പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒരു ഘട്ടത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സംവരണ സീറ്റുകളിലല്ലാതെ മത്സരിപ്പിച്ചിട്ടില്ല. ഐക്യജനാധിപത്യ മുന്നണിയിൽ അതിന് വിഘാതമായി സംഭവിച്ചിട്ടുള്ള ഒരേയൊരു നടപടി 2011ൽ കുന്നമംഗലം മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി യു സി രാമൻ മത്സരിച്ചു എന്നുള്ളതാണ്.
ദളിത് പരിപ്രേക്ഷ്യം പലപ്പോഴും ചർച്ചയാകാത്ത കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഇത്തവണ അത്തരമൊരു അവസരം രൂപപ്പെടുമോ?
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്ന് പ്രമുഖ ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെന്ന വാർത്ത വന്നിരിക്കുകയാണ്. മീഡിയ വൺ ചാനൽ ബ്രേക്ക് ചെയ്ത വാർത്ത മറ്റു മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സണ്ണി എം കപിക്കാട് പറയുന്നത്.
കേരളത്തിൻ്റെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫുമായി സഹകരിക്കുന്നതിൽ കുഴപ്പമില്ല; മുന്നണിരാഷ്ട്രീയത്തിന്റെ മധ്യത്തിലേക്ക് ഓരോരുത്തരും കടന്നുവരുമ്പോൾ സ്വന്തം രാഷ്ട്രീയം മാറ്റിവയ്ക്കേണ്ടതില്ല എന്നും, അതിൽ തനിക്ക് അധിക ബാധ്യതകൾ ഇല്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കുന്നു. സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തകനും പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയുമായ മണിക്കുട്ടൻ പണിയൻ മാനന്തവാടിയിൽ നിന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും വാർത്തകളുണ്ട്.
മലയരയ ഐക്യസമിതി നേതാവും ചിന്തകനുമായ പി കെ സജീവ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത മാതൃഭൂമി പത്രവും വാർത്തയായി നൽകിയിരുന്നു. സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയും ഫോർവേഡ് ബ്ലോക്കിന്റെ ഇടപെടലിലൂടെ മറ്റു ചില സമുദായ സംഘടനകളും യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കുന്നതോടെയാണ് എൽഡിഎഫിന്റെ പുതിയ നീക്കം. കേരള നവോത്ഥാന സമിതി വഴി സമുദായ സംഘടനകളിലേക്ക് പാലമിടാൻ ശ്രമിക്കുകയാണ് സിപിഐഎം എന്ന് വാർത്തയിലൂടെ പത്രം വാദം നിരത്തുന്നു. നവോത്ഥാന സമിതി ജനറൽ സെക്രട്ടറിയും കേരള ദളിത് ഫെഡറേഷൻ നേതാവുമായ പി രാമഭദ്രൻ, മലയരയ ഐക്യസമിതി നേതാവ് പി കെ സജീവ്, സാമ്പവ മഹാസഭ നേതാവ് രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ ഇടത് സ്വതന്ത്രരായി മത്സരിക്കുമെന്നാണ് വാർത്ത നൽകുന്ന സൂചന.
ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണി വികസനം അനിവാര്യമാകുമ്പോൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടിയിരുന്ന ചില രാഷ്ട്രീയ പൊസിഷനുകൾ ഐക്യജനാധിപത്യ മുന്നണിയും ഏറ്റെടുത്തുവെന്ന് ഈ വാർത്തകളിൽ നിന്ന് കരുതാൻ കഴിയുമായിരിക്കും. സണ്ണി എം കപിക്കാടിനും മണിക്കുട്ടൻ പണിയനും ഇടതുപക്ഷത്തിന്റെ ഭാഗമാകണമെന്ന് തോന്നാതിരുന്നത്, അവരുടെ കുറ്റമാണോ ഇടതുപക്ഷത്തിന്റെ കുറ്റമാണോ എന്ന വിഷയത്തിൽ ദീർഘ ചർച്ചകൾ തുടരുന്നുണ്ട്. ഇടതുപക്ഷത്തിൻ്റെ നയവ്യതിയാനമാണോ കേരളത്തിൻറെ പുതിയ രാഷ്ട്രീയ സാഹചര്യമായി സണ്ണി എം കപിക്കാട് വിശദീകരിച്ചത് എന്നറിയില്ല. മുന്നാക്കസംവരണത്തിലും മറ്റ് നിരവധിയായ സർക്കാർ ഇടപെടലുകളിലും ശക്തമായ വിമർശനം അവതരിപ്പിച്ചയാളാണ് അദ്ദേഹം. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാലും ജയിച്ചാലും, എൽഡിഎഫിനെതിരെ ആരോപിക്കപ്പെട്ട അനീതി യുഡിഎഫും തുടർന്നാൽ കണിശമായി സണ്ണി എം കപിക്കാടിന്റെ എതിർപ്പ് തുടരാനാണ് സാധ്യത.
ദളിത് പരിപ്രേക്ഷ്യം പലപ്പോഴും ചർച്ചയാകാത്ത കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഇത്തവണ അത്തരമൊരു അവസരം രൂപപ്പെടും. പക്ഷെ, മുന്നണി രാഷ്ട്രീയം ഒരു യാഥാർത്ഥ്യമാണെന്നും, മുന്നണി രാഷ്ട്രീയത്തിനകത്ത് ഭാഗഭാക്കായി, സ്വന്തം രാഷ്ട്രീയശരിയെ അവതരിപ്പിച്ച്, സമ്മർദം ചെലുത്തി നടത്തിയെടുക്കുകയാണ് ഒരേയൊരു പോംവഴിയെന്നും ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. 1950ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും 1979ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടുമ്പോഴും സിപിഐഎം ഇത്തരമൊരു ബോധ്യപ്പെടൽ സ്വയമേവ നടത്തിയതായി അവർ വാദിച്ചിട്ടുണ്ട്. വർഗ്ഗസമരവിജയം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ വർഗ്ഗരാഷ്ട്രീയത്തിന് അയവുവരുത്തി ഉടമ്പടി ഒപ്പിടണമെന്ന, മൊത്തത്തിൽത്തന്നെ വൈരുദ്ധ്യം നിറഞ്ഞ, ഒരു വാദം. ബൂർഷ്വാ ജനാധിപത്യത്തിൽ ഇടപെടുന്നതിലൂടെ, അതിന്റെ ഉപോത്പന്നമായ മുന്നണിസംവിധാനങ്ങളിലും ഇടപെടേണ്ടി വരുമെന്ന യാഥാർത്ഥ്യം തീർക്കുന്ന പ്രതിസന്ധിയാണത്.
മണിക്കുട്ടൻ പണിയൻ, സി കെ ജാനു തുടങ്ങിയവർ മത്സരിക്കുമെന്ന് കരുതുന്ന മാനന്തവാടി മണ്ഡലം (മണ്ഡലപുനർനിർണയത്തിന് മുമ്പ് നോർത്ത് വയനാട് എന്നറിയപ്പെട്ടിരുന്ന മണ്ഡലം) യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് മികച്ച വിജയചരിത്രമുള്ള ഇടമാണ്. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് കരുതുന്ന പി കെ സജീവ് അടക്കമുള്ളവർ ഏതു മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്ന ചർച്ചയുയർന്നിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒരു ഘട്ടത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സംവരണ സീറ്റുകളിലല്ലാതെ മത്സരിപ്പിച്ചിട്ടില്ല. ഐക്യജനാധിപത്യ മുന്നണിയിൽ അതിന് വിഘാതമായി സംഭവിച്ചിട്ടുള്ള ഒരേയൊരു നടപടി 2011ൽ കുന്നമംഗലം മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി യുസി രാമൻ മത്സരിച്ചു എന്നുള്ളതാണ്. സണ്ണി എം കപിക്കാട് മത്സരിക്കാനുള്ള സാധ്യതയും വൈക്കം എന്ന സംവരണ മണ്ഡലത്തിലാണ്. അത് പക്ഷേ, ഉറച്ച ഇടതുപക്ഷ മണ്ഡലം കൂടിയാണ് എന്നതാണ് ചരിത്രം.
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ നിലവിലുള്ള വൈക്കം മണ്ഡലത്തിൽ നിന്ന് ആകെ മൂന്നുപേരാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി ജയിച്ചുകയറിയിട്ടുള്ളത്. വൈക്കം സത്യാഗ്രഹത്തിലടക്കം പങ്കെടുത്തിട്ടുള്ള വൈക്കത്തെ കോൺഗ്രസ് നേതാവായിരുന്ന കെ ആർ നാരായണൻ ആദ്യ നിയമസഭയിൽ അംഗമായി. 1965ൽ പി പരമേശ്വരനും 1991ൽ കെ കെ ബാലകൃഷ്ണനും കോൺഗ്രസുകാരായി വൈക്കത്ത് നിന്ന് വിജയിച്ചു.
എം.കെ. കേശവൻ നാലു തവണയും പി.എസ്. ശ്രീനിവാസൻ മൂന്നു തവണയും പി. നാരായണനും കെ. അജിത്തും രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. 2016ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശ ആദ്യമായി മത്സരിക്കുമ്പോൾ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രണ്ടാമത് എത്തിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്നു. 2021ൽ വീണ്ടും സി കെ ആശ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായപ്പോൾ ഭൂരിപക്ഷം 29,122 വോട്ടുകളായി ഉയർത്തി. പിന്നാലെയുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 33 ശതമാനം വോട്ടാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥിയായ തോമസ് ചാഴിക്കാടനും മറ്റു 18 എൽഡിഎഫ് സ്ഥാനാർത്ഥികളും പരാജയപ്പെട്ടപ്പോഴും 5196 വോട്ടിൻ്റെ ഭൂരിപക്ഷം ഇടതുപക്ഷ സ്ഥാനാർഥിക്ക് നൽകിയ മണ്ഡലമാണ് വൈക്കം.
2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ യുഡിഎഫിലേക്ക് വിജയത്തിൻറെ മലവെള്ളപ്പാച്ചിൽ ദർശിച്ചപ്പോഴും വൈക്കത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മിക്കവാറും ഇടതുപക്ഷം ചേർന്നുനിന്നു. വൈക്കം നിയമസഭാ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ വോട്ട് പ്രാതിനിധ്യം വെച്ച് മലയാള മനോരമ കൂട്ടിയെടുത്ത കണക്കുകൾ പരിശോധിച്ചാൽ 2238 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫിനുള്ളത്. വൈക്കം നഗരസഭ ഇത്തവണയും വർധിതശേഷിയോടെ യുഡിഎഫ് നിലനിർത്തിയിട്ടുണ്ടെന്നത് ശരിയാണ്. നഗരസഭാ ഭരണത്തിന് കരുത്ത് പകരാൻ തലയോലപ്പറമ്പ്, ചെമ്പ്, കല്ലറ പഞ്ചായത്തുകളും ഐക്യജനാധിപത്യമുന്നണി ഭരണം പിടിച്ചു. മറവൻതുരുത്തിൽ ഒപ്പത്തിനൊപ്പം വളരാനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, തലയാഴം, വെച്ചൂർ പഞ്ചായത്തുകൾ വർദ്ധിതവീര്യത്തോടെ തിരിച്ചുപിടിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ടിവിപുരം, ഉദയനാപുരം, വെള്ളൂർ എന്നിവ ഇത്തവണയും നിലനിർത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 13 അംഗങ്ങളുള്ളപ്പോൾ യുഡിഎഫിന് പ്രതിപക്ഷത്തിരിക്കാൻ ഒരാൾ മാത്രമേയുള്ളൂ. വൈക്കം മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന തലയാഴം, വൈക്കം എന്നീ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഇടതുപക്ഷമാണ് ജയിച്ചത്. വൈക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഐ സ്ഥാനാർത്ഥിയായ എം കെ രാജേഷിന് കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ 3827 വോട്ട് അധികമായി ലഭിച്ചു. തലയാഴം ഡിവിഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായ ആനന്ദ് ബാബു കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ 4637 വോട്ടുകൾ അധികം നേടി. മലയാള മനോരമ, ഗ്രാമപഞ്ചായത്തുകൾക്ക് പകരം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കണക്കുകളാണ് പരിശോധിച്ചിരുന്നതെങ്കിൽ, പത്രത്തിൽ കൂടുതൽ കടുപ്പമുള്ള ചുവപ്പിൽ വൈക്കത്തെ അടയാളപ്പെടുത്തേണ്ടി വന്നേനെ എന്ന് ചുരുക്കം.
അത്തരം ഒരു മണ്ഡലത്തിലാണ് സണ്ണി എം കപിക്കാട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും എന്ന വാർത്ത വരുന്നത്. യുഡിഎഫ് നേതൃത്വം സണ്ണി എം കപിക്കാടിന് നൽകുന്ന ചുമതല, വൈക്കം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടേതാണോ, വൈക്കം ജനതയുടെ ഭാവി ജനപ്രതിനിധിയുടേതാണോ, അതോ, നിയമസഭാ ചർച്ചകളിലും മുന്നണി യോഗങ്ങളിലും പൊതുനിരത്തിലും ഏറ്റവും ശരിയായി രാഷ്ട്രീയ ഇടപെടൽ നടത്തേണ്ട ഒരു ലെജിസ്ലേറ്ററിൻ്റേതാണോ? എല്ലാ ചുമതലയും സണ്ണി എം കപിക്കാടിന് നൽകുന്നുണ്ടാകും, പക്ഷേ ഈ ചുമതലകളിൽ യുഡിഎഫിന് ഏറ്റവും പ്രധാനം ഏതാണ് എന്നുള്ളത് പ്രസക്തമാണ്. എല്ലാ കമ്പാർട്ട്മെന്റുകളും തുറക്കണം, അതിനുള്ളിൽ ഒക്കെ ഞങ്ങളുടെ വോട്ടുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്, എന്ന് തോന്നലിന്റെ പുറത്ത് മാത്രം യുഡിഎഫ് നേതൃത്വം ചർച്ചചെയ്ത് വൈക്കത്തെയും കേരളത്തിലെയും പോരാട്ടം കടുപ്പിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.
സ്കൂളിൽ നിന്നും മറ്റു പൊതുവിടങ്ങളിൽ നിന്നും കേട്ട് തുടങ്ങുന്ന ആദ്യ പരിഹാസമായി, ‘നിങ്ങൾക്ക് ഗ്രാൻ്റ് ലഭിക്കുന്നുണ്ടല്ലോ, നിങ്ങളെ ജയിപ്പിച്ചു വിടുകയാണല്ലോ’ എന്ന ചോദ്യം കേട്ടത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന മുഴുവൻ മനുഷ്യരും അനുഭവമായി പങ്കുവെക്കുന്നുണ്ട്. പ്രായത്തിൽ കുറച്ചുകൂടി മുതിരുമ്പോൾ, ‘നിങ്ങൾക്ക് പിന്നെ ജോലി കിട്ടാൻ വളരെ എളുപ്പമാണല്ലോ ‘ എന്ന വർത്തമാനം ഉയർന്നു കേൾക്കും. ഇത് ചോദ്യം രാഷ്ട്രീയപാർട്ടികളും ചോദിക്കുകയാണ്: ‘നിങ്ങൾക്ക് സംവരണമണ്ഡലങ്ങളുണ്ടല്ലോ?’ എന്ന്. പട്ടികജാതി വിഭാഗത്തിന്, പട്ടികവർഗ്ഗ വിഭാഗത്തിന്, അവർ സ്വന്തം രാഷ്ട്രീയ പാർട്ടികളുടെ ഏതു വലിപ്പത്തിലുള്ള നേതാവായാലും, സംവരണ സീറ്റിൽ ടോക്കൺ കൊടുത്താൽ മതിയാകും എന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രമുഖ മുന്നണികൾ. സണ്ണി എം കപിക്കാട് വൈക്കത്ത് മത്സരിക്കുമ്പോൾ, സ്വന്തമോ പൂർവികസ്വഭാവമുള്ളതുമായ വിശ്വാസത്തെ പ്രതി, അദ്ദേഹത്തിന് അവിടെ മത്സരിക്കാൻ കഴിയുമോ എന്ന സാങ്കേതികചോദ്യം ഉയർത്തുന്നുണ്ട് ചിലർ. സിപിഐഎം നേതാവ് എ രാജ ദേവികുളത്ത് മത്സരിക്കുമ്പോൾ ഇതേ ചോദ്യം ഉയർന്നിരുന്നു. ജാതി ഐഡന്റിറ്റിയെ വരെ വെല്ലുവിളിക്കുന്ന അത്തരം ചോദ്യങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ അത്തരം ചോദ്യങ്ങളെ വെല്ലുവിളിക്കുന്നതിനേക്കാൾ വലിയ ഉത്തരവാദിത്വം സണ്ണി എം കപിക്കാടിൻറെ നിയമസഭാ സ്ഥാനാർത്ഥിത്വത്തിനുണ്ട് എന്നതാണ് തിരിച്ചറിയേണ്ടത്.
നാളിതുവരെയുള്ള മനുഷ്യചരിത്രം വർഗ്ഗസമരചരിത്രമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നുണ്ട്. നാട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ‘ജാതിയിൽത്താണവർ തമ്മിൽ തല്ലുന്നതാണെ’ന്ന് പറഞ്ഞുവെച്ച്, വ്യാഖ്യാനിച്ച്, അധികാരത്തിൽ തുടരാനാണ് ജാതിബ്രാഹ്മണ്യം പരിശ്രമിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ, മികച്ച കഥയ്ക്ക് സംസ്ഥാന പുരസ്കാരവും തിരക്കഥയ്ക്ക് ദേശീയ പുരസ്കാരവും നൽകി ഭരണകൂടം കൂടുതൽ ന്യായ പ്രാബല്യം നൽകിയ, നായാട്ട് എന്ന മലയാള സിനിമ എല്ലാവർക്കും ഓർമ്മയുണ്ടാകും. അതിൽ പോലീസുകാർ എപ്പോഴും വേട്ടയാടപ്പെടുന്നവരാണെന്ന് തെളിയിക്കാൻ ‘ ദളിതർ എന്ത് പ്രശ്നം ഉണ്ടാക്കിയാലും, അവരെ തൊട്ടാൽ പ്രശ്നമാകും ‘ എന്ന ഹീനമായ ഡയലോഗ് എഴുതിവെച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള, നിരന്തരം പുനക്രമീകരിച്ചുകൊണ്ടിരിക്കുന്ന ജാതിവ്യവസ്ഥ ഇന്നത്തെ കാലത്ത് ഇതിലും വലിയ അടവുകൾ പുറത്തെടുക്കും. അതിനെ നിലംപരിശാക്കാനുള്ള സമരത്തിലാണ് സണ്ണി എം കപിക്കാട് ഉറപ്പായും പങ്കെടുത്തുകൊണ്ടിരിക്കുന്നത്. അതിന് ഉറച്ച സീറ്റ് യുഡിഎഫ് നേതൃത്വം അദ്ദേഹത്തിന് നൽകണം. പി കെ സജീവിന് ഇടതുപക്ഷവും. സണ്ണി എം കപിക്കാട് എറണാകുളത്തും പി കെ സജീവ് പയ്യന്നൂരിലും മത്സരിക്കണം.
മലയാള സിനിമാതാരങ്ങളുടെ സംഘടന AMMA ജനറൽ, സംവരണ സീറ്റുകളുടെ വ്യത്യാസമില്ലാതെ സ്ത്രീകളെ വിജയിപ്പിച്ചത്, നിലവിൽ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള അടവുനയമായിട്ടാണ് എന്ന് ചർച്ചയായിരുന്നു. പ്രതിസന്ധികളിൽ, സ്ത്രീകൾക്കും മർദ്ദിത സാഹചര്യങ്ങളിൽ തുടരുന്ന വിവിധ വിഭാഗങ്ങൾക്കും, ഗ്ലാസ് സീലിംഗ് തകർക്കാനുള്ള അവസരം ഒരുങ്ങുന്ന സാഹചര്യത്തെ, ‘ഗ്ലാസ്ക്ലിഫ് പ്രതിഭാസം’ എന്നാണ് പ്രമുഖ ബ്രിട്ടീഷ് മനശാസ്ത്ര വിദഗ്ധരായ മൈക്കൽ റയാനും അലക്സാണ്ടർ ഹാസ്ലമും വിശദീകരിച്ചിട്ടുള്ളത്. ഏറ്റവും അപകടകരമായ പുരുഷാധിപത്യ സാഹചര്യങ്ങളിൽ നിന്ന്, മലയാള സിനിമാരംഗം, ചെറുതെങ്കിലും, ശക്തമായ ഒരു വികാസ പരിണാമം സാക്ഷാത്കരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ കേരളത്തിൽ കക്ഷിരാഷ്ട്രീയ പരിസരം ഇപ്പോഴും പ്രതിസന്ധിയെ തിരിച്ചറിയാനോ അഭിമുഖീകരിക്കാനോ തയ്യാറെടുത്തിട്ടില്ല.
കേരളത്തിൻറെ പുരോഗമനപരമായ നിലപാടുകൾ വലിയ അളവിൽ പ്രശംസിക്കപ്പെടുമ്പോഴും, ജാതീയമായ അസമത്വം പലനിലകളിൽ തുടരുകയാണ്. നിലവിലുള്ള അധികാരശ്രേണികളെ വെല്ലുവിളിക്കാനും രാഷ്ട്രീയ ശബ്ദം ഉയർത്താനും കഴിയുന്ന ഒരു യഥാർത്ഥ പൗരത്വമായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനെ ഇതുവരെ മുഖ്യധാരാ കേരളീയസമൂഹം സമ്മതിച്ചിട്ടില്ല എന്ന് വ്യക്തം. ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും അതിനെ നയിക്കാനും രൂപപ്പെടുത്താവുന്ന ഒരു ക്രിട്ടിക്കൽ മാസ്സ്, ഈ ടോക്കണിസം കൊണ്ട് രൂപപ്പെടുത്തുന്നതിന് പരിമിതമല്ല. എന്നിട്ടും ഇടതുപക്ഷ സ്ഥാനാർത്ഥി തന്നെ വിജയിക്കാൻ സാധ്യതയുള്ള വൈക്കത്ത് സണ്ണി കപിക്കാടിനെ യുഡിഎഫും, മിക്കവാറും മറ്റേതെങ്കിലും സംവരണ സീറ്റിൽ തന്നെ, പികെ സജീവിനെ എൽഡിഎഫും മത്സരിപ്പിക്കാനാണ് സാധ്യത. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ അവശേഷിക്കും എന്നോർമിപ്പിച്ചത് വിജയൻ മാഷായിരുന്നു. പരീക്ഷയെഴുതാൻ അറ്റന്റൻസ് നിർബന്ധമാക്കിയതോടെ അധ്യാപകരുടെ കാലുപിടിച്ച് കുട്ടി ക്ലാസ്സിൽ കയറിയിരിക്കുകയാണുണ്ടായത്. അവശേഷിക്കുന്ന ചോദ്യങ്ങളെ ഏറ്റെടുക്കുമെന്ന് വാശിപിടിച്ചവരെയും, ചെവിക്ക് പിടിച്ച് ക്ലാസിനകത്തിരുത്തുകയാണോ അധ്യാപക സംവിധാനം?
