ഇതിഹാസ ഗായകൻ ഞെരളത്ത് രാമ പൊതുവാളിൻ്റെ ജീവിക്കുന്ന സ്മാരകമാണ് അദ്ദേഹത്തിൻ്റെ മകൻ
ഞെരളത്ത് ഹരിഗോവിന്ദൻ. യേശുദാസിനെ പോലെ രാമപൊതുവാളും മഹാനായ ചെമ്പൈയുടെ ശിഷ്യനായിരുന്നെങ്കിലും പൊതുവാളിന്റെ ജീവിതത്തില്‍ നിറയെ സ്വയം വരിച്ച നിസ്വതയും അലച്ചിലുമായിരുന്നു. ആ അവധൂത ജീവിതത്തിന്റെ ഒരു പകര്‍പ്പായിരുന്നു ദേവാസുരത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് അവതരിപ്പിച്ച പെരിങ്ങോടര് എന്ന കഥാപാത്രം. ഞെരളത്ത് രാമപൊതുവാളിന്റെ
സംഗീത പാരമ്പര്യം അതേ മുഴക്കത്തോടെ കേരളം പിന്നീട് കേട്ട ഞെരളത്ത് ഹരിഗോവിന്ദനിലൂടെയായിരുന്നു.
പാടുന്ന ഇടമെല്ലാം ക്ഷേത്രസോപാനമായിരുന്നു രാമപൊതുവാളിന്. സോപാന സംഗീതത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ച
ഞെരളത്ത് രാമ പൊതുവാൾ ഒരു നിശബ്ദ വിപ്ലവകാരിയായിരുന്നെങ്കിൽ ഒരു നിരന്തര കലാപകാരിയായാണ് ഹരിഗോവിന്ദനെ കേരളീയ സംസ്കാരിക
ലോകത്തിന് പരിചയം. ഹിന്ദു ദേവസ്തുതിയായിരുന്ന സോപാന സംഗീതത്തിലേക്ക് മാപ്പിളപ്പാട്ടിനെയും മറ്റനവധി മതേതര കാവ്യങ്ങളെയും ഉൾപ്പെടുത്തി അദ്ദേഹം യഥാസ്ഥിതിക ആലാപന സമ്പ്രദായത്തെ പൊളിച്ചെഴുതിയ കലാകാരനാണ്. ഹരിഗോവിന്ദഗീതം എന്ന പേരിൽ ഇടക്ക, മിഴാവ് എന്നീ വാദ്യങ്ങൾക്കൊപ്പം ഒരു പുത്തൻ മലയാളപ്പാട്ടവതരണ രീതിയും അദ്ദേഹം വികസിപ്പിച്ചു.
കേരളീയ കലകളിലെ ജാതിമതചിന്തകള്ക്കെതിരെയും സവര്‍ണ്ണാവര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെയും മറയില്ലാതെ പോരാടിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് ഹരിഗോവിന്ദന്. കലാപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ സംസ്കാരിക വിമർശനങ്ങളിലൂടെയും
അദ്ദേഹം പൊതുവേദികളിൽ ശക്തമായി ഇടപെടുന്നു. കാൽ നൂറ്റാണ്ടുകാലത്തെ കലാസപര്യക്കൊപ്പം തൻ്റെ പുതിയ രാഷ്ട്രീയ മാറ്റത്തിൻ്റെ കാരണങ്ങളെക്കുറിച്ചും ഞെരളത്ത് ഹരിഗോവിന്ദൻ ഇവിടെ ബിജുമുത്തിയുമായി സംസാരിക്കുകയാണ്- നിങ്ങളെന്നെ മുസ്ലീംലീഗാക്കി!
അഭിമുഖ സംഭാഷണത്തിന്റെ ആദ്യഭാഗം ഇവിടെ കാണാം.
