ്ഞാനിക സമ്പത്തും വേണ്ടുവോളമുണ്ടായിരുന്ന നടരാജനെ അതുകൊണ്ടു തന്നെയാകണം ഗുരു പ്രത്യേകം തെരഞ്ഞെടുത്തത്.

എം എ, എല്‍ ടി ബിരുദങ്ങള്‍ കഴിഞ്ഞ നടരാജനെ പാരീസിലേക്ക് ഉന്നതപഠനത്തിനയച്ചത് നാരായണ ഗുരു മുന്‍കയ്യെടുത്താണ്. പാരീസിലെ സോര്‍ബോണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ട്രിപ്പിള്‍ ഓണേഴ്സോടെ ഡിലിറ്റ് ബിരുദം നേടിയാണ് നടരാജന് ഡോ. പി നടരാജനും പിന്നീട് നടരാജഗുരുവുമായത്. നാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ആധുനിക ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വെളിച്ചത്തില്‍ ലോകസമക്ഷം അവതരിപ്പിക്കുകയായിരുന്നു നടരാജഗുരു. നാരായണഗുരുവിന്റെ പൗരസ്ത്യദര്ശനവും നടരാജഗുരുവിന്റെ പാശ്ചാത്യദര്‍ശനവും ചേര്‍ന്നതാണ് ആധുനിക ഗുരുദര്‍ശനം. നാടരാജഗുരുവിന്റെ ശിഷ്യന് നിത്യചൈത്യയതിയിലൂടെ അതിന് കലയുടെയും തത്വചിന്തയുടെയും പലവിധ പ്രപഞ്ചദര്ശനങ്ങളുടെയും വേറെയും വിതാനങ്ങള്‍ ലഭിച്ചു.
നാടരാജഗുരു പഠിച്ച പാശ്ചാത്യ സിലബസിലും സമ്പ്രദായത്തിലുമല്ല നാരായണഗുരു പഠിച്ചത്. അദ്ദേഹത്തിന്റേത് വളരെ പഴയ സംസ്കൃത പാഠ്യസമ്പ്രാദായമാണ്. അതുകൊണ്ടു തന്നെ ഇന്ന് നമ്മള് പറയുന്ന ‘പൊളിറ്റിക്കല്‍ കരക്ടനസി’ന്റെ അളവുകോല്‍ വെച്ച് നാരായണ ഗുരുവിനെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ആ കാലത്തിന്റെയും സമ്പ്രദായത്തിന്റെയും പരിമിതിക്കുള്ളിലും സാമുദായിക പരിഷ്കരണത്തിന്റെ എല്ലാ തലങ്ങളിലും നാരായണഗുരുവിന് തിളങ്ങി നില്‍ക്കാനായി. സ്വന്തം ഭാര്യയായിരുന്ന കാളിയെ അവരുടെ ഇഷ്ടപ്രകാരം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ മുന്‍കയ്യെടുത്ത നാരായണഗുരു പരിഷ്കാരത്തിന്റെ ഇന്നത്തെ ഏതളവ് വെച്ച് അളന്നാലും ഉയര്‍ന്നു നില്ക്കും.
പരസ്പരം വെളിച്ചമായ ശിഷ്യനും ഗുരുവുമായിരുന്നു നടരാജഗുരുവും നാരായണഗുരുവും. ആധുനികമായ പല കാഴ്ച്ചപ്പാടുകളിലേക്കും ഗുരുവിന്റെ കണ്ണുതുറന്നത് ശിഷ്യനുമായുള്ള സംവാദങ്ങളിലൂടെയാണ്. ‘ ഇവന് നമ്മോടു വഴക്കിന് വന്നിരിക്കുകയാണെന്ന്’ ഗുരു തമാശപൂര്‍വ്വം പറയുമെങ്കിലും ഒടുവില്‍ നടരാജന് പറഞ്ഞതിന്റെ പൊരുള്‍
മനസ്സിലാക്കാന്‍ കഴിയുന്ന വിശാലഭാവന നാരായണഗുരുവിന് ഉണ്ടായിരുന്നു.
സ്വന്തം പരിമിതികളെ ഗുരു അംഗീകരിച്ചിരുന്നുവെന്നു തന്നെ പറയാം. കാലത്തിന് അനുസരിച്ച് മാറാനും ഗുരു തയ്യാറായിരുന്നു. ഗുരുവിന് സ്ത്രീകളോടുള്ള ചിന്താഗതികള്‍
പലതും തിരുത്തപ്പെട്ടത് നടരാജനിലൂടെയാണ്. അതു സംബന്ധിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്.
ശിവഗിരിമഠത്തിൻറെ ബയലയായ ‘മുനിചര്യാ പഞ്ചകം’ ചിട്ടപ്പെടുത്തുമ്പോള്‍ ഗുരു നടരാജനുമായി ചര്‍ച്ച ചെയ്തിരുന്നു. ‘യദ്വദത്രൈവ തദ്വച്ച സ്ത്രീണാം പുംസാം പൃഥക് പൃഥക്, വിദ്യാലയാ ദിശി ദിശി ക്രിയന്താമാശ്രമാഃ സഭാഃ’ എന്ന ശ്ലോകം നടാരാജ ഗുരുവിന് പിടിച്ചില്ല. ‘ഗുരുതന്നെപറയുന്നു ഒരു ജാതി,ഒരുമതം, ഒരു ദൈവം മനുഷ്യന്. ഒരു യോനി ഒരാകാരം ഒരുഭേദവുമില്ലതിൽ’ എന്ന്. അതിന് വിരുദ്ധമാണ് ഈ ശ്ലോകമെന്ന് നടരാജന് പറഞ്ഞപ്പോള്‍ ഗുരുവിനും ബോധ്യമായി.
ഉടനെ ഗുരു വളരെ രസകരമായ ഒരു നിർദ്ദേശം വെച്ചു ”എങ്കിൽ നമുക്ക് ഒരുകാര്യം ചെയ്യാം സ്ത്രീകളുടെ ആശ്രമം ഈ ശിവഗിരിയിൽനിന്ന് ഒരു രാത്രി മുഴുവൻ നടന്നാലും എത്താത്ത സ്ഥലത്താക്കാം!” അതിനെന്താ ‘ഉച്ചയാകുമ്പോൾ തന്നെ നടന്നാൽ പോരേ?”എന്നാണ് ശിഷ്യന് ഗുരുവിനോട് ചോദിച്ചത്. അതുകേട്ട് ഗുരുവും ശിഷ്യരുമെല്ലാം പൊട്ടിച്ചിരിച്ചു. അത്രയറെ സ്വാതന്ത്ര്യവും സൗഹാര്‍ദ്ദവും ആ ഗുരുശിഷ്യ ബന്ധങ്ങളിലുണ്ടായിരുന്നു.
1923-ല്‍ വര്‍ക്കലയില്‍ നടരാജന് നാരായണ ഗുരുകുലം സ്ഥാപിച്ചപ്പോള്‍ വിവാഹം വിലക്കരുതെന്ന് നിര്‍ദ്ദേശിച്ചത് നാരായണഗുരുവായിരുന്നു. വിവാഹം കഴിക്കണം എന്നുള്ളവർക്ക് കഴിക്കാം, അല്ലാത്തവര്‍ക്ക് അങ്ങനെയും കഴിയാം എന്ന് ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി. നടരാജ ശഷ്യനായ വിനയചൈതന്യ ഗുരുകുലത്തിൽ ഉണ്ടായിരുന്നപ്പോൾ വിവാഹിതരായവരില് ഒരാളാണ്.

ശ്രീനാരായണ ധര്‍മ്മം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ നടരാജന് ലോകം മുഴുവന്‍ സഞ്ചരിച്ചു. നാരായണഗുരുകുലത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ലോകം മുഴുവന്‍ പ്രരിപ്പിച്ചു.
ഗുരുവിന് സന്ദര്‍ശിക്കാനാവാത്ത ഇടങ്ങളിലേക്കെല്ലാം ഗുരുദര്ശനങ്ങളുമായി നടരാജന് സന്ദര്‍ശിച്ചു. അമേരിക്കയിൽ ഗുരുദർശനങ്ങളെ ആസ്പദമാക്കി നടരാജഗുരു നിരവധി പ്രഭാഷണങ്ങൾ നടത്തി. ഗുരുവിന്റെ മുഴുവൻ രചനകളും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. 1915ല്‍ സാഹിത്യത്തിനുള്ള
നൊബേല്‍ പ്രൈസ് നേടിയ റൊമെന്‍ റൊളാണ്ട് ഗുരുദര്‍ശനങ്ങള്‍ പരിചയപ്പെട്ടത് നടരാജനിലൂടെയാണ്. ‘ആധുനികകാലത്തെ മഹാഋഷി’ എന്നാണ് റൊളാണ്ട് നാരായണഗുരുവിനെ വിശേഷിപ്പിച്ചത്.
നാരായണഗുരു സമാധിയാകുമ്പോള്‍ നടരാജന് പാരീസിലായിരുന്നു. രണ്ടുമാസം കഴിഞ്ഞ് മടങ്ങിയെത്തി കാണാമെന്ന് പറഞ്ഞ്
യാത്ര പറഞ്ഞതാണ്. അപ്പോള്‍ ഗുരു നാലുമാസമെന്ന് തിരുത്തി. തന്റെ മരണത്തിന്റെ നിഴല്‍ മുന്‍കൂട്ടിക്കണ്ടായിരുന്നു ഗുരു അങ്ങനെ പറഞ്ഞതെന്ന് നാലാം മാസമാണ് നടരാജന് മനസ്സിലായത്. 1928-ല്‍ നാരായണഗുരു സമാധിയായി;1973 മാർച്ച് 19 ന് നടരാജ ഗുരുവും
