
ഉജ്ജ്വലമായൊരു ചരിത്രം വഴിതുറന്ന ദേശമാണ് വൈക്കം. മലയാളിയെ മനുഷ്യനായി വഴിനടത്തിയ ആദ്യത്തെ നവോത്ഥാന
വിപ്ലവത്തിന് കൊടി നാട്ടിയ മണ്ണ്. സത്യത്തിനും സമത്വത്തിനും സ്വതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ അവസാനിക്കാത്തിടത്തോളം കാലം അപ്രസക്തമാകാത്ത പോരാട്ട ചരിത്രമാണ് വൈക്കം സത്യാഗ്രഹത്തിന്റേത്.
1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെയുള്ള 603 ദിവസമായിരുന്നു രാജ്യത്ത് കൊടുങ്കാറ്റഴിച്ചുവിട്ട വൈക്കം സത്യാഗ്രഹം. സമൂഹ്യ അനാചാരങ്ങളുടെ ഇരുട്ടിലാണ്ട ഒരു നാടിനു മുന്നില്‍ തലമുറകളിലേക്ക് നാട്ടിയ വഴിവിളക്കായിരുന്നു സത്യാഗ്രഹം. അയിത്താചരങ്ങളെ കുഴിവെട്ടി മൂടി സ്വാതന്ത്ര്യത്തിലേക്കും സ്ഥിതിസമത്വത്തിലേക്കും അത് പുതിയൊരു വഴിവെട്ടിത്തെളിച്ചു.
അവര്‍ണ്ണരെ വിലക്കിയ ക്ഷേത്രത്തിന്റെ ചുറ്റുവഴികള്‍ മാത്രമല്ല അവിടെ തുറക്കപ്പെട്ടത്. മനുഷ്യരെ വിലക്കിയ ജാത്യാചരങ്ങളുടെ സകല തീണ്ടല്‍പ്പലകകളും ഒന്നൊന്നായി അറബിക്കടലില്‍ പതിച്ചു.
അതായത് കടന്നുപോയത് വെറുമൊരു നൂറ്റാണ്ടല്ലെന്നര്ത്ഥം. ആ നൂറു വര്‍ഷത്തിനുള്ളിലാണ് ഇവിടെ ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്. ഗുരുവായൂര്‍ സത്യാഗ്രഹമുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്.
പുന്നപ്ര വയലാര്‍ വിപ്ലവമുണ്ടായത്. തിരൂവിതാംകൂര്‍ രാജഭരണം കടങ്കഥയായത്. വിമോചനസമരവും അടിയന്തരാവസ്ഥയും വിഷം ചീറ്റിയത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശബരിമല യുവതീപ്രവേശന വിധിയുണ്ടായത്. ആചാരസംരക്ഷണത്തിനായി വീണ്ടും വര്‍ഗ്ഗീയവാദികളുടെ വീട്ടടിമകള്‍ നിരത്തിലിറങ്ങിയത്.
വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രത്തില്‍ നിന്നു മാത്രമല്ല ഒരു ചരിത്രത്തില്‍ നിന്നും മലയാളി ഒന്നും പഠിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ അത്യപൂര്‍വ മുഹുര്ത്തങ്ങളിലൊന്നായിരുന്നു അത്. നൂറ് വര്‍ഷം പിന്നിട്ടാലും ജാത്യാചരങ്ങളുടെ വാലുകള്‍ വളഞ്ഞു തന്നെ കിടക്കുമെന്നാണ് അതെല്ലാം തെളിയിച്ചു കൊണ്ടിരുന്നത്.
1892 ലായിരുന്നു സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം. അക്കാലത്തെ കേരളത്തെ അതര്‍ഹിക്കുന്ന വിധം തന്നെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്-ഭ്രാന്താലയം. നാരായണഗുരുവും അയ്യങ്കാളിയുമെല്ലാം ആ ഇരുണ്ടകാലത്തെ തേജോസ്തംഭങ്ങളായിരുന്നു. നാല്ക്കാലികളേക്കള് കഷ്ടത്തിലായിരുന്ന ഇരുകാലി മൃഗങ്ങളെ മനുഷ്യരാക്കിയ വിപ്ലവത്തിന്റെ രണ്ട് ചുവടുകളായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹവും 1931ലെ ഗുരുവായൂര്‍ സത്യാഗ്രഹവും.
വൈക്കത്ത് വഴി നടക്കാനുള്ള സ്വാതന്ത്ര്യപ്പോരാട്ടമായിരുന്നെങ്കില് ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനത്തിനുള്ള സ്വാതന്ത്ര്യപ്പോരാട്ടമായിരുന്നു. രണ്ടും കേരള നവോത്ഥാനത്തിന് അസ്ഥിവാരമിട്ടു.
നവേത്ഥന രാഷ്ട്രീയ സമരങ്ങളാണ് മലയാളിയുടെ ജാതിമതേതര സ്വത്വത്തെത്തെ സാമൂഹ്യമായും രാഷ്ട്രീയമായും ശക്തിപ്പെടുത്തിയതെങ്കില് കാലം പോകെ ആ ഉള്‍ക്കരുത്തും സാഹോദര്യവും സ്നേഹശക്തിയുമെല്ലാം ചോര്‍ന്നുപോവുന്നതാണ് നമ്മള് കാണുന്നത്.

ആധുനിക കേരളത്തിന്റെ ആവിര്‍ഭവം പത്തോമ്പതാം നൂറ്റാണ്ടിലാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടരെത്തുടരെയുണ്ടായ ചില നിര്‍ണായക സംഭവങ്ങളാണ് ആ പരിവര്‍ത്തനത്തിന്റെ ഇടിനാദങ്ങള്‍. 1888-ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ട നടത്തി. 1889 ല്‍ തലശേരിക്കാരനായ ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 1890-ല്‍ സര് സി ശങ്കരന്‍നായര്‍ മദിരാശി നിയമസഭയില്‍ മരുമക്കത്തായ വിവാഹബില്‍ അവതരിപ്പിച്ചു. 1891-ല്‍ തിരുവിതാംകൂറില്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു.
ഓരോന്നും ഓരോതരത്തില്‍ സുപ്രധാനമെങ്കിലും ആധുനിക കേരളത്തിന്റെ ശിലാസ്ഥാപനമെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നത് അരുവിപ്പുറത്തെ ശിവപ്രതിഷഠയാണ്.

ആധുനിക മലയാളിയുടെ ഗുരു ആരാണെന്ന ചോദ്യത്തിന് ചരിത്രത്തിന് ഇന്നും ഒരൊറ്റ ഉത്തരമേയുളളൂ നാരായണ ഗുരു. ആധുനിക മലയാളിയുടെ അസ്ഥിത്വത്തിന്റെ ധാര്‍മ്മികവും ദാര്‍ശനികവുമായ അടിത്തറയൊരുക്കിയത് നാരായണ ധര്‍മ്മമാണ്. ഒരര്‍ത്ഥത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെയും ആരംഭബിന്ദുവും ആത്മീയ ശക്തിയും ശ്രീനാരായണ ഗുരുവായിരുന്നു. നാരയാണ ധര്‍മ്മം ഉഴുതുമറിച്ച മണ്ണിലാണ് ഇവിടെ ഒന്നിനുപിറകെ ഒന്നായി ജനാധിപത്യ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്.
അരുവിപ്പുറത്ത് വെറുതേ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുക മാത്രമല്ല ശ്രീനാരായണന് ചെയ്തത്. ലോകം കണ്ട ഏറ്റവും മനോഹരമായ വരികള്‍ അദ്ദേഹം അതിനുതാഴെ സ്വന്തം കൈകൊണ്ട് എഴുതിവെക്കുക കൂടി ചെയ്തു. ‘ജതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.’ ജാതിഭേദത്തിനും മതദ്വേഷത്തിനും അതീതമായീ ഈ ഭൂമി മാറുന്നത് കാണാന്‍ കാത്തിരിക്കുന്നത് പോലെ മനോഹരമായ ഒരു ആരാധനാസങ്കല്പ്പവുമില്ല.
സവര്‍ണ്ണ ഹിന്ദുത്വമെന്ന അന്നത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ പ്രത്യയശാസത്രത്തെ അടിമുടി അട്ടിമറിച്ചുകൊണ്ടാണ് ആധുനിക സ്വതന്ത്ര കേരളത്തിന് ശ്രീനാരായണഗുരു ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആ ധര്‍മ്മസമരത്തിന്റെ തുടര്‍ച്ചയാണ് നാരായണഗുരുവിന്റെ പ്രിയ ശിഷ്യന് ടികെ മാധവന് ഏറ്റെടുത്തത്.

ബ്രിട്ടീഷുകരുടെ പാദസേവകരായ തിരുവിതാംകൂര്‍ രാജാക്കന്മാര്ക്കെതിരായ ജനാധിപത്യവിപ്ലവങ്ങളുടെയെല്ലാം തുടക്കം ശ്രീനാരായണ പ്രസ്ഥാനമാണ്.
മഹാത്മഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശ്രദ്ധ തിരുവിതാംകൂറിലേക്ക് തിരിയാന്‍ കാരണവും നാരായണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണ്. ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച തിരുവിതാംകൂറിലെ ആദ്യത്തേ ആ കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം കൊടുത്തതും ഒരു ശ്രിനാരായണ ശിഷ്യനായിരുന്നു എന്നതും ചരിത്ര നിയോഗം.
അധസ്ഥിതര്‍ക്ക് വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ ടി.കെ. മാധവൻ നിരന്തരം വാദിച്ചു. മഹാകവി കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിന് നിവേദനം നൽകി. വഴിനടന്നാല്‍ മാത്രം പോരാ ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം വേണമെന്നായിരുന്നും മാധവന്റെ ആവശ്യം.
ടികെ മാധവന് നേതൃത്വം നല്കിയ വൈക്കം സത്യാഗ്രഹം എന്ന മഹാസമരത്തെ കോണ്‍ഗ്രസ് വിരുദ്ധരായ ശ്രീനാരായണശിഷ്യന്മാരും ആവേശപൂര്‍വം പിന്തുണയ്ത്ക്കുകയുണ്ടായി.
മിതവാദി കൃഷണന് വക്കീലും സഹോദരന് അയ്യപ്പനുമായിരുന്ന അക്കാലത്തെ മഹാത്മഗാന്ധിയുടെ പ്രധാന വിമര്‍ശകര്‍.
കോണ്‍ഗ്രസിലും ഗാന്ധിയിലും കണ്ട സവര്‍ണ ഹൈന്ദവ മനോഭാവത്തോടായിരുന്നു ഇരുവര്‍ക്കും വിമര്‍ശനം.
ഗാന്ധിജിയുടെ മഹത്വത്തിലോ കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിലോ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല.
വൈക്കം സത്യാഗ്രഹകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയുമായി സഹോദരന് അയ്യപ്പന് എറണാകുളത്ത് വെച്ച് സംഭാഷണം നടത്തി. അയിത്താചാരവും വര്‍ണ്ണവ്യവസ്ഥയും മുന്‍ നിര്‍ത്തിയുള്ള സഹോദരന്റെ നിലപാടുകളോട് പക്ഷേ ഗാന്ധിജി യോജിച്ചില്ല.
വൈക്കത്ത് നിന്ന് ഗാന്ധിജി നേരെ പോയത് കന്യാകുമാരിയിലേക്കാണ്. ഗാന്ധിജിയെ ബ്രാഹ്മണ പുരോഹിതര്‍ കന്യാകുമാരി ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. ഗാന്ധിജി ബ്രാഹ്മണരുടെ നടപടിയെ എതിര്‍ക്കാതെ അതിന്
വഴങ്ങിക്കൊടുത്തുവെന്നാണ് വിമര്‍ശനം.
സഹോദരന് അയ്യപ്പന് തന്റെ ഗാന്ധിസന്ദേശം എന്ന പദ്യകൃതിയിലൂടെ അതിനിശിതമായണ് ഗാന്ധിയെ വിമര്‍ശിച്ചത്. വൈക്കം സത്യാഗ്രഹവും കഴിഞ്ഞ് ഒരു പതിറ്റാണ്ടിന് ശേഷമാണ് സഹോദരന് പറഞ്ഞതിന്റെ അന്തസത്ത ഗാന്ധിജിക്ക് ബോധ്യപ്പെട്ടത്.
അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ ഇന്ത്യയുടെ മോചനം സാധ്യമല്ലെന്ന് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു.

വൈക്കം സത്യാഗ്രഹത്തിന് മുമ്പും വൈക്കം ഒരു സമരസ്ഥലമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ എണ്ണമറ്റ പോരാട്ടങ്ങള്‍ വൈക്കത്തിന്റെ പൊരിമണലില്‍ പൂണ്ടു കിടക്കുന്നുണ്ട്. അതില്‍ ഏറ്റവും ധീരോധാത്തമായ അവര്ണ്ണസമരമാണ് 1806 ലെ ദളവാക്കുളം സംഭവം. മറവന്തുരുത്തില് നിന്നും സംഘടിച്ചെത്തിയ നൂറു കണക്കിന് ഈഴവപ്പോരാളികള് ബലമായി ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ചത് വലിയ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നു. വേലുത്തമ്പിയുടെ നായര്‍ പട്ടാളം പോരാളികളെ അതിക്രൂരമായി അരിഞ്ഞുതള്ളി. ദളവ നേരിട്ടെത്തി ശവം മറവുചെയ്ത കുളമാണ് പില്ക്കാലത്ത് ദളവാക്കുളമായി അറിയപ്പെട്ടത്.
ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മുമ്പേ തന്നെ ഇവിടെ ക്ഷേത്രപ്രവേശന വിപ്ലവങ്ങള്‍ അരങ്ങേറിയെന്നതിന്റെ തെളിവാണ് ദളാവാക്കുളം സംഭവം. വയലാര്‍ വിപ്ലവം പോലെ ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്ക്കേണ്ടതായിരുന്നു ദളവാക്കുളം സംഭവവും. പക്ഷേ അതുണ്ടായില്ല.

നാരായണഗുരു 1888 ല്‍അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852-ല്‍ അവര്‍ണര്‍ക്കായി ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അടിക്ക് തിരിച്ചടിയാണ് പണിക്കരുടെ മാര്‍ഗ്ഗം.
വേലായുധപ്പണിക്കര്‍ വൈക്കത്ത് വേറൊരു സമരമുറയാണ് പരീക്ഷിച്ചത്. പൂണൂല് ധരിച്ച് ബ്രാഹ്മണനാണെന്ന് നടിച്ച് ഒരു മാസം പണിക്കര്‍ വൈക്കത്തമ്പലത്തില്‍ താമസിച്ചു. മടങ്ങിപ്പോകാന്‍ നേരം താന്‍ ഈഴവനാണെന്ന് പ്രഖ്യാപിക്കുകയും തീണ്ടല് പരിഹാരക്രിയയ്ക്ക് വേണ്ട പണം ക്ഷേത്രം അധികാരികളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു. ആറാട്ടുപുഴയിലെത്തി ഒരു ശിവക്ഷേത്രം സ്ഥാപിച്ചു.
അയ്യന്‍കാളി തെക്കന്‍ തിരുവിതാംകൂറില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1914-ല്‍ വൈക്കത്തെ തലയോലപ്പറമ്പിലും വന്‍ അധസ്ഥിത മുന്നേറ്റമുണ്ടായി. പക്ഷേ അധികാരികള്‍ അതും അടിച്ചമര്‍ത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ അതിനെ വിശേഷിപ്പിക്കുന്നത് പുലയ ലഹള എന്നാണ്.
ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ട അവര്‍ണ്ണ പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ട് വൈക്കത്തിനെന്നര്ത്ഥം. എന്നാല്‍ അതൊരു സമ്പൂര്‍ണ്ണ സമരനിലമായി പൂര്‍ണ്ണത കൈവരിച്ചത് വൈക്കം സത്യാഗ്രഹത്തിലൂടെയാണെന്ന് മാത്രം.

1905ലാണ് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് തീണ്ടല്‍പ്പലക സ്ഥാപിച്ചത്. അതിനുമുമ്പും അവര്‍ണ്ണര്‍ക്ക് അതുവഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മലയാളി മെമ്മോറിയലില്‍ ഒപ്പിട്ട് വലിയ പുരോഗമനവാദിയായൊക്കെ നടിച്ച അന്നത്തെ കോട്ടയം പേഷ്കാര്‍ കെ പി ശങ്കരമേനോനാണ് നിര്‍ലജ്ജം ആ അയിത്തപ്പലക അവിടെ സ്ഥാപിച്ചത്. 1921ല്‍ ധീരനായ ടികെ മാധവന് ഒറ്റയ്ക്ക് ആ തീണ്ടല്വഴി നടന്ന് പ്രതിഷേധിച്ചു.
1917 സപ്തംബര്‍ 27-നാണ് തിരുനെല്‍വേലിയിലെത്തി മഹാത്മജിയെ നേരില്‍ക്കണ്ട് ടികെ മാധവന് സംഭാഷണം നടത്തിയത്. 1923 ഡിസംബറിലെ കോണ്‍ഗ്രസിന്റെ ‘കാക്കിനാഡ’ സമ്മേളനത്തില്‍ വെച്ച് അധ്യക്ഷനായിരുന്ന മൗലാന മുഹമ്മദ് അലിയെക്കൊണ്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതിന് പിന്നിലും മാധവനായിരുന്നു. അങ്ങനെ 1924 ജനവരി 20- ന് എറണാകുളത്തെ കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍ അയിത്തോച്ചാടന സമരം ആരംഭിക്കാന്‍ തീരുമാനമായി.
വൈക്കം സത്യാഗ്രഹത്തിന്റെ വിളംബരം പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് 1924 ഫിബ്രവരി 29-ന് വൈക്കത്ത് ഈഴവരും പുലയരും പങ്കെടുത്ത ഒരു മഹാസമ്മേളനം നടന്നു. മാര്‍ച്ച് 30-ന് അങ്ങനെ മലയാളിയുടെ നവോത്ഥാന വിപ്ലവത്തിന്റെ കാഹളമൂതി വൈക്കം സത്യാഗ്രഹത്തിന് തുടക്കമായി. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ഉല്‍പ്പതിഷ്ണുക്കള്‍ക്ക് ആവേശമായി വൈക്കം.
സമരത്തിന് പിന്തുണയമായി മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെമ്പാടും സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടു. വേറൊരു വിഭാഗം യാഥാസ്ഥിതിക സവര്ണ്ണരാകട്ടേ സത്യാഗ്രഹികള്ക്കുനേരേ പോലീസിനൊപ്പം ചേര്‍ന്ന് മൃഗീയ മര്ദ്ദനനങ്ങള് അഴിച്ചുവിട്ടു. പുലയസമുദായക്കാരനായ തേവനെയും മൂവാറ്റുപുഴക്കാരന് രാമന് ഇളയതിനേയും പിടികൂടി പച്ചച്ചുണ്ണാമ്പുതേച്ച് കണ്ണുപൊട്ടിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ളയെ അടിച്ചുകൊന്നു. വൈക്കം സത്യഗ്രഹസമരത്തിന്റെ പ്രഥമ രക്തസാക്ഷിയായി ശങ്കുപ്പിള്ള.

1925 മാർച്ച് 12 ന് മഹാത്മഗാന്ധി ശിവഗിരിയിലെത്തി നാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തി. അയിത്തോച്ചാടന സമരത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു ആ സംഭാഷണങ്ങള്‍. മാര്‍ച്ച് 17ന് ഗാന്ധി വൈക്കത്തെത്തിയപ്പോഴേക്കും വൈക്കം ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. അന്നത്തെ കാലത്ത് ചിന്തിക്കാനാവാത്ത ജനക്കൂട്ടം വൈക്കത്തെ വലയം ചെയ്തു. ചാതുര്വര്ണ്യപ്രകാരം വൈശ്യജാതിയായതിനാല് ഗാന്ധിജിക്ക് ഇണ്ടന്തുരുത്തി മനയിലേക്ക് പ്രവേശിക്കാനായില്ല. മനയ്ക്ക് പുറത്തിരുന്ന് നമ്പൂതിരിയുമായുള്ള സന്ധിസംഭാഷണവും വിജയിച്ചില്ല. എന്നാല്‍ 603-ാം ദിവസം 1925 നവംബര്‍ 23- ന് ആ പോരാട്ടങ്ങള്‍ സഫലമായി..
വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരമൊഴികെ മറ്റ് മൂന്ന് ഗോപുരവഴികളും അയിത്ത ജാതിക്കാര്‍ക്കായി തുറക്കപ്പെട്ടു.
മാർച്ച് 30ന് പുലയ സമുദായത്തിൽപ്പെട്ട കുഞ്ഞാപ്പിയും ഈഴവ സമുദായത്തിൽപ്പെട്ട ബാഹുലേയനും നായർ സമുദായത്തിൽപ്പെട്ട ഗോവിന്ദപണിക്കരും ചേർന്ന് പേഷ്കാര്‍ കെപി ശങ്കരമേനോനാൻ സ്ഥാപിച്ച തീണ്ടൽപ്പലകകളെടുത്ത് ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലെറിഞ്ഞു. ജാതിവിരുദ്ധ നവോത്ഥാന കേരളം അവിടെ തുറന്നു.

ടികെ മാധവനും കെപി കേശവമേനോനുനമാണ് വൈക്കം സമരത്തിന്റെ പ്രധാന നേതാക്കളെങ്കിലും യഥാര്‍ത്ഥത്തില്‍ സമരത്തെ ആവേശോജ്ജ്വലം മുന്നോട്ടു കൊണ്ടുപോയത് തന്തൈപ്പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കറായിരുന്നു. വൈക്കം വീരന് എന്നാണ് അദ്ദേഹത്തെ തമിഴ് ജനത ആവേശപൂര്‍വം വിളിച്ചിരുന്നത്.
പെരിയോറുടെ പ്രസംഗം വൈക്കത്തെ ബ്രാഹ്മണാധികാരത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അതിനു പകരം ചോദിക്കാനായി ബ്രാഹമണര്‍ ശത്രു നിഗ്രഹയാഗം വരെ നടത്തിയത് പെരിയോര്‍ തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
യാഗം നടത്തി മുപ്പതാം ദിവസം ശത്രു മരിക്കും എന്നാണ് വിശ്വാസം. എന്നാല്‍ മരിച്ചത് ശ്രീമൂലം തിരുന്നാള്‍ രാജാവാണ്.
പഞ്ചാബില്‍ നിന്നെത്തിയ അകാലികള്‍ നടത്തിയ സൗജന്യ ഭോജന ശാലയും സത്യാഗ്രഹികള്‍ക്ക് ആവേശമായിരുന്നു. 99ലെ വെള്ളപ്പൊക്ക സമയത്തും കഴുത്തൊപ്പം വെള്ളത്തിലിരുന്ന് സമരക്കാര്‍ അയിത്തോച്ചാടന മുദ്രാവാക്യങ്ങള്‍ മുഴക്കി.

മഹാനായ സഖാവ് പി കൃഷ്ണപിള്ളയും വൈക്കം മുഹമ്മദ്ബഷീറും ചരിത്രത്തിലെ ഏറ്റവും തലയെടുപ്പുള്ള രണ്ട് വൈക്കംകാരാണ്. വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ അവരെവിടെയായിരുന്നുവെന്ന അന്വേഷണവും കൗതുകകരമായിരിക്കും.
1924 ൽ കൃഷ്ണപിള്ളയ്ക് വെറും പതിനെട്ടു വയസ്സുമാത്രമായിരുന്നു പ്രായം.എന്നാല്‍ സത്യാഗ്രഹത്തെ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും സത്യാഗ്രഹികൾക്കു നേരെ മേൽജാതിക്കാർ നടത്തിയ ക്രൂരമർദ്ദനങ്ങളില് രോഷം കൊണ്ടിരുന്നുവെന്നും ടിവികെ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തുന്നു. മലബാർ ലഹളക്കുശേഷം കേരളത്തിൽ ആദ്യമായി നടന്ന സംഘടിത മുന്നേറ്റം എന്നാണ് സത്യാഗ്രഹത്തെ കൃഷ്ണപിള്ള വിശേഷിപ്പിക്കുന്നത്.
ഗാന്ധിജി വൈക്കത്തെത്തിയപ്പോള്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഗാന്ധിയെ തൊട്ട അനുഭവം ബഷീര്‍ തന്റെ അമ്മ എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. അന്നു സന്ധ്യയ്ക്കു വീട്ടിൽച്ചെന്ന് അമ്മയോട് അഭിമാനത്തോടെ ബഷീര്‍ പറഞ്ഞു. ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ടു’ തന്റെ മകന് ഏത് ഭയങ്കര ജീവിയെയാണ് തൊട്ടത് എന്ന മട്ടില്‍ അന്തം വിടുകയായിരുന്നു കഥയിലെ ആ ഉമ്മ.
വൈക്കം സത്യഗ്രഹത്തിന് ശേഷം അതുപോലെ ശ്രദ്ധേയമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളൊന്നും വൈക്കത്ത് നടന്നിട്ടില്ല. കായലിനക്കരെയാണ് പിന്നീട് സമരങ്ങളെല്ലാം കൊടുമ്പിരിക്കൊണ്ടത്. മഹത്തായ പുന്നപ്ര വയലാര്‍ വിപ്ലവം.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ, സ്വാതന്ത്ര്യ സമരചരിത്രത്തില്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരും വൈക്കം സത്യാഗ്രഹത്തെ രേഖപ്പെടുത്തുന്നത്.
മതപരിവര്ത്തിനം ഉള്‍പ്പെടെയുള്ള ബ്രിട്ടീഷുകാരുടെ ഗൂഡ അജണ്ടകളാണ് അവിടെ തകര്‍ന്ന് വീണത്. അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത പൊതുവഴികളില്‍ അക്കാലത്ത് ഇതര മതസ്ഥര്‍ക്ക് വിലക്കുണ്ടായിരുന്നില്ല.
അധസ്ഥിത ജനതയുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടാന്‍
വൈക്കം സത്യാഗ്രഹത്തിന് സാധിച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാ ശ്രദ്ധയും പ്രാധാന്യവും നേടിയില്ല.

ക്ഷേത്രത്തിനു ചുറ്റും വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം പിന്നീട് ക്ഷേത്രപ്രവേശനത്തിനുള്ള സമരമായി വികാസം പ്രാപിച്ചു. അതാണ് ഒരു പതിറ്റാണ്ടിനു ശേഷം ഗുരുവായൂര്‍ സത്യാഗ്രഹമായത്.
1931 ഒക്ടോബര്‍ 21ന് എകെജിയുടെയും ടിഎസ് തിരുമുമ്പിന്റെയും നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. എകെജിയും തിരുമുമ്പും ജയിലിലായി. പി കൃഷ്ണപ്പിള്ള ക്ഷേത്രത്തില്‍ കയറി മണിയടിച്ചു. ക്ഷേത്രഗുണ്ടകള് ക്രൂരമായി മര്‍ദ്ധിക്കുമ്പോള്‍ കൃഷ്ണപ്പിള്ള വിളിച്ചു പറഞ്ഞു, ഉശിരുള്ള നായര്‍ മണിയടിക്കും ഇലനക്കി നായര്‍ പുറത്തടിക്കും.
വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവുമെല്ലാം അന്നൊരു പരാജയമായിരുന്നെങ്കിലും പല വിജയങ്ങളിലേക്കുള്ള വന്‍ ചുവടുവെപ്പായിരുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരം തൊട്ട് 2018ലെ ശബരിമല യുവതിപ്രവേശന വിധി വരെ ആ പോരാട്ടത്തിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്നു.
വൈക്കം സത്യാഗ്രഹത്തിന് നൂറ്റാണ്ട് തികയുമ്പോള്‍ മഹത്തായ ആ സമരത്തിന്റെ സന്ദേശം മലയാളി ഇന്ന് എങ്ങനെയാണ്
പങ്കുപറ്റുന്നതെന്ന വലിയ ചോദ്യമുണ്ട്. സത്യാഗ്രഹത്തിന്റെ പില്ക്കാല ചരിത്രത്തില്‍ തന്നെ അതിനുള്ള ഉത്തരവുമുണ്ട്.
മഹാത്മഗാന്ധിയോട് അയിത്തം ചൊല്ലി പുറത്തുനിര്‍ത്തിയ ഇണ്ടംന്തുരുത്തി മന ഇന്ന് വൈക്കം താലൂക്കിലെ ചെത്തുതൊഴിലാളികളുടെ ഓഫീസാണ്. നാടുവാണവര് താമസിച്ച ഞെരളിയില് ഇല്ലമാകട്ടെ കോടതി സമുച്ചയവും.
അധസ്ഥിത ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ പോലും അവകാശമില്ലാതിരുന്ന വൈക്കം ഇന്നൊരു പട്ടികജാതി സംവരണ മണ്ഡലവുമാണ്. ചരിത്രം ഇതിലും മനോഹരമായി വേറെ എങ്ങനെയാണ് പ്രതികാരം വീട്ടേണ്ടത് ?!
